കുടംപുളി സംസ്‌കരിക്കാം വേറിട്ട രീതിയില്‍
കുടംപുളി സംസ്‌കരിക്കാം വേറിട്ട രീതിയില്‍
Tuesday, February 27, 2018 4:28 PM IST
കുടംപുളിയുടെ ഔഷധമൂല്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അമേരിക്കയിലെ ഡോ. ജോണ്‍ ലോവന്‍സ്‌റ്റെയ്ന്‍ 2012 ല്‍ നടത്തിയ പഠനത്തില്‍ കുടംപുളിയിലെ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് പൊണ്ണത്തടി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വര്‍ധിച്ചതോതില്‍ അടങ്ങിയിരിക്കുന്ന സാന്‍തോണ്‍സും അനുബന്ധഘടകങ്ങളും ഞരമ്പുകളെ സംരക്ഷിക്കുന്നു. അള്‍സര്‍, മലേറിയ, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയുമാണ് കുടംപുളി. തണുപ്പുകാലത്തെ ഉദരരോഗങ്ങള്‍ക്ക് ഔഷധവുമാണ്. ആനചികിത്സയിലും കുടംപുളി ഉപയോഗിക്കുന്നു. ഉഴവുമൃഗങ്ങള്‍ക്ക് കുടംപുളിക്കുരു എണ്ണയും പൊടിയും കൊടുക്കുന്ന പതിവുണ്ട്. ആയുര്‍വേദ ഔഷധക്കൂട്ടിലും ഇതുപയോഗിക്കുന്നു.

ഇതൊക്കെയാണെങ്കിലും കുടംപുളി സംസ്‌കരണം പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിനു പാകമെത്തുന്നത്. പഴുത്ത പുളി ശേഖരിച്ച് വിത്തുമാറ്റി വെയിലത്തുണക്കി പുകയേല്‍പിച്ചാണ് സംസ്‌കരിക്കുന്നത്.
നല്ല മഴക്കാലത്ത് വിളവെടുപ്പെത്തുന്നതാണ് കുടംപുളി സംസ്‌കരണത്തില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പുളിയുണക്കാന്‍ വെയിലില്ലാതെ വരുന്നതും വിറകുപയോഗിച്ച് ചൂടുനല്‍കി സംസ്‌കരിക്കാന്‍ ആവശ്യത്തിന് വിറകു ലഭിക്കാത്തതും ലഭിച്ചാല്‍ തന്നെ ഇതിന് അധിക സമയം വേണ്ടിവരുന്നതുമെല്ലാം കുടംപുളി സംസ്‌കരണത്തില്‍ നിന്ന് കര്‍ഷകരെ അകറ്റുന്നു. അല്ലെങ്കില്‍ ഇത് ബുദ്ധിമുട്ടേറിയതാക്കുന്നു.

പുതിയമാര്‍ഗം

പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക. വെള്ളം വാര്‍ന്നു പോയതിനു ശേഷം അടപ്പുള്ള ജാറുകളില്‍ മലര്‍ത്തി അടുക്കുന്നു. ഇതിനു മീതേ കല്ലുപ്പോ, ഇന്തുപ്പോ വിതറാം. ഓരോ അടുക്കിനു മേലെയും ഉപ്പ് വരുന്നതിനാല്‍ കീടബാധയുണ്ടാവില്ല. ജാറു നിറച്ച് അടച്ചുവയ്ക്കുക. ്ലാസ്‌മോസിസ് പ്രവര്‍ത്തനത്തിലൂടെ പഴത്തിലെ ജലാംശം പുറത്തു വരുന്നു. ഈ ലായനിയില്‍ കുടംപുളി 100-120 ദിവസം സൂക്ഷിക്കുന്നു. ഡിസംബര്‍ ജനുവരി മാസത്തില്‍ പുളി പുറത്തെടുത്ത് തണലില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറി ഉണക്കി സൂക്ഷിക്കാം. ഇങ്ങനെ സംസ്‌കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. തവിട്ടുനിറമായിരിക്കും. വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുകയുമാകാം.


പുളി സംസ്‌കരിച്ച ശേഷം മിച്ചം വരുന്ന ലായനി അരിച്ച് കുപ്പികളിലാക്കി ശേഖരിച്ചു വച്ചാല്‍ കറികളില്‍ പുളിക്കുപകരം ചേര്‍ക്കുകയുമാകാം. ഈ ലായനി 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തെങ്ങിന്‍തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഏറെ ഫലപ്രദമാണ്.

കുടംപുളി സിറപ്പ്

കുടംപുളി കുരുവിന്റെ പുറമേയുള്ള മാംസള ആവരണത്തില്‍ നിന്നും വേര്‍തിരിക്കുന്ന സിറപ്പ് രുചികരവും ഔഷധഗുണവുമുള്ള ശീതളപാനീയമായി ഉപയോഗിക്കാവുന്നതാണ്. കര്‍ഷകരായ പി. എ ജോസഫിന്റെയും പി. എം ജോസിന്റെയും നേതൃത്വത്തില്‍ തൃശൂര്‍ പുതുക്കാട് ഇത്തരത്തില്‍ കുടംപുളി സംസ്‌കരിക്കുന്നുണ്ട്. ആവശ്യക്കാര്‍ ബന്ധപ്പെട്ടാല്‍ നല്‍കാന്‍ തയാറുമാണ് ഇവര്‍.

ഫോണ്‍
ഫാ. ജിമ്മി കല്ലിങ്കല്‍കുടിയില്‍
മന:ശാസ്ത്രഗവേഷക
വിദ്യാര്‍ഥി,
വികാരി, ഔര്‍ ലേഡി ഓഫ്
മൗണ്ട് കാര്‍മല്‍ ചര്‍ച്ച്
നോര്‍ത്ത് പുതുക്കാട്, തൃശൂര്‍.
ഫോണ്‍- 94478 78829.

വിവെന്‍സി
കൃഷി ഓഫീസര്‍, താന്നിയം
ഫോണ്‍: 94467 63113.

പി. എ. ജോസഫ് - 9745306948
പി.എം. ജോസ്- 98478 99920.