ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
Tuesday, May 30, 2017 4:25 AM IST
ആയിരം കോഴിക്ക് അരകാട- മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം തന്നെ കാട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാടമുട്ടയ്ക്കും ഇറച്ചിക്കും പ്രിയം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ വിപണന സാധ്യത മനസിലാക്കി കാടവളർത്തലിലേക്ക് തിരിഞ്ഞ യുവകർഷകനാണ് എറണാകുളം ജില്ലയിലെ തുറവൂർ വാതക്കാട് തളിയൻ ബൈജു. സാന്പത്തിക പ്രശ്നങ്ങളെ നേരിടാൻ പുത്തൻ വഴികൾ തേടിയുള്ള യാത്രയിലാണ് കാട വളർത്തൽ ആരംഭിക്കുന്നത്. മലപ്പുറത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് 50 കാടകളെ വളർത്തിയാണ് തുടക്കം. 16 വർഷം മുന്പ് ആരംഭിച്ച കാട വളർത്തൽ ഫാം, ഇന്ന് പട്ടാന്പിയിലെ സ്വന്തം സ്ഥലത്താണ് പ്രവർത്തിക്കുന്നത്.

ഘട്ടം ഘട്ടമായി കാടവളർത്തിൽ വികസിപ്പിച്ച കർഷകനാണ് ബൈജു. പരിചരണത്തിലൂടെ നേടുന്ന പുത്തൻ അറിവുകൾ പരീക്ഷിച്ച് മികച്ച വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണ കർഷകർക്ക് ഇന്നത്തെ ഹൈടെക് കൂടുകൾ ഉപയോഗിച്ചുള്ള കാടവളർത്തൽ ലാഭകരമല്ലന്ന അഭിപ്രായക്കാരനാണ് ബൈജു. കുറഞ്ഞ മുതൽ മുടക്കിൽ കൂടുൽ നേട്ടം ഉറപ്പാക്കാൻ നാടൻ കോളനി രീതിയാണ് ഉത്തമം. നമ്മുടെ കാലവസ്ഥയ്ക്കനുയോജ്യമായി വളരുന്നത് നാടൻ ഇനങ്ങൾ തന്നെയാണ്. അത്യുത്പാദന ശേഷിയുള്ള കാടകൾ ലഭ്യമാണെങ്കിലും നാടനെക്കാൾ കൂടുതൽ ഉത്പാദനമോ വളർച്ചയോ അവയ്ക്ക് ലഭിക്കുന്നില്ലന്നാണ് ബൈജുവിന്‍റെ അനുഭവം.

കാടകളെ മൂന്നു തരത്തിലാണ് വളർത്തുന്നത്. മുട്ടയ്ക്കും ഇറച്ചിക്കും കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനും വേണ്ടിയാണിത്. മുട്ടകാടകളെ വളർത്തുന്ന രീതിയാണ് കൂടുതൽ. ചിലർ ഇറച്ചികാടകളെയും വളർത്തുന്നുണ്ട്. കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനുവേണ്ടിയുള്ള മുട്ടയ്ക്കായി കാടകളെ വളർത്തുന്നവർ ചുരുക്കമാണ്. കാടകൾ അടയിരിക്കാത്തതിനാൽ ഹാച്ചറിയിലാണ് വിരിയിക്കൽ. മൂന്ന് കാടകൾക്ക് ഒരു ആണ്‍ കാട എന്ന അളവിലാണ് ഇവയുടെ പരിചരണം. കുഞ്ഞുങ്ങളുടെ ഉത്പാദനം ലക്ഷ്യമാക്കിയുള്ള കാടവളർത്തലാണ് ബൈജുവിന്േ‍റത്. മലപ്പുറം സ്വദേശിയായ പാവുത്താനത്ത് റെഷീദിന്‍റെ പങ്കാളിത്വത്തോടുകൂടിയാണ് മൂന്ന് വർഷം മുന്പ് ഈ രീതി ആരംഭിക്കുന്നത്. ഇതോടൊപ്പം ചെറിയൊരു ഹാച്ചറിയും ഇവിടെയുണ്ട്.

