സ്പെയിനിലെ മലയാളി തിളക്കം
സ്പെയിനിലെ   മലയാളി തിളക്കം
Tuesday, September 12, 2017 4:12 AM IST
ഏതൊരു പുരുഷെൻറയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്നു പറയുന്നതുപോലെ ഏതൊരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷനുണ്ടായിരിക്കും. അവളിൽ മാത്രം വിശ്വാസമർപ്പിച്ചു കൂടെ നിന്നൊരാൾ അച്ഛൻ! തിരുവനന്തപുരം സ്വദേശിയായ ജീവ മരിയ ജോയ് എന്ന ഐഎഫ്എസുകാരിയുടെ വിജയത്തിനു പിന്നിൽ അച്ഛൻ ജോയ് ചെറിയാനാണ്. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീവ ഇപ്പോൾ സ്പെയിനിലാണ്. സ്പെയിനിൽ തേർഡ് സെക്രട്ടറി ഓണ്‍ ലാംഗ്വേജ് ട്രെയിനിംഗ് ആയി ജീവ സ്ഥാനമേൽക്കുന്പോൾ വിജയിക്കുന്നത് ആ അച്ഛൻ കൂടിയാണ്.

അച്ഛൻ സമ്മാനമായി നൽകിയിരുന്ന പുസ്തകങ്ങൾ വായിച്ചാണ് ജീവ വളർന്നത്. പപ്പ നൽകിയ പ്രോത്സാഹനമാണു തനിക്കു കിട്ടിയ ഐഎഫ്എസ് എന്നു പറഞ്ഞുകൊണ്ടു ജീവ സംസാരിച്ചു തുടങ്ങി.

കുട്ടിക്കാലത്താണ് സിവിൽ സർവീസ് എടുക്കുന്നോ എന്നു പപ്പ ചോദിച്ചത്. തിരുവനന്തപുരം ഹോളി ഏഞ്ചൽസിലും കേന്ദ്രീയ വിദ്യാലയത്തിലുമായിായിരുന്നു എെൻറ സ്കൂൾ പഠനം. സ്കൂളിൽ ക്ലാസെടുക്കാനും മറ്റു ചടങ്ങുകൾക്കുമൊക്കെ വന്നിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥ·ാരെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ഒരിക്കൽ ബാബു പോൾ സാർ ഞങ്ങൾക്കു ക്ലാസെടുക്കാൻ വന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരുപാടു കാര്യങ്ങൾ എെൻറയുള്ളിലെ സിവിൽ സർവീസ് മോഹത്തിന് ഉൗർജം പകർന്നു.

കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്നു ബിരുദവും മുംബൈ സർവകലാശാലയിൽ നിന്നു എംബിഎയും നേടി നാട്ടിലെത്തിയ ഞാൻ അച്ഛനൊപ്പം ബിസിനസിൽ ചേർന്നു. അന്ന് സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയ ഹരിത വി. കുമാർ വലിയ പ്രചോദനമായി. അങ്ങനെയാണ് സിവിൽ സർവീസ് പഠനത്തിലേക്കു വീണ്ടും ഫോക്കസ് ചെയ്തത്.

ലൈബ്രറിയും ചർച്ചകളും

കേരള സിവിൽ സർവീസ് അക്കാദമി ലൈബ്രറിയിലെ പുസ്തകങ്ങളും അവിടെ എത്തുന്നവരുടെ അനുഭവങ്ങളുമായിരുന്നു എെൻറ പാഠപുസ്തകങ്ങൾ. ചർച്ചകളിലേർപ്പെട്ടും പുസ്തകങ്ങൾ വായിച്ചും രാത്രി ഇരുട്ടുന്നതു വരെ ഞാൻ അവിടെ ഇരുന്നിട്ടുണ്ട്. കോച്ചിംഗിനു പോകുന്നില്ലെ എന്നു പലരും ചോദിച്ചു. മുതിർന്ന ആൾക്കാരുമായുള്ള ചർച്ചകളിൽ പല വ്യൂ പോയിൻറുകൾ നമുക്കു മനസിലാക്കാൻ സാധിക്കും. മറിച്ച് കോച്ചിംഗിനു പോകുന്പോൾ പഠിപ്പിക്കുന്ന ആളുടെ വ്യൂ പോയിൻറിലേക്കു നമ്മളും ഒതുങ്ങും.

എന്തുകൊണ്ട് ഐഎഫ്എസ്

എനിക്ക് ഒരുപാടു യാത്ര ചെയ്യാനും പലതരം സംസ്കാരങ്ങൾ പഠിക്കാനുമൊക്കെ വളരെ ഇഷ്ടമാണ്. പിന്നെ ഓരോ രാജ്യത്തെയും ഭക്ഷണമൊക്കെ എങ്ങനെയാണെന്നു നോക്കാലോ. ജോലി എന്നതിനപ്പുറം നുടെ വ്യക്തിപരമായ വളർച്ചയ്ക്ക് ഐഎഫ്എസാണു നല്ലത്. എവിടെയാണു ജോലിയെങ്കിലും ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരുമായാണു നമ്മൾ ഇടപഴകുക. സിവിൽ സർവീസിലെ മറ്റു മേഖലകളിൽ ഒന്നിനും സമയമില്ലാതെ ആകുന്പോൾ ഐഎഫ്എസിൽ പുതിയ ഹോബികൾ നമുക്കുണ്ടാക്കിയെടുക്കാം. ഒരു രാജ്യത്തു നമ്മൾ ചെലവഴിക്കുന്ന മൂന്നു വർഷത്തിനുള്ളിൽ നമുക്ക് അവിടത്തെ ഭാഷ, സംസ്കാരം, രാഷ്ട്രീയം, സാഹിത്യം മുതലായവയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടാകും.


