ധനകാര്യ സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകൾക്കു ചുവടുവയ്ക്കാൻ
ധനകാര്യ  സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകൾക്കു ചുവടുവയ്ക്കാൻ
Thursday, March 8, 2018 5:13 PM IST
കൂടുതൽ സ്ത്രീകൾ സമൂഹത്തിൽ നേതൃസ്ഥാനത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. കന്പനിയെ നയിക്കുന്നതു മുതൽ രാജ്യത്തെ നയിക്കുന്നതിലേക്കു വരെ കൂടുതൽ കൂടുതൽ സ്ത്രീകൾ കടന്നുവരികയാണ്. ഒട്ടേറെ സംരഭങ്ങൾ സ്ത്രീകൾ പടുത്തുയർത്തുന്നു. പ്രാദേശിക ഭരണകാര്യങ്ങളിൽ വളരെ സജീവമാകുന്നു... കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സാന്പത്തിക സുരക്ഷയുടെ കാര്യം വരുന്പോൾ സ്ത്രീകൾ പിന്നോക്കം വലിയുകയാണ്. ആ ഉത്തരവാദിത്വം സഹോദരനെയോ അച്ഛനെയോ ഭർത്താവിനെയോ എൽപ്പിക്കുകയാണ്.
സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൈകാര്യം ചെയ്യുന്നതിൽനിന്നു സ്ത്രീകളെ പിന്തിരിപ്പിക്കുന്ന പ്രധാനകാര്യം വൈകാരിക പ്രശ്നങ്ങളാണ്. ന്ധഎന്‍റെ പണം ഞാൻ കൈകാര്യം ചെയ്തുകൊളളാം’ എന്നു പറയുവാൻ പലപ്പോഴും സ്ത്രീകൾക്കാകുന്നില്ല. നേടുന്ന വരുമാനം സ്വന്തമായി നിക്ഷേപിക്കുകയും കൈകാര്യം ചെയ്യുകയുംചെയ്യുന്ന സ്ത്രീകളെ പണത്തോട് അത്യാഗ്രഹമുളളവളായിട്ടാണ് ചിത്രീകരിക്കുന്നത്.

സ്വന്തം സന്പത്തിന്‍റെ, വരുമാനത്തിന്‍റെ ഉത്തരവാദിത്വം പിതാവിനോ ഭർത്താവിനോ സഹോദരനോ മറ്റ് ബന്ധുക്കൾക്കോ വിട്ടുകൊടുക്കാതിരിക്കുക. തുടക്കത്തിൽ ചിലപ്പോൾ എതിർപ്പുണ്ടാകാം. പക്ഷേ ധൈര്യപൂർവം മുന്നോട്ടു പോയാൽ എതിർത്തവർ തന്നെ അംഗീകാരവുമായി എത്തിക്കൊള്ളും.

ഇതൊക്കെയാണെങ്കിലും സന്പത്തും വരുമാനവുമുള്ള സ്ത്രീകളെ സമൂഹം ബഹുമാനത്തോടെയാണ് കാണുന്നത്. പണം മാത്രമല്ല, ഇവിടെ സന്പത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പലതരം കഴിവുകളേയും കൂടിയാണ്. സാന്പത്തികമായി സുരക്ഷിതമുളള സ്ത്രീകൾക്കെതിരേ വീട്ടിൽനിന്നുളള അതിക്രമങ്ങൾ കുറവാണെന്നും വരുമാനമില്ലാത്ത സ്ത്രീകൾക്ക് കൂടുതൽ അതിക്രമങ്ങൾ വീട്ടിൽനിന്ന് അനുഭവിക്കേണ്ടി വരുന്നുമെന്നുമാണ് പല പഠനങ്ങളും പറയുന്നത്.

