സന്തോഷം പൂർണമാക്കാൻ എടുക്കാം, മറ്റേണിറ്റി ഇൻഷുറൻസ്
സന്തോഷം പൂർണമാക്കാൻ എടുക്കാം, മറ്റേണിറ്റി ഇൻഷുറൻസ്
Saturday, July 1, 2017 3:47 AM IST
അച്ഛനും അമ്മയുമാകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് സന്തോഷം പകരുന്ന കാര്യം തന്നെയാണ്. പക്ഷേ, അതോടൊപ്പം അവരുടെ സാന്പത്തികവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങളും വർധിക്കുകയാണ്. ആരോഗ്യമുള്ള ഒരു കുട്ടിയെ ലഭിക്കണം എന്നുള്ള ചിന്തകൾക്കൊപ്പം മാതാപിതാക്കളുടെ ഉള്ളിൽ മറ്റൊരു ചിന്തകൂടിയുണ്ടാകും. വർധിച്ചു വരുന്ന ചെലവുകളെപ്പറ്റിത്തന്നെ. മാസാമാസമുള്ള ചെക്കപ്പുകൾ, മരുന്നുകൾ, ആശുപത്രി ചെലവുകൾ, പ്രസവ സമയത്തെ ചെലവുകൾ അങ്ങനെ അങ്ങനെ ചെലവുകൾക്ക് ഒരു കുറവുമില്ല.

താരതമ്യേനെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലാണ് പ്രസവം എങ്കിൽ ചെലവ് 50000 രൂപ മുതൽ 2 ലക്ഷം വരെ എത്തി നിൽക്കും. പ്രസവസമയത്തു ചെലവുകൾക്കു പണം കണ്ടെത്താൻ ഓടിനടക്കേണ്ട, മറ്റേണിറ്റി ഇൻഷുറൻസ് സഹായത്തിനെത്തും. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മഹൂർത്തം ആകുലതകൾ ഇല്ലാതെ ആസ്വദിക്കയും ചെയ്യാം.

കവറേജ്

മറ്റേണിറ്റി ഇൻഷുറൻസിൽ കവർ ചെയ്യുന്നത് ചുവടെ നൽകിയിരിക്കുന്ന ചെലവുകളാണ്.

1. ആശുപത്രി ചെലവുകൾ: ഹോസ്പിറ്റൽ റൂമിന്‍റെ വാടക, നഴ്സിംഗ്, അനസ്തെറ്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണർ, സർജൻ, ആംബുലൻസ് എന്നിവക്കുള്ള ചാർജ്(കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ തങ്ങണം)

2. പ്രസവത്തിനു മുൻപും പിൻപുമുള്ള ഹോസ്പിറ്റൽ ചാർജുകൾ:
പരിശോധന ടെസ്റ്റുകൾക്കുള്ള ചെലവ്, മരുന്നുകൾ, കണ്‍സൾട്ടേഷൻ ഫീസ്, മുതലായ ചാർജുകൾ. പ്രസവത്തിനു ശേഷമുള്ള കണ്‍സൾട്ടേഷൻ ചാർജുകൾ ഇത് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനുശേഷമുള്ള 60 ദിവസത്തെ ചെലവുകളാണ് കവർ ചെയ്യുക.

3. ജനനത്തിനു മുന്പും ശേഷവും കുട്ടിക്കു വരുന്നചെലവുകൾ:
അൾട്ര സൗണ്ട് സ്കാനിംഗ്, മരുന്നുകൾ, ഡോക്ടറുടെ കൾസൾട്ടേഷൻ ഫീസ്, റെഗുലർ ചെക്കപ്പുകൾ മുതലായ ചെലവുകൾ ഇതിൽ കവർ ചെയ്യും. പ്രസവത്തിന് മുൻപും പിൻപും അമ്മക്ക് വരുന്ന ചെലവുകളും ഇതിൽ ഉൾപ്പെടും.

