രക്ഷിക്കാം, തോട്ടവിളകളെ
രക്ഷിക്കാം, തോട്ടവിളകളെ
Saturday, October 14, 2017 4:43 AM IST
വിശ്രുത ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥൻ ഒരിക്കൽ പറഞ്ഞു. ""യഥാർത്ഥത്തിൽ കേരളം ഇന്ത്യയുടെ തോട്ടവിള സംസ്ഥാനമാണ്. രാജ്യത്തിന്‍റെ തോട്ടവിള ഉത്പാദനത്തിന്‍റെ 46 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്.’’ ഈ വാക്കുകൾക്ക് വളരെ പ്രസക്തിയുണ്ട്. കാരണം സംസ്ഥാനത്തിന്‍റെ സന്പദ്ഘടനയിൽ തോട്ടവിളക്ക് വലിയ സ്ഥാനമുണ്ട്. സംസ്ഥാനത്തിന്‍റെ മാത്രമല്ല രാജ്യത്തിന്‍റെയും.

തോട്ട വിള ഉത്പന്നങ്ങളുടെ ഉത്പാദനച്ചെലവിനേക്കാൾ കുറവാണ് അതിന്‍റെ വിപണി വില എന്നു പറയുന്പോൾ ഈ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധികം വിവരിക്കേണ്ടതില്ലല്ലോ.

കുറഞ്ഞ വില, ഉയർന്ന ഉത്പാദനച്ചെലവ്, ഉയർന്ന നികുതി, കുറഞ്ഞ ഉത്പാദന ക്ഷമത, ജോലിക്കാരുടെ കുറവ്, ശാസ്ത്രീയമല്ലാത്ത ഭൂവിനിയോഗ നിയന്ത്രണം, കാലാവസ്ഥയിലെ വ്യതിയാനം തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ തോട്ടവിള വ്യവസായത്തെ ക്രമമായ തകർച്ചയിലേക്ക് തള്ളിവിടുകയാണ്.

സംസ്ഥാനത്തെ 2591734 ഹെക്ടറിലാണ് വിവിധ കൃഷികളുള്ളത്. ഇതിൽ 27.33 ശതമാനത്തോളം തോട്ടവിളകളാണ്. അതുകൊണ്ടുതന്നെ തോട്ടവിളകളുടെ പ്രാധാന്യം മനസിലാക്കാം. സംസ്ഥാന ജിഡിപിയുടെ മൂന്നിലൊന്നോളം തോട്ടവിളകളിൽനിന്നുള്ള വ്യവസായത്തിൽനിന്നാണ്. സ്ത്രീകൾ കൂടുതലായി ജോലി ചെയ്യുന്ന മേഖലയും കൂടിയാണ്.സംസ്ഥാനത്തെ 20 ശതമാനത്തോളം പേർക്ക് ജീവിതോപാധി നൽകുന്നുവെന്നു മാത്രമല്ല, സംസ്ഥാനഖജനാവിലേക്കു മോശമല്ലാത്ത നികുതി വരുമാനവും നൽകുന്നതാണ് തോട്ടവ്യവസായം.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നില്ലെങ്കിൽ, ഹ്രസ്വ, മധ്യ, ദീർഘകാല നയങ്ങളോടെ തോട്ടവ്യവസായത്തെ സമീപിക്കുന്നില്ലെങ്കിൽ സംസ്ഥാനത്തെ സന്പദ്ഘടനയിൽ മുഖ്യ സ്ഥാനമുള്ള ഈ വ്യവസായം നാശത്തിലേക്കു പോകുകയായിരിക്കും ഫലം.

കഴിഞ്ഞ ഏതാനും വർഷമായി കുറഞ്ഞുവരുന്ന ഉത്പന്ന വില മൂലം ആവർത്തനകൃഷി നടത്തുവാൻ പല തോട്ടങ്ങൾക്കും സാധിക്കുന്നില്ല. ഭൂമി, ജോലിക്കാർ, മൂലധനം എന്നിവയുടെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ ഉത്പാദനക്ഷമതയുള്ള മേഖലയാണ് കേരളത്തിലെ തോട്ടം മേഖല. വിവിധ നികുതികൾ മൂലം തോട്ടം മേഖലയിൽനിന്നുള്ള ഉത്പാദനച്ചെലവും വളരെ ഉയർന്നതാണ്. കാർഷിക വരുമാനത്തിനു 30 ശതമാനം നികുതി ചുമത്തുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

