പ്രണയ നൈരാശ്യത്തിന്‍റെ മന:ശാസ്ത്രം
ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുണ്ട്. ഇന്ന് പ്രണയവും പ്രണയനൈരാശ്യവും കൗമാരക്കാരുടെ ജീവിതത്തിൽ സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. യുവജനങ്ങളിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 90% ആളുകളും (പ്രണയിച്ചവരിൽ 90%) ഒരിക്കലെങ്കിലും പ്രണയനൈരാശ്യം അനുഭവിച്ചവരാണെന്നാണ്. പ്രണയബന്ധം പിരിയുന്പോൾ പലപ്പോഴും ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥ, തെൻറ കാമുകനെയോ കാമുകിയെയോ പറ്റി കൂടുതലായി ചിന്തിക്കുക, തങ്ങളെപ്പറ്റി തന്നെ മോശമായി ചിന്തിച്ചു വിഷമിക്കുക എന്നിവ സർവസാധാരണമാണ്. എന്നാൽ ഇങ്ങനെ വിഷമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ തലച്ചോറിനുതന്നെ ഉത്തരം തരുവാൻ സാധിക്കുമെന്നതാണു വസ്തുത. ഹ്യദയം കൊണ്ടല്ല തലച്ചോറുകൊണ്ടു ചിന്തിക്കുക.

ഈ വേദന ശാരീരിക വേദനയ്ക്കു തുല്യമോ?

നിങ്ങളുടെ തലച്ചോർ ശാരീരികമായ വേദനയ്ക്കു കൊടുക്കുന്ന തുല്യപ്രാധാന്യമാണ് പ്രണയം പൊളിയുന്പോൾ കിട്ടുന്ന വേദനയ്ക്കും നൽകുന്നത്. എന്നാൽ പ്രണയനൈരാശ്യത്തിെൻറ കാഠിന്യത്തിൽ നാം ആഹത്യക്കു ശ്രമിക്കുകയോ പഴയ കമിതാവിനെ ഉപദ്രവിക്കുകയോ വേണ്ട. പ്രണയാഭ്യർഥന നിരസിക്കപ്പെടുന്പോൾ ഇത്തരത്തിലുളള വേദന അനുഭവപ്പെടാം. എന്നാൽ ഈയിടയ്ക്ക് കേരളത്തിലെ ഒരു കലാലയത്തിൽ സംഭവിച്ചതുപോലെ, കാമുകിയെ വേട്ടയാടി പെട്രോൾ ഒഴിച്ചു കത്തിക്കേണ്ട ആവശ്യമില്ല. പ്രണയം സുഖമുളള ഒരു അനുഭൂതിയാണെന്നു പല കവികളും വർണിച്ചിട്ടുണ്ട്. അതോടൊപ്പം ധാരാളം നൂലാമാലകളും മാനസികസർദങ്ങളും വരുമെന്നറിയുക.

പ്രണയാഭ്യർഥന നിരസിക്കപ്പെതിനുശേഷം പലരും തങ്ങളുടെ ഇഷ്ടഭാജനത്തെ കാണാനും പലവട്ടം വിളിക്കുവാനും ഇമെയിൽ വഴി ബന്ധപ്പെടുവാനും ശ്രമിക്കും. എന്നാൽ ഇതൊക്കെ നമ്മെ കൂടുതൽ വിഷാദത്തിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങളുടെ പ്രണയിയെപ്പറ്റി കൂടുതൽ ചിന്തിക്കുന്നതും അവരെപ്പറ്റി സംസാരിക്കുന്നതും നിങ്ങളുടെ മാനസികാരോഗ്യത്തിനു ഹാനികരമാണെന്നറിയുക.

പ്രണയനൈരാശ്യത്തെ അതിജീവിക്കാം

പ്രണയനൈരാശ്യത്തെ അതിജീവിക്കാനാകുമെന്ന് അറിയുക. നിങ്ങളുടെ മനസിനും തലച്ചോറിനും ഈ വേദനയിൽ നിന്നും പൂർണമായി കരകയറാൻ സാധിക്കും. അതിനായി ചില നിർദേശങ്ങൾ ഇതാ...

നിങ്ങളുടെ പ്രണയിയുടെ ചിത്രങ്ങൾ എടുത്തു നോക്കാതിരിക്കുക. നിങ്ങളൊരുമിച്ചുപോയിരുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. കുറ്റബോധത്തിെൻറ ആവശ്യമില്ല. കൂടുതലായി പഴയ കാര്യങ്ങൾ ചിന്തിക്കാതിരിക്കുക. ചില ക്രിയാകമായ കാര്യങ്ങൾ ചെയ്യാം. അതായത്, നിങ്ങൾക്ക് നിങ്ങളുടെ മുറി വ്യത്യസ്തമായി ക്രമപ്പെടുത്താം. കൊച്ചുകുട്ടികളെപ്പോലെ കളറിംഗ് പുസ്തകം കളർ ചെയ്യാം. പഴയ നല്ല സുഹൃത്തിനെ വിളിച്ചു സംസാരിക്കാം, ഓടാൻ പോകാം, പുതിയ ഒരു വ്യായാമമുറ ശീലിക്കാം. ഓടുകയോ,ജിമ്മിൽ പോവുകയോ ഒരു ടീമിൽ (ഏതു കളിയും) ചേരുകയോ ആവാം. ഒരു കൊയറിൽ (സംഘഗാനം) പാടാൻ ശ്രമിക്കാം. ഇടയ്ക്ക് കുളിമുറിിൽ ഷവറിനു കീഴിൽ നിന്ന് നന്നായി ഉറക്കെ പാടാം. രാവിലെയും വൈകിട്ടും അരമണിക്കൂർ നടക്കാൻ പോകാം. വ്യായാമത്തിലൂടെ പുതിയ ഉൗർജം കൈവരിക്കുന്നതോടൊപ്പം പുതിയ ആളുകളെ പരിചയപ്പെടാനുളള അവസരമായും ഇത് തീരും.


