ബി ആർ അജിത് 4 പതിറ്റാണ്ടിന്‍റെ ആർക്കിടെക്റ്റ് വിസ്മയം
ബി ആർ അജിത് 4 പതിറ്റാണ്ടിന്‍റെ  ആർക്കിടെക്റ്റ് വിസ്മയം
Monday, March 12, 2018 5:29 PM IST
1977 ൽ മദ്രാസിലെ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗിൽ നിന്നും പഠിച്ചിറങ്ങിയപ്പോൾ ബി.ആർ അജിതിന് ഏതൊരു വിദ്യാർഥിയെയും പോലെ നല്ലൊരു ആർക്കിടെക്റ്റ് ആവണം, പേരെടുക്കണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ 1978 ൽ കൊച്ചിയിൽ രണ്ടു കൂട്ടുകാരുമായി ചേർന്ന് സ്വന്തം ബെഡ്റൂം ഓഫീസാക്കി ക്രിയേഷൻസ് ഇൻഫിനിറ്റിക്കു തുടക്കം കുറിച്ചു.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ കൂട്ടുകാരെല്ലാം പലവഴിക്കായി. അപ്പോഴും അജിത് തന്‍റെ ആഗ്രഹത്തെ മുറുകെപിടിച്ചു. 1984 -1985 ആയപ്പോഴേക്കും അദ്ദേഹം അജിത് അസോസിയേറ്റ്സി’ന് തുടക്കം കുറിച്ചു. അദ്ദേഹത്തിന്‍റെ മനസിൽ മറ്റൊരു ആഗ്രഹം കൂടി ഈ സമയത്ത് കുടിയേറി. കുറെ നല്ല ആർക്കിടെക്റ്റുകളെ സമൂഹത്തിനായി സംഭാവന ചെയ്യണം എന്നായി ചിന്ത.

പാലം നിർമിച്ച് "ആസാദി’യിലേക്ക്

1989 ൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പാലം നിർമിച്ച് ചരിത്രം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഏഷ്യൻ സ്കൂൾ ഓഫ് ആർകിടെക്ച്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസിന്‍റെ(ആസാദി)തുടക്കം. ഇന്ത്യയിലെ തന്നെ സ്വകാര്യ ഉടമസ്ഥതയിൽ നിർമിക്കുന്ന ആദ്യത്തെ എ ക്ലാസ് പാലമായിരുന്നു അതെന്ന് അജിത് പറഞ്ഞു. ആസാദിക്കായി അദ്ദേഹം കണ്ടെത്തിയത് എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് സിൽവർ സാൻഡ് ഐലൻഡായിരുന്നു. മൊത്തം വെള്ളം കയറികിടന്നിരുന്ന ഈ പ്രദേശത്ത് തുടക്കത്തിൽ വഞ്ചിയിലായിരുന്നു എത്തിക്കൊണ്ടിരുന്നത്.

ആദ്യകാലത്ത് സിൽവർ സാൻഡ് ഐലൻഡ് തുടങ്ങാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പല വിധത്തിലുള്ള പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നെങ്കിലും അന്നത്തെ മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണൻ, സേവ്യർ അറയ്ക്കൽ എംപി തുടങ്ങിയവരൊക്കെ നല്ല രീതിയിൽ സഹായിച്ചിരുന്നു.

ഏതൊരു ബിസനസിനും കൃത്യമായ ഒരു സമയമുണ്ട്. ചിലത് അൽപം നേരത്തെ തുടങ്ങിപ്പോകും. ചിലത് തുടങ്ങാൻ താമസിക്കും. പക്ഷേ, ബിസിനസ് വിജയിക്കാനും ഒരു സമയമുണ്ട്. അജിത് അസോസിയേറ്റിന്‍റെ ആർക്കിടെക്ച്ചറൽ പ്രാക്ടീസെല്ലാം ആ സമയത്ത് നല്ല നിലയ്ക്ക് മുന്നോട്ടു പോകുന്നുണ്ടായിരുന്നു. അങ്ങനെ 2013 ൽ ആസാദിയെന്ന സ്വപ്നം സാക്ഷാത്കരിച്ചു.’ അജിത് പറയുന്നു.

