ആഴക്കടലിലെ പെണ്‍കരുത്ത്
ആഴക്കടലിലെ പെണ്‍കരുത്ത്
Tuesday, March 13, 2018 3:43 PM IST
ശാന്തവും രൗദ്രവുമായ ഭാവങ്ങൾ മിന്നിമറയുന്ന കടൽ എന്നും നിഗൂഢമാണ്. പെണ്ണ് കടലിൽ ഇറങ്ങേണ്ടവളല്ലെന്നും കരയിൽ കാത്തിരിക്കേണ്ടവളാണെന്നുമാണ് കടപ്പുറത്തെ അലിഖിത നിയമം. എന്നാൽ കടലമ്മയെ കൂട്ടുപിടിച്ച് ഇത് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശിനിയായ രേഖ കാർത്തികേയൻ. കുടുംബം പുലർത്താനായി ഭർത്താവിനൊപ്പം ആഴക്കടലിൽ മത്സ്യം ബന്ധം നടത്തുന്ന ഇന്ത്യയിലെ ഏക വനിതയാണ് രേഖ. സിഎംഎഫ്ആർഐ ആഴക്കടൽ മത്സ്യതൊഴിലാളികൾക്കിടയിൽ നടത്തിയ സർവേ പ്രകാരം ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക ദന്പതികളെന്ന ബഹുമതിയുമായി രേഖയും ഭർത്താവ് കാർത്തികേയനും ചരിത്രത്താളുകളിലും ഇടംനേടി. കടൽ പെണ്ണിന് നിഷിദ്ധമാണെന്ന അതിർത്തി ന്ധരേഖ’ മറികടന്ന് കടലാഴങ്ങളിലേക്ക് ബോട്ട് പായിക്കാനും വലയെറിയാനും രേഖ തുടങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞു. രേഖയ്ക്കൊപ്പം ഒരു കടൽയാത്ര...

കുട്ടിക്കാലത്ത് കടലിനെ പേടി

എെൻറ വീട് തൃശൂർ കൂർക്കഞ്ചേരിയിലാണ്. അവിടെ പുഴയും കായലുമൊന്നുമില്ല. കുട്ടിക്കാലത്ത് വീട്ടുകാർക്കൊപ്പം കടലു കാണാൻ പോയപ്പോൾ ഞാൻ പേടിച്ചു നിലവിളിച്ചിട്ടുണ്ട്. കടലിനെ അത്രയ്ക്കു പേടിയായിരുന്നു. അമ്മവീട് ഏങ്ങണ്ടിയൂരിലെ ഏത്തായിലാണ്. അവധിക്കാലത്തൊക്കെ അമ്മാവെൻറ വീട്ടിൽ വരും. പക്ഷേ കടലിൽ ഇറങ്ങാനൊന്നും ഞാൻ ശ്രമിക്കാറില്ല. അത്രയ്ക്കു പേടിയുണ്ടായിരുന്ന ഞാനിന്ന് ആഴക്കടലിൽ പോകുന്നുവെന്ന് പറയുന്പോൾ ഒരു അദ്ഭുതം പോലെയാണ് വീട്ടുകാർക്ക്. ഇപ്പോൾ എനിക്ക് കടലിനെ പേടിയില്ല. ഇരുപതും മുപ്പതും നോട്ടിക്കൽമൈൽ വരെ ഞങ്ങൾ മീൻ പിടിക്കാൻ പോകും. കഴിഞ്ഞ നവംബറിൽ കടലിൽ മീൻ പിടിക്കുന്നവർക്കുള്ള പാസുബുക്കും (ലൈസൻസ്) എനിക്കു കിട്ടി.