4. നവജാത ശിശുവിനുള്ള കവറേജ്: ശിശു ജനിച്ച് 90 ദിവസം വരെയാണ് നവജാത ശിശുവിനുള്ള കവറേജ് ലഭിക്കുന്നത്. പോളിസിയിൽ പറഞ്ഞിരിക്കുന്ന പരിധിക്കുള്ളിൽ നിൽക്കുന്ന ശിശുവിനു വരുന്ന ഹെൽത്ത്കെയർ ചെലവുകൾ.

5. ആംബുലൻസ് ചാർജ്: പ്രസവ സമയത്ത് അമ്മയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ആംബുലൻസിന്‍റെ ചെലവും മിക്കവാറും എല്ലാ ഇൻഷുറൻസ് പ്ലാനിലും ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ കൂട്ടിച്ചേർക്കാം
ആരോഗ്യ ഇൻഷുറൻസ്പ്ലാനുകളിൽ മറ്റേണിറ്റി കവറേജ് പലപ്പോഴും ഉൾപ്പെടുത്തിയിട്ടുണ്ടാകും. അല്ലാത്ത പക്ഷം കൂട്ടിച്ചേർക്കാനുള്ള അവസരം ഉണ്ടാകും.

അധിക പ്രീമിയം അടച്ചു വേണം കൂട്ടിച്ചേർക്കാൻ.
1. അപ്പോളോ മ്യൂണിച്ചിന്‍റെ ഈസി ഹെൽത്ത് ഇൻഡിവിജ്വൽ പ്ലാനിംഗിൽ പ്രസവത്തിനു മുൻപും ശേഷവുമുള്ള മറ്റേണിറ്റി ചെലവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2. റെലിഗർ ഹെൽത്തിന്‍റെ ജോയി ടുഡേ/ടുമോറോ എന്നത് മെറ്റേണിറ്റി, നവജാതശിശു കവറേജിനായി പ്രത്യേകം രൂപകല്പന ചെയതിരിക്കുന്ന ഇൻഷുറൻസ് പോളിസിയാണ്.

3. ആദിത്യ ബിർള ഹെൽത്ത ഇൻഷുറൻസിന്‍റെ ആക്ടീവ് ഹെൽത്ത് മറ്റേണിറ്റി കവറേജ് അധികമായി നൽകുന്ന ഒരു പോളിസിയാണ്. ഈ കവറേജ് ലഭിക്കണമെങ്കിൽ അധിക പ്രീമിയം അടക്കണം.

നേരത്തെ എടുക്കാം വെയിറ്റിംഗ് പിരീഡ് കുറയ്ക്കാം

മറ്റേണിറ്റി ഹെൽത്ത് പ്ലാനിന് അൽപം വെയിറ്റിംഗ് പിരീഡുണ്ട്. പോളിസി എടുത്ത ഉടനെ കവറേജ് ലഭിക്കില്ല. പോളിസ് എടുത്ത് രണ്ടു മുതൽ നാലു വർഷം വരെ കഴിഞ്ഞാൽ മാത്രമേ പല മറ്റേണിറ്റി കവറേജുകളും ലഭ്യമാകു.

ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് പിരീഡിൽ ലഭ്യമാകുന്ന മറ്റേണിറ്റി പോളിസി റെലിഗർ ഹെൽത്തിന്‍റെ ജോയ് മറ്റേണിറ്റി ആൻഡ് ന്യൂ ബോണ്‍ ബേബി കവറേജാണ്. ഒന്പതു മാസമാണ് കാത്തിരുപ്പു സമയം.

ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിന്‍റെ ആക്ടീവ് ഹെൽത്ത് പോളിസി പ്രകാരം രണ്ടു വർഷത്തെ തുടർച്ചയായ കവറേജ് ഉണ്ടെങ്കിൽ മാത്രമേ മെറ്റേണിറ്റി കവറേജ് ലഭിക്കു. സ്റ്റാർ ഹെൽത്തിന്‍റെ സ്റ്റാർ കോംപ്രഹൻസീവ് ഇൻഷുറൻസ് പോളിസിയുടെ കവറേജ് ലഭിക്കണമെങ്കിൽ മൂന്നു വർഷം കാത്തിരിക്കണം.

