ഒരു കണ്ണു ചിമ്മലിൽ ജീവിതം മാറാം
ഒരു കണ്ണു ചിമ്മലിൽ ജീവിതം മാറാം
Friday, February 16, 2018 12:41 PM IST
സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, പോസ്റ്റോഫീസ് നിക്ഷേപം... എല്ലാവരും ഭാവിയിലേക്കായി വൈവിധ്യമാർന്ന നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നവരാണ്. വീടു വാങ്ങുക അല്ലെങ്കിൽ കാർ വാങ്ങുക അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി നമുക്ക് അഭിലാഷങ്ങളും ആഗ്രഹങ്ങളുമുള്ളതുകൊണ്ടാണ് നാം ഇതു ചെയ്യുന്നത്. ഈ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു കാണുവാൻ നാം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് നാമിതു ചെയ്യുന്നത്.

എന്നാൽ നമുക്കറിയാവുന്നതുപോലെ ജീവിതം പ്രവചനാതീതമാണ്. കണ്ണടച്ചു തുറക്കുംമുന്പേ അതിന്‍റെ സമവാക്യങ്ങൾ മാറിമറിയാം. നമ്മുടെ കുടുംബത്തിന്‍റെ ക്ഷേമത്തിനായി നാം ഇവിടെ ഇല്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ ചെന്നെത്തിയാൽ എന്താവും അവസ്ഥ? ഇതിന്‍റെ അർത്ഥം എന്താണ്. കുടുംബത്തിന് ക്രമമായി ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഇല്ലാതായിയെന്നു മാത്രമല്ല, ഭാവി ധനകാര്യ ലക്ഷ്യങ്ങളേയും അതു പ്രതികൂലമായി ബാധിക്കുന്നു.

പ്രിയപ്പെട്ടവരുടെ നഷ്ടം ഒരു കുടുംബത്തെ കടുത്ത ദു:ഖത്തിലേക്കു വീഴ്ത്തുന്നു. ആ വ്യക്തി കുടുംബത്തിന്‍റെ അന്നം കൊണ്ടുവരുന്നവനാണെങ്കിൽ കാര്യങ്ങൾ കുറേക്കൂടി സങ്കീർണമാകുന്നു. അതായത് കുടുംബം ക്രമമായ വരുമാന സ്രോതസില്ലാതെ അനാഥമാകുന്നുവെന്നാണ്. ഈ ദു:ഖകരമായ അവസ്ഥയെ മറി കടക്കാൻ ലോകത്ത് ഏതെങ്കിലും ഉത്പന്നമോ സേവനമോ ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ നല്ലതുപോലെ ആലോചിച്ചു നടപ്പാക്കുന്ന ഒരു ധനകാര്യ പ്ലാനിന് ഈ ഘടകത്തെ പൂർണമായി മാറ്റുവാൻ സാധിക്കില്ലെങ്കിലും നന്നായി ഉൾക്കൊള്ളുവാൻ സാധിക്കും.

ഉത്തരം ടേം ഇൻഷുറൻസ്

ക്രമമായ വരുമാനം നഷ്ടമാകുന്ന അവസ്ഥ തുറിച്ചു നോക്കുന്ന കുടുംബത്തിനുള്ള ഉത്തരമാണ് ടേം ലൈഫ് ഇൻഷുറൻസ് പദ്ധതികൾ. ഈ പദ്ധതികൾ കുടുംബത്തിന് ഒരു സഞ്ചിത തുക ലഭ്യമാക്കുന്നതിനാൽ കാര്യമായ പ്രതിബന്ധമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കുന്നു. മറ്റൊരു പ്രധാനമായ കാര്യം, ഈ സഞ്ചിത തുക ഉപയോഗിച്ച് കുടുംബത്തിന്‍റെ ഭാവി ധനകാര്യ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ക്രമമായി സന്പാദിക്കുവാനും നിക്ഷേപിക്കാനും സാധിക്കുന്നുവെന്നതാണ്. ചുരുക്കത്തിൽ ടേം ഇൻഷുറൻസ് കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കുന്നവ മാത്രമല്ല പകരം വരുമാനം ലഭ്യമാക്കുന്ന ഒരു ഉപകരണവും കൂടിയാണ്.

