അങ്കമാലിക്കാരൻ
അങ്കമാലിക്കാരൻ
Monday, June 19, 2017 2:41 AM IST
ഒന്നും എന്‍റെ കൈയിലല്ലല്ലോ......? സന്തോഷം എന്നല്ലാതെ എന്തുപറയാൻ. നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതിെൻറ സന്തോഷത്തിലാണ് അങ്കമാലി കരയാന്പറന്പുകാരനായ ആന്‍റണി വർഗീസ് എന്ന ചെറുപ്പക്കാരൻ. അതിലുപരി നാടിെൻറ കഥപറയുന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞുവെന്നതിെൻറ അഭിമാനവും. അങ്കമാലി ഡയറീസ് എന്ന ചിത്രം കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തതിെൻറ സന്തോഷത്തിൽ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ ആന്‍റണി വർഗീസ് പങ്കുവയ്ക്കുന്നു...

വർഗീസ് പെപ്പെ എന്ന നാട്ടുകാരൻ

വർഗീസ് പെപ്പെ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. അങ്കമാലിക്കാരുടെ കഥ പറയുന്ന ചിത്രവും കഥാപാത്രവുമായതിനാൽ കാരക്ടറിനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല. നാടിെൻറ രീതിയും നാട്ടുകാരുടെ രീതിയും അറിയാവുന്നതിനാൽ ഒരുതരത്തിൽ പറഞ്ഞാൽ എളുപ്പമായിരുന്നു. ആകെ ചെയ്തത് ഭാരം കുറച്ചൂന്നുള്ളതാണ്. ലിജോ ചേട്ടനെയും ചെന്പൻ ചേനെയുമൊക്കെ കാണുന്പോൾ ഞാൻ 84 കിലോ ഉണ്ടായിരുന്നു. അവര് തടി കുറയ്ക്കാൻ പറഞ്ഞു. അതുമാത്രമാണ് പടത്തിനു വേണ്ടി പ്രത്യേകമായി ചെയ്തത്.

മഹാരാജാസ് എന്ന പ്ലാറ്റ്ഫോം

മഹാരാജാസ് കോളജാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. കോളജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അഞ്ച് ഷോർട്ട്ഫിലിമുകൾ ചെയ്തിരുന്നു. അതാണ് സിനിമയിലേക്കുള്ള വഴി തുറന്നു തന്നത്. അവിടത്തെ സുഹൃത്തുക്കളാണ് എന്നെ വളർത്തിയത്. ഞങ്ങൾ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു അവിടെ. പഠിച്ചിരുന്ന കാലത്തെല്ലാം സിനിമയെക്കുറിച്ചാണ് ചർച്ച ചെയ്തത്. അതായിരുന്നു കാന്പസ് ലൈഫ്. രാത്രി റൂമിൽ സിനിമ ചർച്ചകളും അഭിനയിക്കലും ബഹളവുമൊക്കെയായിരിക്കും. നട·ാരെയും സംവിധായകരെയും കാണാൻ പോകലും സംസാരിക്കാൻ അവസരം കിട്ടിയാൽ കഥ പറയലുമൊക്കെയായിട്ട് ഒരുപാട് സന്തോഷം നിറഞ്ഞ കാലഘട്ടമായിരുന്നു അത്. ഒരുപാട് കഥകൾ ഞങ്ങൾ ഹോസ്റ്റൽ റൂമിലിരുന്ന് ചർച്ച ചെയ്തിട്ടുണ്ട്.

ആദ്യ സിനിമയിൽ നായകൻ

സിനിമയിൽ വരുമെന്ന് പോലും കരുതിയിരുന്നില്ല. ലിജോ ചേട്ടൻ ഞങ്ങളുടെ അടുത്ത് നിങ്ങൾ അഭിനയിക്കണ്ട, വീട്ടിൽ സംസാരിക്കുന്നതുപോലെയും കൂട്ടുകാരോട് സംസാരിക്കുന്നതുപോലെയുമൊക്കെ സാധാരണ രീതിയിൽ ചെയ്താൽ മതി എന്നാണ് പറഞ്ഞത്. സിനിമയിൽ എത്തിയത് തന്നെ വലിയ സന്തോഷമാണ്. വന്നപ്പോൾ നായകനായി. ലോട്ടറി അടിച്ചതുപോലെയായിപ്പോയി. പിന്നെ പേടിയുണ്ടായിരുന്നു. ആദ്യത്തെ പടത്തിൽതന്നെ മലയാളികൾ നമ്മളെ അംഗീകരിക്കുമോ എന്ന്. പക്ഷേ സിനിമ ഇറങ്ങിയപ്പോൾ ആ പേടിയെല്ലാം മാറി.

