വീട്ടുവളപ്പിൽ അരുമപ്പക്ഷികളുടെ വർണപ്രപഞ്ചം
വീട്ടുവളപ്പിൽ അരുമപ്പക്ഷികളുടെ വർണപ്രപഞ്ചം
Tuesday, May 2, 2017 4:46 AM IST
കുട്ടിക്കാനത്ത് പ്ലാന്‍ററായി ജോലി ചെയ്തിരുന്ന കുര്യൻ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്. മൂന്നര ഏക്കർ സ്ഥലം കോട്ടയം ജില്ലയിലെ കുഴിമറ്റത്ത് ഉണ്ടായിരുന്നിട്ടും ഈ പ്രദേശത്ത് കൃഷിയിലൂടെ വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. മൂന്ന് ഏക്കറിൽ നെൽകൃഷി ഇന്നുമുണ്ട്. കടങ്ങൾ വീട്ടാൻ ഇദ്ദേഹത്തെ സഹായിച്ചത് ഓമനപ്പക്ഷികളാണ്- പക്ഷികളെന്നാൽ അലങ്കാരക്കോഴികൾ തന്നെ.

അരുമപ്പക്ഷികളുടെ വർണപ്രപഞ്ചമാണ് കുര്യൻ ജോണിന്‍റെ വീട്ടുവളപ്പ്. ആദ്യകാലത്തെ തൊഴുത്തിലാണ് ഫെസന്‍റ് ഇനത്തിൽപ്പെട്ട പക്ഷികളും മറ്റും വാഴുന്നത്. അലങ്കാരക്കോഴികൾക്കായി വീടിനോട് ചേർന്ന് ഷെഡുകൾ കെട്ടിയിട്ടുണ്ട്. കൂടാതെ കന്പിവലകൾ ഉപയോഗിച്ചുള്ള കുടുകളും ഉണ്ട്. അരുമപ്പക്ഷികൾക്ക് ആവശ്യക്കാർ കൂടുന്നത് കണ്ടുകൊണ്ട് നഷ്ടം നികത്താൻ അവസാന പിടിവള്ളി എന്ന നിലയിലാണ് ഓമനപ്പക്ഷികളുടെ പരിപാലനത്തിലേക്ക് തിരിയുന്നത്. ഇതിൽ പരാജയപ്പെട്ടാൽ കിടപ്പാടം പോലും വിറ്റ് നാടുവിടേണ്ട അവസ്ഥയിലായിരുന്നു ഇദ്ദേഹം. 2003 ൽ ആരംഭിച്ച പക്ഷി വളർത്തലിലൂടെ 90 ശതമാനത്തിലേറെ കടങ്ങളും വീട്ടാൻ ഇദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടു ദൈവത്തിന്‍റെ ദൂതരായിട്ടാണ് അലങ്കാരക്കോഴികളെ ഇദ്ദേഹം കാണുന്നത്.

നല്ല ഇണക്കവും അനുകരണശേഷിയും ഉള്ള ജനപ്രിയതാരങ്ങളാണ് ഫെസന്‍റ് ഇനത്തിൽപ്പെട്ട പക്ഷികൾ. അതുപോലെ പെട്ടന്ന് ഇണങ്ങുന്നവയാണ് അലങ്കാരക്കോഴികൾ. വർണങ്ങളും വർണ വിന്യാസവും മുഖത്തും ശരീരത്തിലുമുള്ള പുള്ളികളും വരകളും ചിത്രപ്പണികളും തലപ്പൂവുകളും കൊണ്ട് വൈവിധ്യങ്ങൾ നിറഞ്ഞ നാല്പതിൽ പരം കോഴിയിനങ്ങൾ. ഭൂരിഭാഗവും വിദേശയിനങ്ങൾ തന്നെയാണ്. മൂവായിരം രൂപമുതൽ മുപ്പതിനായിരം രൂപവരെ ജോഡികൾക്ക് വില വരുന്ന പക്ഷികളിൽ ഗോൾഡൻ ഫെസന്‍റ്, ലോഡി ആംസ്റ്റയർ തുടങ്ങിയവയാണ് കൗതുകക്കാർ.

അലങ്കാരക്കോഴികളുടെ നിരയിൽ 45 ഇനങ്ങളെ കാണാം. തൂവെള്ള തൂവലിന് കറുപ്പ് അരികിട്ട സെബറേറ്റ് ബാന്‍റം, നീളൻ തൂവലുകളുടെ കിരീടം വച്ച പോളീഷ് ക്യാപ്, ചുവന്ന തലപ്പൂവുള്ള റോസ് കോന്പ്, സിൽക്ക് രോമപ്പട്ട് പുതച്ചപോലുള്ള സിൽക്കി, ചെമ്മരിയാടിന്‍റെ രോമം പോലെ ചുരുണ്ടുകൂടി തുവലുകളാൽ നിറഞ്ഞ പ്രീസിലർ, തിളക്കമാർന്ന വർണത്തുവലുകൾകൊണ്ട് നിറഞ്ഞ ഫിനിക്സ്, ഫൗഡൻ ബാന്‍റം, കറുപ്പും സ്വർണനിറവും കൊണ്ട് അഴകാർന്ന സൈപ്രസ്ബാന്‍റം, ഫാം ബർഗ്, വലിയ തടിയ·ാരായ ബ്രമ്മ- ഇങ്ങനെ പട്ടിക നീളുന്നു. ജോഡികൾക്ക് അയ്യായിരും മുതൽ ഇരുപത്തയ്യായിരം രൂപവരെയാണ് കുഞ്ഞുങ്ങളുടെ വില. ഫാം സന്ദർശിക്കുന്നവർ ഇഷ്ടപ്പെടുന്ന ചില ഇനങ്ങൾ മോഹവിലയ്ക്ക് നൽകുന്ന രീതിയും ഇവിടെയുണ്ട്.

