ഓഹരിയിലൂടെ എങ്ങനെ ധനവാനാകാം
ഓഹരിയിലൂടെ  എങ്ങനെ ധനവാനാകാം
Friday, March 2, 2018 2:57 PM IST
ആർക്കും ധനവാനാകാവുന്ന ഒരു ശാസ്ത്രീയ മാർഗമാണ് ഓഹരി വിപണി. ഓഹരികളിലൂടെ മാത്രമാണ് ആധുനികർ കോടീശ്വരന്മാരായിട്ടുള്ളത്. ഭാരതത്തിലെ അംബാനിമാരും നാരായണമൂർത്തിയും അസിം പ്രേംജിയും സുനിൽ മിത്തലും ടാറ്റായുടെ അവകാശികളും ബിർളമാരും ആ വഴിയിലൂടെ തന്നെയാണ് വളർന്നതും. അവർക്കെല്ലാം സ്വന്തം കന്പനികളുടെ ഓഹരികളാണ് ഉള്ളത് എന്നൊരു വ്യത്യാസമുണ്ട്. ഓഹരിയിൽ നിക്ഷേപിക്കുന്പോൾ നിങ്ങൾ നിക്ഷേപത്തിന് ആനുപാതികമായി കന്പനിയുടെ ഉടമസ്ഥനോ ഉടമസ്ഥയോ ആകുന്നുണ്ട്. നിക്ഷേപം വിറ്റു മാറുന്പോഴാണ് ഉടമസ്ഥാവകാശം നഷ്ടമാകുന്നത്. കന്പനിയുടെ കുറച്ച് ഓഹരികളേ കാണൂ എന്നതാണ് രണ്ടാമത്തെ വ്യത്യാസം.

വളരെ കുറച്ച് ഓഹരികളിലൂടെ കോടീശ്വരന്മാരായ അനേകർ ഭാരതത്തിലുണ്ട്. റിലയൻസിന്‍റെ 1977ലെ ആദ്യ ഐ.പി.ഒ (ഇനീഷ്യൽ പബ്ലിക് ഇഷ്യുവിൽ) ആയിരം രൂപ മുടക്കിയവർക്ക് 2017 ആയപ്പോഴേക്കും 16.5 ലക്ഷം രൂപ തിരിച്ചുകിട്ടി. 1600 ഇരട്ടി.

ഓ! അതൊക്കെ പണ്ടത്തെ കഥയല്ലേ. ഇപ്പോ പറഞ്ഞിട്ട് എന്താ കാര്യം എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകും.

മൂവായിരം ഇരട്ടിയാകുന്ന മാജിക്

1993ലായിരുന്നു ഇൻഫോസിസിന്‍റെ ആദ്യം ഇനീഷ്യൽ പബ്ലിക് ഇഷ്യു. അന്ന് 95 രൂപയ്ക്കാണ് ഒരു ഓഹരി അന്നു നൽകിയത്. അന്ന് 100 ഓഹരികൾ വാങ്ങിച്ചിരുന്നെങ്കിൽ 2006 ആയപ്പോഴേക്കും 1.92 കോടി രൂപ തിരികെ ലഭിക്കുമായിരുന്നു. 2009ൽ അത് രണ്ടുകോടി 85 ലക്ഷം രൂപയിൽ കൂടുതൽ ആയേനെ. വെറും 16 വർഷംകൊണ്ട് മൂവായിരം ഇരട്ടിയാകുന്ന മാജിക് വേറെ ഒരു ലോകത്തും നടക്കില്ലല്ലോ. രണ്ടായിരത്തി പതിനെട്ടിൽ അത് അഞ്ചുകോടിയോളം ആകാം. 5000 ഇരട്ടി. ഇതെന്തൊരു കണ്‍കെട്ട്? ബാങ്കിലിട്ടാൽ 16 വർഷംകൊണ്ട് നാലിരട്ടിയേ ആകൂ. ഇവിടെ മൂവായിരം ഇരട്ടിയായി. ഇതു ദൈവത്തിനുപോലും അസാധ്യമെന്ന് ചിന്തിക്കുന്നവരുണ്ടാകും!