ഒരു സ്വപ്നം യാഥാർഥ്യത്തിലേക്ക്

ഏഴ് വർഷമായിട്ട് സിനിമയുടെ പിറകെ തന്നെ നടക്കുവായിരുന്നു ഞാൻ. ഒരു സ്വപ്നമായിരുന്നു അത്. വേറൊരു ജോലിക്കു പോകേണ്ടിയിരുന്നതിൽ നിന്ന് ദൈവം പിന്നെയും അവസരങ്ങൾ തന്നു. ഇനിയും ഇതുപോലെ നല്ല സംഭവങ്ങൾ കിട്ടട്ടേ വെയിറ്റിംഗ്.

84 ഓളം പുതുമുഖങ്ങൾ

സിനിമയുടെ പ്രധാന പ്രത്യേകത എല്ലാവരും പുതുമുഖങ്ങളായിരുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ പേടിയൊന്നുമില്ലായിരുന്നു. ജനങ്ങൾ അംഗീകരിച്ചാൽ മതിയെന്നായിരുന്നു. അതായത്, സാധാരണക്കാരു വരെ പടം കാണാൻ വരും. അവരുടെ പൈസയ്ക്ക് മൂല്യം കൊടുക്കാൻ പറ്റുന്ന ഒരു പടമായിരിക്കണമെന്നെ ഉണ്ടായിരുന്നുള്ളൂ. ഇനിയും അങ്ങനെയാണ് ശ്രമം. കാരണം എല്ലാവരുടെയും പൈസയ്്ക് വിലയുണ്ടല്ലോ.


ബഹുമാനം വരുന്നൊരു വഴിയേ

നാട്ടുകാർക്ക് എല്ലാവർക്കും ഇപ്പോ ബഹുമാനമാണ്. നമ്മളെ കാണുന്പോൾ വന്ന് സെൽഫിയൊക്കെ എടുക്കും. ചിലർക്ക് കാണുന്പോൾ ഞെട്ടലാണ്. ശരിക്കും ദൈവാനുഗ്രഹം എന്നല്ലാതെ എന്തുപറയാൻ. ഒരുപാടു പേരുടെ പ്രശംസ ചിത്രത്തിന് കിട്ടിയിരുന്നു. ലാലേട്ടനും മമ്മൂക്കയുമൊക്കെ പടം കണ്ടിരുന്നു. ലാലേട്ടനും രാജുവേട്ടനും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. ജയേട്ടനും നിവിൻ ചേട്ടനും വിളിച്ചിരുന്നു. നിവിൻ ചേട്ടനെ നേരിട്ട് കണ്ടിരുന്നു. അങ്ങനെ ഒരുപാട് സന്തോഷം തന്ന പടമായിരുന്നു അങ്കമാലി ഡയറീസ്.

