പുതിയ "ബുൾ റാലി’യുടെ ഉദയം
പുതിയ "ബുൾ റാലി’യുടെ ഉദയം
Monday, January 22, 2018 4:41 PM IST
വികാരപരമാണ് ഓഹരി വിപണി. മോഹഭംഗവും അത്യാഗ്രഹവും അതൃപ്തിയും ഭയവുമെല്ലാമുള്ളതാണത്.

ബുൾ റാലിയിൽ പങ്കെടുക്കാത്തവരോ അല്ലെങ്കിൽ പൂർണമായും നിക്ഷേപം നടത്താത്തവരോ ആയ നിക്ഷേപകരുടെ മനസിൽ അതൃപ്തിയും ഇച്ഛാഭംഗവുമുണ്ടാകും. അതേസമയം നിക്ഷേപം നടത്തിയിട്ടുള്ള എല്ലാവരുടേയും മനസിൽ , അതു വ്യക്തിഗത നിക്ഷേപകരായാലും നിക്ഷേപക സ്ഥാപനങ്ങളായാലും വിദേശ നിക്ഷേപകരായാലും, എല്ലാവരിലും ഭയവും ഉണ്ടാകും. എന്തിന് ഇപ്പോഴും വിപണിയിൽ പ്രവേശിച്ചിട്ടില്ലാത്തവരുടെ മനസിൽ പോലും ഭയവുമുണ്ടാകും.
ഈ അതൃപ്തിയേയും ഭയത്തേയും നിയന്ത്രിക്കാൻ സാധിച്ചാൽ നിക്ഷേപകർക്കു മികച്ച നിക്ഷേപ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കും. ഭാവിയെക്കുറിച്ചു നമുക്കു വ്യക്തമായഅവബോധമുള്ളപ്പോഴും നാം സംശയത്തിലാണ്. സംശയം വരുന്പോൾ അതേക്കുറിച്ച് തിരിഞ്ഞുനോട്ടം നടത്തിയാൽ ഭയത്തേയും അതിമോഹത്തേയും കീഴടക്കാൻ നമ്മെ അതു സഹായിക്കും.

ഇന്ത്യൻ വളർച്ചയിലേക്കൊരു തിരിഞ്ഞുനോട്ടം

1980 മുതൽ മുപ്പത്തിയഞ്ചു വർഷത്തോളം ഇന്ത്യ ഏതാണ്ട് 6.5 ശതമാനം പ്രതിവർഷ വളർച്ച നേടി. 1950 മുതൽ ലോകത്ത് 13 രാജ്യങ്ങൾ മാത്രമേ ഇരുപത്തിയഞ്ചോ അതിനു മുകളിലോ വർഷക്കാലം ഏഴു ശതമാനം വളർച്ച നേടിയിട്ടുള്ളു.

ഏതൊരു രാജ്യത്തിനും സുസ്ഥിരതയുള്ള വളർച്ച സാധ്യമാകുന്നത് ശരിയായ സമയത്ത് ശരിയായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്പോഴാണ്. ഇന്ത്യയിലും അതുതന്നെ സംഭവിച്ചു.സമീപകാലത്തെ ഏറ്റവും വലിയ വിപ്ലവം വ്യാവസായിക വിപ്ലവമായിരുന്നു. പിന്നീട് ധനകാര്യ പരിഷ്കാരങ്ങൾക്കു തുടക്കം കുറിച്ചു.

ഇന്ത്യ പരിവർത്തനത്തിൽ

1991-ലെ വ്യവസായ നയ പരിഷ്കാരങ്ങളും അതിനുശേഷം സംഭവിച്ച ധനകാര്യ പരിഷ്കാരങ്ങളും രാജ്യത്തെ പരിവർത്തനത്തിലേക്കു നയിച്ചു. പക്ഷേ, ഇതിനു മുന്നോടിയായി നടന്ന ചില സംഭവ വികാസങ്ങളാണ് വ്യവസായ നയ പരിഷ്കാരത്തിനു കാരണമായത്.