എന്തുകൊണ്ട് സ്ത്രീകൾക്കു പ്രത്യേക ധനകാര്യ പ്ലാൻ

ആണായാലും പെണ്ണായാലും എല്ലാ മനുഷ്യരുടേയും ധനകാര്യ ലക്ഷ്യങ്ങൾ ഏതാണ്ട് സമാനമാണ്. ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെങ്കിലും. നല്ല വീട്, യാത്ര ചെയ്യാൻ വാഹനം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വിനോദയാത്ര, കരിയർവളർച്ച ... ഇങ്ങനെ പോകുന്നു ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങളെല്ലാം നേടാൻ സന്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യുകയേ വഴിയുള്ളു.

ധനകാര്യ ലക്ഷ്യങ്ങളുടെ കാര്യം വരുന്പോൾ സ്ത്രീകൾക്കു മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്. ലോകത്തിൽ 90 വയസിനു മുകളിൽ ജീവിക്കുന്നവരിൽ 72 ശതമാനവും സ്ത്രീകളാണ്. പക്ഷേ അവരുടെ വരുമാനം കുറവാണുതാനും. പുരുഷൻ ഒരു ഡോളർ സന്പാദിക്കുന്പോൾ സ്ത്രീകൾക്കു ലഭിക്കുന്നത് 77 സെന്‍റാണെന്നാണ് പഠനം പറയുന്നത്. ജീവിതത്തിലെ ഈ നീണ്ട കാലം ജീവിച്ചു വന്നതുപോലെ പിന്നിടാൻ മികച്ച സന്പത്ത് ഉണ്ടാവണം. അല്ലെങ്കിൽ ജീവിതാന്ത്യത്തിൽ കുറഞ്ഞ സൗകര്യങ്ങളിൽ കഴിയേണ്ടതായി വരും. അതുകൊണ്ടുതന്നെ സ്ത്രീകൾ അവരുടെ വരുമാനത്തിൽ കഴിയുന്നത്രയും റിട്ടയർമെന്‍റ് ജീവിതം ലക്ഷ്യമാക്കി നിക്ഷേപിക്കേണ്ടിയിരിക്കുന്നു. റിട്ടയർമെന്‍റ് കാലം വരുമാനമില്ലാത്ത കാലമാണ്.
ബ്രെസ്റ്റ് കാൻസർ, സെർവിക്കൽ കാൻസർ തുടങ്ങിയ സ്ത്രീകളെ പിടികൂടുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് പണം വേണം. അതായത് ആരോഗ്യ സംരംക്ഷണത്തിനു പുരുഷ·ാരേക്കാൾ കൂടുതൽ പണം സ്ത്രീകൾക്കു വേണ്ടി വരുന്നു. ഒറ്റയ്ക്കു കഴിയേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണ്. അപ്പോൾ ജീവിക്കുവാൻ പണവും കൂടിയില്ലെങ്കിലോ?
മക്കളെയോ മറ്റു കുടുംബാംഗങ്ങളെയോ ആശ്രയിക്കേണ്ടതായി വരും. അവർക്കു സഹായിക്കുവാനുള്ള സാഹചര്യങ്ങൾ ഇല്ലാതെ വന്നാലോ? കാര്യങ്ങൾ ഉൗഹിക്കാവുന്നതേയുള്ളു!

പണം കൈകാര്യം ചെയ്യാൻ തീരുമാനിക്കുക

അൽപം മനസുവച്ചാൽ ഏതു തലത്തിലുമുള്ള സ്ത്രീകൾക്കും ധനകാര്യ സ്വാതന്ത്ര്യത്തിൽ എത്തിച്ചേരാൻ കഴിയും. ഈ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകൾ കുറേക്കൂടി ഗൗരവത്തോടെ വരുമാനത്തേയും സന്പാദ്യത്തേയും നിക്ഷേപത്തേയും ചെലവാക്കലിനേയും സമീപിക്കണമെന്നു മാത്രം.

പണത്തെക്കുറിച്ച പഠിക്കുവാൻ മടി കാണിക്കാതിരിക്കുക. സന്പാദ്യം, നിക്ഷേപം, നിക്ഷേപാസ്തികൾ, ഇൻഷുറൻസുകൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ എല്ലാറ്റിനേക്കുറിച്ചും പഠിക്കുക. സാന്പത്തിക സംബന്ധിച്ച കാര്യങ്ങളിൽ വളരെ സജീവമാകുക.

പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ധനകാര്യ സ്വാതന്ത്ര്യം എന്ന സ്വപ്നം സ്വപ്നമായിത്തന്നെ ശേഷിക്കാനാണിട. സ്വന്തമായി ആർജിക്കുന്ന പണത്തെക്കുറിച്ച് ഒരു പ്ലാൻ ഇല്ലെങ്കിൽ ധനകാര്യ സ്വാതന്ത്ര്യത്തിലേക്കു പോകില്ല. പണം കൈകാര്യം ചെയ്യുന്നതിൽ ബജറ്റിന് ഒരു വലിയ പങ്കുണ്ട്. എത്ര വരുമാനം ലഭിക്കുമെന്നും എങ്ങനെ ചെലവഴിക്കണമെന്നും നിശ്ചയിക്കുക. മറ്റു വാക്കിൽ പറഞ്ഞാൽ ഒരോ രൂപയുടെ പിന്നിലും ഒരു പേരു നൽകുക. അതുവഴി ചെലവഴിക്കൽ മനസിലാക്കാം. അധികം ചെലവഴിക്കുന്ന മേഖലയും കുറച്ചു ചെലവഴിക്കുന്ന മേഖലകൾ മനസിലാക്കാം അതുവഴി ചെലവ് വരുമാനത്തിൽ ഒതുക്കി നിർത്താം.

ആദ്യം കടം വീട്ടാം; പിന്നെ നിക്ഷേപം

കടങ്ങളുണ്ടെങ്കിൽ അതു വീട്ടുകയെന്നതാണ് സന്പത്തു സൃഷ്ടിക്കാനായി നിക്ഷേപം തുടങ്ങുന്നതിനു മുന്പേ ചെയ്യേണ്ടത്. ക്രെഡിറ്റ് കാർഡ്, കാർ വായ്പ, വ്യക്തിഗത വായ്പ, ഗൃഹോപകരണ വായ്പ തുടങ്ങിയ ന്ധചീത്ത’ക്കടങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ആലോചിക്കുക. ഈ ആലോചനയാകട്ടെ ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിയുടെ അടിത്തറ. കടം ഇല്ലാതായാൽ മാസം ലഭിക്കുന്ന വരുമാനം പൂർണമായും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കാം. ഭാവി ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാം.

അടിയന്തിര ഫണ്ട്

കടത്തിൽനിന്നു പുറത്തുവന്നാലുടനെ അടുത്തതായി ചെയ്യേണ്ട മുഖ്യ സംഗതി ബഫർ സോണ്‍ ഉണ്ടാക്കുകയെന്നതാണ്. അതായത് ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ നേരിടാനായി 6-12 മാസത്തെ ചെലവിനു തുല്യമായ തുക അടിയന്തിര നിധിയായി സ്വരൂപിക്കുക എന്നതാണ്.
ജോലി പോകാം, കുട്ടികളെ നോക്കാൻ അവധിയെടുക്കേണ്ടതായി വന്നേക്കാം, തൽക്കാലം വരുമാനം ഇല്ലാതാകാം ... ഇത്തരത്തിൽ പല അപ്രതീക്ഷിത പ്രശ്നങ്ങളും ഉയർന്നു വന്നേക്കാം. ഇങ്ങനെ സമാഹരിക്കുന്ന തുക ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിൽ നിക്ഷേപിക്കുകയും ( ലിക്വിഡ് ഫണ്ടുകളും മറ്റും തെരഞ്ഞെടുക്കാം) ചെയ്യുക. ഇതു മനസിനു സമാധാനം തരും.

കടമൊന്ന ുമില്ലെങ്കിൽ കാർ, ഗൃഹോപകരണങ്ങൾ പോലെ വലിയ വാങ്ങലിനായി സന്പാദ്യം തുടങ്ങാം. എത്ര കാലയളവിനുള്ളിൽ വാങ്ങണം എന്നതനുസരിച്ച് സന്പാദ്യം നടത്താം. അതായത് വായ്പ എടുക്കാതെ ഇത്തരത്തിൽ എല്ലാ ധനകാര്യ ലക്ഷ്യങ്ങളും നേടുവാൻ സാധിക്കും.


