നിക്ഷേപകർ ഭീതിയിൽ
നിക്ഷേപകർ ഭീതിയിൽ
Saturday, December 23, 2017 4:29 AM IST
ഇന്ത്യൻ ബാങ്കിംഗിന്‍റെ മുഖം മാറുന്നു, ഒപ്പം സ്വഭാവവും. കുറേ ദശകങ്ങളായി ഇന്ത്യയിലെ ബാങ്ക് നിക്ഷേപകർ ആശങ്കയൊന്നുമില്ലാതെ കഴിഞ്ഞിരുന്നവരാണ്. ബാങ്ക് നിക്ഷേപം നൂറുശതമാനവും ഭദ്രമായാണ് കരുതപ്പെട്ടുപോന്നത്. പാലാ സെൻട്രൽ ബാങ്കിന്‍റെ തകർച്ചയ്ക്കു ശേഷം കേരളത്തിലെ ബാങ്കുകൾ പലതും ദുർബലമായെങ്കിലും നിക്ഷേപകർക്കു നഷ്ടമൊന്നും വന്നിട്ടില്ല. ദുർബല ബാങ്കുകളെ മറ്റേതെങ്കിലും ബലമുള്ള ബാങ്കിൽ ലയിപ്പിക്കുകയായിരുന്നു പതിവ്. ആഴ്ചകളോ മാസങ്ങളോ നീളുന്ന ഒരു മോറട്ടോറിയം കാലാവധിക്കു ശേഷം നിക്ഷേപകർക്കു തങ്ങളുടെ ഇടപാടുകൾ തുടരാമായിരുന്നു. ആദ്യബാങ്കിൽ നടത്തിയ നിക്ഷേപം ഭദ്രമായി പുതിയ ബാങ്ക് തിരിച്ചു നൽകിപ്പോന്നു.

നിക്ഷേപ ഭദ്രത

ബാങ്കിംഗിലെ ഒരു അടിസ്ഥാന തത്വമാണ് ആ നടപടിയിലൂടെ പാലിച്ചുപോന്നത്: ജനങ്ങളുടെ സന്പാദ്യത്തിനു സുരക്ഷിതത്വം അഥവാ നിക്ഷേപ ഭദ്രത.

ബാങ്കിന്‍റെ നടത്തിപ്പ് മോശമായാൽ സഹിക്കേണ്ടത് ബാങ്കിനെ വിശ്വസിച്ച നിക്ഷേപകരല്ല, ബാങ്കിന്‍റെ ഉടമകളാണ് എന്ന അലിഖിത തത്വമാണ് ഇതിലൂടെ പാലിച്ചുപോന്നത്.
ഇപ്പോൾ പാർലമെന്‍റിന്‍റെ പരിഗണനയിലുള്ള ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ബിൽ ( എഫ്ആർഡിഐ) ഈ തത്വങ്ങൾ കീഴ്മേൽ മറിക്കുന്നു, നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്നു. നിക്ഷേപകരുടെ ഉറക്കംകെടുത്തുന്നു.

കോർപറേഷൻ

ബാങ്കുകൾ കുഴപ്പത്തിലായാൽ ഈ ബില്ലിൽ നിർദേശിക്കുന്ന റെസലൂഷൻ കോർപറേഷൻ ബാങ്കിന്‍റെ ഭരണം ഏറ്റെടുത്ത് രക്ഷാനടപടികൾ ആരംഭിക്കും. രക്ഷാനടപടി ഒന്നും ഫലിക്കാതെവന്നാൽ ബാങ്കിന്‍റെ ആസ്തികൾ വിറ്റൊഴിച്ച് ബാങ്ക് ഇല്ലാതാക്കും.

അതിനു മുന്പ് തകർച്ചയുടെ വക്കിലായ (ക്രിറ്റിക്കൽ സ്റ്റേജ്) ബാങ്കിനെ രക്ഷിക്കാൻ കോർപറേഷൻ പല ശ്രമങ്ങൾ നടത്തും. അതിലൊന്നായി ബെയിൽ-ഇൻ മാതൃക ബില്ലിൽ ചേർത്തിരിക്കുന്നു.

