സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
റിട്ടയർമെന്‍റ് കാലത്തെ ഏറ്റവും വലിയ ആശങ്ക ശിഷ്ടകാലം ജീവിക്കുന്നതിനാവശ്യമായ പെൻഷനും വരുമാനവും കിട്ടുമോയെന്നതാണ്. ജോലി ചെയ്തുകൊണ്ടിരുന്നതിനേക്കാൾ വളരെ കുറച്ചു മാത്രമേ പെൻഷനായി ലഭിക്കുകയുള്ളു. അതിനാൽതന്നെ മറ്റു വരുമാനങ്ങൾ കണ്ടെത്താൻ നിർബന്ധിതരാകും.

ജോലി സമയത്തു നടത്തിയ നിക്ഷേപങ്ങളാണ് ഈ കാലയളവിൽ തുണയായി എത്തുക. ഇത്തരത്തിൽ മെച്ചപ്പെട്ടതും സ്ഥിരവുമായ റിട്ടേണ്‍ നൽകുന്ന നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസണ്‍ സേവിംഗസ് സ്കീം.

മുതിർന്ന പൗരൻമാർക്ക് അവരുടെ റിട്ടയർമെന്‍റ് ജീവിതം അല്ലലില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ കൃത്യമായ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2004 ൽ ഇന്ത്യ ഗവണ്‍മെന്‍റ് ആരംഭിച്ച നിക്ഷേപ പദ്ധതിയാണിത്.

ആർക്കൊക്കെ നിക്ഷേപിക്കാം

അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ആർക്കും സീനിയർ സിറ്റിസണ്‍ സേവിംഗസ് സ്കീമിൽ നിക്ഷേപം നടത്താം. നേരത്തെ റിട്ടയർ ചെയ്യുന്ന 55 വയസിനും 60 വയസിനും ഇടിയലുള്ളവർക്കും. വോളന്‍ററി റിട്ടയർമെന്‍റ് എടുക്കുന്നവർക്കും നിക്ഷേപം നടത്താനുള്ള അവസരമുണ്ട്.

നിക്ഷേപം എങ്ങനെ

വ്യക്തിഗത അക്കൗണ്ടോ അല്ലെങ്കിൽ പങ്കാളിയുമായി ചേർന്നു സംയുക്ത അക്കൗണ്ടോ തുറക്കാം. പോസ്റ്റോഫീസുകളിലോ ബാങ്കുകളിലോ അക്കൗണ്ട് തുറക്കാം. ഓണ്‍ലൈൻ ബാങ്കിംഗ് സൗകര്യമുള്ളവർക്ക് അതുവഴിയോ അല്ലെങ്കിൽ ഇസിഎസ് ആയോ നിക്ഷേപം നടത്താനുള്ള അവസരമുണ്ട്.

എത്ര നിക്ഷേപം നടത്താം

സീനിയർ സിറ്റിസണ്‍ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. അക്കൗണ്ട് തുറക്കുന്ന സമയത്ത് ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുക പണമായും ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ചെക്കായുമാണ് നൽകേണ്ടത്. കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. തുടർന്ന് ആയിരം രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം നടത്തേണ്ടത്.

എത്ര അക്കൗണ്ടുകൾ

ഒരാൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. പക്ഷേ, അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയുണ്ട്. പരമാവധി നിക്ഷേപ തുകയായ 15 ലക്ഷം രൂപയിൽ അധികമാകാൻ പാടില്ല എല്ലാ അക്കൗണ്ടുകളിലും കൂടിയുള്ള നിക്ഷേപം.

പലിശ നിരക്ക്

ലഘു സന്പാദ്യ നിക്ഷേപങ്ങളുടെ പലിശ നിരക്ക് സർക്കാരാണ് ഓരോ ക്വാർട്ടറിലും പുതുക്കി നിശ്ചയിക്കുന്നത്. നിലിവലെ പലിശ നിരക്ക് 8.3 ശതമാനമാണ്. ത്രൈമാസാടിസ്ഥാനത്തിൽ പലിശ ലഭിക്കും.