ആവശ്യത്തിനു കവറേജ്

വരുമാനം, ബാധ്യതകൾ തുടങ്ങിയവ കണക്കാക്കി ആവശ്യത്തിനു ഇൻഷുറൻസ് കവറേജ് എടുക്കുക. ടേം ഇൻഷുറൻസ് മതിയാകും. ഇൻഷുറൻസിനേയും നിക്ഷേപത്തേയും രണ്ടായി കാണുക. വരുമാനം വർധിക്കുന്നതി നുസരിച്ച് ടേം ഇൻഷുറൻസും കൂട്ടുക.
ആരോഗ്യ ഇൻഷുറൻസ് ഉണ്ടെന്നും ഉറപ്പു വരുത്തുക. സ്ത്രീകൾക്കു മാത്രമായി വരുന്ന രോഗങ്ങളുമുണ്ട്. ചികിത്സയ്ക്ക് വലിയ തുക വേണ്ടി വരും. സ്വന്തം പോക്കറ്റൽനിന്നു പണമെടുത്തു നൽകുന്നത് കുടുംബത്തിന്‍റെ സാന്പത്തികാടിത്തറ ഇളക്കും. നിർബന്ധമയും ഏറ്റവും ചെറുപ്പത്തിൽതന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുക. മുടക്കംവരുത്താതെ പോളിസി പുതുക്കുക.

നിക്ഷേപ ആസ്തികളെ അറിയുക

ദീർഘകാലത്തേ യ്ക്കുള്ളതായാലും ഹൃസ്വകാലത്തേ യ്ക്കുള്ളതായാലും ലഭ്യമായ നിക്ഷേപാസ്തിക ളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ധനകാര്യ ലക്ഷ്യങ്ങൾ നേടുന്നതിന് ഏറ്റവും ആവശ്യമായ ഘടകമാണ്. എത്രയും നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ പണത്തിനു വളരുവാൻ അത്രയും കൂടി സമയം ലഭിക്കുന്നു.

വിവിധ കാലയളവിലേക്കുള്ള വൈവിധ്യമാർന്ന ആസ്തികൾ നിക്ഷേപത്തിനായി ലഭ്യമാണ്. റിസ്ക് എടുക്കുവാനുള്ള കഴിവ് അനുസരിച്ച് ആസ്തികൾ തെരഞ്ഞെടുക്കാം. ഉയർന്ന റിസ്കും ഉയർന്ന റിട്ടേണും പ്രതീക്ഷിക്കാവുന്ന ഓഹരി നിക്ഷേപം മുതൽ 100 ശതമാനം സുരക്ഷിതത്വവും പണപ്പെരുപ്പത്തോടു പൊരുതാൻ ശേഷിയില്ലാത്ത പൂർണ ഗവണ്‍മെന്‍റ് ബോണ്ട് നിക്ഷേപം വരെ ഈ ശ്രേണിയിൽ നിക്ഷേപകർക്കു ലഭ്യമാണ്.

ദീർഘകാലത്തിലുള്ള നിക്ഷേപത്തിൽ തീർച്ചയായും ഓഹരിക്കും ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾക്കും സ്ഥാനം കൊടുക്കണം. ഇന്ത്യൻ വിപണിയിൽ ഓഹരികൾ 17 ശതമാനത്തിനു ചുറ്റളവിൽ റിട്ടേണ്‍ നൽകുന്പോൾ ഓഹരിയധിഷ്ഠിത ഫണ്ടുകൾ 13-15 ശതമാനം ശരാശരി റിട്ടേണ്‍ നൽകുന്നു. പത്തു വർഷത്തിനുമുകളിലുള്ള ഓഹരി നിക്ഷേപം പോസീറ്റീവ് റിട്ടേണ്‍ മാത്രമേ നൽകിയിട്ടുള്ളു.