വളരെ എളുപ്പത്തിൽ മനസിലാക്കാവുന്ന ലളിതവും കുറഞ്ഞ വിലയുള്ളതുമായ ലൈഫ് ഇൻഷുറൻസ് ഉത്പന്നമാണ് ടേം ഇൻഷുറൻസ്. പ്രീമിയം നൽകുന്നു, ജീവിതത്തിന് ഒരു സുരക്ഷാ കവർ ലഭിക്കുന്നു. പ്രീമിയം നൽകുന്ന കാലത്തോളം ഈ സുരക്ഷാ കവർ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

നാം ഒരു വാഹനം വാങ്ങുന്നുവെന്നു കരുതുക. അതിന്‍റെ വില 10 ലക്ഷം രൂപയാണെന്നിരിക്കട്ടെ. നാം ആദ്യം ചിന്തിക്കുക ഈ വാഹനത്തിന് ആവശ്യമായ ഇൻഷുറൻസ് ലഭ്യമാക്കുന്നതിനെപ്പറ്റിയാകും. ഇതിനായി നാം പ്രതിവർഷം 25,000-30,000 രൂപ പ്രീമിയമായി നൽകുവാൻ തയാറാകുന്നു. മറിച്ച് ഒരു ടേം ഇൻഷുറൻസ് പ്രതിവർഷം 8,000-10,000 രൂപ* പ്രീമിയത്തിൽ ഒരു കോടി രൂപയുടെ സുരക്ഷാകവറേജ് നമ്മുടെ വിലയേറിയ ജീവിതത്തിനു ഒരുക്കുന്നു. നമ്മുടെ കാറുകളുടെ സുരക്ഷയ്ക്കായി വലിയ പ്രീമിയം നൽകുവാൻ തയാറാകുന്ന നാം തീർച്ചയായും ടേം ഇൻഷുറൻസ് എടുക്കണം. ഇതു വളരെ ചെലവു കുറഞ്ഞതു മാത്രമല്ല നമ്മുടെ ജീവിതത്തിലെ അമൂല്യമായ ആസ്തിക്ക്, അതായത് നമ്മുടെ ജീവിതത്തിനും നാം സ്നേഹിക്കുന്നവരുടെ ഭാവിക്കും, സുരക്ഷ ഒരുക്കുന്നതുമാണ്.


എത്ര ലൈഫ് കവറേജ്

എത്രമാത്രം ലൈഫ് കവറേജ് നാം എടുക്കണം? എല്ലാവരും ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. കുടുംബത്തിലെ വരുമാനം നേടുന്ന ഓരോ അംഗവും ടേം പ്ലാൻ വാങ്ങുന്നതിനായി ഈ മൂന്നു കാര്യങ്ങൾ കണക്കിലെടുക്കണം:

* അടിസ്ഥാന ലൈഫ് കവർ: ഒരു സാമാന്യ കണക്കനുസരിച്ച് 40 വയസ് വരെയുള്ള വ്യക്തികൾ അവരുടെ വാർഷിക വരുമാനത്തിന്‍റെ 20-30 ഇരട്ടി തുകയ്ക്കു തുല്യമായ ലൈഫ് കവർ എടുക്കണം. നാല്പതുകളിൽ ഇത് 10-20 ഇരട്ടിയും അന്പതുകളിൽ 5-10 ഇരട്ടിയും ലൈഫ് കവർ എടുക്കണം. ടേം ലൈഫ് കവർ റിട്ടയർമെന്‍റ് പ്രായം വരെ തുടരുക.

* അടച്ചു തീർക്കാനുള്ള വായ്പകൾ: വായ്പ, മറ്റേതെങ്കിലും ധനകാര്യ ബാധ്യതകൾ തുടങ്ങിയവ ഉണ്ടെങ്കിൽ അതുകൂടി അടിസ്ഥാന ലൈഫ് കവർ എടുക്കുന്പോൾ അതിലേക്ക് കൂട്ടിച്ചേർക്കുക. നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായാൽ പ്രയാസമില്ലാത വായ്പകൾ അടച്ചു തീർക്കാൻ ഇതുവഴി കുടുംബത്തിനു സാധിക്കുന്നു.

* ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ്: നമ്മുടെ ജീവിതശൈലി മാരക രോഗങ്ങൾ പിടിപെടുന്നതിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. കുടുംബത്തിലെ വരുമാനം നേടുന്നയാൾ മാരക രോഗങ്ങൾക്കെതിരേ സുരക്ഷ ഒരുക്കുന്ന ക്രിട്ടിക്കൽ ഇൽനെസ് പ്രയോജനവും കൂടി നൽകുന്ന ടേം പ്ലാനുകൾ എടുക്കണം. കവറേജിൽ ഉൾപ്പെടുന്ന രോഗം കണ്ടെത്തിയാൽ ലംപ്സം തുക പോളിസി ഉടമയ്ക്കു ലഭിക്കുന്നു. ഇതുപയോഗിച്ചു ചികിത്സ നടത്താം.
സത്യസന്ധമായി വിവരങ്ങൾ നൽകാം

ഒരു വ്യക്തി ലൈഫ് ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കുന്പോൾ ഇൻഷുറൻസ് കന്പനികൾ ചില വിവരങ്ങൾ ആവശ്യപ്പെടും. ഇങ്ങനെ ആവശ്യപ്പെടുന്ന വിവരങ്ങൾ അപേക്ഷകൻ വളരെ സത്യസന്ധമായി നൽകണം. പ്രത്യേകിച്ചും ജീവിതശൈലി ശീലങ്ങൾ, വ്യക്തികളുടേയും കുടുംബത്തിന്‍റെയും ആരോഗ്യ ചരിത്രം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ. പോളിസിക്ക് അപേക്ഷിക്കുന്ന ആൾ മെഡിക്കൽ ടെസ്റ്റിന് വിധേയമാകണമെന്നു ഇൻഷുറർ നിർദ്ദേശിക്കാറുണ്ട്. അതു ചെയ്യുക.ഇതുവഴി യോജിച്ച ഇൻഷുറൻസ് കവർ നിർദ്ദേശിക്കുവാൻ ഇൻഷുറൻസ് കന്പനികൾക്കു കഴിയുന്നു. മാത്രവുമല്ല, ഭാവിയിൽ പല തർക്കങ്ങളും ഒഴിവാക്കുന്നതിനും ഇതു സഹായിക്കുന്നു.

പോളിസി ഉടമ നൽകുന്ന വിവരങ്ങൾ തെറ്റോ ഭാഗികമായി മറച്ചു വച്ചതോ ആണെങ്കിൽ ക്ലെയിം നിഷേധിക്കുവാനുള്ള സാധ്യതയുണ്ട്. അത് ലൈഫ് ഇൻഷുറൻസിന്‍റെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുന്നു. എല്ലാ വിവരങ്ങളിലും സത്യസന്ധതയോടെയും കൃത്യതയോടെയും നൽകുന്നത് ഏറ്റവും എളുപ്പമായി ക്ലെയിം സെറ്റിൽമെന്‍റ് കന്പനി ഒരുക്കുന്നുവെന്ന് ഉറപ്പു വരുത്തും.
ചുരുക്കത്തിൽ ടേം ഇൻഷുറൻസ് ഒരു കുടുംബത്തിന്‍റെ ഭാവി ലക്ഷ്യങ്ങളെ സംരക്ഷിക്കുകയും സാന്പത്തിക ഷോക്കിൽനിന്ന് അവയെ രക്ഷിച്ചു നിർത്തുകയും ചെയ്യുന്നു. കുടുംബത്തിലെ വരുമാനം നേടുന്നയാളിന് ഇതു നൽകുന്നത് വിലമതിക്കാനാവാത്ത ഒരു സമ്മാനമാണ്- മനസ്സമാധാനം.

പുനീത് നന്ദ
എക്സിക്യൂട്ടീവ് ഡയറക്ടർ, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്