ഗ്രീൻ ബിൽഡിംഗ്

ഗ്രീൻ ബിൽഡിംഗ് എന്ന ആശയം രാജ്യത്ത് ശക്തമാകുന്നത് 2005 കാലത്താണ്. ഇന്ത്യയിലെ ഗ്രീൻ ബിൽഡിംഗ് കൗണ്‍സിലിന്‍റെയൊക്കെ സ്ഥാപക മെന്പറായി ഇദ്ദേഹവും കൂടെയുണ്ടായിരുന്നു. ടോറോന്‍റോയിലും സിംഗപ്പൂരിലും വെച്ചു നടന്ന വേൾഡ് ഗ്രീൻ ബിൽഡിംഗ് കൗണ്‍സിലുകളിൽ പങ്കെടുത്ത ഇന്ത്യയുടെ ടീം ലീഡർ ഇദ്ദേഹമായിരുന്നു. കേരള സർക്കാരിന്‍റെ ഉൗർജ സംരംക്ഷണത്തിനുള്ള അവാർഡ് നേടിയിട്ടുള്ള ഏക വ്യക്തിയും ഇദ്ദേഹവും ഇദ്ദേഹത്തിന്‍റെ അജിത് അസോസിയേറ്റ്സുമാണ്. ചൈനയിലെ ടിയാൻചിനിലെ ഗ്രീൻ സ്മാർട് സിറ്റി സന്ദർശനത്തിനായി ഇന്തോ സിംഗപ്പൂർ ടീം പങ്കെടുത്തപ്പോൾ അതിലെ ഏക ആർക്കിടെക്റ്റ് അജിതായിരുന്നു. എറണാകുളത്ത് പനന്പള്ളിനഗറിൽ കേരളത്തിലെ ആദ്യത്തെ മൾട്ടി സോറ്ററൈഡ് അപ്പാർട്ട്മെന്‍റായ കൈരളി ബിൽഡിംഗ് നിർമിച്ചത് അജിത് അസോസിയേറ്റ്സായിരുന്നു. മണിപ്പാൽ ഗ്രൂപ്പിന്‍റെ ആർക്കിടെക്റ്റ് കണ്‍സൾട്ടന്‍റായും അജിത് ചുമതല വഹിച്ചിരുന്നു. മണിപ്പാൽ ആർക്കിടെക്ച്ചർ സ്കൂളിൽ ഫാക്കൽറ്റിയായിരുന്നു. മിയാസി അക്കാദമി, ഉൗട്ടി എന്നിവിടങ്ങളിലെ ആർക്കിടെക്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിൽ സന്ദർശക അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രായോഗിക പഠനത്തിലൂന്നി

എംജി യൂണിവേഴ്സിറ്റിയുടെ അംഗീകരമുള്ള കോഴ്സാണ് ആസാദി നൽകുന്നത്. ഇന്ത്യയിൽ ആർക്കിടെക്റ്റ് വിദ്യാഭ്യാസത്തിന് നല്ല അക്കാദമിക് സിസ്റ്റം ഇല്ല എന്നുള്ള തിരിച്ചറിവിൽ നിന്നുമാണ് ഇത്തരമൊരു സംരംഭത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നത്.
നമ്മൾ പ്രാക്ടിക്കൽ കേന്ദ്രീകൃതമായ പഠനമല്ല ഒരിക്കലും നൽകുന്നത്. പ്ലാൻ വരക്കാനും അത് മനോഹരമാക്കാനുമാണ് പഠിപ്പിക്കുന്നത്.’ അജിത് അഭിപ്രായപ്പെടുന്നു.

4 പതിറ്റാണ്ടിന്‍റെ ആർക്കിടെക്റ്റ് അനുഭവം

2018 ജനുവരി 17 ആയപ്പോൾ ആർക്കിടെക്റ്റ് ജീവിതത്തിന്‍റെ നാൽപതു വർഷങ്ങൾ ഞാൻ പൂർത്തിയാക്കി. ഈ കാലയളവിൽ പ്രായോഗികമായ അറിവില്ലാതെ ഓഫീസിൽ എത്തുന്ന നിരവധി ആർകിടെക്റ്റുമാരെ ഞാൻ കണ്ടു. ആർക്കിടെക്റ്റുമാർക്ക് ഉയർന്ന ചിന്താഗതിയാണ് ആവശ്യം. പലപ്പോഴും കുട്ടികളെ പഠിപ്പിക്കാൻ വരുന്ന അധ്യാപകർക്ക് പ്രായോഗിക അറിവ് വളരെ കുറവായിരിക്കും. പഠിച്ചിറങ്ങിയ ഉടനേ തന്നെ ജോലിക്കെത്തുന്നവരാണ് ഭൂരിപക്ഷവും. അതുകൊണ്ടു തന്നെ കുട്ടികൾ പ്രായോഗികമായ കാര്യങ്ങൾ പങ്കുവെച്ചാൽ പോലും അതിനെ അധ്യാപകർ തന്നെ അടിച്ചമർത്തിക്കളയും. ആർക്കിടെക്ച്ചർ പഠിക്കാനും പഠിപ്പിക്കാനും പ്രായോഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്. എട്ടു മുതൽ 15 വർഷം വരെ പ്രായോഗികമായ അനുഭവ സന്പത്തുള്ളവരാണ് ആസാദിയിലെ അധ്യാപകർ. കുട്ടികൾക്കും പ്രായാഗികാനുഭവം നേടാനുള്ള അവസരം പഠനകാലത്ത് കൊടുക്കുന്നുണ്ട്.’അജിത് പറഞ്ഞു.