റിട്ടയർമെന്‍റ് സേവിംഗ്സ്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വീട് വാങ്ങൽ, നികുതിലാഭ നിക്ഷേപങ്ങൾ തുടങ്ങിയ വയെല്ലാം ദീർഘകാലത്തി ലുള്ളതാണ്. അതിനായി ഓഹരിയധിഷ്ഠിത നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക. ദീർഘകാല മൂലധന വളർച്ചയ്ക്ക് നികുതിയും നൽകേണ്ടതില്ല എന്നതാണ് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളുടെ ഒരു പ്രത്യേകത.

ശന്പളം കിട്ടുന്പോൾ ഓട്ടോമാറ്റിക്കായി നിക്ഷേപത്തിലേക്കു പണം പോകുന്നവിധത്തിൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുക. അതായത് ശന്പളം കിട്ടിയാലുടൻ തനിക്കുവേണ്ടി ചെലവു ചെയ്യുക!

സ്ത്രീകൾ പുരുഷ·ാരേക്കാൾ മികച്ച നിക്ഷേപകരാണെന്നാണ് പഠനങ്ങൾ പറയുന്നത്. പക്ഷേ സ്വന്തം വരുമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസക്കുറവാണ് അവരുടെ പ്രശ്നം. അതിനെ മറികടന്നു സന്പാദ്യ നിക്ഷേപത്തിലേക്കു കടക്കുകയെന്നതാണ് സ്ത്രീകൾക്കു മുന്നിലുള്ള വഴി. തലമുറകൾ മാറിയിട്ടുള്ള സ്ത്രീകളുടെ പണം സംബന്ധിച്ച മനോഭാവത്തിൽ കാര്യമായമാറ്റം സംഭവിച്ചിട്ടില്ലെന്നാണ് ലോകപ്രശസ്ത നിക്ഷേപകസ്ഥാപനമായ ഫിഡലിറ്റിയുടെ അടുത്തകാലത്തെ പഠനം പറയുന്നത്.

റിസ്കുള്ള നിക്ഷേപങ്ങളോട സ്ത്രീകൾ പൊതുവേ മുഖം തിരിക്കാറാണ് പതിവ്. അതിന്‍റെ ഫലം കുറഞ്ഞ വരുമാനത്തിൽ നിക്ഷേപം നടത്താൻ നിർബന്ധിതരാകുന്നുവെന്നാണെന്നും പഠനം പറയുന്നു. ഇത് സ്ത്രീകളുടെ ഭാവി സന്പത്തിനെ കാര്യമായിത്തന്നെ ബാധിക്കുന്നു.
ഓർമിക്കുക യാദൃച്ഛികമായി ധനകാര്യ സ്വാതന്ത്ര്യം കൈവരികയില്ല. ഇതിന് വളരെ ചിന്തിച്ചുറപ്പിച്ച സന്പാദ്യ, നിക്ഷേപ പദ്ധതികൾ വേണം. സാന്പത്തികമായി സ്വതന്ത്രമായ സ്ത്രീയുടെ ആത്മവിശ്വാസം വളരെ ഉയർന്നതായിരിക്കും. തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ് വർധിപ്പിക്കും. റിസ്ക് എടുക്കുവാനുള്ള ശേഷിയും വർധിക്കും.
ഈ രാജ്യന്തര വനിതാദിനത്തിൽ ( മാർച്ച് എട്ട്) ധനകാര്യ സ്വാതന്ത്ര്യത്തിലേക്കു ചുവടു വയ്ക്കുവാനുളള തീരുമാനമെടുക്കാം.