അതു കൊണ്ട് കല്യാണത്തിനു മുന്പേ പോളിസി എടുക്കുന്നതാണ് നല്ലത്.

പരിമിതികൾ

സാധാരണ് ഇൻഷുറൻസ് കവറേജുകൾ പോലെ ചെലവായ മുഴുവൻ തുകയും മറ്റേണിറ്റി ഇൻഷുറൻസിൽ ലഭിക്കില്ല. മറ്റേണിറ്റി കവറേജിന് പരിധികളുണ്ട്. റെലിഗർ ഹെൽത്തിന്‍റെ ജോയ് ഹെൽത്ത് പ്ലാനാണെങ്കിൽ അഞ്ചു ലക്ഷം രൂപയുടെ കവറേജിന് മറ്റേണിറ്റി ചെലവായി 50,000 രൂപയും നവജാത ശിശുവിനുള്ള ചെലവായി 50,000 രൂപയുമെ ലഭിക്കുകയുള്ളു. സ്റ്റാർ ഹെൽത്തിന്‍റെ സ്റ്റാർ വെഡിംഗ് ഗിഫ്റ്റ് ഇൻഷുറൻസ് പോളിസിക്ക് പ്രസവത്തിന് 20,000 രൂപ, സിസേറിയന് 25,000 രൂപ ജനനത്തിനു മുന്പും ശേഷവും വരുന്ന ചെലവായി 2,000 രൂപ 4,000 രൂപ എന്നിങ്ങനെയെ ലഭിക്കു.

ആദിത്യ ബിർളയെുട ആക്ടീവ് പോളിസിക്ക് പ്രസവത്തിന് 75,000 രൂപ, സിസേറിയന് 100,000 രൂപ എന്നിങ്ങനെയാണ് കവറേജ്. മെട്രോ നഗരങ്ങളിൽ പ്രസവചെലവ് ഒരു ലക്ഷം രൂപ മുതൽ മുകളിലോട്ടാണ്. അതിനാൽ പോളിസി എടുക്കുന്പോൾ എത്ര മാത്രം കവറേജ് ലഭിക്കും എന്നതു മനസിലാക്കി വേണം തെരഞ്ഞെടുക്കാൻ.ഇതു കൂടാതെ ചില കാര്യങ്ങളെക്കൂടി മറ്റേണിറ്റി ഇൻഷുറൻസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1. പ്രായപരിധി 45 വയാസണ്.
2. എക്ടോപിക് പ്രഗ്നൻസി (യൂട്രസിനു പുറത്തുണ്ടാകുന്ന ഭ്രൂണവളർച്ച)
3. ഗർഭിണിയായ ശേഷമുള്ള ആദ്യത്തെ 12 ആഴച്ചയിലെ മെഡിക്കൽ ചെലവുകൾ കവറേജിൽ ഉൾപ്പെടുത്തില്ല
4. പോളിസി എടുക്കുന്പോൾ നിലവിൽ ഗർഭിണിയാണെങ്കിൽ കവറേജ് ലഭിക്കില്ല
പ്രീമിയം

മറ്റ് ഇൻഷുറൻസ് പോളിസികളെക്കാൾ മറ്റേണിറ്റി ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം അൽപം കൂടുതലായിരിക്കും. പക്ഷേ, ഏറ്റവും ചെലവു വരുന്ന പ്രസവ ചെലവുകൾ സൗജന്യമെന്നോണം നിങ്ങൾക്കു ലഭിക്കും. ജോയ് ടുഡേ പ്ലാനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പ്രീമിയം അഞ്ചു ലക്ഷത്തിന് 23,891 രൂപ, മൂന്നു ലക്ഷത്തിന് 17,705 രൂപ എന്നിങ്ങനെയാണ്.