ദക്ഷിണേഷ്യയിലെയും ദക്ഷിണേന്ത്യയിലെയും ബെസ്റ്റ് ആർക്കിടെക്ച്ചർ സ്കൂൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ആസാദിയെ തേടിയെത്തിയിട്ടുണ്ട്.

അഞ്ചു കൊല്ലമേ ആയിട്ടുള്ളു സ്കൂൾ ആരംഭിച്ചിട്ട്. ആദ്യത്തെ ബാച്ച് പഠനം പൂർത്തിയാക്കി ഈ ജൂണിൽ പുറത്തിറങ്ങും. വ്യത്യസ്തമായ പല രീതികളും അജിത്തും കൂട്ടരും തങ്ങളുടെ സ്ഥാപനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഓരോ കുട്ടിക്കും ഒരു ടീച്ചർ എന്ന രീതിയിൽ മെന്‍ററിംഗ് സംവിധാനം ആദ്യമായി നടപ്പാക്കിയത് ആസാദിയാണ്. നാൽപതുസീറ്റാണ് ഓരോ അക്കാദിമിക് വർഷം ലഭിക്കുന്നത്. 20 പേർ മാനേജ്മെന്‍റ് സീറ്റിലും 20 പേർ സർക്കാർ സീറ്റിലുമാണ് എത്തുന്നത്.
പഠിച്ചിറങ്ങുന്ന കുട്ടികൾക്കായി ഒരു സ്റ്റാർട്ടപ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആസാദി. സീനിയർ ആർക്കിടെക്റ്റുകളെ ഗൈഡായി നിയമിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു സ്റ്റാർട്ടപ് ആരംഭിക്കുന്നത്. അഞ്ചു കൊല്ലം കഴിയുന്പോൾ ഒരു റെഡി ആർക്കിടെക്റ്റിനെ സമൂഹത്തിന് നൽകുക എന്നതാണ് ആസാദിയുടെ ലക്ഷ്യം.



അന്താരാഷ്ട്ര തലത്തിലുള്ള ആർക്കിടെക്റ്റുമാർ ആസാദിയിൽ ക്ലാസുകളെടുക്കാൻ വരാറുണ്ട്. സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡേവിഡ് ലീഫർ, സ്മാർ്ട് സിറ്റി ഓർഗനൈസേഷന്‍റെ ബോർഡ് മെംന്പർ ഉത്തർ പ്രദേശ് സ്വദേശി സുനിൽ ദുബെ തുടങ്ങിയവർ അധ്യാപകരായി എത്താറുണ്ട്.

ആസാദിയിലെ അധ്യാപകർക്ക് ആർക്കിടെക്ച്ചറൽ പ്രാക്ടീസിനുള്ള അവസരവും നൽകുന്നുണ്ട്. അധ്യാപകർ അവരുടെ 20 ശതമാനം സമയം ആസാദി കൺസൾട്ടൻസി ഡിവിഷനു വേണ്ടി ഉപയോഗിക്കണം. ഇതുവഴി പ്രായോഗിക പരിശീലനം കുറവുള്ളവർക്കു കൂടി അറിവുനേടാനുള്ള അവസരം ലഭിക്കുന്നുണ്ടെന്നും അജിത് ചൂണ്ടിക്കാട്ടി. അജിത് അസോസിയേറ്റ്സിൽ നിന്നും പ്രവർത്തനങ്ങളെ ആസാദി കണ്‍സൾട്ടൻസി ഡിവിഷനിലേക്ക് ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് അജിത്.

കലയോട് എന്നും ഇഷ്ടം

വിദ്യാഭ്യാസകാലത്ത് സിനിമാ സംവിധാനയകനാകണമെന്നായിരുന്നു ബി.ആർ അജിത്തിന് ആഗ്രഹം. അതുകൊണ്ടു തന്നെ മദ്രാസിലെ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗിൽ പഠിച്ചിരുന്ന സമയത്ത് ഒരു ട്രൂപ്പൊക്കെയുണ്ടാക്കി നാടകമൊക്കെ കളിച്ച് തന്‍റെ ആഗ്രഹത്തെ കെടാതെ സൂക്ഷിച്ചിരുന്നു. ഐഐടി മദ്രാസ് എല്ലാവർഷവും സംഘടിപ്പിക്കുന്ന മാർഡി ഗ്രാസ് എന്ന പരിപാടിയിൽ രണ്ടു തവണ മികച്ച സംവിധായകനുള്ള അവാർഡ് താൻ സ്വന്തമാക്കിയിരുന്നു എന്ന് അജിത് പറയുന്നു.