നിക്ഷേപതീരുമാനത്തിന് 77 % സ്ത്രീകളും ഭർത്താക്കന്മാരെ ആശ്രയിക്കുന്നു

ധനകാര്യ ഉത്പനങ്ങളോടുള്ള സ്ത്രീകളുടെ സമീപനത്തെക്കുറിച്ച് മനസിലാക്കുന്നതിന് ഡിഎസ്പി ബ്ലാക്കറോക് മ്യൂച്വൽ ഫണ്ടിനുവേണ്ടി ന്ധവിൻവെസ്റ്റർന്ധ രാജ്യത്തെ 14 നഗരങ്ങളിലെ ( 6 മെട്രോ നഗരങ്ങളും എട്ടു രണ്ടാം നിര നഗരങ്ങളും) സ്ത്രീകൾക്കിടയിൽ നടത്തിയ സർവേയുടെ ഫലങ്ങൾ ചിന്തിപ്പിക്കുന്നതുതന്നെയാണ്. സർവേയിൽ 4750 സ്ത്രീകൾ പങ്കെടുത്തു. വിവാഹിതർ, അവിവാഹിതർ, വിധവകൾ, വിവാഹ മോചനം നടത്തിയവർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ട 21-60 വയസിനിടയിലുള്ള സ്ത്രീകളുടെ ഇടയിലാണ് സർവേ നടത്തിയത്.

കണ്ടെത്തലുകൾ ഇവയാണ്
* നിക്ഷേപ തീരുമാനമെടുക്കുന്ന വിവാഹിതരാകത്ത സ്ത്രീകൾ -18 %
* നിക്ഷേപ തീരുമാനമെടുക്കുന്ന വിവാഹിതരായ സ്ത്രീകൾ -13 %
* നിക്ഷേപ തീരുമാനമെടുക്കുന്നതിനു ഭർത്താവിനെ/മാതാപിതാക്കളെ ആശ്രയിക്കുന്ന ജോലിക്കാരായ സ്ത്രീകൾ-77 %.
* സ്വന്തമായി നിക്ഷേപ തീരുമാനമെടുക്കുന്ന ജോലിക്കാരായ സ്ത്രീകൾ -23 %.
* നിക്ഷേപ തീരുമാനത്തിൽ പങ്കാളികളാകുമെന്ന് അവകാശപ്പെട്ട സ്ത്രീകൾ -92 %
* നിക്ഷേപ തീരുമാനമാനത്തെക്കുറിച്ചു അറിയുക മാത്രം ചെയ്യുന്നവർ -52 %. ( നിക്ഷേപം നടത്തിയതിനുശേഷം ഇവരെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.)
* നിക്ഷേപം നടത്തുന്പോൾ സുരക്ഷിതത്വം, ദീർഘകാല നിക്ഷേപം എന്നിവയ്ക്ക് സ്ത്രീകൾ മുൻഗണന നൽകുന്നു. അതുകൊണ്ടുതന്നെ സ്ഥിര വരുമാനം നൽകുന്ന നിക്ഷേപങ്ങൾക്കാണ് സ്ത്രീകൾ മുൻഗണന നൽകുന്നത്.
* ഭാവി സുരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയാണ് സ്ത്രീകളെ നിക്ഷേപത്തിനു പ്രേരിപ്പിക്കുന്ന കാരണങ്ങൾ.
* നിക്ഷേപത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കുന്നവരിൽ ഭൂരിഭാഗവും മെട്രോകളിൽനിന്നുള്ള സ്ത്രീകളാണ്.
* വിധവകൾ, വിവാഹമോചനം തേടിയവർ എന്നിവർക്കിടയിൽ സ്വന്തമായി നിക്ഷേപ തീരുമാനം എടുക്കുന്നവരുടെ എണ്ണം കൂടുതലാണ്.
* സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടും റിസ്ക് എടുക്കാനുള്ള വൈമനസ്യംകൊണ്ടുമാണ് നിക്ഷേപതീരുമാനം എടുക്കാത്തതിന്‍റെ മുഖ്യ കാരണമെന്നു ഭൂരിപക്ഷം സ്ത്രീകളും അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ നിക്ഷേപതീരുമാനത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് ഭർത്താവാണ്.
* സ്ത്രീകൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ദേശസാൽകൃത ബാങ്കുകളെയാണ് ( 88 ശതമാനം). സ്വകാര്യ ബാങ്കുകളിൽ വിശ്വാസമുള്ളവർ 43 ശതമാനമാനവും വിദേശ ബാങ്കുകളിൽ വിശ്വാസമുള്ളവർ 24 ശതമാനവുമാണ്.