അതിനുള്ള ആദ്യത്തെ ചുവടുവയ്പ് ആരംഭിച്ചത് 1988-ലെ രാജീവ് ഗാന്ധി ഗവണ്‍മെന്‍റിൽ കാബിനറ്റ് സെക്രട്ടറിയായിരുന്ന ടി. എൻ ശേഷന്‍റെ കാലത്താണ്. ശേഷൻ ഒരു കാര്യം മനസിലാക്കി. തന്‍റെ പ്രവർത്തന സ്വഭാവവുമായി തട്ടിച്ചു നോക്കുന്പോൾ നിർജീവമായ സ്ഥാനമാണ് താൻ അലങ്കരിക്കുന്ന കാബിനറ്റ് സെക്രട്ടറിപദമെന്ന്. അതോടെ അദ്ദേഹം സജീവമായി. എല്ലാ വകുപ്പുകളോടും അവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രവർത്തനത്തിൽനിന്നും അവർ പോകാനുദ്ദേശിക്കുന്ന കാര്യങ്ങളും വിശദമാക്കുവാനും അദ്ദേഹം നിർദ്ദേശം നൽകി.
അന്ന് സർക്കാരിന്‍റെ സാന്പത്തിക ഉപദേശകനായിരുന്ന രാകേഷ് മോഹൻ നിലവിലുള്ള വ്യവസായനയങ്ങളെല്ലാം കൂടി സമാഹരിച്ച് ഒത്തുനോക്കി. പക്ഷേ അത് അധികം മുന്നോട്ടു പോയില്ല. ബോഫോഴ്സ് ആരോപണം രാജീവ് ഗാന്ധിയുടെ ഭരണത്തിന് അന്ത്യം കുറിച്ചു.

രണ്ടാം ചുവട്

1989-ൽ വി. പി സിംഗിന്‍റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നു. വി പി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായ അജിത് സിംഗ് രാകേഷ് മോഹൻ സമാഹരിച്ച റിപ്പോർട്ടു കാണുന്നു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ""എന്ത് അസംബന്ധങ്ങളാണിവ എല്ലാം; നമുക്കെങ്ങനെയാണ് ഇതുപയോഗിച്ചു പ്രവർത്തിക്കുവാൻ സാധിക്കുക.’’
ഫലം അജിത് സിംഗിന്‍റെ നേതൃത്വത്തിൽ വ്യവസായമേഖലയിലെ പരിഷ്കാരങ്ങൾക്കായി പെട്ടെന്നുതന്നെ ഒരു പദ്ധതി തയാറാകുന്നു. ഈ പരിഷ്കാരങ്ങൾക്ക് പ്രധാനമന്ത്രി വി പി സിംഗിൽനിന്നു തത്ത്വത്തിൽ അംഗീകാരം ലഭിച്ചുവെങ്കിലും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ എതിർപ്പു മൂലം പരിഷ്കരണ നടപടികൾ മുന്നോട്ടു പോകാതെ നിലച്ചു. അന്നത്തെ ധനമന്ത്രിയായിരുന്ന മധു ദന്താവതെ വ്യവസായ പരിഷ്കാരങ്ങൾക്ക് അനുകൂലമായിരന്നില്ല.

മൂന്നാം ചുവട്

വെള്ളം ചേർത്താണെങ്കിലും അജിത് സിംഗ് 1990-ൽ പുതിയ വ്യവസായ നയം കാബിനറ്റിൽ അവതരിപ്പിച്ച് അംഗീകാരം നേടി. 1990 മേയ് 31-ന് അതു പാർലമെന്‍റിൽ അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേയ്ക്കും വി പി മന്ത്രിസഭ നിലംപൊത്തിയിരുന്നു. 1990-ൽ കെ. ചന്ദ്രശേഖർ പ്രധാനമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരത്തിലെത്തി. പക്ഷേ ആ മന്ത്രിസഭയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കു നീങ്ങി.

