രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷ് ആയി സ്വീകരിച്ചാൽ
രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷ് ആയി സ്വീകരിച്ചാൽ
Tuesday, May 23, 2017 4:30 AM IST
ഇന്ത്യയിലെ കള്ളപ്പണ ഇടപാടുകളൾ കൂടുതലും നടക്കുന്നത് കാഷ് ആയിട്ടാണെന്നു ഗവണ്‍മെൻറ് കരുതുന്നത്. അതുകൊണ്ടുതന്നെ കള്ളപ്പണം തടയുന്നതിനു കാഷ് ഇടപാടുകൾ കുറച്ചുകൊണ്ടുവരുവാൻ ഗവണ്‍മെൻറ് ഉദ്ദേശിക്കുന്നു.

അതിനായി നടപ്പു സാന്പത്തകവർഷത്തിൽ ആദായനികുതി നിയമത്തിൽ പുതിയ വകുപ്പ് (269 എസ്ടി) കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച് 2017 ഏപ്രിൽ മാസം ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ലാ എങ്കിൽ നിയമവിരുദ്ധമായിരിക്കുമെന്ന് കേന്ദ്ര ഗവണ്‍മെൻറ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദായനികുതി നിയമത്തിൽ 269 എസ്ടി എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് പ്രസ്തുത ഭേദഗതി കൊണ്ടുവന്നത്. പ്രസ്തുത വകുപ്പിലെ പ്രസക്തഭാഗങ്ങൾ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: ന്ധഒരു പേഴ്സണ്‍ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി, മറ്റൊരു പേഴ്സെൻറ കൈയ്യിൽ നിന്നും ഒരേ ദിവസം, ഒറ്റ ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക കാര്യത്തിനായോ കൈപ്പറ്റുവാൻ പാടില്ല.’
ഇവിടെ പേഴ്സണ്‍ എന്നു പറഞ്ഞാൽ വ്യക്തിയോ സ്ഥാപനമോ ട്രസ്റ്റോ സൊസൈറ്റിയോ കന്പനിയോ കൃഷിക്കാരനോ ആരുമാവാം. ആർക്കും പ്രത്യേകമായി ഒഴിവില്ല.

ശിക്ഷ ലഭിക്കുന്നത്

പണം കൈപ്പറ്റുന്ന വ്യക്തിക്ക്/ സ്ഥാപനത്തിനായിരിക്കും ശിക്ഷ ലഭിക്കുക. ഇവിടെ നികുതിക്ക് വിധേയമായ പണമാണെന്നോ നികുതി ഒഴിവുള്ള പണമാണെന്നോ കാർഷിക വരുമാനം ആണ് എന്നുള്ളതോ ആയ യാതൊരു വിധ പരിഗണനയും ഉണ്ടായിരിക്കുന്നതല്ല. സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴ അടയ്ക്കേണ്ടതായി വരും.

നികുതി നിയമത്തിലെ 271 ഡിഎ വകുപ്പ് അനുസരിച്ചാണിത്. എന്നാൽ, പണം സ്വീകരിച്ച വ്യക്തിക്ക് അതിന് തക്കതായ കാരണം ബോധിപ്പിക്കാൻ സാധിച്ചാൽ പിഴ ഈടാക്കുന്നതല്ല. പിഴ ഈടാക്കുന്നത് ജോയിൻറ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

മുന്നു തരം പണമിടപാടുകൾ

ആദായനികുതി നിയമത്തിെൻറ 269 എസ്ടി വകുപ്പ് മൂന്നു വിധത്തിലുളള പണമിടപാടിനെ പറ്റിയാണു വിവരിക്കുന്നത്.

1. ഒരേ ദിവസം തന്നെ ഒരു വ്യക്തിയോ സ്ഥാപനമോ ഒരു വ്യക്തിയുടെ/സ്ഥാപനത്തിന്‍റെ പക്കൽ നിന്നും രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി, സ്വീകരിക്കുന്നതിനാണ് വിലക്കുള്ളത്.