പക്ഷിക്കൂട്ടിൽ പക്ഷികൾക്ക് യഥേഷ്ടം പറന്നു കളിക്കാൻ വേണ്ടസ്ഥലസൗകര്യം നൽകിയിട്ടുണ്ട്. കോഴികൾക്ക് ആവശ്യത്തിനുവേണ്ട സൗകര്യമാണ് നൽകുന്നത്. ഇവ കൂടുതൽ ഓടി നടനനാൽ മുട്ടകൾ ഇടുന്നത് കുറയും. ഒരേ ഇനത്തിന്‍റെ ജോഡികളാണ് ഓരോ കൂട്ടിലും ഉള്ളത്. മറ്റ് ഇനങ്ങളുമായി കൂട്ടുകൂടുവാനോ ഇണചേരുവാനോ അനുവദിക്കുന്നില്ല. പക്ഷിവളർത്തലുകാർക്ക് ആകർഷക ഇനങ്ങളുടെ ആണ്‍ ഇനങ്ങളെയാണ് വേണ്ടത്. മുട്ടയിടാൻ സൗകര്യം ഉണ്ടാക്കുന്നവരാണ് ജോഡികളെ തെരഞ്ഞടുക്കുന്നത്. ഓരോ കൂട്ടിലും മുട്ടയിടുന്നതിനുള്ള സൗകര്യം പ്രത്യേകം തയാറാക്കിയിട്ടുണ്ട്. തറയിൽ ചിന്തേര് പൊടി വിതറിയിട്ടിരിക്കുന്നു. കാഷ്ഠം വീണ് ഉണ്ടാകുന്ന ദുർഗന്ധവും മറ്റും ഒഴിവാക്കാനാണിത്. നെറ്റിന്‍റെ കുടുകൾക്കടിയിൽ പ്രത്യേക ഷീറ്റ് വിരിച്ച് ചിന്തേറ് പൊടി നിരത്തിയിട്ടുണ്ട്. ഒരാഴ്ചത്തെ കാഷ്ഠം വീണ് കഴിയുന്പോഴാണ് ചിന്തേര്പൊടി ഉൾപ്പെടെ കാഷ്ഠം മാറ്റുന്നത്. ഇത് വളമായി കൃഷിക്ക് ഉപയോഗിക്കുന്നു.


ദിവസം മുഴുവനും കുടിക്കാൻ പാത്രങ്ങളിൽ വെള്ളം നിറയ്ക്കുന്നു. തീറ്റകൾക്ക് മറ്റൊരു പാത്രമുണ്ട്. കോഴികൾക്ക് കൊടുക്കുന്ന ലെയർ പെല്ലറ്റ് തീറ്റകളാണ് അരുമപക്ഷികൾക്ക് നൽകുന്നത്. കോഴികൾക്ക് തൂക്കം അനുസരിച്ച് 100 ഗ്രാം മുതൽ 150 ഗ്രാം വരെയാണ് ഒരു ദിവസത്തെ തീറ്റ. കുഞ്ഞുങ്ങൾക്ക് സ്റ്റാട്ടറാണ് നൽകുന്നത്. കൂടാതെ പപ്പായ ഉൾപ്പെടെയുള്ള പഴങ്ങളും പഴങ്ങളുടെ തൊണ്ടുകളും ധാതുക്കളും ആവശ്യത്തിന് നൽകുന്നു. ശ്രദ്ധയൊന്ന് തെറ്റിയാൽ നഷ്ടം വളരെ വലുതായിരിക്കുമെന്ന് കുര്യൻ ജോണ്‍ പറയുന്നു.

കോഴികളുടെ മുട്ട ഹാച്ചറിയിൽ വിരിച്ചെടുക്കുന്നു. സാധാരണ ചൂടിൽ, കാർഡ്ബോർഡിലാണ് രണ്ടാഴ്ച വളർത്തുന്നത്. തുടർന്ന് കുഞ്ഞുങ്ങൾക്കായുള്ള കൂട്ടിലേക്ക് മാറ്റും. പ്രകൃതിയോട് ഇണങ്ങി-നാടൻ രീതിയിൽ വളർന്ന് വരുന്നതുകൊണ്ട് ഏതു കാലാവസ്ഥയിലും വളരുവാനുള്ള കരുത്ത് ഇവയ്ക്കുണ്ടാകുന്നു. ഓരോന്നിനും ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചുള്ള പ്രതിരോധ കുത്തിവയ്പും വിരമരുന്നും നൽകുന്നു. രണ്ടു മാസം കഴിയുന്പോഴാണ് കുഞ്ഞുങ്ങളെ വിൽക്കുന്നത്.

പക്ഷികളിൽ പുരുഷൻമാർ ക്കാണ് സൗന്ദര്യം കൂടുതൽ. പട്ടുപോലെ തിളക്കമുള്ളതും നീളമുള്ളതുമായ തുവലുകളാണ് ഇവയുടെ ആകർഷകത്വം. പ്രായപൂർത്തിയായവയ്ക്ക് വിലകൂടും. കണ്ണിനും മനസിനും കൗതുകം ജനിപ്പിക്കുന്ന രീതിയിൽ പക്ഷികൾ മാറുന്നത് പ്രായപൂർത്തിയാകുന്പോഴാണ്. പതിമൂന്നു വർഷം കൊണ്ട് പക്ഷികളുടെ തോഴനായി മാറിയ കുര്യൻ ജോണ്‍ പരിചരണ രീതികൾ പറഞ്ഞുകൊടുക്കാൻ എപ്പോഴും തയാറാണ്. ഫോണ്‍: 9447791867

നെല്ലി ചെങ്ങമനാട്