ലിംഗനിർണയം പ്രധാനം, അറിഞ്ഞു തെരഞ്ഞെടുക്കാം അരുമപക്ഷികളെ
ലിംഗനിർണയം പ്രധാനം, അറിഞ്ഞു തെരഞ്ഞെടുക്കാം അരുമപക്ഷികളെ
Saturday, January 6, 2018 4:28 PM IST
മരച്ചില്ലകളിൽ ചേർന്നിരുന്ന് കൊക്കുരുമ്മി പ്രണയസല്ലാപം നടത്തുന്ന ഇണക്കിളികളാണ് പക്ഷികളുടെ ലോകത്തിലെ സുന്ദരദൃശ്യങ്ങളിലൊന്ന്. അലങ്കാരപക്ഷികളുടെ പ്രജനനത്തിലെ പ്രഥമവും പ്രധാനവുമായ ഭാഗമാണ് നമ്മൾ വളർത്തു ന്ന പക്ഷികളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക എന്നത്.

ചില അരുമപക്ഷികളിൽ ഇത് കാഴ്ചയിൽ തന്നെ കണ്ടുപിടിക്കാവുന്ന വിധം എളുപ്പമാണെങ്കിലും തത്തയിനത്തിലെ മിക്ക പക്ഷികളിലും ഇത് പ്രയാസമേറിയ, പലപ്പോഴും അസാധ്യമായ കാര്യമാവുണ്. വിലയേറിയ അലങ്കാരപക്ഷികളെ പ്രജനനം ലക്ഷ്യം വെച്ച് വാങ്ങുന്പോൾ അവ ആണും പെണ്ണുമാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പക്ഷിവളർത്തലിലെ തുടക്കക്കാരും പരിചയമില്ലാത്തവരും കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലയാണിത് അതിനാൽ പക്ഷി പരിപാലനത്തിലെ തുടക്കക്കാർ ആദ്യമായി നേടേണ്ട അറിവ് തെരഞ്ഞെടുക്കുന്ന അരുമപക്ഷികളിലെ ലിംഗനിർണയ മാർഗങ്ങളേക്കുറിച്ചുള്ളതായിരിക്കണം.

ഇണ ചേർന്നില്ലെങ്കിലും പെണ്‍ പക്ഷികൾ മുട്ടയിടും. എന്നാൽ മുട്ടകൾ വിരിയണമെങ്കിൽ ഇണചേരൽ ആവശ്യമാണ്. ആണ്‍,പെണ്‍ പക്ഷികളുടെ കൃത്യമായ അനുപാതം പ്രജനനത്തിൽ പ്രത്യേകിച്ച് പക്ഷികളെ കൂട്ടമായി പാർപ്പിക്കുന്ന കോളനി പ്രജനന രീതിയിൽ ഏറെ ആവശ്യമാണ്. പക്ഷികളെ ഇണകളായി വേർതിരിച്ച് പ്രജനനം നടത്തുന്പോൾ അവർ ആണും പെണ്ണുമാണെന്ന് ഉറപ്പിക്കുകയും വേണം. അനുപാതം പാലിക്കുന്പോൾ അധികം വരുന്നവയെ വിൽപന നടത്തുകയും ചെയ്യാം. ഓരോ ലിംഗത്തിനുമുള്ള ശാരീരിക, സ്വഭാവ സവിശേഷതകൾ അനുസരിച്ചുള്ള പരിപാലനം ഉറപ്പാക്കാനും ലിംഗ നിർണയം സഹായിക്കുന്നു. ഓരോ ലിംഗത്തിനും വരുന്ന പ്രത്യേക രോഗാവസ്ഥകൾ തിരിച്ചറിയാനും ഇത് പ്രധാനമാണ്. ആണിനെയും പെണ്ണിനെയും അവർക്ക് ചേർന്ന പേരിട്ട് വിളിക്കണമെങ്കിൽ ലിംഗമറിഞ്ഞല്ലേ പറ്റൂ.