പിള്ളേരുടെ കട്ട സപ്പോർട്ട്

പടം ഇറങ്ങിയ ദിവസം ചെറിയ പേടിയുണ്ടായിരുന്നു. അങ്കമാലി കാർണിവലിലാണ് പടം കാണാൻ പോയത്. എന്താണ് പറയുക, ശരിക്കും കണ്ണൊക്കെ നിറഞ്ഞു പോയി. പിന്നെ എറണാകുളത്തേക്ക് പോയി, പദ്മയിലാണ് പടത്തിന് കയറിയത്. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഹൗസ് ഫുൾ ആകുമെന്ന.് പക്ഷേ പിള്ളേരുടെ കട്ട സപ്പോർട്ടായിരുന്നു. എവിടുന്നൊക്കയാണ് പിള്ളേര് വന്നതെന്ന് ഒരു പിടിത്തവുമില്ല. മഹാരാജാസിൽ ഞാൻ പഠിച്ചതുകൊണ്ട് അവിടുന്നു കുറെ പിള്ളേർ വന്നിരുന്നു. തിയറ്റർ ഹൗസ്ഫുള്ളായിരുന്നു. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ തന്നെ നമുക്ക് ഏകദേശം പിടിത്തം കിട്ടി പടം കേറിയെന്ന്. പിന്നെ പുറത്തേക്ക് ഇറങ്ങിയപ്പോൾ നമ്മളെ എടുത്ത് പൊക്കലും മാല ഇടീക്കലും. ഞാൻ പണ്ട് സ്വപ്നം കണ്ടിരുന്ന കാര്യങ്ങളൊക്കെ റിയലായിട്ട് നടന്നപ്പോൾ കണ്ണുനിറഞ്ഞുപോയി.

അങ്കമാലിയിലേക്ക് ഒരു ഷോർട്ട്ഫിലിം ദൂരം

ചിത്രത്തിലേക്ക് എത്താൻ കാരണമായത് ഒരു ഷോർട്ട് ഫിലിമാണ്. മഹാരാജാസിൽ പഠിച്ചിരുന്ന സമയത്ത് എടുത്ത ബലിയാട് എന്ന ഷോർട്ട് ഫിലിം. അതുകണ്ട് അസിസ്റ്റൻറ് ഡയറക്ടർ ശരത്തേട്ടനും കൃഷ്ണമൂർത്തി ചേട്ടനുമാണ് ചെന്പൻ ചേട്ടനോട് (ചെന്പൻ വിനോദ് ജോസ്) എെൻറ കാര്യം പറയുന്നത്. അങ്ങനെ ചെന്പൻ ചേട്ടനും ലിജോ ചേട്ടനും (ഡയറക്ടർ ലിജോ ജോസ് പെല്ലിശേരി) എെൻറ ഷോർട്ട്ഫിലിം കണ്ടു. എന്നിട്ട് നെരുങ്ങൂരുള്ള ഒരു റസ്റ്ററൻറിൽ ചെല്ലാൻ പറഞ്ഞു. അവിടെ വച്ച് രണ്ടു മിനിറ്റ് സംസാരിച്ചശേഷം പോകാൻ പറഞ്ഞു.

അതിനുശേഷമാണ് ചെന്പൻ ചേട്ടെൻറ അനിയൻ ഉല്ലാസ് ജോസ് ചെന്പൻ ചേട്ടനാണ് സിനിമയിൽ റോൾ ഉണ്ടെന്ന് പറഞ്ഞത്. ഒരു ഓഡീഷൻ ഉണ്ടാകും, ചെറിയ റോളായിരിക്കും പറയാം എന്നും പറഞ്ഞു. ഈ സമയത്ത് ഞാൻ സിംഗപ്പൂരിൽ പോകാനായിട്ട് വീസ ശരിയാക്കി ഇരിക്കുകയായിരുന്നു. ആ സമയത്താണ് സിനിമ വന്നത്. വീട്ടിൽ സംസാരിച്ചപ്പോൾ അമ്മയും അച്ഛനും സമ്മതിച്ചു. അതിനിടയിൽ ഓഡീഷൻ നടത്തി. നാലഞ്ച് സ്റ്റേജ് ഓഡീഷൻ ഉണ്ടായിരുന്നു. അവസാനം എൻറടുത്ത് പറഞ്ഞു ഇതിൽ ലീഡ് റോളാണ് ചെയ്യുന്നതെന്ന്. ഞാൻ ശരിക്കും എക്സൈറ്റഡായിപ്പോയി.

ജീവിത രേഖ

ആൻറണി വർഗീസ്
മടത്തുംകുടി
അച്ഛൻ: വർഗീസ് എം.ഒ
അമ്മ: അൽഫോൻസാ വർഗീസ്
അനുജത്തി: അഞ്ജു വർഗീസ്

ജിൻസ് ജോയ്