സിറ്റിയെ വെല്ലാൻ പുതിയ വെർന
സിറ്റിയെ  വെല്ലാൻ പുതിയ വെർന
Thursday, December 7, 2017 6:50 AM IST
സി സെഗ്മെന്‍റ് സെഡാൻ വിപണിയിലെ ഒന്നാം സ്ഥാനം ഹോണ്ട സിറ്റിയിൽ നിന്ന് പിടിച്ചെടുത്ത ചരിത്രമുണ്ട് ഹ്യുണ്ടായി വെർനയ്ക്ക്.

തകർപ്പൻ ഫ്ളൂയിഡിക് രൂപകൽപ്പനയും മെച്ചപ്പെട്ട സൗകര്യങ്ങളും പ്രകടന ക്ഷമതയേറിയ ഡീസൽ എൻജിനുമെല്ലാമായി 2011 ൽ പുറത്തിറങ്ങിയ നാലാം തലമുറ വെർനയ്ക്കു മുന്നിലാണ് സിറ്റിക്കു കീഴടങ്ങേണ്ടി വന്നത്. ഏതാനും വർഷം ഈ വിഭാഗത്തിലെ ഏറ്റവും വിൽപ്പനയുള്ള മോഡലായി വെർന തുടർന്നു. എന്നാൽ പുതിയ തലമുറ സിറ്റിയും മാരുതി സിയാസും എത്തിയതോടെ വെർനയുടെ പ്രഭാവം ക്ഷയിച്ചു. പഴയ പ്രതാപം തിരിച്ചുപിടിക്കാൻ അഞ്ചാം തലമുറ വെർനയെ കളത്തിലിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ആയിരം കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ തലമുറ വെർനയെ കന്പനി ഒരുക്കിയിരിക്കുന്നത്.

രൂപകൽപ്പന

എലാൻട്രയെ പോലെ കെ 2 പ്ലാറ്റ്ഫോമിലാണ് വെർനയും നിർമിച്ചിരിക്കുന്നത്. ഏറെ ബലവത്തായ സ്റ്റീൽ കൊണ്ടുള്ള പ്ലാറ്റ്ഫോം നിർമിതി വെർനയ്ക്ക് അധിക സുരക്ഷ നൽകുന്നു. ഹ്യുണ്ടായിയുടെ ഡി സെഗ്മെന്‍റ് സെഡാനായ എലാൻട്ര ചെറുതാക്കിയതുപോലെയാണ് പുതിയ വെർനയുടെ രൂപം. റൂഫ് പോലും എലാൻട്ര സ്റ്റൈലിലാണ്. എക്സന്‍റിന്‍റെ പോലുള്ളതാണ് ഗ്രിൽ. പ്രൊജക്ടർ ടൈപ്പാണ് ഹെഡ് ലാംപുകൾ . ഇതിൽ ഡേ ടൈം റണ്ണിംഗ് ലാംപുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ വിഭാഗത്തിലാദ്യമായി പ്രൊജക്ടർ ഫോഗ് ലാംപുകൾ വെർനയിലുണ്ട്.

എലാൻട്രയിലേതുപോലെ ഡിക്കി ഡോറിലേയ്ക്കും വ്യാപിച്ച നീളമേറിയ ടെയിൽലാംപുകൾ പിന്നിൽ നിന്നുള്ള കാഴ്ചയിൽ വെർനയ്ക്ക് ഏറെ വീതി തോന്നിപ്പിക്കുന്നു. എൽഇഡി ടൈപ്പാണ് ടെയിൽ ലാംപുകൾ. വെർനയ്ക്ക് പഴയതിലും വലുപ്പം കൂടിയിട്ടുണ്ടെങ്കിലും കാഴ്ചയ്ക്ക് അതു തോന്നില്ല. വീൽബേസ് 30 മില്ലിമീറ്റർ വർധിച്ചിട്ടുണ്ട്. നീളം 62 മില്ലിമീറ്ററും വീതി 29 മില്ലിമീറ്ററും കൂടി. പുതിയ വെർണയുടെ നീളം 4,440 മില്ലിമീറ്റർ, വീതി 1729 മില്ലിമീറ്റർ, ഉയരം 1475 മില്ലിമീറ്റർ, വീൽബേസ് 2,600 മില്ലിമീറ്റർ.
ബൂട്ട് കപ്പാസിറ്റിയിൽ 15 ലിറ്ററാണ് വർധന. ഇപ്പോൾ 480 ലിറ്ററായി. സിറ്റിയ്ക്കും സിയാസിനും 510 ലിറ്ററാണ് ബൂട്ട് സ്പേസ്. കൈ തൊടാതെ ഡിക്കി ഡോർ തുറക്കാം. പോക്കറ്റിൽ കരുതിയ കീ ഫോബുമായി ഡിക്കിയ്ക്ക് സമീപം മൂന്ന് സെക്കൻഡിലേറെ നിന്നാൽ മതി ഡിക്കി ഡോർ താനെ ഉയരും. രണ്ടു കയ്യിലും ഷോപ്പിംഗ്് ബാഗുമായി വരുന്പോൾ ഈ സൗകര്യം ഏറെ പ്രയോജനം ചെയ്യും.