കാലാവസ്ഥയിലെ വ്യതിയാനം വളരെ പ്രകടമായി കേരളത്തിലെ കാർഷികമേഖലയിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു മൂന്നു വർഷമായി. ചെറുകിട, വൻകിട ഭേദമില്ലാതെ എല്ലാത്തരം വിളകളുടേയും ഉത്പാദനം കുറഞ്ഞിരിക്കുന്നു. ഇതും ഉത്പാദനച്ചെലവ് കൂട്ടുവാൻ കാരണമാണ്.

റബറിന്‍റെ കാര്യമെടുക്കാം. വിലക്കുറവും കാലാവസ്ഥ വ്യതിയാനവുമൊക്കെ റബറിന്‍റെ ഉത്പാദനത്തെ ബാധിക്കുകയാണ്. ഉത്പാദനച്ചെലവ് വർധിച്ചതിനെത്തുടർന്ന് റബർ ടാപ്പിംഗ് ഉപേക്ഷിച്ച കർഷകർ ഏറെയാണ്. രണ്ടുവർഷമായി ഏതാണ്ട് 30 ശതമാനത്തോളം സ്ഥലത്ത് ടാപ്പിംഗ് നടക്കാത്ത സ്ഥിതിയാണ്. ഏപ്രിൽ- ജൂലൈ കാലയളവിൽ റബർ ഉത്പാദനം 2.01 ലക്ഷം ടണ്ണായിട്ടുണ്ട്. ഇത് മുൻവർഷത്തേക്കാൾ 14,000 ടണ്ണോളം കൂടുതലാണ്. എന്നാൽ ഇതു തുടരുമോയെന്നത് കാലാവസ്ഥയേയും വിലയേയും ആശ്രയിച്ചിരിക്കും. നല്ല മഴ ലഭിച്ചില്ലെങ്കിൽ ജനുവരിക്കു മുന്പേ ഉത്പാദനം നിറുത്തേണ്ട സ്ഥിതി എത്തിച്ചേരും.

വർഷങ്ങളായി റബർ ഉത്പാദനം കുറഞ്ഞുവരികയാണ്. 2016-17-ൽ ഉത്പാദനം 6.91 ലക്ഷം ടണ്ണായിരുന്നു. തലേവർഷമിത് 5.62 ലക്ഷം ടണ്ണും. ഇതേക്കാൾ കുറഞ്ഞ സ്ഥലത്തുനിന്നു 2012-13-ൽ 9.14 ലക്ഷം ടണ്‍ റബർ ഉത്പാദിപ്പിച്ചിരുന്നു. പിന്നീട് സ്ഥിരതയോടെ ഉത്പാദനം കുറഞ്ഞുവരുന്നതാണ് കാണുന്നത്.

2011-12-ൽ റിക്കാർഡ് ഉയരത്തിലെത്തിയ റബർ വില 2016-ൽ 90 രൂപയിലേക്കു താഴ്ന്നിരുന്നു. 2012-13-ൽ ശരാശരി കിലോഗ്രാമിന് 176 രൂപ ലഭിച്ചപ്പോൾ 2016-17-ൽ അത് 135.5 രൂപയായി താഴ്ന്നു.

രാജ്യത്തെ റബർ പ്ലാന്‍റേഷന്‍റെ 68 ശതമാനവും കേരളത്തിലാണ്. ഉത്പാദനത്തിന്‍റെ 78 ശതമാനവും കേരളത്തിന്‍റെ സംഭാവനയാണ്. കേരളത്തിൽ റബർ ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് 160 രൂപയോളമാണ്. അതിനേക്കാൾ കുറഞ്ഞവിലയാണ് ലഭിക്കുന്നത്.
തേയില, ഉത്പാദനം മുൻവർഷത്തേക്കാൾ അൽപം മെച്ചപ്പെട്ടിട്ടുണ്ട്. ജനുവരി- ജൂലൈ മാസക്കാലയളവിലെ ഉത്പാദനം ദക്ഷിണേന്ത്യയിൽ 136.59 ദശലക്ഷം കിലോഗ്രാമാണ്. മുൻവർഷമിതേ കാലയളവിലിത് 121.10 ദശലക്ഷം കിലോഗ്രാമായിരുന്നു. 2017-ൽ മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.

