ഈഗോ എന്ന വില്ലൻ
ഈഗോ എന്ന വില്ലൻ
Thursday, May 25, 2017 4:41 AM IST
ബീനയും സോമുവും വിവാഹിതരായിട്ട് അഞ്ചുവർഷമായി.എംഫിലും നെറ്റും പാസായ ബീന അന്നുമുതൽ ജോലിക്ക്ശ്രമിച്ചുകൊണ്ടിരുന്നു. സോമു സന്പന്നനും ബീനയേക്കാൾ വിദ്യാഭ്യാസം കുറഞ്ഞ ആളുമാണ്. ബീന ജോലിക്കു പോകേണ്ടെന്നും അവൾക്കു വേണ്ടതെല്ലാം നൽകികൊള്ളാമെന്നും സോമു അവളോടു പറഞ്ഞു. എങ്കിലും അയാൾ അറിയാതെ പിതാവിെൻറ സഹായത്തോടെ ബീന ജോലിക്ക് ശ്രമിച്ചിരുന്നു. ഒരു ദിവസം അപേക്ഷ അയയ്ക്കുന്നത് കണ്ട് സോമു ക്ഷുഭിതനായി. ചിലപ്പോഴൊക്കെ അവളുടെ ബാഗും മേശയുമൊക്കെ അയാൾ രഹസ്യമായി പരിശോധിക്കുമായിരുന്നു. എന്തെങ്കിലും അപേക്ഷാഫോം കണ്ടാൽ അവളറിയാതെ അതെടുത്തു നശിപ്പിക്കും. ത·ൂലം അവൾ സർട്ടിഫിക്കറ്റുകളെല്ലാം സ്വന്തം വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. സോമുവിെൻറ മാതാപിതാക്കൾക്ക് ബീന ജോലിക്ക് പോകുന്നത് ഇഷ്ടമായിരുന്നു. അതു പറയുന്പോൾ സോമു അവരോടും തട്ടിക്കയറുമായിരുന്നു.

സ്വപ്ന സാഫല്യം പക്ഷേ...

ഇതിനിടെ ബീനയ്ക്ക് ഒരു ഗവണ്മെൻറ് കോളജിൽ ലക്ചററായി ജോലി കിട്ടി. ജോലിക്കു പോകാൻ സമ്മതിക്കുകയില്ല എന്ന് അയാൾ ശാഠ്യം പിടിച്ചു. അയാളുടെ മാതാപിതാക്കൾ ഇടപെട്ട് അവളെ ജോലിക്ക് നിർബന്ധമായി പറഞ്ഞുവിട്ടു. കുറച്ചു ദിവസം മൗനമായിരുന്ന ശേഷം വീണ്ടും അയാൾ വഴക്ക് തുടങ്ങിയപ്പോൾ അവൾ കോളജിനടുത്തുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഇത് അയാളെ കൂടുതൽ ചൊടിപ്പിച്ചു. കുഞ്ഞിനെ കാണാൻ വേണ്ടി അവളുടെയടുത്തെത്തി പല ദിവസങ്ങളിലും വഴക്കുണ്ടാക്കിക്കൊണ്ടിരുന്നു.

ഭർത്താവും വേണം; ജോലിയും

ജോലി രാജിവച്ച് കുഞ്ഞിനെ നോക്കി വീട്ടിൽ കഴിഞ്ഞുകൊള്ളണമെന്ന് സോമു ആജ്ഞാപിച്ചു. അവൾ കൂട്ടാക്കിയില്ല. കുഞ്ഞിനെ ഉടനെ തനിക്കു വിട്ടുതരണമെന്നാവശ്യപ്പെട്ട് അയാൾ വനിതാ കീഷനിൽ പരാതി നൽകി. കൗണ്‍സലിംഗിന് ചെന്നപ്പോൾ അവൾ ജോലി രാജിവയ്ക്കുന്നില്ലെങ്കിൽ ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അയാൾ തീർത്തുപറഞ്ഞു. മറ്റൊരു കൗണ്‍സലറെയും അവൾ സമീപിച്ചു. ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം, എന്നാൽ ഈ ജോലി കളയാൻ മനസ് ഒട്ടും അനുവദിക്കുന്നില്ല എന്നും അവൾ പറഞ്ഞു. കൗണ്‍സലർ അയാളെ ഫോണിൽ വിളിച്ച് ഒന്നു കാണണമെന്ന് അറിയിച്ചപ്പോൾ, അവൾ ജോലി രാജിവച്ച പേപ്പർ കാണിച്ചാൽ സംസാരിക്കാൻ വരാമെന്നായിരുന്നു സോമുവിെൻറ മറുപടി. എന്തുവന്നാലും ജോലി രാജിവയ്ക്കുന്നില്ലെന്ന തീരുമാനത്തിൽ അവൾ ഉറച്ചു നിന്നു. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം ഒരു കോളജ് അധ്യാപിക ആകുകയെന്നതായിരുന്നു. അതുകൊണ്ടു ഒരു സ്വപ്നസാക്ഷാൽക്കാരമായിട്ടാണ് ജോലിയെ കാണുന്നതെന്നും അവൾ പറഞ്ഞു. അയാൾ വിവാഹമോചന ഭീഷണി തുടരെ തുടരെ മുഴക്കിക്കൊണ്ടിരുന്നു.