ബാധ്യത നിക്ഷേപകന്

ഇത്രനാളും രാജ്യത്ത് ബാങ്ക് തകർച്ചയിൽ നഷ്ടം അതിന്‍റെ ഉടമകൾക്കായിരുന്നു. കേരളത്തിലടക്കം കുഴപ്പത്തിലായ ബാങ്കുകൾ മറ്റു ബാങ്കുകളിൽ ലയിപ്പിച്ചപ്പോൾ നിക്ഷേപകർക്കു നഷ്ടമുണ്ടായില്ല. കുറച്ചു നാളത്തെ അസൗകര്യം മാത്രമേ ഉണ്ടായുള്ളൂ. പക്ഷേ, ബാങ്കിന്‍റെ ഉടമകൾക്കു നഷ്ടം വന്നു. അവർക്ക് ഒന്നും ലഭിച്ചില്ല.

അതാണ് സാമാന്യ നീതി. ബാങ്കിന്‍റെ നടത്തിപ്പ് മോശമായാൽ നടത്തിപ്പുകാർ (അഥവാ നടത്തിപ്പുകാരെ നിയമിക്കുന്ന ഉടമകൾ) നഷ്ടം സഹിക്കണം. ബാങ്കിനെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരല്ല സഹിക്കേണ്ടത്.

വിവാദ ബില്ലിന്‍റെ പത്താം അധ്യായം 52ാം വകുപ്പിൽ ആണ് ബെയിൽ ഇൻ എങ്ങനെയെന്നു പറയുന്നത്. ബാങ്കിന്‍റെ ബാധ്യതകൾ റദ്ദാക്കി (കാൻസൽ ചെയ്ത്)യോ ബാധ്യതയുടെ സ്വഭാവം മാറ്റിയോ ഇതു ചെയ്യാം.

ബാങ്ക് നൽകാനുള്ളതു വെട്ടിക്കുറയ്ക്കാം എന്നാണ് ബാധ്യത റദ്ദാക്കുക എന്നതിന് അർഥം. അതു നിക്ഷേപത്തുകയാകാം, ഓഹരിത്തുകയാകാം, കടപ്പത്രമാകാം.

ഓഹരിയാക്കാം

ബാധ്യതയുടെ സ്വഭാവം മാറ്റാം എന്നു പറഞ്ഞാൽ നിക്ഷേപമോ കടപ്പത്രമോ ഓഹരിയാക്കുന്നതും നിക്ഷേപം കടപ്പത്രമാക്കുന്നതും ഒക്കെ പെടുന്നു.

ബാങ്ക് നല്ലരീതിയിൽ നടക്കും എന്ന വിശ്വാസത്തിൽ അവിടെ സന്പാദ്യം ഏൽപിച്ച നിക്ഷേപകരോട് ബിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
നിങ്ങളുടെ നിക്ഷേപത്തിന് യാതൊരു ഭദ്രതയുമില്ല. ബാങ്കിന് ക്ഷീണം വന്നാൽ അത് ഓഹരിയോ കടപത്രമോ ആക്കി മാറ്റും. ചിലപ്പോൾ തിരിച്ചുതന്നില്ലെന്നും വരും.

ഇൻഷ്വറൻസ്

തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ളത് ഡെപ്പോസിറ്റ് ഇൻഷ്വറൻസിൽപ്പെടുന്ന തുക മാത്രം. ഇപ്പോൾ ഒരുലക്ഷം രൂപവരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്കു മാത്രമേ ഇൻഷ്വറൻസ് ഉള്ളൂ. 1961ലെ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരൻറി കോർപറേഷൻ നിയമപ്രകാരമാണത്. 1993ലാണ് ഇൻഷ്വറൻസ് പരിധി 30,000 രൂപയിൽനിന്ന് ഒരുലക്ഷം രൂപയാക്കിയത്. കാൽനൂറ്റാണ്ടായ ആ പരിധി പത്തുലക്ഷം രൂപയെങ്കിലുമായി ഉയർത്തണമെന്നു ബാങ്ക് ജീവനക്കാരുടെ സംഘടന ഈയിടെ ആവശ്യപ്പെട്ടിരുന്നു.

ഡെപ്പോസിറ്റ് ഇൻഷ്വറൻസും ഇനി റെസലൂഷൻ കോർപറേഷനാണ് നടത്തുക. ബില്ലിൽ ഇൻഷ്വറൻസ് എത്ര തുക വരെയാണെന്നു പറഞ്ഞിട്ടില്ല. അതു ബില്ലിൽ പെടുത്താത്തതും ആശങ്ക ജനിപ്പിക്കുന്ന വിഷയമാണ്.