ലിംഗനിർണയം തത്തകളിൽ ഏറെ പ്രധാനമാണ്. തത്തകളിൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തന്നെ ഇണകളായി പെരുമാറി പരസ്പരം കൊക്കുരുമ്മി ഉല്ലസിക്കുന്നത് പതിവാണ്. ഇവ രണ്ടും പിടകളാണെങ്കിൽ അവ മുട്ടയിടുകയും ചെയ്യുന്നു. പക്ഷേ മുട്ടകൾ വിരിയില്ല. രണ്ടും ആണ്‍ പക്ഷികളാണെങ്കിൽ സമയം ഏറെ കഴിഞ്ഞാലും മുട്ടകൾ കാണില്ല. ഇത്തരം അവസ്ഥകൾ തത്തവളർത്തൽ നടത്തുന്നവരിൽ പതിവാണ്. മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനെയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണ ചേരണമെന്നുമില്ല. ഇവർ തമ്മിലുള്ള പൊരുത്തം ഏറെ പ്രധാനമാണ്. അതിനാൽ തന്നെ മിക്ക തത്തയിനങ്ങളിലും ലിംഗനിർണയം നടത്തിയവയെ അല്ല പൊരുത്തപ്പെട്ട ഇണകളെയാണ് ആവശ്യം. അതിനാൽ തന്നെ വളരെ ചെറുപ്പത്തിലെ ലിംഗനിർണയം ആവശ്യമായി വരുന്നു. ആണും പെണ്ണും തമ്മിലുള്ള ചേർച്ച കൃത്യമായ നിരീക്ഷണത്തിലൂടെയേ കണ്ടെത്താനാകൂ. ദീർഘകാലമായി ഒരുമിച്ചു പാർക്കുന്ന തത്തകളിൽ പരസ്പരം കൊക്കുരുമ്മിയിരുന്ന് ഇണ ചേരാൻ ശ്രമിക്കുന്നതുപോലും പലപ്പോഴും ചേർച്ചയുടെ ലക്ഷണങ്ങളായി കാണണമെന്നില്ല.