ഹ്യുണ്ടായി കാറുകളുടെ ഇന്‍റീരിയറിന് പൊതുവേയുള്ള ഉയർന്ന ഗുണനിലവാരം വെർനയിലും കാണാം. ക്രെറ്റ, എലാൻട്ര, എലൈറ്റ് ഐ 20 മോഡലുകളിലെ ഡാഷ്ബോർഡ് ഡിസൈനുകൾ കൂട്ടിച്ചേർത്ത് രൂപപ്പെടുത്തിയതുപോലെ തോന്നും വെർനയുടെ ഡാഷ്ബോർഡ്. ഈ മോഡലുകളുടെ പല ഘടകങ്ങളും ഇന്‍റീരിയറിൽ ഉപയോഗിക്കുന്നുമുണ്ട്. സെന്‍റർ കണ്‍സോളിലെ ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയൻമെന്‍റ് സിസ്റ്റം കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയിലൂടെ ഇതുമായി സ്മാർട്ട് ഫോണ്‍ ബന്ധിപ്പിക്കാം. സാറ്റലൈറ്റ് നാവിഗേഷൻ, ബ്ലൂടൂത്ത് സൗകര്യങ്ങളും ഇതിലുണ്ട്. എസ്ഡി കാർഡിൽ സംഭരിച്ച ഡേറ്റ ഉപയോഗിച്ചാണ് നാവിഗേഷന്‍റെ പ്രവർത്തനം. മൂന്ന് വർഷത്തേയ്ക്ക് മാപ്പ് സൗജന്യമായി ഹ്യുണ്ടായി അപ്ഡേറ്റ് ചെയ്ത് നൽകും. സ്പീക്കറുകളുടെ ഓഡിയോ നിലവാരം മികച്ചതുതന്നെ.
സി സെഗ്മെന്‍റ് സെഡാനുകളിൽ ആദ്യമായി തണുപ്പിക്കൽ സൗകര്യമുള്ള മുൻ സീറ്റുകൾ വെർനയിലുണ്ട്. പിന്നിലെ സീറ്റിനും ആവശ്യം പോലെ വീതിയുണ്ട്. പിൻഭാഗം ചരിഞ്ഞ റൂഫ് ആയതിനാൽ പിൻസീറ്റിൽ ആറടിയിലേറെ പൊക്കമുള്ളവർക്ക് ഹെഡ്റൂം കുറവാണ്. സിറ്റി, സിയാസ് മോഡലുകളുടെ അത്ര വിശാലമല്ല വെർനയുടെ പിൻസീറ്റ് ഭാഗം. എന്നാൽ ശരാശരി ഇന്ത്യാക്കാരന് ഇത്രയും മതിയാകും. പിൻ സീറ്റിനായി പ്രത്യേക എസി വെന‍റ്, പിന്നിലെ വിൻഡ് സ്ക്രീനിന് ഉയർത്തി വയ്ക്കാവുന്ന സണ്‍ ബ്ലൈൻഡ്, ഉയരം ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റ്, യുഎസ്ബി ചാർജർ ഒൗട്ട് ലെറ്റുള്ള ആം റെസ്റ്റ് എന്നിവ വെർനയിലുണ്ട്. പ്രകൃത്യാലുള്ള കാറ്റും വെളിച്ചവും ആസ്വദിച്ച് യാത്ര ചെയ്യാൻ ഇലക്ട്രിക് സണ്‍റൂഫും നൽകിയിട്ടുണ്ട്. ഇത് എസ് എക്സ് ഓപ്ഷൻ , എസ് എക്സ് പ്ലസ് വകഭേദങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവ ബേസ് വേരിയന്‍റിനുമുണ്ട്. മുന്തിയ വകഭേദത്തിന് ആറ് എയർബാഗുകളുണ്ട്.