ഇത് ഉദാഹരണ സഹിതം വ്യക്തമാക്കാം. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് ഒന്നാം തീയതി 1.5 ലക്ഷം രൂപ വിലയ്ക്കുളള സാധനങ്ങൾ വിറ്റു. അതേ ഇടപാടുകാർ രണ്ടാം തീയതി ഒരു ലക്ഷം രൂപയുടെ വില്പന കൂടി നടത്തി. രണ്ടാം തീയതിയിലെ ഇടപാട് കഴിഞ്ഞപ്പോൾ പ്രസ്തുത വ്യക്തി ആദ്യത്തെ ആൾക്ക് രണ്ടരലക്ഷം രൂപ കൊടുക്കുവാനുണ്ട്. ഇവിടെ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി നല്കുവാൻ പാടില്ല. രണ്ടു ദിവസത്തെ ഇടപാടാണ് എന്നതിന് ഇവിടെ യാതൊരു പ്രസക്തിയും ഇല്ല.

2. ഇടപാടിന്‍റെ വലുപ്പം:

രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഒറ്റ ഇടപാട് നടത്തിയാലും അതിെൻറ പണം രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ കാഷായി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ. ബാക്കി പണം അക്കൗണ്ട് പെയി ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടി മാത്രമേ നടത്തുവാൻ പാടുള്ളൂ. ഇവിടെ തുക ചെറിയ സംഖ്യകളായി പല ദിവസങ്ങളിലായി നല്കുവാൻ പാടില്ല.
ഉദാഹരണം നോക്കാം. ആശുപത്രിയിലെ രോഗിയുടെ ഓപ്പറേഷൻ ചെലവ് മൂന്നു ലക്ഷം രൂപ ആയെന്നിരിക്കട്ടെ ആശുപത്രി അധികൃതർക്ക് ഈ മൂന്നു ലക്ഷം രൂപയും കാഷായി വാങ്ങിക്കുവാൻ സാധിക്കില്ല. രണ്ടു ലക്ഷം രൂപയിൽ കുറഞ്ഞ തുക കാഷായും ബാക്കിയുള്ളത് ചെക്കുമാർഗ്തിലൂടെയോ ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിൽ കൂടി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ.


3. പ്രത്യേക ഇടപാട്:

ഒരു പ്രത്യേക ഇടപാടിന് അല്ലെങ്കിൽ പ്രത്യേക സംഭവത്തിന് വേണ്ടി ഒരു പേഴ്െൻറ പക്കൽനിന്നു രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി സ്വീകരിക്കുവാൻ സാധിക്കില്ല എന്നതാണ്.
ഉദാഹരണം പരിശോധിക്കാം. ഒരു വിവാഹ ആഘോഷത്തിന് വേണ്ടി ഇവൻറ് മാനേജ്മെൻറ് കന്പനിയെ അഞ്ചു ലക്ഷം രൂപ കരാർ തുക ഉറപ്പിച്ച് ഏല്പിക്കുന്നു.

ഇവിടെ പ്രസ്തുത കന്പനിക്ക് ഇതിെൻറ പ്രതിഫലത്തിലേക്ക് രണ്ടു ലക്ഷം രൂപയിൽ താഴെ മാത്രമേ ക്യാഷായി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ. ബാക്കിയുള്ള തുക ചെക്ക് / ഡ്രാഫ്റ്റ്/ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിലൂടെ മാത്രമേ സ്വീകരിക്കുവാൻ പാടുള്ളൂ.