കാപ്പിയുടെ ഉത്പാദനം 2016-17-ൽ പ്രതീക്ഷിച്ചിരുന്നത് 3.20 ലക്ഷം ടണ്ണായിരുന്നു. പിന്നീട് അനുമാനം 3.12 ലക്ഷം ടണ്ണായി കുറച്ചു.


ഏലത്തിന്‍റെ കേരളത്തിലെ ഉത്പാദനം 2016-17-ൽ മുൻവർഷമിതേ കാലയളവിലെ 21,500 ടണ്ണിൽനിന്നു 17,215 ടണ്ണായി കുറഞ്ഞു. കുരുമുളക് ഉത്പാദനം കുറഞ്ഞുവെന്നതു മാത്രമല്ല വിലയും ഗണ്യമായി കുറഞ്ഞത് കർഷകരെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. അഞ്ചു മാസം മുന്പ് കിലോഗ്രാമിന് 625 രൂപയായിരുന്നത് ഇപ്പോൾ 400 രൂപയിലേക്ക് താഴ്ന്നിരിക്കുന്നു. വിയറ്റ്നാമിൽനിന്നും ശ്രീലങ്കയിൽനിന്നുമുള്ള ഇറക്കുമതിയാണ് ഇപ്പോഴത്തെ തകർച്ചയ്ക്കു കാരണം.

ഭൂവിനിയോഗ നിയന്ത്രണത്തിൽ കാലോചിത മാറ്റം വേണം

കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ച് പുതിയ വിളകൾ സ്വീകരിക്കുവാനോ മറ്റു വിളകൾ കൃഷി ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ് തോട്ടം മേഖലയിലുള്ളത്. ഭൂമി എങ്ങനെ ലാഭകരമായി ഉപയോഗപ്പെടുത്താമെന്നു തീരുമാനിക്കുവാൻ ഉടമകൾക്ക് അവകാശമില്ല എന്നതുതന്നെയാണ് കാരണം. കാലികമായി ഭൂവിനിയോഗ നയത്തിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്നതിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. കൂടുതൽ ഇനങ്ങളെ തോട്ടവിളയിലേക്ക് കൂട്ടിച്ചേർത്ത് ബഹുവിള കൃഷിക്ക് അവസരമുണ്ടാക്കേണ്ടിയിരിക്കുന്നു.
പൗൾട്രി ഫാമിംഗ്, മൃഗ പരിപാലനം ഉൾപ്പെടെയുള്ളവയെ ഇതിലേക്ക് ചേർക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി സംരംക്ഷണം, പാരന്പര്യേതര ഉൗർജോത്പാദനം, ജല സംരംക്ഷണം തുടങ്ങിയവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ നയത്തിൽ മാറ്റമുണ്ടാകേണ്ടതുണ്ട് തോട്ട വ്യവസായത്തിന്‍റെ നിൽനിൽപ്പിന് ഏറ്റവും ആവശ്യമാണ്.

ജോലിക്കാർ കുറയുന്നു

തോട്ടം മേഖലയിൽ ജോലി ചെയ്യാനിഷ്ടപ്പെടുന്നവരുടെ എണ്ണം കുറയുകയാണ്. പുതിയ തലമുറ നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. നഗരങ്ങളിലെ സൗകര്യം തോട്ടങ്ങളോടനുബന്ധിച്ചു ലഭ്യമാക്കുവാൻ സാധിച്ചാലെ ഭാവിയിൽ ജോലിക്കാരെ കണ്ടെത്താൻ സാധിക്കൂ.

നികുതികളുടെ ബാഹുല്യമാണ് തോട്ടം മേഖല നേരിടുന്ന മറ്റൊരു പ്രശ്നം. കാർഷികാദായനികുതി, മുതൽ സ്വച്ഛ് ഭാരത് നികുതി വരെയുള്ള നിരവധി നികുതികളാണ് ഈ മേഖലയിൽ നിന്ന് ഈടാക്കുന്നത്. ഏറ്റവും പ്രതികൂലമായ സാഹചര്യത്തിലാണ് തോട്ടം വളർത്തിയെടുക്കുന്നതും സംരംക്ഷിക്കുന്നതും കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഈ മേഖലയിൽ തൊഴിലാളികളെ പിടിച്ചു നിർത്തുകയെന്നത് വളരെ പ്രയാസകരമായിക്കൊണ്ടിരിക്കുകയാണ്.