കലയോടുള്ള ഇഷ്ടം അദ്ദേഹം എപ്പോഴും മനസിൽ സൂക്ഷിക്കുന്നു. അതിനായി ശബ്ദം (സൊസൈറ്റി ഫോർ അപ്രീസിയേഷൻ ആൻഡ് ബേസിക് ഡെവലപ്മെന്‍റ് ഓഫ് ആർട് മീഡിയ) എന്ന സംഘടനയ്ക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. അടുർ ഗോപാലകൃ ഷ്ണനെപ്പോലുള്ള പ്രമുഖ വ്യക്തികൾ ഇതിൽ അംഗങ്ങളുമാണ്. ഫൈൻ ആർട്സ്, മ്യൂസിക്, ഡാൻസ്, കവിത, ആർക്കിടെക്ച്ചർ, സിനിമ, തീയറ്റർ എന്നിവയെല്ലാം ഉൾക്കൊണ്ടുള്ള സംഘടനയാണി തെന്നും അദ്ദേഹം പറയുന്നു.

1983 മുതൽ റോട്ടറി മെന്പറാണ് ഇദ്ദേഹം. 1992 മുതൽ റോട്ടറിയുടെ ഡിസ്ട്രിക് ഗവർണറായിരുന്നു. ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരനായ റോട്ടറി ഡിസിട്രക് ഗവർണറായിരുന്നു 36 ാമത്തെ വയസിൽ ഗവർണറായ അജിത്. ആദ്യത്തെ വേൾഡ് മലയാളി കൗണ്‍സിലിന്‍റെ കണ്‍വെൻഷൻ ചെയർമാനും ഇദ്ദേഹമായിരുന്നു.

കുടുംബം

ഭാര്യ ദേവി ആസാദിയിലെ ഫിനാൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്നു. മകൾ അമ്മു ആസാദിയുടെ സിഇഒയാണ്, മരുമകൻ സന്തോഷ്. ഇരുവരും വിദ്യാഭ്യാസ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നു. പേരക്കുട്ടികൾ ആര്യൻ, അതിഥി, അനിരുദ്ധ്. ബി.ആർ അജിതിന്‍റെ അച്ഛൻ ഡോ. കെ.ബി ഉണ്ണിത്താൻ കയർ ബോർഡിന്‍റെ മുൻ ഡയറക്ടറായിരുന്നു. അമ്മ രാജേശ്വരി ഉണ്ണിത്താൻ. രാഷ്ട്രദീപിക ലിമിറ്റഡിന്‍റെ 2018 ലെ ബിസിനസ് ദീപിക ലൈഫ് ടൈം അച്ചീവ് മെന്‍റ് അവാർഡ് ബി.ആർ അജിതിന് സമർപ്പിക്കുന്പോൾ നാലു പതിറ്റാണ്ടു നീളുന്ന ആർകിടെക്ച്ചറൽ സംഭാവനകൾക്കും നാളെയുടെ ആർകിടെക്റ്റുമാരെ വാർത്തെടുക്കുന്ന ആസാദിക്കുമുള്ള അംഗീകാരവും അഭിനന്ദനവുമാകുന്നു.

അജിത് അസോസിയേറ്റ്സ് ചെയ്തുകൊണ്ടിരിക്കുന്ന പദ്ധതികൾ

* കൂത്തുപറന്പിൽ 600 ബെഡുകളുള്ള ഒരു ആശുപത്രി
*കിൻഫ്രക്ക് വേണ്ടിയിട്ട് ഹൈടെക് ഓഫീസ് കളമശേരി
*പുനലൂർ റബ്ബർപാർക്ക്
*സിഡിറ്റിന്‍റെ ഹെഡ് ക്വാർട്ടേഴ്സ്
*ഖത്തർ എയർവേയ്സിന്‍റെ ബിൽഡിംഗ്
*ഹെദരാബാദിൽ സിഡിറ്റിന്‍റെ ബിൽഡിംഗ് ആർമിവെൽഫയർ ഹൗസിംഗിനുവേണ്ടി 30 നിലകളുള്ള ഇരട്ട അപ്പാർട്ട്മെന്‍റ്
*ശ്രീശങ്കരാചാര്യ യൂണിവേഴിസിറ്റിയിൽ ടൂറിസം ഡിപ്പാർട്ടമെന്‍റ് ബിൽഡിംഗ്