പരിഷ്കാരങ്ങൾക്കു തുടക്കം

1991-ൽ പി വി നരസിംഹ റാവുവിന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് അധികാരത്തിൽ എത്തി. സാന്പത്തിക പരിഷ്കാരങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുവാൻ സാധിക്കാത്ത അവസ്ഥ. ഡോ. മൻമോഹൻ സിംഗ് ധനകാര്യമന്ത്രിയായി നിമിക്കപ്പെട്ടു. അമർനാഥ് വർമ പ്രിൻസിപ്പൽ സെക്രട്ടറിയായി. ഇവർ മൂന്നുപേരും ചേർന്ന് വ്യവസായ- ധനകാര്യമേഖലയിൽ പരിഷ്കാരങ്ങളുടെ കെട്ടഴിച്ചതോടെ ഇന്ത്യൻ സന്പദ്ഘടനയുടെ തലവര മാറി. ഇന്ത്യൻ സാന്പത്തിക വളർച്ചയുടെ ഗതി മാറി. വളർച്ചയുടെ ആക്കം കൂടി...

വർഷങ്ങൾ കടന്നുപോയി

ഇപ്പോൾ രാജ്യത്തിനൊരു ""മാസ്റ്റർ ബ്ലാസ്റ്റ’’റെ ലഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി!
ഇന്ത്യൻ വളർച്ചാകഥ തുടങ്ങുന്നു
1989-90-ൽ ഗതികെട്ട ഇന്ത്യ ഐഎംഎഫിൽനിന്നു സ്വർണം പണയം വച്ച് 390 കോടി ഡോളർ കടമെടുക്കുന്നു
2017-18-ൽ ഇന്ത്യയുടെ വിദേശനാണ്യശേഖരം 40000 കോടി ഡോളറിനു മുകളിലെത്തിയിരിക്കുകയാണ്.

മാത്രവുമല്ല, ഇന്ത്യ 2 ലക്ഷം കോടി ഡോളറിനു മുകളിൽ വലുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഇന്ത്യയുടെ വിപണി മൂല്യം 2.23 ലക്ഷം കോടി ഡോളറിൽ എത്തിയിരിക്കുകയാണ്. നമുക്കു മുന്പിൽ വെറും ഏഴു രാജ്യങ്ങൾകൂടിയേയുള്ളു.
നാം ഇവിടെ എത്തിയത് ഗവണ്‍മെന്‍റ് മാറിയതുകൊണ്ടല്ല; ആശയങ്ങളിലുണ്ടായ മാറ്റങ്ങൾ കൊണ്ടല്ല; ലോകം നമ്മോടൊത്തു നിന്നതുകൊണ്ടല്ല...

നാം ഇവിടെ എത്താനുള്ള ഒരേയൊരു കാരണം സാന്പത്തിക പരിഷ്കാരങ്ങളിൽ രാഷ്ട്രീയ സമന്വയം ഉണ്ടായതുകൊണ്ടാണ്.

രണ്ടു ലക്ഷം കോടി ഡോളർ
ക്ലബ്ബിലെ അംഗങ്ങൾ
യുഎസ്എ 28.64 ലക്ഷം കോടി ഡോളർ
ചൈന 7.84 ലക്ഷം കോടി ഡോളർ
ജപ്പാൻ 6.21 ലക്ഷം കോടി ഡോളർ
ഹോങ്കോംഗ് 5.28 ലക്ഷം കോടി ഡോളർ
യുകെ 3.62 ലക്ഷം കോടി ഡോളർ
ഫ്രാൻസ് 2.51 ലക്ഷം കോടി ഡോളർ
ജർമനി 2.40 ലക്ഷം കോടി ഡോളർ
കാനഡ 2.23 ലക്ഷം കോടി ഡോളർ

മാറ്റങ്ങളിലൂടെ രാജ്യം

ഹരിത വിപ്ലവം, വ്യവസായ വിപ്ലവം, സാന്പത്തിക പരിഷ്കാരങ്ങൾ, ഐടി വിപ്ലവം തുടങ്ങി രാജ്യത്തെ മാറ്റങ്ങൾ ഡിജിറ്റൽ മണിയിൽ എത്തി നിൽക്കുകയാണ്. ഇതോടൊപ്പം ധനകാര്യ സ്വഭാവത്തിലും മാറ്റം വന്നു. ഭൗതികാസതികളിൽനിന്നു ധനകാര്യ ആസ്തികളിലേക്കു മാറിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.