മറ്റൊരു ഉദാഹരണം: ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്ത 300 പേർ വരന് 1000 രൂപ വീതം സംഭാവന ആയി നല്കുന്നു. ഇവിടെ ആകെ തുക മൂന്നു ലക്ഷം രൂപ വരുമെങ്കിലും ഒരു പേഴ്സെൻറ മാത്രം പക്കൽ നിന്നല്ലാത്തതിനാൽ ഈ നിയമം ബാധകമാവില്ല. എങ്കിലും രണ്ടാമത്തെ ക്ലോസ് അനുസരിച്ച് നിയമലംഘനം ആകും എന്നും കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാൽ, ഒരാളുടെ പക്കൽനിന്നു ഗിഫ്റ്റ് ആയി രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി സ്വീകരിച്ചാൽ അതും നിയമ വിരുദ്ധമാണ്.

കാഷ് ഇടപാട് ഒഴിവുള്ളർ

1. ഗവണ്‍മെൻറ്
2. കോഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ ബാങ്കിംഗ് കന്പനികളും പോസ്റ്റ് ഓഫീസും.
ആദായനികുതി നിയമത്തിലെ 269 എസ്ടി വകുപ്പ് അനുസരിച്ച് ഗവണ്‍മെൻറും ബാങ്കുകളും പോസ്റ്റ് ഓഫീസും കോഓപ്പറേറ്റീവ് ബാങ്കും ഒഴികെയുള്ള ഒരു സ്ഥാപനവുമായോ പ്രസ്ഥാനവുമായോ കന്പനിയുമായോ വ്യക്തിയുമായോ രണ്ട് ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ഒരു വിധത്തിലുള്ള പണമിടപാടുകളും കാഷായി 2017 ഏപ്രിൽ ഒന്നിന് ശേഷം നടത്തുവാൻ പാടില്ല.

കൃഷിക്കാർക്ക് ഇളവില്ല

സാധാരണഗതിയിൽ കൃഷിക്കാർക്ക് അവരുടെ കാർഷിക വിളകൾ വില്ക്കുന്പോൾ പണം കാഷായി വാങ്ങുവാൻ സാധിക്കും എന്നായിരുന്നു പൊതുവേയുള്ള അനുമാനം. എന്നാൽ, കൃഷിക്കാർക്ക് മാത്രമായി യാതൊരു വിധത്തിലുള്ള ആനുകൂല്യവും പ്രസ്തുത നിയമത്തിൽ സൂചിപ്പിച്ചിട്ടില്ല. അതിനാൽ കാർഷിക വിളകളുടെ വില്പന സമയത്തുപോലും വില്പനവില രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ആണ് എങ്കിൽ കാഷായി സ്വീകരിക്കുവാൻ പാടില്ല (ബജറ്റ് പ്രസംഗത്തിൽ കാർഷിക വിളകളുടെ വില്പനക്ക് ഈ നിയമത്തിൽ നിന്നും ഒഴിവുണ്ടാവും എന്ന് പ്രഖ്യാപിച്ചിരുന്നു.)

എന്നാൽ, ബാങ്കിൽ നിന്നും രണ്ടു ലക്ഷം രൂപയിൽ കൂടുതൽ പണം കാഷായി പിൻവലിച്ചാലും 269 എസ്ടി ബാധകമാവില്ല. ഈ ഭേദഗതി 2017 ഏപ്രിൽ അഞ്ചു മുതൽ പ്രാബല്യത്തിൽ വന്നു. പങ്കു വ്യാപാര സ്ഥാപനങ്ങളിൽ ഉടമസ്ഥർക്ക് (പാർട്ണർമാർക്ക്) പോലും സ്വന്തം സ്ഥാപനത്തിലേക്ക് രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള പണം കാഷായി നല്കുവാനും സ്വന്തം പണം സ്ഥാപനത്തിൽ നിന്നും പ്രസ്തുത തുകയ്ക്ക് മുകളിലെങ്കിൽ പിൻവലിക്കുവാനും സാധിക്കില്ല. പൂർവികമായി ലഭിച്ച തുക രണ്ടു ലക്ഷത്തിൽ കൂടുതൽ കാഷായിട്ടാണെങ്കിൽ സ്വീകരിക്കുവാൻ പാടില്ല.