നഷ്ടപ്പെട്ട ആ ബന്ധത്തെപ്പറ്റി ചിന്തിക്കാതെ, ഇതിൽ നിങ്ങൾക്കു ലഭിച്ച നല്ല നിമിഷങ്ങളെ ഓർക്കാം. പ്രണയിയും നിങ്ങളുടെ ആവശ്യങ്ങളെ മറന്നു എന്ന കാര്യം ഓർക്കാം. അതിനാൽ നഷ്ടബോധം വേണ്ട. ആത്മീയതയിലേക്ക് തിരിയുന്നതും പ്രാർഥനയും നിങ്ങളുടെ മനസിന് വലിയ ആശ്വാസം നൽകും.റിലാക്സേഷൻ എക്സർസൈസുകൾ ശീലിക്കാം. സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാം. കുടുംബാംഗങ്ങളുമായി ചേർന്ന് സമയം ചെലവഴിക്കുക. ഒരു പ്രത്യേക സന്തോഷം കുടുംബത്തിൽ തന്നെയുണ്ടെന്നറിയുക. കുടുംബാംഗങ്ങളും പ്രണയനൈരാശ്യത്തിലിരിക്കുന്ന വ്യക്തിയെ മാനസികമായി പിന്തുണയ്ക്കണം. എല്ലാ കാര്യങ്ങളും മാതാപിതാക്കളോടു തുറന്നു സംസാരിക്കണം. വിഷാദരോഗമോ ഉത്ക്കണ്ഠയോ ഉണ്ടെങ്കിൽ സൈക്യാട്രിസ്റ്റിനെ കണ്ടു ചികിൽസിക്കുവാൻ മടിക്കേണ്ട.

ഉടനെ തന്നെ മറ്റൊരു ബന്ധത്തിൽ ചെന്നു ചാടാതിരിക്കുക. ഒരു വർഷമെങ്കിലും വേണം നിങ്ങളുടെ മനസ് തിരിച്ച് പക്വമായ അവസ്ഥയിലേയ്ക്കു വരുവാൻ. പോസിറ്റീവായി ചിന്തിക്കുക. നല്ല പുസ്തകങ്ങൾ വായിക്കുക. ഇതൊന്നും ജീവിതത്തിെൻറ അന്ത്യമല്ലെന്നറിയുക. എല്ലാത്തിനും സ്വയം പഴിചാരാതെ ക്രിയാകമായ കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുക.നിങ്ങളുടെ ആരോഗ്യവും കുടുംബവുമാണ് ഏറ്റവും വലിയ നിധി എന്ന് തിരിച്ചറിയുക. ഈ പ്രണയനൈരാശ്യത്തിലൂടെ ഞാൻ എന്തു പാഠം പഠിച്ചു എന്ന് അവലോകനം ചെയ്യുക. നിങ്ങളുടെ പഠനത്തിനും കരിയറിനും കൂടുതൽ പ്രാധാന്യം നൽകുക. തങ്ങൾ കടന്നുപോയത് ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയല്ല, മറിച്ചു ജീവിതത്തിനുതകുന്ന ചില പാഠങ്ങൾ ഈ ബന്ധത്തിലൂടെ ലഭിച്ചു എന്ന തിരിച്ചറിവാകണം മുന്നോട്ടു പോകുവാനുള്ള ചാലകശക്തി.

ഇനിയുള്ള ജീവിതത്തെ കൂടുതൽ ഗൗരവമായി കാണാൻ താൻ പഠിച്ചു എന്നു മനസിലാക്കുക. തെൻറ ഭാവി ഭാസുരമാണെന്ന ശുഭപ്രതീക്ഷയാണ് മുന്നോട്ടു പോകുവാൻ നമ്മെ സഹായിക്കേണ്ടത്. ഇതിനായി നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ തന്നെ വിശ്വസിക്കണം. എനിക്കു മുന്നോട്ടു പോയി ധൈര്യമായി ലോകത്തെ അഭിമുഖീകരിക്കണമെന്ന ആഗ്രഹമാകെ നിങ്ങളെ നയിക്കുന്നത്. കൂടുതൽ സമയവും പ്രകൃതിയുമായും, നിങ്ങളുടെ കുടുംബാംഗങ്ങളുമായും ഇഴുകിച്ചേർന്നാൽ പ്രണയ നൈരാശ്യത്തെ മറക്കാൻ മറ്റൊരു പ്രതിവിധി അന്വേഷിക്കേണ്ടതില്ല.

||

ഡോ. നതാലിയ എലിസബത്ത് ചാക്കോ
ചീഫ് സൈക്കോളജിസ്റ്റ്, കിംസ് ഹോസ്പിറ്റൽ, കോട്ടയം