ഭവന വായ്പ എടുക്കുന്നവർക്ക് നല്ല നാളുകൾ
ഭവന വായ്പ എടുക്കുന്നവർക്ക്  നല്ല നാളുകൾ
Tuesday, August 29, 2017 5:11 AM IST
സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആളുകളെ വായ്പ നൽകി സഹായിക്കുന്നവരാണ് ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കന്പനികളും. സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം ചേർന്ന് ഒരു വീട് നിർമ്മിക്കാൻ ഒരാളുടെ അദ്ധ്വാനവും സന്പത്തും പോരാതെ വരുന്പോൾ വായ്പ നൽകി അവർ സഹായിക്കുന്നു. പലപ്പോഴും പലിശ നിരക്കിന്‍റെ കാര്യമോർക്കുന്പോൾ വായ്പയിൽ നിന്നും പിന്നോട്ടു പോകുന്നവരാണ് പലരും.
അങ്ങനെ പിന്നോട്ടു പോകുന്നവർക്ക് പ്രതീക്ഷനൽകുന്ന നാളുകളാണ് കാത്തിരിക്കുന്നത്. ഭവന വായ്പ എടുക്കുന്നവർക്ക് അനുകൂലമായി വരുന്ന ഘടകങ്ങൾ ഇതൊക്കെയാണ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീപോ, റിവേഴ്സ് റീപോ നിരക്കുകളിൽ കാൽശതമാനം കുറവു വരുത്തിയിരിക്കുന്നു. നോട്ട് നിരോധനത്തിനുശേഷം ബാങ്കുകളിൽ ആവശ്യത്തിനു പണം എത്തിയിരിക്കുന്നു റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം വന്നിരിക്കുന്നു .

പ്രതീക്ഷ നൽകുന്ന നിരക്ക് കുറയ്ക്കൽ

റിസർവ ്ബാങ്ക് ഓഫ് ഇന്ത്യ 2010 നവംബർ മുതൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് അടിസ്ഥാന പലിശ നിരക്കിനെ എത്തിച്ചിരിക്കുകയാണ്. ഓഗസ്റ്റ് രണ്ടിന് റീപോ നിരക്കും റിവേഴ്സ് റീപോ നിരക്കും കാൽ ശതമാനം വീതമാണ് കുറച്ചിരിക്കുന്നത്. പത്തുമാസമായി 6.25 ശതമാനം എന്ന നിലയിലായിരുന്ന റീപോ നിരക്ക് ആറു ശതമാനമായി. റിവേഴ്സ് റീപോ 5.75 ശതമാനവും. നിരക്കിലെ കുറവ് നേട്ടമാകുന്നത് വായപ എടുക്കുന്നവർക്കാണ്. പ്രത്യേകിച്ച ്ഭവന വായ്പ എടുക്കുന്നവർക്ക്.

നോട്ട് നിരോധനത്തിനുശേഷം ബാങ്കുകളിൽ ആവശ്യത്തിനു പണം എത്തിയതും ആർബിഐ റേറ്റ് കുറച്ചതിനാൽ എംസിഎൽആർ റേറ്റ് കുറയ്ക്കാൻ ബാങ്കുകളും നിർബന്ധിതരാകുന്നതും ഭവന വായ്പ എടുക്കന്നവർക്ക് നേട്ടമാകും.

ആർബിഐ റേറ്റ് കുറച്ച സ്ഥിതിക്ക് ബാങ്കുകളും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർബിഐ 2016 ഡിസംബറിൽ റേറ്റിന് ഒരു മാറ്റവും വരുത്താതിരുന്നിട്ടുപോലും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പയുടെ നിരക്ക് 0.9 ശതമാനം കുറച്ചിരുന്നു. ഇത് അവരുടെ ഭവന വായ്പ നിരക്കിനെ ് 9.1 ശതമാനം എന്ന നിരക്കിൽ നിന്നും 8.65 ശതമാനത്തിലേക്കെത്തിച്ചു.