രാജ്യം ഇനിയും വൻ മാറ്റങ്ങൾക്കു തയാറെടുക്കുകയോ അതിലൂടെ കടന്നുപോവുകയോ ആണ്. ഭാവിയിലെ മാറ്റങ്ങളിൽ ചിലിത് ഇതാ:

നികുതിയിലെ പരിഷ്കാരങ്ങൾ: ജിഎസ്ടി കുറ്റമറ്റതാക്കി മാറ്റുന്ന പ്രകിയ തുടരുകയാണ്. ശരിയായ നടപ്പാക്കൽ ജിഡിപിയിൽ മികച്ച വളർച്ചയ്ക്കു കാരണമാകും. നികുതി സ്ലാബുകൾ കുറച്ച് നിക്ഷേപം കൂടതൽ ആകർഷകമാക്കും. നികുതി സ്ലാബുകൾ യുക്തിസഹമാക്കും.
ജിഎസ്ടി, നോട്ട് റദ്ദാക്കൽ തുടങ്ങിയവ കൂടുതൽ ആളുകളെ നികുതിവലയിലേക്ക് എത്തിക്കും. ഇത് ഉയർന്ന നികുതി വരുമാനത്തിലേക്കു നയിക്കും. മെച്ചപ്പെട്ട നികുതി- ജിഡിപി അനുപാതം നേടാൻ ഇതു സഹായിക്കും.

ധനകാര്യ അച്ചടക്കം പാലിക്കുവാനും ഇതു സഹായകരമാകും. ധനകാര്യമേഖലയിലെ അച്ചടക്കം ഏറ്റവും പ്രധാനമാണ്. ഇത് ഉയർന്ന റേറ്റിംഗ് ഇന്ത്യയ്്ക്ക നൽകും. മൂലധനത്തിനായി വരുന്ന ചെലവ് തുക കുറയ്ക്കുമെന്നു മാത്രമല്ല വിദേശത്തുനിന്നുള്ള നിക്ഷേപത്തെ ആകർഷിക്കുവാനും ഇതു സഹായിക്കും.

തൊഴിൽ സൃഷ്ടി: വർധിച്ച ജനസംഖ്യയുടെ ഗുണഫലം നേടുന്നതിനായി തുടങ്ങിയിട്ടുള്ള നൈപുണ്യവികസന പദ്ധതികൾ തൊഴിലവസരങ്ങൾ വർധിപ്പിക്കും.

ഗ്രാമീണ സന്പദ്ഘടനയുടെ വളർച്ച: നേരിട്ടുള്ള സബ്സിഡി നൽകൽ, കരാർ കൃഷി, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ് തുടങ്ങിയവയെല്ലാം കാർഷിക വരുമാനം വർധിപ്പിക്കും. വായ്പ എഴുതിത്തള്ളൽ, ഉയർന്ന മിനിമം താങ്ങുവില തുടങ്ങിയവയേക്കാൾ ഗ്രാമീണ സന്പദ്ഘടനയുടെ വരുമാനം ഉയർത്താൻ ഇത്തരം നടപടികൾ സഹായിക്കും.
ഗ്രാമീണ സന്പദ്ഘടന മെച്ചപ്പെടുന്നത് ആ മേഖലയിൽ ഉയർന്ന സന്പാദ്യത്തിനു വഴി തെളിക്കും. ഒപ്പം അവിടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും.

മെച്ചപ്പെടുന്ന ബിസിനസ് അന്തരീക്ഷം: ബിസിനസ് ചെയ്യുന്നതിനുള്ള അന്തരീക്ഷം മെച്ചപ്പെടുകയാണ്. അടുത്തകാലത്തെ ലോകബാങ്കിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ സഥാനം ഇക്കാര്യത്തിൽ നൂറിലേക്കെത്തിയിട്ടുണ്ട്.

