വൈദ്യരമ്മയ്ക്ക് ഇതു ധന്യനിമിഷം
വൈദ്യരമ്മയ്ക്ക് ഇതു ധന്യനിമിഷം
Saturday, March 10, 2018 4:16 PM IST
സ്ത്രീ ശക്തിയാണ്. സംശയമില്ല. അമ്മയല്ലേ സ്ത്രീ. പക്ഷേ സ്ത്രീക്കു സ്വന്തം ശക്തിയെക്കുറിച്ചു ബോധ്യം വേണം. ഇല്ലെങ്കില്‍ ശക്തിയുണ്ടായിട്ട് കാര്യമുണ്ടോ? നാട്ടുവൈദ്യ ചികിത്സയിലൂടെ പദ്മശ്രീയുടെ നെറുകയിലെത്തിയ കല്ലാര്‍ മൊട്ടമൂട് ആദിവാസി കോളനിയിലെ ലക്ഷ്മിക്കുട്ടി അമ്മ സംസാരിക്കുകയാണ്... കാട് മൂപ്പന്‍ ആയിരുന്ന ചാത്താടി കാണിയുടെയും വയറ്റാട്ടിയായി ജീവിതം കഴിച്ച കുഞ്ചി ദേവിയുടെയും ഇളയമകളാണ് ലക്ഷ്മിക്കുട്ടിയമ്മ. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച ഇവര്‍ക്ക് സൂര്യനു കീഴിലുള്ള എല്ലാം അറിയാം. തിരുവനന്തപുരം ജില്ലയിലെ വിതുര പൊന്മുടി റോഡില്‍ കല്ലാറും കടന്നു നീളുന്ന കാട്ടുവഴിയില്‍ ഈറ ഇല കൊണ്ട് മേഞ്ഞ കുടിലില്‍ ജീവിക്കുന്ന ഈ എഴുപത്തിനാലുകാരിക്കു ആധുനിക ലോകവും, പുതിയ തലമുറയുടെ കീഴ്‌മേല്‍ മറിയലും തിരിച്ചറിയാം. കാട്ടിലെ ഔഷധ സമ്പത്തിനെ കണ്ടറിഞ്ഞ്, കാറ്റേറ്റും ചവിട്ടി നടന്നും ജീവിക്കുന്ന വൈദ്യരമ്മയ്ക്കു പ്രകൃതി തനിക്കു നല്‍കിയ കാട്ടറിവുകള്‍ എത്ര മൂല്യവത്താണെന്നും അവ സംരക്ഷിക്കേണ്ടത് വരും കാലത്തിന്റെ ആവശ്യമാണെന്നും അറിയാം.

മായാപ്രപഞ്ചം

നൂറ്റി അമ്പതോളം ഔഷധ ചെടികള്‍ വീടിനു ചുറ്റും തന്നെയുണ്ട്. മുത്തങ്ങ, പിപ്പലി, എറുമാക്കി, ആടലോടകം, മഞ്ഞ കൈതോന്നി, സര്‍പ്പഗന്ധി, ശിവക്രാന്തി അങ്ങനെ നീളുന്നു. ഔഷധ വൈവിധ്യം പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന സ്ത്രീ ഏറ്റവും ശക്തയാണ് എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ലക്ഷ്മിക്കുട്ടി അമ്മ. ആ വാക്കുകളിലേക്കു രാജ്യത്തിന്റെ വലിയ ബഹുമതിയായ പദ്മശ്രീയും എത്തി.

? പദ്മശ്രീ ലഭിച്ചു എന്ന വിവരം എങ്ങെയാണ് അറിഞ്ഞത്

ജില്ലാ കളക്ടര്‍ വാസുകി എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ കുറച്ചു തമാശയും തിരികെ പറഞ്ഞു.

? ലോകത്തിന്റെ അംഗീകാരം ഇപ്പോള്‍ നേടിയിരിക്കുകയാണ്. എന്താണ് മനസില്‍

എല്ലാവരും കാടിനെ അംഗീകരിച്ചതായി തോന്നി. സന്തോഷമുണ്ട്. അമിതാഹ്ലാദം ഒന്നും ഇല്ല. അതിയായ സന്തോഷം പാടില്ല.

? പദ്മശ്രീയിലൂടെ ലക്ഷ്മിക്കുട്ടി അമ്മയെ കുറിച്ച് ലോകമറിഞ്ഞതോടെ രോഗചികിത്സയ്‌ക്കെത്തുന്നവരുടെ തിരക്ക് അനിയന്ത്രിതമാവുകയാണല്ലോ.

കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും ഇപ്പോള്‍ നൂറുകണക്കിന് ജനങ്ങള്‍ മൊട്ടമൂടിലെ കാട്ടിലെത്തി കൊണ്ടേയിരിക്കുന്നു എന്റെ സഹായം തേടിയെടുത്തുന്ന എല്ലാവരെയും നോക്കി, കഷായവും, എണ്ണയുമൊക്കെ നല്‍കുവാന്‍ എനിക്കു സന്തോഷമേയുള്ളു.

? ഇന്നും ആദിവാസികള്‍ നേരിടുന്ന അനേകം വിവേചനങ്ങളുണ്ട്, അനീതികളുണ്ട്. തങ്ങളുടെ സ്വത്തില്‍ അധികാരമില്ലാത്ത അവസ്ഥയുണ്ട്. താമസിക്കുവാനും, കൃഷി ചെയ്യുവാനും മാത്രം അനുവദിക്കുന്ന കൈവശരേഖ മാത്രമാണ് അവര്‍ക്കു സ്വന്തം. പദ്മശ്രീ നേട്ടവുമായി ഡല്‍ഹിയിലെത്തുമ്പോള്‍ കാടിനോടുള്ള വിവേചനത്തെക്കുറിച്ച് പറയുമോ

പിന്നെ പറയണ്ടേ ? ഞങ്ങള്‍ കാട്ടുമക്കളല്ലേ. കാടിനെ സ്‌നേഹിക്കണം. കാടിനെ സംരക്ഷിക്കണം. അതാണ് എന്റെ മനസില്‍.

ശിവ ജ്യോതിവിഷചികിത്സാലയം നടത്തുന്ന ലക്ഷ്മികുട്ടി അമ്മ പാമ്പുകടിയേറ്റ മുന്നൂറോളം പേരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നിട്ടുണ്ട്

? പരമശിവന്റെ ഉപാസകയ്ക്കു പരമ്പരാഗതമായി കിട്ടിയതാണോ ഈ സിദ്ധി.

കുടുംബത്തില്‍ വിഷ ചികിത്സാ പാരമ്പര്യമുണ്ട്. എന്റെ അമ്മയുടെ സഹോദരന്‍ വളരെ മികച്ച വിഷഹാരിയായിരുന്നു. മരുന്നും, മന്ത്രവുമൊന്നും പക്ഷേ എനിക്കു പറഞ്ഞുതന്നില്ല. പെണ്ണുങ്ങള്‍ അധികം പഠിക്കാന്‍ പാടില്ല എന്നായിരുന്നു അന്നത്തെ ധാരണ. അമ്മയ്ക്കും വിഷചികിത്സ അറിയാമായിരുന്നു. അമ്മയില്‍ നിന്നും കണ്ടും കേട്ടുമൊക്കെ പഠിച്ചു. ഈശ്വരാധീനം കൊണ്ട് നടത്തിപോരുന്നു. ഏതുതരം പാമ്പാണ് കടിച്ചതെന്നും, വിഷത്തിന്റെ കാഠിന്യം എന്തെന്നും രോഗിയെ കാണുമ്പോള്‍ തന്നെ മനസിലാകും. മരുന്നും മന്ത്രവും വിഷ ചികിത്സയ്ക്കുണ്ട്. വിഷത്തിന്റെ കാഠിന്യമനുസരിച്ച് ചികിത്സയുടെ ദൈര്‍ഘ്യവും നീളും. നീണ്ട ദിവസങ്ങള്‍ വൈദ്യശാലയില്‍ കിടത്തി ചികിത്സിച്ച് നിരവധി പേരേ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചികിത്സാസമയത്ത് പഥ്യം നോക്കണം. ഭക്ഷണ നിയന്ത്രിച്ചില്ലെങ്കില്‍ ചികിത്സ ഫലിക്കില്ല. കിടത്തി ചികിത്സിക്കുന്ന സമയത്ത് രോഗികള്‍ക്കുള്ള ആഹാരം ഞാന്‍ സ്വയം തയാറാക്കി നല്‍കുന്നു. ഭക്ഷണത്തില്‍ മാംസാഹാരങ്ങള്‍ ഒന്നും പാടില്ല. അതുപോലെ പല നിയന്ത്രണങ്ങളുമുണ്ട്. പുകവലി, മദ്യപാനം എല്ലാം വര്‍ജ്ജിക്കണം.