ഇതേത്തുടർന്ന് സ്വകാര്യ മേഖലയിലെയും പൊതു മേഖലയിലെയും ബാങ്കുകൾ എസ്ബിഐയെ പിന്തുടരാൻ നിർബന്ധിതരായി. പലബാങ്കുകളും ഭവന വായ്പാ പലിശ കുറയ്ക്കുകയും ചെയ്തു.

പുതിയ വായ്പക്കാർക്ക് നേട്ടം കൂടുതൽ

2016 ഏപ്രിൽ മുതൽ ബേസ് നിരക്ക് അടിസ്ഥാനമാക്കി വായ്പ നൽകിയിരുന്നതിനു പകരം എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് റേറ്റ്) അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ നൽകുന്നത്. ഈ പുതിയ രീതി ബാങ്കുകളെ പലിശ കുറയ്ക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. പല ബാങ്കുകളും ക്രെഡിറ്റ് സ്കോർ പരിഗണിക്കാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഒരേ നിരക്കിൽ തന്നെയാണ് വായ്പ നൽകുന്നത്.
അതിനാൽ പഴയ ഉപഭോക്താക്കളെക്കാൾ കൂടുതൽ പുതിയ ഉപഭോക്താക്കൾക്കാണ് നേട്ടം. 2016 ഏപ്രിലിനു മുൻപ് ബേസ് റേറ്റ് അടിസ്ഥാനമാക്കി വായ്പ എടുത്തവർക്ക് വലിയ നേട്ടങ്ങളൊന്നുമില്ല. കാരണം ബാങ്കുകൾ എംസിഎൽആർ നിരക്ക് കുറച്ചെങ്കിലും ബേസ് നിരക്കിൽ കാര്യമായ കുറവുകളൊന്നും വരുത്തിയിട്ടില്ല.


എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് പെട്ടന്നാണ് താഴുന്നത്. പെട്ടന്നു തന്നെ പലിശ നിരക്ക് ഉയരാനും സാധ്യതയുണ്ട.

അടിസ്ഥാന നിരക്കിലുള്ള വായ്പക്കാർ എന്തു ചെയ്യണം

നിലവിൽ ബാങ്കുകളുടെ ബേസ് നിരക്ക് അടിസ്ഥാനമാക്കി ഭവന വായ്പയുള്ളവർക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്ന് നിലവിൽ വായ്പയുള്ള സ്ഥാപനത്തിലേക്ക് തന്നെ വായ്പയെ എംസിഎൽആർ നിരക്കിലേക്ക് മാറ്റുക. അല്ലെങ്കിൽ വേറൊരു സ്ഥാപനത്തിലേക്ക് എംസിഎൽആർ അടിസ്ഥാനമാക്കി മാറ്റുക.

ബേസ് നിരക്കിൽ തുടരുന്നൊരാളുടെ വായ്പയുടെ കാലാവധി തീരാറായി എന്നിരിക്കട്ടെ എങ്കിൽ അയാൾ ഇങ്ങനെയൊരു മാറ്റം നടത്തണമെന്നില്ല. കാരണം കാലവാധി കഴിയാറാകുന്പോൾ ബാങ്കുകൾ പൊതുവേ ഇളവുകൾ നൽകാറുണ്ട്. പെട്ടന്ന് ഇങ്ങനെയൊരു മാറ്റം നടത്തിയാൽ ഇളവുകൾ ലഭിക്കണമെന്നില്ല.അതുകൊണ്ട് എല്ലാ വശങ്ങളും പരിഗണിച്ചു വേണം ഇത്തരത്തിലൊരു മാറ്റം നടത്താൻ.

കൂടാതെ നിലവിലെ ബാങ്കിന്‍റെ ബേസ് നിരക്ക് എത്രയാണ് എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള നിരക്ക് എത്രയാണ് എന്നതെല്ലാം ചോദിച്ചറിഞ്ഞ് നേട്ടമുണ്ടെന്നു ഉറപ്പാക്കിയിട്ടു വേണം മാറ്റം നടത്താൻ.