കാർത്തികേയെൻറ പ്രാണസഖിയായി

രേഖയുടെ അമ്മാവെൻറ വീട് ഏത്തായിലാണ്. അവധിക്കാലത്ത് രേഖ ഇവിടെ വരാറുണ്ട്. പ്രീഡിഗ്രി കഴിഞ്ഞ് ഹിന്ദി വിദ്വാൻ കോഴ്സിനു ചേർന്ന സമയം. രണ്ടുമാസത്തെ അവധിക്കായി അമ്മാവെൻറ വീട്ടിലേക്ക് രേഖ വന്നു. അമ്മാവന് പൂജാ സാധനങ്ങൾ വിൽക്കുന്ന ഒരു കടയുണ്ടായിരുന്നു. അവിടെ സഹായിയായി ഇടയ്ക്ക് രേഖയും ചെല്ലും. അവിടെ വച്ചാണ് ഏത്തായി അഴിമുഖം സ്വദേശി കരാട്ട് വീട്ടിൽ കാർത്തികേയൻ രേഖയുടെ മനം കവർന്നത്. ആദ്യ ദർശനം തന്നെ രേഖയിൽ അനുരാഗം ഉണർത്തി. കാർത്തികേയനും അങ്ങനെ തന്നെ. എന്നാൽ അന്യ സമുദായത്തിൽപ്പെട്ട പയ്യനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ തയാറായില്ല. വ്യത്യസ്ത സമുദായക്കാർ ആയതിനാൽ ഇരുവീടുകളിലും എതിർപ്പ് ശക്തമായി. രണ്ടുമാസത്തെ പ്രണയമേ ഉണ്ടായിരുന്നുവെങ്കിലും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. അങ്ങനെ വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ 1998ൽ ഇരുവരും വിവാഹിതരായി. അന്ന് രേഖയ്ക്കു പ്രായം 18. കാർത്തികേയന് 28 ഉം. ഇരുവരേയും വീട്ടിൽ നിന്ന് പുറത്താക്കിയതോടെ ജീവിതം ദുസ്സഹമായി. കിടക്കാനൊരിടം കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. കൂട്ടുകാരുടെ സഹായത്തോടെ ഒരു വാടകവീടെടുത്തു. ഭവനരഹിതർക്കുള്ള സഹായമായി കിട്ടിയ അന്പതിനായിരം രൂപകൊണ്ട് മൂന്നുസെൻറ് സ്ഥലം വാങ്ങി അവിടെയൊരു കൂര കെട്ടി. കാർത്തികേയൻ ചെറുവള്ളങ്ങളിൽ പോകാൻ തുടങ്ങി. അപ്പോഴും രേഖയ്ക്ക് കടലിനോടുള്ള പേടി തീർന്നില്ല. ഇതിനിടെ നാലു പെണ്‍മക്കൾ രേഖയുടെയും കാർത്തികേയെൻറ ജീവിതത്തിലേക്ക് കടന്നു വന്നു. അതോടെ ജീവിത ചെലവും വർധിച്ചു.

ആദ്യ കടൽയാത്ര പത്തുവർഷം മുന്പ്

പത്തുവർഷം മുന്പാണ് ആദ്യമായി ഞാൻ കടലിലേക്ക് പോകുന്നത്. ആദ്യമൊക്കെ കാർത്തികേയേൻ കൊണ്ടുവരുന്ന മീനുകൾ വലയിൽ നിന്ന് എടുക്കാൻ കൂടുമായിരുന്നു. രണ്ടു പേർക്ക് ഇരിക്കാവുന്ന ചെറുവള്ളത്തിലാണ് ചേട്ടൻ പോകുന്നത്. സഹായിക്ക് പലപ്പോഴും വരാൻ പറ്റാതാകും. അപ്പോഴൊക്കെ പണി മുടങ്ങും. പിന്നെ ഒരാൾക്കു കിട്ടുന്ന തുക കൊണ്ട് എങ്ങനെ കുടുംബം പോറ്റാനാണ്. അങ്ങനെയാണ് ഞാനും വള്ളത്തിൽ പോകാൻ തുടങ്ങിയത്. നാളെ ഞാനും വള്ളത്തിൽ പോന്നോട്ടെയെന്നു ചോദിച്ചപ്പോൾ തമാശയായിട്ടാണ് കാർത്തികേയേൻ ആദ്യം കരുതിയത്. പക്ഷേ കാര്യങ്ങൾ പറഞ്ഞപ്പോൾ നിരാശപ്പെടുത്തിയില്ല. പോരാൻ പറഞ്ഞു.