ഈഗോ നന്നല്ല

ഇവിടെ സങ്കീർണമായ ഒരു അവസ്ഥയാണ് കാണുവാൻ സാധിക്കുക. എന്തുകൊണ്ടാണ് അയാൾ കടുംപിടുത്തം നടത്തുന്നത്. സാധാരണ ആരും സ്വന്തം ഭാര്യയ്ക്ക് ആകർഷകമായ ജോലിയും നല്ല വരുമാനവും വന്നു ചേരുന്പോൾ സന്തോഷിക്കുകയാണ് പതിവ്. പക്ഷെ അയാൾക്കതിന് കഴിയുന്നില്ല. ഇഷ്ടം പോലെ സ്വത്ത് ഭർത്താവിനുണ്ടെന്നും വെറുതെ സുഖമായി ഇരുന്നു വീട്ടുകാര്യം നോക്കിയാൽ മതിയെന്നും അവൾക്ക് ബോധ്യമുണ്ടായിട്ടും അവൾ എന്തുകൊണ്ട് ജോലി രാജിവയ്ക്കാൻ തയാറാകുന്നില്ല?

നാമെല്ലാവരും ചെറുപ്പത്തിലെ നമ്മുടെ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്പോൾ അനുഭവങ്ങളിൽ നിന്ന് പല പാഠങ്ങളും പഠിച്ച് അതു നുടെ സ്വയംഭാവത്തിൽ കൂട്ടിച്ചേർക്കുന്നു. ഇങ്ങനെ പല അനുഭവങ്ങളുടെ ആകെത്തുകയായ ഒരു മനോഭാവം രൂപീകൃതമാകുന്നു. അതിനനുസരിച്ചുള്ള പെരുമാറ്റ രീതികൾ നാം സ്വന്തമാക്കുന്നു. ഈ സ്വയംഭാവമാണ് ഈഗോ.

മാതാപിതാക്കളെ ശ്രദ്ധിക്കൂ...

ഈഗോ രൂപവത്ക്കരിക്കാൻ മാതാപിതാക്കളുടെയും മുതിർന്നവരുടെയും മാതൃക വളരെയധികം സ്വാധീനിക്കും. ഏഴ് എട്ടു വയസുവരെയുള്ള imprinting കാലഘട്ടം അഥവാ Concrete thinking stage വളരെ പ്രധാന്യം അർഹിക്കുന്നു. ഈ സമയത്ത് ഉണ്ടാകുന്ന അനുഭവങ്ങളെല്ലാം കൂടി ഒരു സ്പോഞ്ച് പോലെ ഒപ്പിയെടുക്കുകയും പിന്നീട് മുന്നോട്ടുള്ള ജീവിതത്തിൽ അത് പ്രതിഫലിക്കുകയും ചെയ്യും. മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങൾ, പഠിപ്പിക്കുന്ന കാര്യങ്ങൾ അവർ തമ്മിലുള്ള പെരുമാറ്റരീതി, കുട്ടികളോടുള്ള അവരുടെ സമീപനം, അവരുടെ വൈകാരിക അവസ്ഥ, കാഴ്ചപാടുകൾ തുടങ്ങി വളരെയധികം കാര്യങ്ങൾ കുട്ടിയെ സ്വാധീനിക്കും.


പ്രശ്നങ്ങൾ നിരവധി

ഉദാഹരണത്തിന് മാതാവിെൻറ അവിശ്വസ്തത കാണാനിടയായ ആണ്‍കുട്ടി ഭാര്യയെ സംശയിക്കുന്ന സ്വഭാവം ആർജ്ജിക്കുന്നു. പിതാവിെൻറ ദാന്പത്യ അവിശ്വസ്തത കാണാനിടയായ പെണ്‍കുട്ടി പുരുഷന്മാരെ ആരെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന മനോഭാവം സ്വന്തമാക്കുന്നു. അച്ഛനും അമ്മയും ഏതു കാര്യത്തിനും പരസ്പരം വഴക്കടിക്കുകയും ഒരിക്കലും അനുരഞ്ജനപ്പെടാതിരിക്കുകയും ചെയ്യുന്നത് അനുഭവിക്കേണ്ടിവന്ന കുട്ടി നിസാരകാര്യങ്ങൾക്കുപോലും എല്ലാവരുമായും വഴക്കടിക്കും.

കൗണ്‍സലിംഗിനെത്തിയ ഒരു പിതാവ്, മകളുടെ സ്കൂൾ അധികൃതർക്കെതിരെ മന്ത്രിമാർക്കും, സ്കൂളിെൻറ ഉന്നതാധികാരികൾക്കും പരാതി നൽകുന്നതിനെപ്പറ്റി സ്വന്തം മകൻ തന്നെ വിഷമത്തോടെ പരാതി പറഞ്ഞു. വിശദമായി ശ്രവിച്ചപ്പോൾ തനിക്കിഷ്ടമില്ലാത്തതൊന്ന് കാണാനോ കേൾക്കാനോ ഇടയായാൽ ഉടൻ വിപരീതമായി പ്രതികരിച്ചുകൊള്ളുമെന്ന പാഠം കിട്ടിയത് മാതാപിതാക്കളിൽ നിന്നാണെന്ന് അയാൾക്കും വ്യക്തമായി.