നിലവിൽ വായ്പയുള്ള സ്ഥാപനത്തിലെ ബേസ് നിരക്കും എംസിഎൽആർ നിരക്കും അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ വലിയ മാറ്റമൊന്നുമില്ല എങ്കിൽ കുറഞ്ഞ നിരക്കുള്ള മറ്റൊരു ബാങ്കിലേക്കോ ധനകാര്യ സ്ഥാപനത്തിലേക്കോ വായ്പയെ മാറ്റാവുന്നതാണ്. നിലവിലെ സ്ഥാപനത്തിലേക്കായാലും മറ്റൊരു സ്ഥാപനത്തിലേക്കായാലും വായ്പയെ മാറ്റുന്പോൾ ട്രാൻസ്ഫർ ചാർജ്, പ്രോസസിംഗ് ഫീസ്, ലീഗൽ ചാർജ് തുടങ്ങിയവ ഈടാക്കുമോ എന്നുള്ളതുകൂടി ഉറപ്പു വരുത്തണം.

നേട്ടത്തെ സന്പാദ്യമാക്കാം

നിലിവിൽ 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വിവിധ ബാങ്കുകൾ 8.50 ശതമാനം മുതൽ 13 ശതമാനം വരെ പലിശ നിരക്കാണ് ഈടാക്കുന്നത്. രണ്ടു വർഷത്തിനുളളിൽ പലിശ നിരക്ക് കുറഞ്ഞ് അത് എട്ടു ശതമാനത്തിൽ താഴെ എത്തു മെന്നാണ് കരുതപ്പെടുന്നത്. എംസിഎൽ ആർ അടിസ്ഥാനമാക്കിയുള്ള വായ്പയാണ് നിലവിൽ നൽകുന്നതെന്നതിനാൽ ഭാവിയിൽ പലിശ കുറച്ചാലും ഉപഭോക്താക്കൾക്ക് നേട്ടമായി തീരും.

നിലവിൽ നിരക്ക് കുറയ്ക്കാനുള്ള സാഹചര്യവുമുണ്ട്. അതിനാൽ ധൈര്യമായി വായ്പ എടുത്ത് വീടു പണിയാം. പരമാവധി മുപ്പതു വർഷമാണ് ബാങ്കുകൾ വായ്പ നൽകുന്നത്. ഉയർന്ന തുക വായ്പയായി വേണ്ടവർക്കും ഹൃസ്വകാലത്തിൽ വായ്പ അടച്ചു തീർക്കാൻ കഴിയാത്തവർക്കും ദീർഘകാലത്തേക്കുള്ള വായ്പകൾ എടുക്കാം. മാസം അടക്കേണ്ട തുകയുടെ അളവിൽ കുറവുണ്ടാകും എന്നതു തന്നെയാണ് നേട്ടം. ബേസ് നിരക്കിൽ വായ്പ എടുത്തിരിക്കുന്നവർക്ക് എംസിഎൽആർ നിരക്കിലേക്ക് വായ്പയെ മാറ്റി നേട്ടം കൊയ്യാം.
പണപ്പെരുപ്പ നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ പണത്തിന്‍റെ മൂല്യത്തിൽ ഇടിവു സംഭവിക്കുന്നതു മൂലം മാസം അടക്കേണ്ട തുക ദീർഘകാലത്തിൽ ഒരു ഭാരമാവുകയുമില്ല. പലിശ കുറയുന്പോൾ ഇഎംഐയിൽ വരുന്ന കുറവ് നിക്ഷേപത്തിലേക്ക് നീക്കിവയ്ക്കാനുള്ള അവസരവും ഇവിടെ ഉപഭോക്താവിന് ലഭിക്കും.

പലിശ കുറഞ്ഞാലും ചില ബാങ്കുകൾ ഇഎംഐയിൽ മാറ്റം വരുത്തുകയില്ല. അപ്പോൾ കാലാവധി നേരത്തെ അവസാനിക്കും.