നീന്തൽ അറിയാതെ; പേടിപ്പെടുത്തി ആദ്യ യാത്ര

ആദ്യയാത്ര എന്നെ വല്ലാതെ പേടിപ്പെടുത്തി. രണ്ടാൾക്ക് മാത്രം കയറാവുന്ന ചെറുവെള്ളത്തിലൂടെ കരയിൽ നിന്ന് അഞ്ച് മാർ ദൂരത്തായിരുന്നു ആദ്യമായി് പോയത്. കാറ്റിലൊന്നു ചരിഞ്ഞാൽ വള്ളം കമിഴ്ന്നു പോകും. എനിക്ക് നീന്തൽ അറിയില്ല. പക്ഷേ ആ പേടിയൊന്നും മനസിൽ ഉണ്ടായില്ല. മക്കൾക്കുള്ള അന്നത്തിന് വക കണ്ടെത്തണമെന്ന ചിന്തമാത്രമായിരുന്നു മനം നിറയെ. കടൽച്ചൊരുക്കിൽ ആദ്യ ദിനം തലകറക്കവും ഛർദ്ദി യും ഉണ്ടായി. ചോര ഛർദ്ദിച്ചു. എങ്കിലും വലയിൽ മീൻ കുടുങ്ങുന്പോൾ പോയി അഴിച്ചിടും. പിന്നെ വന്നു ഛർദ്ദിക്കും. നാലു ദിവസം അങ്ങനെ തുടർന്നു. പക്ഷേ ശരീരം തളർന്നെങ്കിലും എെൻറ മനസ് തളർന്നില്ല. വയ്യാതെ വന്നാൽ പണി ഉപേക്ഷിച്ച് തിരികെ പോരാനൊന്നും പറ്റില്ല. വല ഇടുകതന്നെ ചെയ്തു. പിന്നെ അതൊരു ശീലമായി. ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് സുഹൃത്തുക്കളായ കനകൻ, നിക്സണ്‍, പാടൂർ നസീർ എന്നിവർ പണം നൽകി. ബാക്കി പണത്തിനായി ലോണ്‍ എടുത്തു. അങ്ങനെ 80,000 രൂപയ്ക്ക് ഒരു ഫൈബർ വള്ളവും അത്ര തന്നെ തുകയക്ക് ഒരു സെക്കൻഹാൻറ് എഞ്ചിനും വാങ്ങി. എൻജിന് 25 വർഷം പഴക്കമുണ്ട്.

പിന്നെ നീലകണ്ഠൻ എന്ന ഫൈബർ വള്ളത്തിലായി യാത്ര. ആദ്യമൊക്കെ എനിക്ക് വഞ്ചിയിൽ നിൽക്കാൻ അറിയില്ലായിരുന്നു. ഇപ്പോൾ കടലും കടൽച്ചൊരുക്കുമൊക്കെ ജീവിതത്തിെൻറ ഭാഗമായി. അലറി അടുക്കുന്ന തിരമാലകളെ വെട്ടിച്ച് വള്ളം ഓടിക്കാനും വലയിടാനുമൊക്കെ എനിക്ക് കഴിയും.

പറക്കുന്ന മത്സ്യങ്ങളും ശരീരത്തിൽ മുട്ടിയാൽ പൊള്ളലേൽക്കുന്ന തീച്ചൊറിയും ആനച്ചൊറിയും കടലാമയും വിഷമുള്ള കടൽപാന്പുകളും രാത്രിയിൽ തിളങ്ങുന്ന നക്ഷത്രങ്ങളും ഇടയ്ക്കിടെ മിന്നലും ഇടിയുമായി എത്തുന്ന മഴയുമൊക്കെ രേഖ ആവോളം കണ്ടറിഞ്ഞതാണ്. തെൻറ നാലുമക്കളെയും ഇടയ്ക്കിടെ കടലിലേക്ക് കൊണ്ടുപോരാറുണ്ടെന്ന് ഈ അമ്മ അഭിമാനത്തോടെ പറയുന്നു.