വ്യവസ്ഥ മാറ്റുന്നു

ബില്ലിന്‍റെ ഉദ്ദേശ്യം ബാങ്കുകളെയെല്ലാം ഉടനെ ലിക്വിഡേറ്റ് ചെയ്യുന്നതല്ല. പെട്ടെന്നു ബാങ്കുകളെല്ലാം ദുരവസ്ഥയിലാകും എന്നു കരുതാനും സാഹചര്യമില്ല.

ബാങ്കുകൾ കൊടുത്ത വായ്പയിൽ പത്തുശതമാനത്തിലധികം (2017 മാർച്ചിലെ നില 9.6 ശതമാനം) കിട്ടാക്കടങ്ങളാണ്. ഇത് ഇന്ത്യൻ ബാങ്കുകളുടെ പൊതുനില. ചില പൊതുമേഖലാ ബാങ്കുകൾക്ക് 20 ശതമാനത്തിലേറെയുണ്ട് കിട്ടാക്കടങ്ങളടക്കം പ്രശ്നവായ്പകൾ. ഇവയെ രക്ഷിക്കാൻ 2.11 ലക്ഷം കോടി മുടക്കാൻ കേന്ദ്രം ഒരുങ്ങുന്നുണ്ട്. എന്നാൽ അതുകൊണ്ട് ഒന്നുമാകില്ലെന്ന് എല്ലാവർക്കുമറിയാം.

മറ്റു രീതിയിൽ ധനകാര്യനില മോശമായിരിക്കുന്പോൾ ചില ദുർബല ബാങ്കുകളെ ഇല്ലാതാക്കിയാലോ എന്നു ഗവണ്‍മെൻറ് ചിന്തിച്ചാൽ! സാധ്യത തീർത്ത് തള്ളിക്കളയാനാവില്ല.
അങ്ങനെ വരുന്ന സാഹചര്യം നേരിടാനാണ് റെസലൂഷൻ കോർപറേഷനും മറ്റും ഉണ്ടാക്കുന്നത്. റിസർവ് ബാങ്കിനും ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അഥോറിറ്റി (ഐആർഡിഎ)ക്കും സമാന്തരമായി പ്രവർത്തിക്കുന്ന കോർപറേഷൻ ബെയിൽ ഒൗട്ട് അടക്കം പരന്പരാഗത പരിഹാരമാർഗങ്ങൾ പരിശോധിക്കാതിരിക്കില്ല. അതു നടന്നില്ലെങ്കിലാണ് ബെയിൽ ഇൻ.

വാക്കു മാറി മന്ത്രി

ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞദിവസം പറഞ്ഞത് ബില്ലിന്‍റെ പേരിൽ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നാണ്. നിലവിലുള്ള ഒരു ഭദ്രതയും കുറഞ്ഞിട്ടില്ല എന്നും മന്ത്രി പറയുന്നു. ആറുദിവസം മുൻപ് ഇതേ മന്ത്രി, ബില്ലിൽ തിരുത്തലുകൾക്കു തയാറാണെന്നു പറഞ്ഞതാണ്. ആറു ദിവസത്തിനു ശേഷം ജയ്റ്റ്ലി പറഞ്ഞതു ബില്ലിൽ ഒരു കുഴപ്പവും ഇല്ലെന്ന്.

ആശങ്ക ജനിപ്പിക്കുന്ന വ്യവസ്ഥ മാറ്റുമെന്ന പ്രതീക്ഷയാണ് ഇവിടെ ഇല്ലാതാകുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും റേറ്റിംഗ് ഏജൻസികളെയും സന്തോഷിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന ഗവണ്‍മെൻറ് രാജ്യത്തെ ബാങ്കുകളിൽ കൊച്ചുകൊച്ചു സന്പാദ്യങ്ങൾ ഇടുന്ന സാധാരണക്കാരന്‍റെ ആശങ്ക കാണുന്നില്ല.

വിവാദ ബില്ലും വ്യവസ്ഥകളും

ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ബിൽ 2017 ഓഗസ്റ്റ് പത്തിനു ലോക്സഭയിൽ അവതരിപ്പിച്ചു. ഇപ്പോൾ പാർലമെൻറിന്‍റെ ജോയിൻറ് കമ്മിറ്റിയുടെ പരിഗണനയിൽ. ഡിസംബർ 15നു തുടങ്ങുന്ന ശീതകാല സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നു സൂചന.