കേരള കന്പനികളുടെ ത്വരിത വളർച്ച

ഇതെല്ലാം പഴയ കഥകളാണെന്ന് പറഞ്ഞ് തള്ളിക്കളയേണ്ട. നമ്മുടെ കിറ്റെക്സിന് അഞ്ചാറു വർഷം മുൻപ് ഒരു ഓഹരിക്ക് രണ്ടു രൂപയേ വിലയുണ്ടായിരുന്നുള്ളൂ. കഴിഞ്ഞവർഷം അതു 500 രൂപയിൽ കൂടുതലായി. അന്ന് (അതായത് 2011-12) കാലങ്ങളിൽ കിറ്റെക്സിന്‍റെ 25,000 ഷെയർ വാങ്ങിയിരുന്നെങ്കിൽ (50,000 രൂപ) കഴിഞ്ഞവർഷം തന്നെ എട്ടു കോടി രൂപയാകുമായിരുന്നു. ഒന്നേകാൽ കോടി നിങ്ങൾക്കു ലഭിക്കുമായിരുന്നു. 250 ഇരട്ടി.

നമ്മുടെ ഇരിങ്ങാലക്കുടയിലെ കെ.എസ്.ഇ ലിമിറ്റഡ് ഒരോഹരിക്ക് 2014 മേയിൽ 175 രൂപയേ വിലയുണ്ടായിരുന്നുള്ളൂ. ഒരു ഓഹരിയുടെ ഇന്നത്തെ വില 2634 രൂപയാണ്. അതു ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. 2014 മേയിൽ ആയിരം കെ.എസ്.ഇ ഷെയറുകൾ വാങ്ങിയിരുന്നെങ്കിൽ (അതായത് 1,70,000 രൂപ മുടക്കിയിരുന്നെങ്കിൽ) ഇന്നത് 26 ലക്ഷത്തിൽ കൂടുതൽ ആകുമായിരുന്നു. വെറും മൂന്നര വർഷംകൊണ്ട് പതിനഞ്ചിരട്ടിയാകുന്ന മാജിക് ഓഹരികൾക്കല്ലാതെ മറ്റൊരു മേഖലയ്ക്കും തരാനാകില്ല.

മുപ്പത്തിയൊന്പതു വർഷംകൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടെ മൂല്യം 1600 ഇരട്ടിയായി. 16 വർഷംകൊണ്ട് ഇൻഫോസിസിന്‍റെ ഓഹരി 3000 ഇരട്ടിയായി. ആറുവർഷംകൊണ്ട് കിറ്റെക്സിന്‍റെ മൂല്യം 250 ഇരട്ടിയും മൂന്നുവർഷംകൊണ്ട് കെ.എസ്.ഇ ഓഹരി മൂല്യം 15 ഇരട്ടിയുമായി.

കേരളത്തിലെതന്നെ മുത്തൂറ്റും വി-ഗാർഡും മറ്റു പല കന്പനികളും നമ്മുടെ പണം നോക്കിയിരിക്കുന്പോൾ ഇരട്ടിപ്പിക്കുമായിരുന്നു. ഓഹരിയിലൂടെ കോടീശ്വരന്മാരായവർ അനേകരാണ്. ചെറിയൊരു തുകകൊണ്ട് വിപണിയിലിറങ്ങിയ ജുൻജുൻവാലയുടെ ഇന്നത്തെ ആസ്തി എത്രയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 5000 കോടിയോളം എന്തായാലും വരും. ചാർട്ടേഡ് അക്കൗണ്ടന്‍റായ അദ്ദേഹം ബിസിനസ് ചെയ്യാതെ സഹസ്ര കോടീശ്വരനായി.

ഓഹരിയിലേക്ക് വന്നേ പറ്റൂ

ശരിയായ രീതിയിൽ നിക്ഷേപിച്ചാൽ ഇതു സുരക്ഷിതവും വലിയ വരുമാനം തരുന്ന മാർഗവുമാണ്. കേരളീയർ ഇന്നും ഈ മേഖലയെ ശരിയായി ഉപയോഗപ്പെടുത്തുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു. വിപണിയെക്കുറിച്ച് പഠിക്കാത്തതുകൊണ്ടാണ് പലപ്പോഴും നഷ്ടമുണ്ടാകുന്നത്. ഭീകരാക്രമണംകൊണ്ടോ യുദ്ധംകൊണ്ടോ സന്പദ്ഘടനയിലെ മാറ്റങ്ങൾകൊണ്ടോ വരൾച്ചകൊണ്ടോ തെരഞ്ഞെടുപ്പ് ഫലങ്ങൾകൊണ്ടോ കിട്ടുന്ന വിലയ്ക്ക് നിക്ഷേപകർ ഓഹരികൾ വിറ്റു മാറുന്നു. അങ്ങനെ കുത്തനെ താഴുന്ന ഓഹരികൾ വാങ്ങുവാനുള്ള ഏറ്റവും നല്ല അവസരങ്ങളാണ്.