അപകടങ്ങൾ പതിയിരിക്കുന്ന ആഴക്കടൽ

കടലിൽ വച്ച് പല അപകടങ്ങളും ഇവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഒരിക്കൽ അർധരാത്രി രണ്ടുമണിക്ക് ദന്പതികളും സഹായിയായ മത്സ്യത്തൊഴിലാളിയും കടലിൽ വലയിട്ട് കാത്തിരിക്കുകയാണ്. രേഖയൊഴികെ മറ്റുള്ളവർ ചെറിയ മയക്കത്തിലായിരുന്നു. മിന്നാമിന്നി(സിഗ്നൽ) ഉണ്ട്. എന്നാൽ രേഖ നോക്കുന്പോൾ മിന്നാമിന്നിയും കടന്ന് ഇവരുടെ വഞ്ചിക്കു നേരെ മറ്റൊരു വഞ്ചി ചീറിപ്പാഞ്ഞു വരുന്നു. രേഖ ഉച്ചത്തിൽ നിലവിളിച്ച് പങ്കായമുയർത്തി കാണിച്ചു. വഞ്ചി ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതായിരുന്നു കാരണം. ഉടൻ അവർ വഞ്ചി വെട്ടിച്ചു. ആ വലിയ വഞ്ചിയുടെ ഭാഗം ഫൈബർ വള്ളത്തിെൻറ പുറകിലിടിച്ചു. അവർ നിർത്താതെ പോയിക്കളഞ്ഞു. അന്ന് തങ്ങളുടെ ജീവൻ കടലിൽ തീരേണ്ടതായിരുന്നുവെന്ന് രേഖ പറയുന്നു.

പിന്നീടൊരിക്കൽ ഒരു ജൂണ്‍ മാസത്തിൽ ഉച്ചയോടെ കടലിൽ പോയി. വഞ്ചി നിറയെ ചെമ്മീനുമായി തിരിച്ചു പോരുന്പോൾ കടലിനൊരു മാറ്റം. കാർത്തികേയെൻറ മുഖത്ത് പരിഭ്രമം കണ്ട് രേഖയ്ക്ക് പന്തികേടു തോന്നി. മരണം മുന്നിൽ കണ്ട നിമിഷം. മക്കൾ കരയിൽ കാത്തിരിക്കുകയാണ് കടലയേെന്നു പറഞ്ഞു രേഖ കരഞ്ഞു പ്രാർഥിച്ചു. ആ പ്രാർഥന കടലമ്മ കേട്ടു. അന്ന് ഒരുവിധത്തിലാണ് കാർത്തികേയൻ തിരയിൽപ്പെട്ട വഞ്ചി കരയിൽ എത്തിച്ചത്.

പേടിപ്പെടുത്തി ഓഖി


ഓഖി ദുരന്തം ഉണ്ടായ നവംബർ 28ന് പുലർച്ചെ നാലരയ്ക്ക് രേഖയും കാർത്തികേയനും കടലിൽ പോകാൻ പുലിമുട്ടുവരെ എത്തിയതാണ്. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കടലിന് എന്തോയൊരു പന്തികേട് തോന്നി. രേഖയാണ് എൻജിൻ ഓടിച്ചിരുന്നത്. പെട്ടെന്ന് തിരമാലയും കാറ്റും കൂടിയതുകൊണ്ട് ഇവർ തിരികെ മടങ്ങുകയായിരുന്നു. കടലമ്മ രക്ഷിച്ചതാണെന്ന് രേഖയും കാർത്തികേയനും പറയുന്നു.

ന്ധസംഭവത്തിനു ശേഷം മനസിൽ ചെറിതായൊരു ഭീതി ഉണ്ടായിരുന്നു. പക്ഷേ വീിട്ടൽ തന്നെ ഇരുന്നാൽ കുടുംബം പട്ടിണിയാകും. അതുകൊണ്ട് മൂന്നു ദിവസത്തിനുശേഷം കടലിലേക്ക് പോയി. മൃതദേഹങ്ങളൊന്നും കാണരുതെന്ന് കടലയോട് ഞങ്ങൾ ഉളളുരുകി പ്രാർഥിച്ചു. വള്ളം നിറയെ അയലയുമായി മടങ്ങുന്പോൾ ഒരു വഞ്ചി കമിഴ്ന്നു കിടക്കുന്നതു കണ്ടു. ഞങ്ങൾ എൻജിെൻറ സ്പീഡ് കുറച്ച് അതിനടുത്ത് ചെന്നു നോക്കി. പക്ഷേ അതിൽ ആരും ഉണ്ടായിരുന്നില്ല. മൃതദേഹം ഉണ്ടായെങ്കിൽ എങ്ങനെയും കരയിൽ എത്തിക്കുമായിരുന്നു. പിന്നെ ദുരന്തത്തിൽപ്പെവരുടെ സാധനസാമഗ്രികളും കന്നാസുകളുമൊക്കെ കടലിൽ ഒഴുകി നടക്കുന്നത് കണ്ടു’ ഭീതി നിഴലിക്കുന്ന കണ്ണുകളോടെ രേഖ പറഞ്ഞു.