147ാം റാങ്കും ടി.പി. ശ്രീനിവാസൻ സാറിെൻറ വാക്കുകളുമാണ് എെൻറ ജീവിതത്തിലെ വലിയ വഴിത്തിരിവുകൾ. മോക്ക് ഇൻറർവ്യൂവിെൻറ സമയത്ത് അദ്ദേഹമാണ് എന്നോട് ഐഎഫ്എസ് എടുക്കാൻ പറഞ്ഞത്. സാർ ഐഎഫ്എസിൽ ആയിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആ മേഖലയെക്കുറിച്ചു കൂടുതൽ അറിയാമായിരുന്നു. മാത്രമല്ല പെണ്‍കുട്ടികൾ ഐഎഫ്എസിലേക്കു വരണം എന്നതായിരുന്നു അദ്ദേഹത്തിെൻറ ആഗ്രഹം.

മുസൂറിയിലെ നൂറു ദിവസം

നമുക്ക് എപ്പോഴും മറ്റുള്ളവരെക്കുറിച്ചു ചില മുൻവിധികളുണ്ടാകും. മറ്റു സംസ്ഥാനങ്ങളെക്കുറിച്ചും അവരുടെ രീതികളെക്കുറിച്ചുമൊക്കെ. അത്തരം മുൻവിധികളുമായാണു ഞാൻ മുസൂറിയിലെ ട്രെയിനിംഗ് ക്യാന്പിലെത്തുന്നതും. മുൻവിധികളുടെ അതിർത്തികൾ ഇല്ലാതെയാക്കാൻ ഈ നൂറു ദിവസം മതിയായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 370ഓളം പേർക്കൊപ്പമായിരുന്നു പരിശീലനം. പല സംസ്കാരങ്ങളിൽ നിന്നെത്തിയവർ. കേരളത്തെ അവർക്കു മനസിലാക്കി കൊടുക്കുന്നതിനൊപ്പം അവരിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.

ഞങ്ങൾ ആകെ പത്തുപേരാണു കേരളത്തിൽ നിന്നുണ്ടായിരുന്നത്. ട്രെയിനിംഗ് പൂർത്തിയാകാറാകുന്പോൾ നടക്കുന്ന ഇന്ത്യാ ഡേയിൽ നമ്മുടെ സംസ്ഥാനത്തെ അവർക്കു മനസിലാക്കി കൊടുക്കണം. എന്തു ചെയ്യാമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് എല്ലാ കലാരൂപങ്ങളും കോർത്തിണക്കി ഒരു ഫ്യൂഷൻ അവതരിപ്പിച്ചാലോ എന്നു തോന്നിയത്. കഥകളി, തിരുവാതിര, മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങി നമ്മുടെ തനതു കലാരൂപങ്ങളെല്ലാം ഞങ്ങൾ പത്തു പേർ ചേർന്ന് അവതരിപ്പിക്കുകയായിരുന്നു. ഡിസംബർ മുതൽ ജൂണ്‍ വരെ ഡൽഹിയിലെ ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ട്രെയിനിംഗ്.

കുടുംബം

സിവിൽ സർവീസ് തയാറെടുപ്പുകൾക്കിടയിൽ വളരെയേറെ സമ്മർദ്ദങ്ങൾ നേരിടേണ്ടിവരും. അതിൽ നിന്നു രക്ഷനേടാൻ എപ്പോഴും കുടുംബം അടുത്തുണ്ടാകണം എന്ന് എനിക്കു നിർബന്ധമായിരുന്നു. ആദ്യ ശ്രമത്തിൽ കിട്ടാതെ വന്നപ്പോഴും തളരാതെ മുന്നോട്ടു പോകാൻ തുണയായതു കുടുംബത്തിെൻറ സ്നേഹവും കരുതലും ആയിരുന്നു.

എെൻറ എല്ലാ തീരുമാനങ്ങൾക്കും അച്ഛെൻറ പൂർണ പിന്തുണയുണ്ട്. അതിനൊപ്പം അമ്മ മോളിക്കുട്ടിയും അനുജത്തി ഐശ്വര്യ ജോയിയും കൂടെയാകുന്പോൾ എെൻറ ധൈര്യവും ആവിശ്വാസവും വർധിക്കും. ഞാൻ സിവിൽ സർവീസ് എടുത്തതുപോലും കുടുംബത്തിെൻറ ഇഷ്ടം കൂടി കണക്കിലെടുത്താണ്. അവരുടെ പിന്തുണ എപ്പോഴും വേണം എന്നുള്ളതുകൊണ്ടാണു മറ്റെവിടെയും കോച്ചിംഗിനു പോകാതെ നാട്ടിൽ തന്നെ നിന്നു പഠിച്ചതും. അവരുടെ സപ്പോർട്ടാണ് എനിക്കു കിട്ടിയ ഏറ്റവു വലിയ ഭാഗ്യം. കുടുംബംപോലെ തന്നെ എല്ലാ പിന്തുണയും തന്നു കൂടെ നിന്ന കൂട്ടുകാരുമുണ്ട്.

അഞ്ജലി അനിൽകുമാർ