ഓഹരി നിക്ഷേപമാണെങ്കിലും ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വ്യാപാരമാണെങ്കിലും കമ്മോഡിറ്റി ട്രേഡിംഗ് ആണെങ്കിലും എങ്ങനെയാണ് നഷ്ടം വരാതെയും ലാഭമുണ്ടാകുന്ന രീതിയിലും ഇടപാടുകൾ ചെയ്യേണ്ടതെന്ന് വായനക്കാർ മനസിലാക്കിയിരിക്കണം. നല്ല കന്പനികളുടെ ഓഹരി ശരിയായ സമയത്ത് വാങ്ങി നിക്ഷേപിക്കണം. പണസന്പാദനത്തിൽ ശ്രദ്ധ കൊടുക്കുന്നവർ എല്ലാവരുംതന്നെ ഓഹരിയെ പഠിക്കേണ്ടതാണ്.


കുറച്ചുനാൾ മുന്പുവരെ ബാങ്ക് നിക്ഷേപങ്ങൾക്ക് നല്ല പലിശ ലഭിക്കുമായിരുന്നു. ഇന്നത്തെ സ്ഥിതിയോ. പലിശ വളരെ കുറഞ്ഞിരിക്കുന്നു. രാജ്യത്തെ പണപ്പെരുപ്പം കണക്കിലെടുത്താൽ നമുക്ക് യാതൊരുവിധ നേട്ടവുമുണ്ടാകില്ല.

സ്ഥാപനം പലിശ% പലിശ സീനിയേഴ്സ്
പൊതുമേഖലാ ബാങ്കുകൾ 6-6.5 6.75
പ്രൈവറ്റ് ബാങ്കുകൾ 6.75 7.25-7.75
ഇസാഫ് ബാങ്ക് 8 8.5
ട്രഷറി 8.5 9.0
കന്പനി സ്ഥിരനിക്ഷേപം 9-10.5 9-10.5
ഇതിൽ ചെറിയ റിസ്കുണ്ട്. കാലാവധിക്കുള്ളിൽ പണം പിൻവലിക്കാനുമാകില്ല.

ഫാർമ, ബാങ്ക്, ഇൻഫ്രാ സ്റ്റോക്കുകൾ

എല്ലായ്പ്പോഴും എല്ലാ ഓഹരികളിലും നാം മുൻപേ പറഞ്ഞപോലുള്ള മാജിക് ഉണ്ടായെന്ന് വരില്ല. കുറഞ്ഞിരിക്കുന്ന സമയത്തു കയറിക്കൂടിയാൽ അതൊരു വലിയ നേട്ടമാണ്. ഓഹരികൾ ഇന്ന് ഉച്ചകോടിയിലാണെങ്കിലും പല സെക്ടറുകളും വേണ്ടത്ര ഉയർന്നിട്ടില്ല. ഫാർമ കന്പനികൾ താഴോട്ട് നീങ്ങുകയാണ് ചെയ്തത്. പൊതുമേഖലാ ബാങ്കുകളിലും ഉണർവുണ്ടായിട്ടില്ല. ഇൻഫ്രാ ഓഹരികൾ മുന്നോട്ടു പോകാൻ സാധ്യതയുണ്ട്. ധാരാളം പണം സർക്കാർ അങ്ങോട്ടൊഴുക്കുന്നുണ്ടല്ലോ. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളിൽ അവയിൽ പലതും ജീവൻവച്ചുകഴിഞ്ഞു. ഓരോ ഇറക്കവും നിക്ഷേപാവസരമായി വേണം കാണാൻ.

മൂഡീസ് പറയുന്നു, മോദി ഒകെ

ഇന്ത്യയുടെ സാന്പത്തിക പരിഷ്കാരങ്ങൾ വിലയിരുത്തിയ രാജ്യാന്തര ക്രെഡിറ്റ് ഏജൻസിയായ മൂഡീസ് രാജ്യത്തിന്‍റെ റേറ്റിംഗ് ഉയർത്തിക്കഴിഞ്ഞല്ലോ. ജിഎസ്ടി നടപ്പാക്കിയതു പുരോഗതിക്ക് സഹായകമാണെന്നാണ് മൂഡീസ് വിലയിരുത്തിയത്. പതിമൂന്നു വർഷങ്ങൾക്കു ശേഷമാണ് നമ്മുടെ റേറ്റിംഗ് മൂഡീസ് ഉയർത്തിയത്. ഇന്ത്യയുടെ സാന്പത്തിക നില പൊസിറ്റീവിൽ നിന്ന് സുസ്ഥിരമെന്ന നിലയിലേക്ക് മാറി. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികളും നമ്മുടെ റേറ്റിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചു. കൂടാതെ എസ്ബിഐ, എച്ച്.ഡി.എഫ്.സി, എൻ.ടി.പി.സി, എൻ.എച്ച്.പി.സി, ഗെയിൽ എന്നിവയുടെ റേറ്റിംഗ് മൂഡീസ് ഉയർത്തുകയും ചെയ്തു. ബിസിനസ് സുഗമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 130-ാം സ്ഥാനത്തുനിന്നും നൂറാം റാങ്കിലേക്ക് കയറിയതും നേട്ടമായി.