പുറംകടൽ അനന്തവും നിഗൂഢവുമാണ്. വഞ്ചി കുറേ ഓടിക്കഴിഞ്ഞാൽ ദിക്ക് അറിയാതെ വരും. എന്നാൽ കാർത്തികേയേൻ നക്ഷത്രങ്ങളെ നോക്കിയും സൂര്യനെ നോക്കിയുമൊക്കെ ദിക്ക് പറയും. തെക്കൻ കടലും വടക്കൻ കടലുമറിയാം.

സാഹസികമായ തൊഴിൽ

കടലിലെ പണിക്ക് സമയം കണക്കാക്കാനാകില്ല. കൃത്യമായി പണിയോ വരുമാനമോ പറയാനും പറ്റില്ല. അർധരാത്രിയോടെ കടലിലേക്ക് പുറപ്പെടും. നേരം പുലരുംമുന്പ് പുറം കടലിൽ എത്തും. എൻജിൻ ഓടിക്കുന്നത് ആയാസകരമാണ്. ചേട്ടനാണ് വല വിരിക്കുന്നതെങ്കിൽ ഞാൻ വേഗത്തിൽ എൻജിൻ നീക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ചേട്ടൻ എൻജിൻ പ്രവർത്തിപ്പിക്കും. അപ്പോൾ ഞാനാകും വല വിരിക്കുക. തിരകളിൽ ഉലയുന്ന വഞ്ചിയിൽ നിന്ന് വേഗത്തിൽ വല വിരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ആയിരം കല്ലുകൾ കെട്ടിയ വല സ്ഥാനം തെറ്റാതെ അതിവേഗം കടലിലേക്ക് എറിയണം. കല്ലുകെട്ടിയ ഭാഗം തെറ്റാതെയും എൻജിനിൽ കുടുങ്ങാതെയും നോക്കണം. ആദ്യമൊക്കെ എണീറ്റു നിന്ന് ഈ പണി ചെയ്യാൻ പ്രയാസമായിരുന്നു. ഇപ്പോൾ എല്ലാം പഠിച്ചു. ആദ്യമിട്ട വല വലിച്ചശേഷം പുലർച്ചെയുള്ള മീൻ കൊയ്ത്തിനായി വീണ്ടും വലയിടും.

രണ്ടു തവണ വലയിട്ട് വലിച്ച ശേഷമായിരിക്കും മടക്കം. അർധരാത്രി പുറപ്പൊൽ രാവിലെ 10.30 ഓടെ തിരിച്ചെത്തും. അയല, മത്തി, ആവോലി, സ്രാവ്, തിരണ്ടി, വേളൂരി, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളൊക്കെ കിട്ടും. ഹാർബറിൽ കൊണ്ടുവന്ന് അതൊക്കെ വിറ്റിട്ടു പോരും. ചാവക്കാട്, തൃശൂർ, കുന്നംകുളം മാർക്കറ്റുകളിലും സ്ഥിരം വാങ്ങുന്ന ചില വീടുകളിലും മത്സ്യം വിൽക്കാറുണ്ട്. ചിലപ്പോൾ നല്ല വിലയ്ക്കു മീൻ ഉണ്ടാകും. ചില സമയത്ത് മീൻ കുറവായിരിക്കും. ഇന്ന് അറുനൂറു രൂപയുടെ മീൻ മാത്രമാണ് കിട്ടിയത്.

നാട്ടുകാരുടെ എതിർപ്പ്

രേഖ കടലിൽ പോകുന്നതിനോട് നാട്ടുകാരിൽ പലർക്കും എതിർപ്പായിരുന്നു. പെണ്ണ് കടലിൽ പോയാൽ മീൻ കുറയുമെന്നായിരുന്നു അവർ അതിനു കണ്ട ന്യായം. പക്ഷേ കാർത്തികേയനൊപ്പം മൂന്നുനാലു സുഹൃത്തുക്കൾ കൂടെ നിന്നു. കാർത്തികേയെൻറ പിന്തുണകൂടി കിട്ടിയതോടെ രേഖ കടലിൽ പോകാൻ തുടങ്ങി. വള്ളം നിറയെ മീനുമായി കയറിവരുന്നതുകണ്ട് നാട്ടുകാരുടെ എതിർപ്പ് ഇപ്പോൾ ഇല്ലാതായി.