കാട്ടിലെ ആരോഗ്യകരമായ ജീവിതം

കാട്ടിലെ ശുദ്ധമായ കാറ്റ് ശ്വസിച്ച് കായ്കനികള്‍ തിന്നു ജീവിച്ചിരുന്ന തലമുറകള്‍ക്കു രോഗങ്ങള്‍ കുറവായിരുന്നു. ഞങ്ങളൊക്കെ അങ്ങനെ ജീവിച്ചവരാണ്. പണ്ടൊക്കെ കാട്ടിലെ കായ്കനികളും, ഗുണമുള്ള വേരുമെല്ലാം തിന്നും. കാരക്ക, കാഞ്ചിപ്പഴം, കുമിള്‍ അങ്ങനെ കാട് കനിഞ്ഞ് നല്‍കിയ പഴങ്ങള്‍ കഴിച്ച് പട്ടിണി മാറ്റിയിരുന്നു. തേയിലയും പഞ്ചസാരയും പണ്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രോഗങ്ങള്‍ വിരളമായിരുന്നു. കാട്ടാനകള്‍ വിഹരിക്കുന്ന കാട്ടിലൂടെ എത്ര കിലോമീറ്റര്‍ നടന്നാണെന്നോ ഞങ്ങള്‍ കല്ലാര്‍ സ്‌കൂളില്‍ പോയിരുന്നത്? അഞ്ചു വയസായിരുന്നു എനിക്കന്ന്.


ആറ്റില്‍ചാടി നീന്തിക്കുളിക്കുമ്പോള്‍ തന്നെ നല്ല ആരോഗ്യം കിട്ടുമായിരുന്നു. ഇപ്പോള്‍ പുതിയ തലമുറ ടിവിക്കു മുന്നിലും മൊബൈല്‍ ഫോണിലും സമയവും ഊര്‍ജ്ജവും ചിലവഴിക്കുന്നു. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും രോഗങ്ങളാണ്. കാട്ടിലും ഇപ്പോള്‍ രോഗങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ജീവിതം മാറുന്നതുകൊണ്ടാണ് ഇത്.



മൈഗ്രെയിന്‍ വിദഗ്ധ

പല രോഗങ്ങള്‍ക്കും ചികിത്സ തേടി വരുന്നവരുണ്ട്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തുന്നത് മൈഗ്രെയ്‌നുള്ള ചികിത്സ തേടിയാണ്. ചെന്നിക്കുത്തിനു തയാറാക്കുന്ന എണ്ണ സൂര്യോദയത്തിനു മുന്‍പ് തേച്ച് ഉദയം കാണുമ്പോള്‍ കുളിക്കണം.എണ്ണ തലയില്‍ അരമണിക്കൂര്‍ തേച്ച് വച്ചശേഷം സോപ്പും മറ്റും ഉപയോഗിക്കാതെ വേണം കുളിക്കുവാന്‍. എങ്ങനെ വേണം എന്നുള്ള ചിട്ടകള്‍ രോഗികള്‍ക്കു നിര്‍ദേശിക്കുന്നു. രോഗി നേരിട്ട് എത്തുന്നതാണ് ഏറ്റവും നല്ലത്. രോഗിയെ കണ്ട്, ചെന്നിക്കുത്തിന്റെ വിശദാംശം നേരട്ടിറിഞ്ഞാല്‍ ചികിത്സ ഉത്തമം. രോഗികള്‍ക്കു വരാന്‍ കഴിയാത്തപ്പോള്‍ ബന്ധപ്പെവര്‍ രോഗവിവരം പറഞ്ഞാലും എണ്ണ നല്‍കും. വൈദ്യര നിര്‍ദേശിക്കുന്ന അളവില്‍, രീതിയില്‍ എണ്ണ തേയ്ക്കണം.

പനി, നീര്‍ക്കെട്ട്, നെഞ്ചുവേദന തുടങ്ങിയ പലരോഗങ്ങള്‍ക്കും കുറുന്തോട്ടിയും, ആനച്ചെവിടിയും തുളസിയും മറ്റും ചേര്‍ത്തുള്ള കഷായം നല്‍കും. വീട്ടില്‍വച്ച് തന്നെ ആവശ്യമായ ഔഷധ പച്ചിലകള്‍ ചതച്ച് കഷായമിടും. ധാരാളം പേര്‍ കഷായത്തിനു എത്തുന്നുണ്ട്.

അടുത്ത അവകാശി പൂര്‍ണിമ

പാരമ്പര്യ ചികിത്സാ വിധികള്‍ തലമുറയില്‍ നിന്നും തലമുറയിലേക്കു കൈമാറി വരുന്നതാണ്. കുടുംബത്തില്‍ ഇപ്പോള്‍ ചികിത്സയില്‍ താല്പര്യമുള്ളത് ലക്ഷ്മിക്കുട്ടിയമ്മയുടെ ഇളയമകന്‍ ശിവപ്രസാദിന്റെ ഏകമകളായ പൂര്‍ണിമയ്ക്കാണ്.