ബില്ലിന്‍റെ ലക്ഷ്യം

ബാങ്കുകളുടെയും ഇൻഷ്വറൻസ് കന്പനികളുടെയും പ്രവർത്തനം നിരീക്ഷിക്കാനും പ്രശ്നത്തിലാകുന്നവയ്ക്ക് രക്ഷാനടപടികൾ നിർദേശിക്കാനും അവ ഫലപ്രദമായില്ലെങ്കിൽ അവയെ അവസാനിപ്പിക്കാനും അധികാരമുള്ള ഒരു റെസലൂഷൻ കോർപറേഷൻ ഉണ്ടാക്കുക. ഈ കോർപറേഷൻ ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസും നടത്തും. ഇപ്പോഴത്തെ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരൻറി കോർപറേഷനു പകരമാണിത്.

ബെയിൽ ഒൗട്ടും ബെയിൽ ഇനും

ബെയിൽ ഒൗട്ട്: തകർച്ചയുടെ വക്കിലായ ധനകാര്യ സ്ഥാപനത്തെ പുതിയ മൂലധനം നൽകിയും മറ്റും പുറത്തുള്ളവർ രക്ഷിക്കുന്നത്. 2008-09 ലെ സാന്പത്തികമാന്ദ്യ വേളയിൽ അമേരിക്ക ചില പ്രധാന ബാങ്കുകളെയും കന്പനികളെയും മൂലധനം നൽകി രക്ഷിച്ചത് ഉദാഹരണം.

ബെയിൽ ഇൻ: തകർച്ചയിലായ ധനകാര്യസ്ഥാപനത്തിനെ അതിനു വായ്പ നൽകിയവരും അതിൽ നിക്ഷേപിച്ചവരും നഷ്ടം സഹിച്ച് രക്ഷിക്കുന്ന രീതി. ഡെന്മാർക്കും സൈപ്രസും സമീപകാലത്ത് ഈ രീതി അവലംബിച്ചു. 2013ൽ ബാങ്ക് ഓഫ് സൈപ്രസ് ഈ രീതി സ്വീകരിച്ചപ്പോൾ നിക്ഷേപകർക്കു വന്ന നഷ്ടം 60 ശതമാനത്തോളമാണ്. 100 രൂപ നിക്ഷേപിച്ചവർക്ക് 40 രൂപയെ കിട്ടിയുള്ളൂ. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) കുറേക്കാലമായി ഇതു നിർദേശിച്ചുവരികയാണ്.

നടപടികൾ

ബാങ്കോ ഇൻഷ്വറൻസ് സ്ഥാപനമോ തകർച്ചയുടെ വക്കിലായാൽ (ക്രിറ്റിക്കൽ ഘട്ടം) കോർപറേഷൻ അതിന്‍റെ മാനേജ്മെൻറ് ഏറ്റെടുക്കും. ഒരുവർഷത്തിനകം (ആവശ്യമെങ്കിൽ ഒരുവർഷംകൂടി) പ്രശ്നപരിഹാരമുണ്ടാക്കണം. പരിഹാരത്തിന് താഴെ പറയുന്നതിൽ ഏതെങ്കിലും വഴി സ്വീകരിക്കാം:

ഒന്ന്: മറ്റേതെങ്കിലും സ്ഥാപനവുമായി ലയിപ്പിക്കൽ. അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനം ഇതിനെ ഏറ്റെടുക്കൽ (ബെയിൽ ഒൗട്ട്).

രണ്ട്: ആസ്തി ബാധ്യതകളും മാനേജ്മെൻറും ഒരു താത്കാലിക കന്പനിയിലേക്ക് മാറ്റൽ.

മൂന്ന്: ബെയിൽ ഇൻ.

നാല്: കന്പനി ലിക്വിഡേറ്റ് ചെയ്യൽ.
രണ്ടുവർഷത്തിനകം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ കന്പനിയുടെ ആസ്തികൾ വിറ്റ് ലിക്വിഡേറ്റ് ചെയ്യും. ബന്ധപ്പെട്ടവർക്ക് എത്രയൊക്കെ കിട്ടുമെന്ന് കോർപറേഷൻ നിശ്ചയിക്കും.

റ്റി.സി. മാത്യു