മക്കളെ വളർത്താൻ കഷ്ടപ്പെടുന്നത് അന്തസാണ്. ആരുടെയും പിടിച്ചു പറിക്കാൻ പോകുന്നില്ല. കടലമ്മയ്ക്ക് എല്ലാവരും മക്കളാണ്. അതിൽ ആണെന്നോ പെണ്ണെന്നോ ഭേദമില്ല. ഞാൻ എെൻറ അമ്മയുടെ അടുത്തേക്ക് പോകുന്നതുപോലെയാണ് കടലമ്മയ്ക്ക് അരുകിലേക്ക് എത്തുന്നത്. നേറും നെറിയും കാട്ടിയാൽ കടലമ്മ ചതിക്കില്ല. കരയിലെ ആളുകളെക്കാളും നല്ലവരാണ് കടലിലുള്ളവർ. അനുഭവത്തിെൻറ വെളിച്ചത്തിൽ രേഖ പറഞ്ഞു.

വൈകിയെത്തിയ അംഗീകാരം

കടലിൽ മീൻ പിടിക്കുന്ന രേഖയെ മത്സ്യത്തൊഴിലാളിയായി അംഗീകരിക്കാൻ ആദ്യമൊക്കെ ഫിഷറീസ് വകുപ്പിനും മടിയായിരുന്നു. ഒരിക്കൽ ആഴക്കടലിൽ വച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആർഐ)ത്തിലെ ചില ഉദ്യോഗസ്ഥർ കണ്ടതോടെയാണ് ഈ ദന്പതികളുടെ കഥ പുറംലോകം അറിയുന്നത്. ഇക്കഴിഞ്ഞ മേയിൽ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇരുവരെയും സിഎംഎഫ്ആർഐ ആദരിച്ചു. ചടങ്ങിൽ വച്ച് മത്സ്യതൊഴിലാളിയായി അംഗീകരിക്കണമെന്ന ആവശ്യം രേഖ കേന്ദ്രമന്ത്രി സുദർശൻ ഭഗതിനെ അറിയിച്ചു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എൻ. ഗോപാലകൃഷ്ണൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ വിവരം അറിയിച്ചതിനെത്തുടർന്ന് രേഖയ്ക്ക് കടലിലെ മത്സ്യതൊഴിലാളിക്കുള്ള പാസ് ബുക്കും ലഭിച്ചു.

കൂടുമത്സ്യകൃഷി

കുടുംബത്തിെൻറ വരുമാനം വർധിപ്പിക്കാനായി ചേറ്റുവ അഴിയോടു ചേർന്ന് കൂടു മത്സ്യകൃഷി ചെയ്യാനുള്ള പ്രോത്സാഹനവും മാർഗനിർദേശങ്ങളും സിഎംഎഫ്ആർഐ നൽകി. ചടങ്ങിൽ വച്ച് കൂടുമത്സ്യകൃഷിക്കുള്ള 2000 കാളാഞ്ചി (നരിമീൻ) മത്സ്യക്കുഞ്ഞുങ്ങളെ കേന്ദ്രമന്ത്രി സുദർശൻ ഭാഗത് ഇവർക്ക് കൈമാറി. എന്നാൽ ഓഖി ചുഴലിക്കാറ്റിൽ ചേറ്റുവ പുഴയിൽ സ്ഥാപിച്ചിരുന്ന ആറുമാസം വളർച്ചയുണ്ടായിരുന്ന മത്സ്യക്കൂട് അഴിമുഖം വരെ ഒഴുകിപ്പോയത് ഏറെ പണിപ്പൊണ് തിരിച്ചെത്തിച്ചത്. കുറച്ച് മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപോയി. എങ്കിലും ഏപ്രിലോടെ കാളാഞ്ചിയുടെ വിളവെടുപ്പ് നടക്കും.