കോളനി രീതിയിൽ തയാറാക്കിയ കൂടുകളിലാണ് കാടകളെ വളർത്തുന്നത്. ഒന്നിനു മുകളിൽ ഒന്നായി ഒരേ ചട്ടത്തിൽ നാല് കൂടുകൾ ഉറപ്പിച്ചിരിക്കുന്നു. കുടുകളുടെ അടിഭാഗത്തിന്‍റെ ഒരു വശത്തിന് നാല് ഇഞ്ച് വലിപ്പകൂടുതലുണ്ട്. മുട്ടകൾ താഴേയ്ക്ക് ഉരുണ്ടു വരാനാണിത്. മൂന്നടി വീതിയും ഏഴടി നീളവുമുള്ള കൂടുകളാണ് ഉത്തമം. കാടകൾക്ക് ഉപയോഗിക്കുന്ന നെറ്റ് വാങ്ങി സ്വയം കൂട് നിർമിച്ചാൽ ചെലവ് കുറയ്ക്കാം. സ്വന്തം ആശയത്തിൽ തീർത്ത കൂടുകളിലാണ് ഇവരുടെ കാടകൾ വളരുന്നത്. തട്ടുകൾ തമ്മിൽ പതിനഞ്ച് സെന്‍റീമീറ്റർ അകലമുണ്ട്. തട്ടുകൾക്കടിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് നിരത്തി അതിനുമുകളിൽ ന്യൂസ്പേപ്പർ വിരിച്ചരിക്കുന്നു. ഇതിലേക്കാണ് കാടകളുടെ കാഷ്ഠം വീഴുന്നത്. ഇത് രണ്ടു ദിവസം കൂടുന്പോൾ നീക്കം ചെയ്യും കാടകൾക്ക് 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി കൂടുകളിൽ പിവിസി പൈപ്പ് നടുവിലൂടെ നീളത്തിൽ മുറിച്ച് രണ്ടറ്റവും അടച്ച് വീതിയുള്ള വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ആറ് ഇഞ്ചിന്‍റെ പിവിസി പൈപ്പ് കൂടിന്‍റെ നീളത്തിൽ വാങ്ങി നടുവിലൂടെ നീളത്തിൽ മുറിച്ച് ഓരോന്നിന്‍റെയും രണ്ടറ്റവും അടച്ച് കൂടിന്‍റെ പുറത്ത് സ്ഥാപിക്കുക. ഇതിൽ തീറ്റനൽകാം. ഒരു കൂടിന് ഒരു തീറ്റപ്പാത്രംമതി.

ഇറച്ചിക്കാടകളെ കോഴികളെ വളർത്തുന്ന രീതിയിൽ തുറന്ന ഷെഡ്ഡിനകത്ത് തറയിൽ ചകിരിച്ചോറ് വിതറിയിട്ട് വളർത്താം. ഡീപ് ലീറ്റർ എന്നറിയപ്പെടുന്ന ഈ രീതിയിൽ വളർത്തുന്പോൾ കോഴികൾക്ക് വെള്ളവും തീറ്റയും നൽകുന്നതുപോലുള്ള പാത്രങ്ങൾ തന്നെയാണ് ഒരു കാടയ്ക്ക് ഒരു ദിവസം വേണ്ടത്. ആറാഴ്ചയാകുന്പോൾ 150 മുതൽ 200 ഗ്രാം വരെ തൂക്കംവയ്ക്കും. 25 മുതൽ 30 രൂപ വരെയാണ് ഇറച്ചിക്കാടയുടെ വില. രു ദിവസം പ്രായമായ കുഞ്ഞിന് ആറുരൂപയാണ് വില. മൂന്നാഴ്ച വളർച്ചയെത്തിയ ആണ്‍ കാടയ്ക്ക് 21 രൂപയും പെണ്‍കാടയ്ക്ക് 28 രൂപയുമാണ് വില. മൂന്നാഴ്ചയ്ക്കിടയിൽ ആണ്‍ പെണ്‍ കാടകളെ തിരിച്ചറിയാൻ കഴിയും. നെഞ്ചിനോട് ചേർന്നുള്ള കഴുത്തിൽ ഇളം ചുവപ്പ് നിറമണെങ്കിൽ ആണ്‍ കാടയാണ്. കറുത്ത പുള്ളിക്കുത്തുകളോടുകൂടിയ കാടകളാണെങ്കിൽ പെണ്‍കാടയും. പെണ്‍ കാടകൾക്ക് വലിപ്പം കൂടുതലാണ്. ആദ്യമാസത്തെ മുട്ടകൾക്കുശേഷം നാലുമാസം ഇടുന്ന മുട്ടകളാണ് വിരിയിക്കാനായി എടുക്കുന്നത്.


ഇൻക്യൂബേറ്ററിൽ മുട്ടകൾ വിരിയിച്ചെടുക്കാൻ 18 ദിവസം വേണം. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് പതിമൂന്ന് ദിവസം കൃത്രിമമായി ചൂടു നൽകണം. അറുപത് വാട്ടിന്‍റെ ബൾബുകളാണ് ഇതിനായി തെളിച്ചിടുന്നത്. പതിമൂന്ന് ദിവസത്തിനുശേഷം തുറന്നിട്ട കൂട്ടിൽ പ്രകൃതിയോട് ഇണങ്ങി വളരാൻ പരിശീലിപ്പിക്കുന്നു. പത്തു ദിവസത്തെ പരിചരണത്തിനു ശേഷമാണ് കുഞ്ഞുങ്ങളുടെ വില്പന. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ വാങ്ങി കാടവളർത്തുന്നതാണ് കൂടുതൽ ലാഭകരം. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സൗകര്യം ഇതിനാവശ്യമാണ്. ഈ സൗകര്യം ഇല്ലാത്തവർ മൂന്നാഴ്ച വളർച്ചയുള്ള കുഞ്ഞുങ്ങളെ വാങ്ങണം. ഇതാകുന്പോൾ ഇനം തിരിച്ച് വാങ്ങാം.