തൊളിക്കോട് ഗവണ്മെന്റ് സ്‌കൂളില്‍ പ്ലസ്ടുവിനു പഠിക്കുന്ന പൂര്‍ണിമ സയന്‍സാണ് ഐച്ഛികവിഷയമായി എടുത്തിരിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മൂമ്മ വിഷചികിത്സ നടത്തുന്ന സമയത്ത് സഹായിയായി പൂര്‍ണിമയും കൂടും. ചുറ്റുമുള്ള ഔഷധ ചെടികളെക്കുറിച്ചെല്ലാം പൂര്‍ണിമയും പഠിച്ചുതുടങ്ങുകയാണ്. ആയുര്‍വേദ ഡോക്ടറാവുക എന്നതാണ് ജീവിത സ്വപ്നം. പൂര്‍ണിമയുടെ അമ്മ ഉദയയുടെ എല്ലാ പിന്തുണയും ഒപ്പമുണ്ട്.

പുതിയ തലമുറയോട്

തന്നെ താന്‍ അറിയുക. സ്ത്രീയാണ് ഞാന്‍ എന്നുമറിയുക. ജീവിതത്തില്‍ കണ്ടുമുട്ടുന്നവരോട് ആവശ്യമുള്ള അകലം സൂക്ഷിക്കണം. കാലിടറാതെ നടക്കണം. ആണായാലും പെണ്ണായാലും ജീവിതത്തില്‍ പാലിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. കിട്ടാത്തതിനെക്കുറിച്ച് ആലോചിച്ചാല്‍ നിരാശയാണ് ഫലം. നമുക്കു ലഭിച്ച കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക. മന:ശക്തിയാണ് ഈ മനോഭാവത്തിന്റെ പ്രതിഫലം. മുതിര്‍ന്നവരെ അനുസരിക്കുക, ഈശ്വരഭയം ഉണ്ടായിരിക്കുക ഒരു കെണികളിലും ചെന്നു വീഴാതിരിക്കുവാന്‍ സ്വയം ശ്രദ്ധിക്കണം. ധര്‍മാനുസരണം ജീവിക്കണം. ഗാന്ധാരി പറയുന്നില്ലേ. എവിടെ ധര്‍മം ഉണ്ടോ അവിടെ ജയം ഉണ്ടെന്നു.

മനഃശക്തി കുറഞ്ഞ യുവതലമുറ

അതിന് ഒരുപാട് കാരണങ്ങളുണ്ട്. മുതിര്‍ന്നവരെ അനുസരിക്കുന്ന പഴയ രീതിയിലല്ലോ അവര്‍ വളരുന്നത്. പിന്നെ കൂട്ടുകെ്ട്ട, ലഹരി ഉപയോഗം, കൈയ്യില്‍ ഒതുങ്ങാത്തത് നേടുവാനുള്ള അമിതമായ ആഗ്രഹം. പെട്ടെന്നു നിരാശരാവുകയും സ്വയം മരിക്കുകയും ഒക്കെ ചെയ്യുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നത് ഇതു കൊണ്ടാണ്. നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നുള്ള പഴമൊഴി ഇല്ലേ. നല്ലകാര്യങ്ങള്‍ നമുക്കു അവസാനം നന്മയെ നല്‍കൂ. മനസില്‍ നന്മയും ധര്‍മവും കാത്ത് സൂക്ഷിക്കണം.

കുടുംബം

അമ്മാവന്റെ മകനായ മാത്തന്‍ കാണിയായിരുന്നു ഭര്‍ത്താവ്. ജീവിതത്തിലെ വലിയ പിന്തുണയായിരുന്ന ഭര്‍ത്താവ് രണ്ടുവര്‍ഷം മുന്‍പ് മരിച്ചു. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന മൂത്തമകന്‍ ധരണീന്ദ്രന്‍ കാണി 2015 ല്‍ കാട്ടാനയുടെ ആക്രമണത്തില്‍പ്പെട്ട് മരണമടഞ്ഞു. ഇളയമകന്‍ ശിവപ്രസാദും അകാലത്തില്‍ നഷ്ടമായി. റെയില്‍വേയില്‍ ടിടിആറായ രണ്ടാമത്തെ മകന്‍ ലക്ഷ്മണനും കുടുംബവും തുണയായുണ്ട്.

എസ്.മഞ്ജുളാദേവി
ഫോട്ടോ: ടി.സി ഷിജുമോന്‍