ബാഹ്യരൂപം കൊണ്ട് കാഴ്ചയിൽ ആണും പെണ്ണം തിരിച്ചറിയാൻ കഴിയുന്ന പക്ഷി ഇനങ്ങളിൽ നിന്നും വ്യത്യസ്ഥമായി ചില പക്ഷിയിനങ്ങളിൽ ആണും പെണ്ണും തമ്മിൽ രൂപവ്യത്യാസം പോലുമില്ല. ബാഹ്യ പ്രത്യുത്പാദന അവയവങ്ങളില്ലാത്ത പക്ഷികളിൽ അതിനാൽ തന്നെ ലിംഗനിർണയം ബുദ്ധിമുട്ടാകുന്നു. ശബ്ദവ്യത്യാസം, വലിപ്പ വ്യത്യാസം സ്വഭാവസവിശേഷതകൾ, ചിറകുകളുടെയും തുവലിന്‍റെയും വർണ വ്യതിയാനങ്ങൾ എന്നിവ നോക്കിയാണ് സാധാരണ ഇവകളിൽ ലിംഗവ്യത്യാസം കണ്ടെത്താറുള്ളത്. എന്നാൽ ഇത്തരം രീതികൾക്ക് നിരവധി പരിമിതികളുള്ളതിനാൽ വിശ്വസനീയമായിരിക്കണമെന്നില്ല.
പലപ്പോഴും ഇത്തരം സൂക്ഷ്മവ്യത്യാസങ്ങൾ തിരിച്ചറിയാൻ ദീർഘകാലത്തെ അനുഭവസന്പത്തുകൊണ്ടേ കഴിയുകയുള്ളൂ. കാ ഴ്ചയിൽ ആണ്‍പെണ്‍ വ്യത്യാസം വേർതിരിച്ചറിയാൻ കഴിയുന്ന ഇനങ്ങളിൽ പോലും വർഷത്തിൽ എല്ലാ സമയത്തും ഇതിനു കഴിയണമെന്നില്ല. പ്രജനനകാലത്ത് കടുംനിറത്തിലുള്ള വർണങ്ങൾ അണിയുന്ന ആണ്‍ പക്ഷികൾ അതിനുശേഷം തുവലുകൾ നഷ്ടപ്പെട്ട് പെണ്‍പക്ഷികളുടേതുപോലെയാകുന്നു. പിടകളിൽ മുട്ടയിടുന്ന സമയമാകുന്പോൾ നടത്തുന്ന ഇടുപ്പെല്ല് പരിശോധന ലിംഗനിർണയത്തിന് സഹായിക്കാറുണ്ട്. പിടകളിൽ മുട്ടയിടുന്നതിന് തൊട്ടുമുന്പുള്ള സമയത്ത് ഇടുപ്പെല്ല് വിസ്തൃതമാകുന്നതായി കാണുന്നു. പക്ഷേ ഈ പരിശോധന പോലും മുട്ടയിടുന് കാലത്ത് മാത്രമേ ഫലപ്രദമാകുകയുള്ളൂ. ആണും പെണ്ണും ബാഹ്യപ്രകൃതിയാൽ തിരിച്ചറിയാൻ കഴിയുന്ന ഇനങ്ങളുടെ അപൂർവ മ്യൂട്ടേഷനുകളിൽ ഈ വ്യത്യാസം കാണപ്പെടില്ല. പ്രജനന സമയത്തെ സ്വഭാവ വ്യതിയാനങ്ങളാണ് ആണ്‍പെണ്‍ വ്യത്യാസം തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു ഘടകം. പ്രജനന സമയത്ത് വർണങ്ങളിൽ കുളിച്ച് അതി സുന്ദരൻമാരാകുന്ന പൂവൻമാർ പല ഇനങ്ങളിലും ഈണത്തിൽ പാടുകയും ഇണയെ ആകർഷിക്കാൻ നൃത്തച്ചുവടുകൾ വയ്ക്കുകയും മരച്ചില്ലകളിൽ ചാടി ഉൗയലാടുകയും ചെയ്യും. പെണ്‍ പക്ഷികളാകട്ടെ പ്രജനനസമയത്ത് മുട്ടയിടാനുള്ള അറയൊരുക്കുകയും കൂടുതൽ സമയം അടയിരിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ചിലവഴിക്കുകയും ചെയ്യുന്നു. മേൽപറഞ്ഞ പല വ്യത്യാസങ്ങളും പ്രായപൂർത്തിയായതിനു ശേഷം പ്രത്യക്ഷപ്പെടുന്നതിനാൽ പക്ഷിക്കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടത്താൻ സഹായകരമല്ല.


ഏറ്റവും ജനപ്രിയ അലങ്കാരപക്ഷികളായ ബഡ്ജറിഗറുകളിൽ നാസികാദ്വാരത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗത്തിന്‍റെ നിറവ്യത്യാസമാണ് ലിംഗനിർണയത്തിന് സഹായിക്കുന്നത്. പ്രായപൂർത്തിയെത്തിയ ആണ്‍പക്ഷികളിൽ ഈ ഭാഗത്തിന് കടുംനീല അല്ലെങ്കിൽ പർപ്പിൾ നിറവും കുഞ്ഞുങ്ങളിൽ പിങ്ക് നിറവുമായിരിക്കും. പെണ്‍ പക്ഷിയിലാകട്ടെ പ്രജനനസമയത്ത് കടുത്ത തവിട്ടു നിറവുമായിരിക്കും. ഗ്രേ കൊക്കറ്റുകളിൽ മഞ്ഞ നിറത്തിലുള്ള മുഖവും കവിളിലെ കടുത്ത ഓറഞ്ച് പൊട്ടും പൂവനെ തിരിച്ചറിയാൻ സഹായിക്കുന്നു. പിടയിലാവട്ടെ ചോക്കലേറ്റ് മുഖവും കവിളിലെ മങ്ങിയ ഓറഞ്ച് പുള്ളിയും വാലിൽ മഞ്ഞ വെള്ള വരകളുമുണ്ടാകും. എന്നാൽ കുഞ്ഞുങ്ങളിൽ ഈ വ്യത്യസമൊന്നുമുണ്ടാകില്ല. ഫിഞ്ചുകളിൽ ആണ്‍ പക്ഷി മനോഹരമായി പാടുന്നു. കൂടാതെ പ്രത്യേക നിറവും വരകളുമൊക്കെ ദേഹത്തുണ്ടാകും. സിബ്രാഫിഞ്ചുകളിൽ കൊക്കിന്‍റെ നിറവ്യത്യാസം ലിംഗത്തെ തിരിച്ചറിയാൻ സാഹയിക്കുന്നു. ആണ്‍ പക്ഷികൾക്ക് ചുവന്ന നിറവും പെണ്‍ പക്ഷികൾക്ക് മങ്ങിയ ഓറഞ്ച് നിറവും. എന്നാൽ മൂന്നു മാസം വരെ ഇതിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണു താനും. ആഫ്രിക്കൻ ലവ് ബേർഡ്സ് തുടങ്ങി മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനെയും പ്രത്യക്ഷത്തിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഇണകളെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഇനമാണ് എക്ലക്റ്റസ് തത്തകൾ. ഇവയിൽ പൂവന് കടും പച്ചനിറവും പിടയ്ക്ക് ചുവപ്പു നിറവും. ഇത് മൂന്നാഴ്ച പ്രായത്തിൽ തന്നെ തിരിച്ചറിയാം.