കാലാവധി

സാധാരണയായി സീനിയർ സിറ്റിസണ്‍ സേവിംഗസ് സ്കീമിൽ നിക്ഷേപിക്കാവുന്ന കാലാവധി അഞ്ചു വർഷമാണ്. വേണമെങ്കിൽ അത് മൂന്നു വർഷം കൂടി നീട്ടിയെടുക്കാം.
കാലാവധിപൂർത്തിയാകുന്നതിനു മുന്പു തുക പിൻവലിക്കാനും അവസരമുണ്ട്. പക്ഷേ, അത് നിക്ഷേപം തുടങ്ങി ഒരു വർഷത്തിനുശേഷമേ സാധിക്കു. കാലാവധി പൂർ്തിയാകുന്നതിനു മുന്പുള്ള പിൻവലിക്കലിന് ഒരു നിശ്ചിത ശതമാനം പിഴ നൽകേണ്ടി വരും. രണ്ടു വർഷം മുന്പാണ് പിൻവലിക്കുന്നതെങ്കിൽ നിക്ഷേപത്തിന്‍റെ 1.5 ശതമാനവും രണ്ടു വർഷം കഴിഞ്ഞാണെങ്കിൽ നിക്ഷേപത്തിന്‍റെ ഒരു ശതമാനവും പിഴയായി നൽകേണ്ടി വരും.

അക്കൗണ്ട് ഉടമ മരിച്ചതിനെത്തുടർന്നാണ് കാലാവധി പൂർത്തിയാകുന്നതിനു മുന്പ് തുക പിൻവലിക്കുന്നതെങ്കിൽ പിഴയൊന്നും നൽകേണ്ടതില്ല.

അഞ്ചു വർഷം കഴിഞ്ഞ് കാലാവധി പൂർത്തിയായതിനുശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ഫോമും പാസ്ബുക്കും നൽകിയാൽ മതി. അഞ്ചുവർഷം പൂർത്തിയാക്കിയതിനുശേഷം മൂന്നു വർഷം കൂടി നിക്ഷേപത്തിന്‍റെ കാലാവധി നീട്ടാനാണെങ്കിൽ അതിനുള്ള അപോക്ഷ ഫോം പൂരിപ്പിച്ചു നൽകണം.

നികുതിയിളവ്

സീനിയർ സിറ്റിസണ്‍ സേവിംസ് സ്കീമിലെ ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്കാണ് ആദായ നികുതി വകുപ്പ് സെക്ഷൻ 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്നത്. എന്നാൽ നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ലഭിക്കില്ല. നികുതി നൽകണം.

റിസ്ക്

താരതമ്യേന റിസ്ക് കുറഞ്ഞ നിക്ഷേപ ഉപകരണമാണിത്. കാരണം ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പിന്തുണയുണ്ട് എസ് സി എസ്എസിലെ നിക്ഷേപത്തിന്.

അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ
1. ബാങ്കുകളിൽ നിന്നോ പോസ്റ്റോഫീസുകളിൽ നിന്നോ ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഒപ്പിട്ടത്.
2. കെവൈസി ഫോം
3. അപേക്ഷകന്‍റെ ഫോട്ടോ
4. പാൻ നന്പർ
5. വിലാസം തെളിയിക്കുന്നതിനുള്ള രേഖ
6. വയസു തെളിയിക്കുന്ന രേഖ
7. റിട്ടയർ ചെയ്തവരാണെങ്കിൽ തൊഴിലുടമ നൽകുന്ന രേഖ, പെൻഷനോടു കൂടിയുള്ള റിട്ടയർമെന്‍റാണോ അല്ലയോ എന്നു തെളിയിക്കുന്ന രേഖ, റിട്ടർയർമെന്‍റ് സമയത്ത് ലഭിക്കുന്ന തുക, വഹിച്ചിരുന്ന പദവി കാലയളവ് എന്നിവ തെളിയിക്കുന്ന രേഖ.
*പാൻ നന്പർ സീനിയർ സിറ്റിസണ്‍ അക്കൗണ്ട് തുറക്കാൻ അത്യാവശ്യമാണ്.

ശ്രദ്ധിക്കാൻ

* സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ നിക്ഷേപം ഈടായി വായ്പകൾ ലഭ്യമല്ല.
* പങ്കാളിയുടെ പേരിൽ മറ്റൊരു അക്കൗണ്ട്കൂടി തുറന്നാൽ അത്യാവശ്യഘട്ടങ്ങളിൽ നേരത്തെ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടിവന്നാലും വരുമാനം നിലനിർത്താം.
* ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കോ പോസ്റ്റോഫീസിൽ നിന്ന് മറ്റൊരു പോസ്റ്റോഫീസിലേക്കോ അക്കൗണ്ട് മാറ്റാനുള്ള സൗകര്യമുണ്ട്.
* നോമിനേഷൻ സൗകര്യം ലഭ്യമാണ്.
* വിദേശ ഇന്ത്യക്കാർക്ക് ഈ പദ്ധതിയിൽ നിക്ഷേപം സാധ്യമല്ല
* ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചപ്പട്ട പലിശനിരക്ക്.