മൂലധനത്തിനുള്ള ചെലവു കുറയുന്നുവെന്നതാണ് പ്രധാന അനുകൂല ഘടകം. മൂലധന നിക്ഷേപത്തിനുള്ള ചെലവു കുറയുന്നില്ലെങ്കിൽ സ്വകാര്യ മേഖല നിക്ഷേപത്തിനു തയാറാവുകയില്ല. തൊഴിൽ സൃഷ്ടിക്ക് സ്വകാര്യമേഖല നിക്ഷേപം ഏറ്റവും അത്യാവശ്യമാണ്.
വൈദ്യുതി മാനേജ്മെന്‍റ്, വാട്ടർ മാനേജ്മെന്‍റ്, വേസ്റ്റ്മാനേജ്മെന്‍റ് ഇവ മൂന്നും മേക്ക് ഇന്ത്യ പദ്ധതിയുടേയും സഹനീയ ഭവന പദ്ധതിയുടേയും വിജയത്തിന് ഏറ്റവും ആവശ്യമാണ്. വൈദ്യുതി, വെള്ളം, പാഴ് വസ്തുക്കൾ എന്നിവയുട മാനേജ്മെന്‍റിൽ നിരവധി നിക്ഷേപ അവസരങ്ങളാണ് ലഭ്യമാക്കുന്നത്. ദീർഘകാലവത്തിൽ വരുമാനം നേടുവാൻ സാധിക്കുന്ന ഈ മേഖലകളിലേക്ക് വിദേശത്തുനിന്നും സ്വദേശത്തുനിന്നും ദീർഘകാല മൂലധന നിക്ഷേപം ഉണ്ടാകും.

ഈ ഓരോ മാറ്റങ്ങളും വെല്ലുവിളികളാണ് എന്നതിൽ സംശയമില്ല. പക്ഷേ, ഈ വെല്ലുവിളികളെ ഓരോന്നായി അതിജീവിക്കുന്നത് ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും. അതിനുള്ള രാഷ്ട്രീയ സമന്വയം ഇതിനകം രാജ്യത്ത് ഉണ്ടായിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ചുരുക്കത്തിൽ ഇന്ത്യയിൽ നിരവധി നിക്ഷേപ അവസരങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്. നമ്മുടെ ചുറ്റും സംഭവിക്കുന്ന ഘടനാപരമായ മാറ്റങ്ങളാണ് ഇതിനു സഹായകമാകുന്നത്. ശരിയായ നിക്ഷേപ അവസരം തിരിച്ചറിയുക, ശരിയായ നിക്ഷേപ രീതി തെരഞ്ഞെടുക്കുകയെന്നതാണ് നമുക്കു ചെയ്യാനുള്ളത്. നിക്ഷേപാവസരവും അതിനുള്ള അന്തരീക്ഷവും ഉണ്ടെങ്കിൽ ആ വിപണിയിലേക്ക് നിക്ഷേപം ഒഴുികയെത്തും.

ഓഹരി വിപണി ഒരു നല്ല കണ്ണാടിയോട് സാദൃശ്യമാണ്. നല്ല കണ്ണാടി അടുത്തുള്ള വസ്തുക്കളെ വളരെ വ്യക്തമായി പ്രതിഫലിപ്പിക്കും. അകലെയുള്ള വസ്തുക്കളെയും വളരെ കൃത്യമായും ഇത് പ്രതിഫലിപ്പിക്കും. ഇന്ത്യൻ ഓഹരി വിപണി ഒരു നല്ല കണ്ണാടി പോലെയാണ്.