ബാഹ്യപ്രകൃതിയും സ്വഭാവ സവിശേഷതകളും അടിസ്ഥാനമാക്കി ലിംഗനിർണയം നടത്തുന്ന രീതികളുടെ പരിമിതികൾ ഒഴിവാക്കാൻ സഹായിക്കുന്ന രണ്ടു മാർഗങ്ങളാണ് എൻഡോസ്കോപ്പിയും ഡിഎൻഎ ലിംഗനിർണയവും എൻഡോസ്കോപ്പ് ഉപയോഗിച്ച് സർജിക്കൽ രീതിയിൽ പ്രത്യുത്പാദന അവയവങ്ങൾ നേരിട്ട് നിരീക്ഷിച്ച് ലിംഗനിർണയം നടത്തുന്ന രീതിയാണ് ആദ്യത്തേത്. പക്ഷേ അനസ്തിഷ്യയും, സർജറിയുമൊക്കെ ആവശ്യമായതിനാൽ ഈ മാർഗത്തിന് പ്രചാരം കുറവാണ്. മാത്രമല്ല പ്രായപൂർത്തിയെത്തിയ പക്ഷികളിലെ ഈ മാർഗം ഫലപ്രദമാകൂ എന്നുള്ളതും ഓർക്കണം.

ഡിഎൻഎ ലിംഗനിർണയമാണ് ഇന്ന് പക്ഷിപ്രേമികളുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ളതും സ്വീകരിക്കപ്പെട്ടതുമായ മാർഗം. ഏതു പ്രായത്തിലുള്ള പക്ഷികളിലും ഇത് ഉപയോഗിക്കാമെന്നതിനാൽ പക്ഷിക്കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ലിംഗനിർണയം നടത്തി ഇണകളാക്കി വളർത്താം. വിപണിയിൽ ഏറെ പ്രിയങ്കരമായ വിലയേറിയ തത്തയിനങ്ങളായ മക്കാതത്തകൾ, കൊന്യൂർ, കൊക്കറ്റു, ആഫ്രിക്കൻ ഗ്രേപാരറ്റ് ആമസോണ്‍ തുടങ്ങിയ തത്തകളുടെ ലിംഗനിർണയം ഈ വിധത്തിലാകും കൃത്യമായി നടത്താൻ കഴിയുക. തൂവലുകൾ, ഒരു തുള്ളിരക്തം, വിരിഞ്ഞിറങ്ങിയ ഉടനെയുള്ള മുട്ടത്തോട് എന്നിവയാണ് ഡിഎൻഎ സെക്സിംഗിന് ഉപയോഗിക്കുന്നത്. 99.9 ശതമാനം വരെ കൃത്യമായ ഫലമാണ് ഈ വഴി ലഭിക്കുന്നത്.

ഡോ. സാബിൻ ജോർജ്
അസിസ്റ്റന്‍റ് പ്രഫസർ, വെറ്ററിനറി കോളജ്, മണ്ണുത്തി.
ഫോണ്‍: 94462 03839.