തൊഴിലാളികളിലധിഷ്ഠിതമായ വ്യവസായമെന്ന നിലയിൽ ഈ മേഖല നിലനിന്നു പോകണമെങ്കിൽ നികുതി സമീപനത്തിൽതന്നെ മാറ്റം വരേണ്ടിയിരിക്കുന്നു.
ആഗോളവത്കരണവും ഉദാരവത്കരണവും തുറന്ന മത്സരമാണ് തോട്ട വിളകളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരേ മത്സരിച്ചു നിലനിൽക്കുവാൻ തോട്ടമുടകളെ ( ചെറുതും വലുതും വ്യത്യാസമില്ലാതെ) പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കുക ഉത്പന്നം ഉപയോഗിക്കുന്ന അവസാനത്തെ ഉപഭോക്താക്കളായിരിക്കും.

നികുതി, വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, ശുദ്ധജലം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ തോട്ടം മേഖലയെ നിലനിർത്തിക്കൊണ്ടുപോകുവാൻ സാധിക്കുന്ന വിധത്തിൽ കാലോചിതമായ പരിഷ്കാരം ഉണ്ടാവേണ്ടിയിരിക്കുന്നു. പല നികുതികളും ഉപേക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് , തോട്ടം നികുതി ഉള്ള ഏക സംസ്ഥാനമാണ് കേരളം.

ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്രമുള്ള തോട്ടവിള വ്യവസായം ഇവിടെ നിലനിൽക്കണമെങ്കിൽ വളരെ ഭാവനാപൂർണവും കാലോചിതവുമായ നയവും സമീപനവും ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരിക്കുന്നു.

കാലാവസ്ഥ വ്യതിയാനത്തിനു കാഠിന്യമേറുന്നു

കേരളം 115 വർഷത്തിനുള്ളിലെ ഏറ്റവും വലിയ വരൾച്ചയെയാണ് ഇക്കഴിഞ്ഞ വർഷം നേരിട്ടെതെന്നാണ് നടപ്പുവർഷത്തെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്. ഈ വർഷവും മണ്‍സൂണ്‍ സീസണിന്‍റെ തുടക്കത്തിൽ മഴ കുറഞ്ഞുതന്നെയാണ് നിൽക്കുന്നത്. സെപ്റ്റംബറിൽ ലഭിച്ച കനത്ത മഴ അൽപം ആശ്വാസകരമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കടുത്ത വേനൽ റബർ ഉൾപ്പെടെയുള്ള തോട്ടവിളകളേയും മറ്റു കൃഷികളേയും ബാധിച്ചതായി ഗവർണറുടെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. നിലനിൽക്കുന്ന കാർഷികരീതിയും അതിനാവശ്യമായ ടെക്നോളജിയും ഉപയോഗിക്കണമെന്നും അതിനാവശ്യമായ പരിഷ്കാരങ്ങൾ ക്കു തയാറാകണമെന്നും ഗവർണർ പ്രസംഗത്തിൽ നിർദ്ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ മണ്‍സൂണ്‍ സീസണിൽ കേരളത്തിൽ 34 ശതമാനം മഴക്കുറവാണ് അനുഭവപ്പെട്ടത്. അതിനു തലേവർഷം 24 ശതമാനത്തോളം മഴക്കുറവ് അനുഭവപ്പെട്ടു. നടപ്പുർഷം മണ്‍സൂണ്‍ സീസണിൽ ഇതുവരെ എട്ടു ശതമാനം മഴക്കുറവാണ് അനുഭവപ്പെട്ടത്. സെപ്റ്റംബർ ആദ്യം വരെ 28 ശതമാനത്തോളം മഴക്കുറവാണ് ഉണ്ടായിരുന്നത്. 2016-ൽ വടക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ 62 ശതമാനം കുറവായിരുന്നു.