ഇനിയും വിപണിയിൽ നിക്ഷേപിക്കാമോ?

വിപണി ഉയർന്ന തലത്തിലെത്തുന്പോൾ സ്വാഭാവികമായും ഈ സംശയം ഉടലെടുക്കാം. വിപണിയുടെ ഏതവസ്ഥയിലും നിക്ഷേപാവസരമുണ്ട്. നിക്ഷേപ യോഗ്യമായ ഓഹരികൾ കണ്ടെത്തണമെന്നു മാത്രം. മുൻപേ സൂചിപ്പിച്ച സെക്ടറുകളിലെ പല കന്പനികളും ഇപ്പോഴും നിക്ഷേപത്തിനു യോജിച്ചവയാണ്. എസ്.ബി.ഐ, പി.എൻ.ബി, ജിവികെ, ജിഎംആർ, ജെപി ഇവയൊക്കെ താഴ്ന്നു കിട്ടുന്പോൾ നിക്ഷേപിക്കാവുന്നതേയുള്ളൂ. ഫാർമ കന്പനികൾ കഴിഞ്ഞവർഷം താഴേക്കു പോവുകയാണല്ലോ ചെയ്തത്. അവയേയും നിരീക്ഷിക്കാം. ഇത്തരത്തിലുള്ള വേറെയും കന്പനികളുണ്ട്. ഇന്ത്യാ ബുൾ വെഞ്ച്വേഴ്സ് ഒരു ഉദാഹരണമാണ്. കൊച്ചിൻ ഷിപ്പ് യാർഡിന്‍റെ ഓഹരി ഉയരുമെന്ന് കരുതുന്ന അനേകരുണ്ട്.
ഇടക്കാല നിക്ഷേപത്തിന് ഓഹരികൾ തെരഞ്ഞെടുക്കുന്നതു സൂക്ഷിച്ചുവണം. ഇത്രയും ഉയർന്നിരിക്കുന്നതുകൊണ്ട് വീഴ്ച അനിവാര്യമാകാം. തെരഞ്ഞെടുത്ത ഓഹരികളിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിൽ തെറ്റില്ല.

ഓഹരികളിലേക്ക് ശ്രദ്ധ പതിയട്ടെ

ഓഹരി നിക്ഷേപം പരിശോധിച്ചാൽ പല കന്പനികളും ഇരുന്നൂറും മുന്നൂറും അറുന്നൂറും ശതമാനമൊക്കെയാണ് റിട്ടേണായി തരുന്നത്. ചിലതിലെല്ലാം ഒരു ചെറിയ കാലയളവിൽ നഷ്ടമുണ്ടായിട്ടുണ്ട്. പക്ഷേ, ദീർഘകാല നിക്ഷേപങ്ങൾ നല്ല റിട്ടേണ്‍ തരാതിരിക്കില്ല. ആറ്- എട്ട്-പത്ത് വർഷങ്ങളുടെ ദീർഘ നിക്ഷേപങ്ങൾ ഉചിതമായ സമയത്ത് നടത്തിയാൽ ശരാശരി 18-20 ശതമാനമെങ്കിലും വാർഷിക റിട്ടേണായി പ്രതീക്ഷിക്കാവുന്നതാണ്. 2009-ൽ സംഭവിച്ചതുപോലുള്ള ഇറക്കങ്ങൾ വന്നേക്കാം.

ജാഗരൂകരായിരിക്കണം. ഓഹരികളെക്കുറിച്ച് പഠിക്കാനും സ്വാധീനിക്കുന്ന ഘടകങ്ങൾ മനസിലാക്കാനും കഴിയില്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താം. പന്ത്രണ്ട് ശതമാനത്തിൽ കൂടുതൽ റിട്ടേണ്‍ തരുന്നവയാണ് പലതും. ഇവിടെയും എൻ.എ.വി ഉച്ഛസ്ഥാനത്ത് നിൽക്കുന്പോൾ മാറിനിൽക്കുകയാണ് ബുദ്ധി. അല്ലെങ്കിൽ കൈപൊള്ളും.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
[email protected]
മൊബൈൽ: 9895471704