എൻജിൻ ഡ്രൈവ്

1.4 പെട്രോൾ, ഡീസൽ എൻജിനുകളും നാല് സ്പീഡ് ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാന്വൽ ട്രാൻസ്മിഷനുകളും പുതിയ വെർനയിൽ ഹ്യുണ്ടായി ഉപയോഗിക്കുന്നില്ല.
1.6 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളിൽ ചില്ലറ പരിഷ്കാരങ്ങളോടെ പുതിയതിന് നൽകി. 1.6 ലീറ്റർ, പെട്രോൾ എൻജിന് 121 ബിഎച്ച്പി151 എൻഎം ആണ് ശേഷി. 1.6 ലിറ്റർ ഡീസൽ എൻജിനിത് 126 ബിഎച്ച്പി260 എൻഎം. രണ്ട് എൻജിനുകൾക്കും ആറ് സ്പീഡ് മാന്വൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്സ് വകഭേദങ്ങളുണ്ട്. ക്രെറ്റയിൽ ഉപയോഗിക്കുന്നതരമാണ് ഈ ഗീയർബോക്സുകൾ . എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് : പെട്രോൾ മാന്വൽ ലിറ്ററിന് 17.70 കിലോമീറ്റർ, പെട്രോൾ ഓട്ടോമാറ്റിക് ലിറ്ററിന് 15.92 കിലോമീറ്റർ, ഡീസൽ മാന്വൽ ലിറ്ററിന് 24.75 കിലോമീറ്റർ, ഡീസൽ ഓട്ടോമാറ്റിക് ലിറ്ററിന് 21.02 കിലോമീറ്റർ .

ഡീസൽ ഓട്ടോമാറ്റിക്കാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. അതിശയിപ്പിക്കുന്ന നിശബ്ദതയോടെയാണ് എൻജിന്‍റെ പ്രവർത്തനം. ഡീസൽ എൻജിനാണ് ബോണറ്റിനടിയിലെന്ന് തോന്നുകയേയില്ല. 1,200 ആർപിഎമ്മിൽ തന്നെ നല്ല പുള്ളിംഗുണ്ട്. ക്രമാനുഗതമായാണ് വേഗമെടുക്കൽ.ഡ്രൈവിംഗ് ആസ്വദിച്ച് ഓടിക്കാൻ പറ്റിയ കാർ തന്നെ. പഴയ വെർനയിൽ കട്ടി കുറഞ്ഞ സ്റ്റിയറിംഗായിരുന്നെങ്കിൽ പുതിയതിൽ അതിനു വേണ്ടത്ര മുറുക്കമുണ്ട്. ഉയർന്ന വേഗത്തിൽ വാഹനത്തിന്‍റെ നിയന്ത്രണം ഇത് മെച്ചപ്പെടുത്തുന്നു.
സസ്പെൻഷനിൽ നടത്തിയ പരിഷ്കാരം യാത്രാസുഖവും ഹാൻഡ് ലിംഗ് മികവും വർധിപ്പിച്ചു. വളവുകൾ വീശുന്പോൾ ഉലച്ചിലോ കാറിന്‍റെ പിൻഭാഗം തെന്നിമാറുകയോ ചെയ്യുന്നില്ല. ഗട്ടറുകളുടെ ആഘാതം നന്നായി ആഗിരണം ചെയ്ത് കൂടുതൽ യാത്രാസുഖം നൽകാൻ പുതിയ സസ്പെൻഷനു കഴിയുന്നുണ്ട്.

കൊച്ചി എക്സ്ഷോറൂം വില

പെട്രോൾ
ഇ : 7 .99 ലക്ഷം രൂപ
ഇഎക്സ് : 9.29 ലക്ഷം രൂപ
എസ്എക്സ് : 9.68 ലക്ഷം രൂപ
എസ്എക്സ് ഓപ്ഷൻ : 11.34 ലക്ഷം രൂപ

പെട്രോൾ ഓട്ടോമാറ്റിക്
ഇഎക്സ് : 10.48 ലക്ഷം രൂപ
എസ്എക്സ് ഓപ്ഷൻ : 12.48 ലക്ഷം രൂപ

ഡീസൽ
ഇ : 9.42 ലക്ഷം രൂപ
ഇഎക്സ് : 10.24 ലക്ഷം രൂപ
എസ്എക്സ് : 11.37 ലക്ഷം രൂപ
എസ്എക്സ് ഓപ്ഷൻ : 12.68 ലക്ഷം രൂപ

ഡീസൽ ഓട്ടോമാറ്റിക്
ഇഎക്സ് : 11.67 ലക്ഷം രൂപ
എസ്എക്സ് പ്ലസ് : 12.87 ലക്ഷം രൂപ.

അവസാനവാക്ക്
സൗകര്യങ്ങൾ, സാങ്കേതികവിദ്യ, എൻജിൻ പെർഫോമൻസ് എന്നിവയിൽ പുതിയ വെർന എതിരാളികളെക്കാൾ മുന്നിട്ടുനിൽക്കുന്നു. വിലയും ഏറെ ആകർഷകമാണ്. ശക്തിയും സൗന്ദര്യവുമിഷ്ടപ്പെടുന്നവർക്ക് സംശയമില്ലാതെ വെർന തെരഞ്ഞെടുക്കാം. അഞ്ചാം തലമുറ ക്രെറ്റ സി സെഗ്മെന്‍റ് സെഡാൻ വിപണിയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

ഐപ്പ് കുര്യൻ