അടുത്തിടെ പുതിയ വല വാങ്ങുന്നതിനായി ആറ്റിങ്ങൽ സ്വദേശി മുരളി കാർത്തികേയന് സാന്പത്തിക സഹായം നൽകിയിരുന്നു. ഓരോ മീനിനും പ്രത്യേകം വലയാണ് ഇടുന്നത്. അയല വല, ആവോലി വല, മത്തി വല, ചെമ്മീൻ വല... ഇങ്ങനെ പോകുന്നു. എന്നാൽ ഇവരുടെ കൈയിൽ ഒരു വല മാത്രമേ ഉളളൂ. വിദേശത്ത് ജോലി ചെയ്യുന്ന സുഹൃത്തുക്കളായ പ്രസിനും ഗ്രീഷ്മയും അടുത്തിടെ രണ്ടു സേഫ്ടി ജാക്കറ്റുകളും ഇവർക്ക് നൽകി.

ഒരെഞ്ചിൻ വേണം, അടച്ചുറപ്പുള്ള വീടും

പത്തുവർഷം പഴക്കമുള്ള ഫൈബർ വഞ്ചിയിലാണ് രേഖയും കാർത്തികേയും ഇപ്പോൾ മത്സ്യബന്ധനം നടത്തുന്നത്. വഞ്ചിയൊന്ന് മാറ്റി പുതിയതൊന്നു വാങ്ങണം. പിന്നെ മറ്റൊരു എൻജിൻ കൂടെ വാങ്ങണമെന്നുണ്ട്. ഇപ്പോഴുള്ള എൻജിന് വളരെ പഴക്കമുണ്ട്. ദിവസവും 35 ലിറ്റർ മണ്ണെണ്ണ വേണ്ടിവരും. അടച്ചുറപ്പുള്ള ഒരു വീട്, അതാണ് മറ്റൊരാഗ്രഹം. മക്കളെ തനിച്ചാക്കിയാണ് ഞങ്ങൾ അർധരാത്രി വീട്ടിൽ നിന്നു പോരുന്നത്. അവരുടെ സുരക്ഷയോർത്ത് മനസ് നീറാറുണ്ട്... 37കാരിയായ രേഖ വിഷമതകൾ മറച്ചു വച്ചില്ല.

വരവും കാത്ത് മക്കൾ

രേഖയ്ക്കും കാർത്തികേയനും നാലു പെണ്‍മക്കളാണുള്ളത്. മൂത്തമകൾ മായ പാലൂർ എഎൽഎച്ച്എസിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ അഞ്ജലി ചന്തപ്പടി സെൻറ് തോമസ് എച്ച്എസിൽ ഒന്പതാം ക്ലാസിലും മൂന്നാമത്തെ കുട്ടി ദേവപ്രിയ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസിലും പഠിക്കുന്നു. ഇളയമകൾ ലക്ഷ്മിപ്രിയ ഏത്തായി സെൻറ് മേരീസ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ദേവപ്രിയ നന്നായി പ്രസംഗിക്കും. ലക്ഷ്മിപ്രിയയ്ക്കും പാിലും ചിത്രരചനയിലും കന്പമുണ്ട്. പക്ഷേ മക്കളെ ഇതിനൊക്കെ വിടാനുള്ള പണം ഈ മാതാപിതാക്കളുടെ കൈയിലില്ല.

അച്ഛനും അമ്മയും അർധരാത്രി കടലിൽ പോയാൽ ഞങ്ങൾ തനിച്ചാണ്. അമ്മ ചോറൊക്കെ ഒരുക്കി വച്ചിരിക്കും. അനിയത്തിമാരെ സ്കൂളിൽ വിടണം. പരീക്ഷയ്ക്ക് പഠിക്കണം. എനിക്ക് ഉറക്കം വരില്ല. നല്ലൊരു ജോലി കിട്ടിയാൽ അമ്മയെ കടലിലേക്ക് അയയ്ക്കില്ല. രേഖയുടെ മൂത്തമകൾ മായയുടെ വാക്കുകളാണിത്. പഠന മികവിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് സിഎംഎഫ്ആർഐ മായയ്ക്ക് നൽകുകയുണ്ടായി.

സീമ മോഹൻലാൽ
ഫോട്ടോ: അഖിൽ പുരുഷോത്തമൻ