ഇന്ത്യൻ ഓഹരി വിപണിയുടെ പണ്ടുള്ള കാലം ഇങ്ങനെയായാ യിരുന്നു. ബ്രോക്കർമാർ, മാർക്കറ്റ് ഓപ്പറേറ്റർമാർ ധനകാര്യ സ്ഥാപനങ്ങൾ ( യുടിഐ,എൽഐസി, ജിഐസി തുടങ്ങിയവ), വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ, റീട്ടെയിൽ നിക്ഷേപകർ എന്നിവർ വിപണിയുടെ ഓരോ കാലങ്ങളിൽ ആധിപത്യം പുലർത്തിയിരുന്നവരാണ്. മറ്റുള്ളവർ ഇവരെ പിന്തുടരുകയായിരുന്നു പതിവ്.

പുതിയൊരു ബുള്ളിന്‍റെ ഉദയം

ഇപ്പോൾ വിപണിയിൽ പുതിയൊരു "കാള’ ഉദയം ചെയ്യുകയാണ്. ഈ കാള ഇതുവരെ കണ്ടിട്ടുള്ളവയേക്കാൾ ശക്തനും കൂടുതൽ കാലം നിലനിൽക്കുന്നതുമായിരിക്കും.
അതു മറ്റാരുമല്ല, ഇന്ത്യൻ വീടുകളിലെ ലക്ഷക്കണക്കിനു സാധാരണക്കാരായ സന്പാദ്യശീലക്കാരാണ് അവർ. പാരന്പര്യ നിക്ഷേപാസ്തികളിൽനിന്ന് പതിയെ പുറത്തു കടക്കുകയാണ്.

ഘടനാപരമായ മാറ്റം വലിയ നിക്ഷേപാവസരം നൽകുന്ന, ദീർഘകാല നിക്ഷേപത്തിലേക്കു സുസ്ഥിരമായി പണവുമൊഴുകുന്ന ( ഭൗതികാസ്തിയിൽനിന്നു ധനകാര്യ ഉപകരണങ്ങളിലേക്കുള്ള മാറ്റം) ഇന്ത്യയിലാണ് നാം ജീവിക്കുന്നത്.
നമ്മെ കാത്തിരിക്കുന്നത് ......

2027-ൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് 47 ലക്ഷം കോടി രൂപ

ധനകാര്യ ഉപകരണങ്ങളിലെ നിക്ഷേപം എട്ടു വർഷം മുന്പ് 15 ശതമാനമായിരുന്നത് ഇപ്പോൾ 9 ശതമാനമാണ്.
മ്യൂച്വൽ ഫണ്ട് വ്യവസായം 2007-ൽ മാനേജ് ചെയ്തിരുന്ന മൊത്തം ആസ്തി 3,26,388 കോടി രൂപയായിരുന്നു.
2017-ൽ മാനേജ് ചെയ്യുന്ന ആസ്തി 21.4 ലക്ഷം കോടി രൂപയിലെത്തി. അതായത് വാർഷിക വളർച്ച 20.75 %.
2027ൽ മ്യൂച്വൽ ഫണ്ട് വ്യവസായം മാനേജ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന തുക ഇപ്പോഴത്തെ വളർച്ചാ നിരക്കായ 20.75 ശതമാനത്തിൽ 141 ലക്ഷം കോടി രൂപയിലേക്ക് ഉയരും.
മൊത്തം ആസ്തിയിൽ മൂന്നിലൊന്നോളം ഇക്വിറ്റി നിക്ഷേപത്തിലാണെങ്കിൽ 2027-ൽ ഇക്വിറ്റിയിൽ പ്രതീക്ഷിക്കുന്ന മ്യൂച്വൽഫണ്ട് നിക്ഷേപം 47 ലക്ഷം കോടി രൂപ!

(സെബി രജിസ്റ്റേഡ് പോർട്ട്ഫോളിയോ മാനേജ്മെന്‍റ് കന്പനിയാണ് ഇംപെറ്റസ് വെൽത്ത് മാനേജ്മെന്‍റ്. ഫോണ്‍: 9820048225)


പി ആർ ദിലീപ്
മാനേജിംഗ് ഡയറക്ടർ
ഇംപെറ്റസ് വെൽത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്