വളരെ കുറഞ്ഞ മരണനിരക്കും, തീറ്റയും കൂടിയ രോഗപ്രതിരോധശേഷിയുമാണ് കാടകളുടെ പ്രധാന ആകർഷകത്വം. 12 ഗ്രാം വരെയുള്ള മുട്ടകൾക്ക് രണ്ടുരൂപ ലഭിക്കും. മുട്ടകൾക്കായി വളർത്തുന്പോൾ ആറു ശതമാനവും പെണ്‍കാടകളെ തന്നെ വളർത്തണം. ഒരു വർഷത്തിനുശേഷം ഇറച്ചിക്കായി വില്പന നടത്തി, പുതിയ ബാച്ചിനെ വളർത്താൻ തുടങ്ങണം. ദിവസേനയുള്ള പരിചരണവും ശ്രദ്ധയും കാടവളർത്തൽ ലാഭകരമാക്കാൻ വഴിയൊരുക്കും. കുഞ്ഞുങ്ങൾക്ക് ആദ്യഘട്ടത്തിൽ അഞ്ചു ദിവസം വരെ ഫ്രീസ്റ്റാർട്ടറും പിന്നീട് കാടതീറ്റയോ, ലെയറോ നൽകാം. വെള്ളത്തിനോടൊപ്പം വിറ്റാമിൻ ബി ദിവസവും നൽകുന്നത് നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലി എന്ന അളവിൽ ഏൃീ്ശുഹലഃ അണ് ബൈജു നൽകുന്നത്.
കാടകളുടെ പരിപാലനച്ചെലവിന്‍റെ 60 ശതമാനവും തീറ്റക്കാണ് പോകുന്നത്. മുട്ടയിടാൻ തുടങ്ങുന്നതിനുമുന്പ് ഒരു കിലോ തീറ്റയിൽ 100 ഗ്രാം കക്കപ്പൊടി ചേർത്ത് നൽകുന്നത് നല്ലതാണ്. പഴകിയതോ പൂപ്പൽ ബാധിച്ചതോ ആയ തീറ്റകൾ നൽകരുത്. ഭക്ഷണവസ്തുക്കളിലൂടെയാണ് രോഗങ്ങൾ വരുന്നത്. പുറത്തുനിന്ന് വരുന്ന സന്ദർശകരെ കാടകളുടെ അടുത്തേയ്ക്ക് കൊണ്ടുവരുന്ന രീതി പ്രോത്സാഹിപ്പിക്കരുത്. അല്പം ശ്രദ്ധയും നല്ല പരിപാലനവും നടത്തിയാൽ കാട വളർത്തൽ ലാഭകരമാണ്. കാടവളർത്തൽ രീതി കണ്ട് മനസിലാക്കിയതിനുശേഷം കാടവളർത്തലുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയും എന്ന ബോധ്യം ഉണ്ടായാൽ മാത്രമേ കാടവളർത്തലിലേയ്ക്ക് തിരിയാവൂ. ഒരാളുടെ നേട്ടം കണ്ട് ചാടിയിറങ്ങിയാൽ നഷ്ടം ഉണ്ടാകുമെന്ന അഭിപ്രായക്കാരനാണ് ബൈജു. വളരെ ശ്രദ്ധയോടെ കാടകളെ സ്നേ ഹിച്ചു പരിപാലിച്ചതിന്‍റെ നേട്ടങ്ങൾ ബൈജുവിനുണ്ടായിയിട്ടുണ്ട്. ഏഴേക്കർ ഭൂമിയും നല്ലൊരു വീടും സ്വന്തമാക്കാൻ സാധിച്ചത് കാടപരിപാലനത്തിലൂടെയാണ്. ഭാര്യ മിനിയും മക്കളായ ജിസ്മി, ജിസ്ന, ജിയ തുടങ്ങിയവരും കാടവളർത്തലിന് പിൻതുണയും സഹായവും നല്കി കൂടെയുണ്ട്. മനസും അധ്വാനിക്കാനുള്ള താത്പര്യവും ഉണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബിനികൾക്കുപോലും മികച്ചനേട്ടം ഉറപ്പാക്കാൻ കഴിയുന്ന ഒരു പക്ഷി വളർത്ത ലാണ് കാടകളുടേത്. താത്പര്യമുള്ളവർക്ക് തന്‍റെ അനുഭവപാഠങ്ങൾ പകർന്നു നൽകാനും ബൈജു തയാറാണ്. കൂടുതൽ വിവരങ്ങൾക്ക് : ബൈജു - 9895166067

നെല്ലി ചെങ്ങമനാട്