സ്വന്തം ഭർത്താവ് വരാൻ അൽപം താമസിച്ചാൽ, ഫോണ്‍ വിളിക്കുന്പോൾ എടുത്തില്ലെങ്കിൽ ആശങ്കയോടെ നിരന്തരം വിളിച്ചു ഫോണ്‍ കിട്ടുന്പോൾ വഴക്കടിക്കുന്ന ഒരു ഭാര്യ കൗണ്‍സലിംഗിന് വന്നു. ഭർത്താവ് നടന്ന് വരുന്നതിനടുത്തുകൂടി സ്ത്രീകൾ കടന്നുപോകുകയോ, ഭർത്താവ് അവരുമായി സംസാരിക്കുന്നത് കാണുകയോ ചെയ്താൽ ഗംഭീരകലഹം ഉറപ്പാണ്. ഒരിക്കൽ ഭർത്താവിെൻറ കൈയിൽ ലേഡീസ് കർചീഫ് കണ്ടപ്പോൾ അവളുണ്ടാക്കിയ ബഹളം വളരെ വലുതായിരുന്നു. അയാൾ കടയിൽ കയറി എന്തോ വാങ്ങിയപ്പോൾ കിട്ടിയ കോംപ്ലിമെൻററിയായിരുന്നു അതെന്ന് വിശ്വസിപ്പിക്കുവാൻ അയാൾക്ക് വളരെയേറെ ബുദ്ധിമുണ്ടേിവന്നു. കൂടുതൽ സംസാരിച്ചപ്പോൾ അവളുടെ പിതാവ് അവൾക്ക് ഏഴുവയസുള്ളപ്പോൾ അവളെയും അയേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നു മനസിലായി. അതുകൊണ്ട് ഭർത്താവ് നഷ്ടപ്പെടുമോയെന്ന ആശങ്ക അവളെ നിരന്തരം വേട്ടയാടുന്നു.

സോമുവിെൻറ ഒരു ഉത്തമ സുഹൃത്ത് വിവാഹം കഴിച്ചത് നഴ്സിനെ ആയിരുന്നു. നാിൽ ജോലിയില്ലാതെ അവൾ കുടുംബിനിയായി കുറച്ചു നാൾ കഴിഞ്ഞപ്പോൾ വിദേശത്തു ജോലികിട്ടി. ഉടൻ തന്നെ ഭർത്താവിനെ കൊണ്ടുപോകാമെന്നു പറഞ്ഞ അവൾ കുറേക്കാലത്തേയ്ക്ക് മൗനംഭജിച്ചു. പിന്നീടാണറിയുന്നത് അവൾ വിദേശത്തുള്ള സഹപാഠിയെ വിവാഹം കഴിച്ച് അയാളുമായി ജീവിക്കുകയാണെന്ന്്. അതുകൊണ്ടു ഭാര്യയെ യാതൊരു കാരണത്താലും ജോലിക്ക് വിടരുതെന്ന ആശയം സോമുവിൽ കടന്നുകൂടി. സോമു അവളെ സ്നേഹിക്കുന്നുണ്ട്. ജോലിക്കു പോയാൽ അവൾ കൈവിട്ടു പോകുമെന്ന ശക്തമായ ഭയമാണ് അയാളെ വഴക്കിന് പ്രേരിപ്പിക്കുന്നത്.

ബീനയുടെ പിതാവിെൻറ സഹോദരപുത്രി ഉന്നത ബിരുദധാരിയായിരുന്നു. ഭർത്താവു നല്ല ഉദ്യോഗസ്ഥനായിരുന്നതിനാൽ ജോലിക്കു പോയില്ല. അവൾക്ക് മുപ്പത്തിയൊന്ന് വയസായപ്പോൾ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു. മൂന്നു കുട്ടികളുമായി സാന്പത്തികഭാരം സഹിക്കാനാവാതെ ജീവിക്കുന്ന അവൾ ഒരു ജോലി അന്വേഷിച്ചി് ലഭിക്കുന്നുമില്ല. ഇതു ബീനയെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ഈ അനുഭവം മൂലം കിിയ ജോലി കളയാൻ ബീന തയാറല്ല. രണ്ടുപേരെയും കുറ്റപ്പെടുത്താനാവില്ലെങ്കിലും ശരിയായ തിരിച്ചറിവു ലഭിച്ചപ്പോൾ പരസ്പരം മനസിലാക്കി, അംഗീകരിച്ച് ജീവിക്കുവാൻ ഇരുവരും തയാറായി. ബീന ജോലിക്ക് പോകുന്നത് സന്തോഷത്തോടെ കാണുവാൻ സോമുവിന് ഇന്ന് സാധിക്കുന്നു.

ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പൽ, നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ്
ആൻഡ് സൈക്കോതെറാപ്പി, പത്തനംതിട്ട