കെയർഫുൾ
വി.കെ. പ്രകാശ് സംവിധാനംചെയ്യുന്ന കെയർഫുൾ എന്ന ചിത്രത്തിലൂടെ ജോമോൾ വീണ്ടും സിനിമയിലേക്കു കടന്നുവരുന്നു. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു മാറിനിന്ന ജോമോൾ ഈ ചിത്രത്തോടെ സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. സൈജു കുറുപ്പിനൊപ്പമാണ് ഈ ചിത്രത്തിൽ ജോമോൾ അഭിനയിക്കുന്നത്. രമേഷ്- സുജ എന്നീ ദന്പതിമാരെയാണ് ഇവർ അവതരിപ്പിക്കുന്നത്.

പൂർണമായും ഒരു മർഡർ മിസ്റ്ററിയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. ഒരു മാധ്യമപ്രവർത്തക താൻ ഇന്‍റർവ്യൂ ചെയ്യാനായി ഒരുങ്ങിയിരുന്ന ആളിന്‍റെ മരണത്തിൽ പ്രതി ചേർക്കപ്പെടുന്നു. രചനാ ശ്രീനിവാസ് എന്നാണ് ഈ മാധ്യമപ്രവർത്തകയുടെ പേര്.

സ്വന്തം നിരപരാധിത്വം തെളിയിക്കപ്പെടേണ്ടത് രചനയുടെ ആവശ്യമായിരുന്നു. അതിനുള്ള അവരുടെ ശ്രമങ്ങളാണ് ചിത്രത്തിൽ. ഇതിനുവേണ്ടി എസ്ഐ ജയകൃഷ്ണൻ ചനയെ ഏറെ സഹായിക്കുന്നു. ഈ കേസന്വേഷണത്തിലെ പ്രധാന കണ്ണികളാണ് രമേഷ്- സുജ ദന്പതികളും. ഏറെ നിർണായകമായ വഴിത്തിരിവുകൾക്കു കാരണമാകുന്ന കഥാപാത്രങ്ങളാണ് ഇവരുടേത്.


പ്രശസ്ത ക്ലാസിക്കൽ ഡാൻസറായ സന്ധ്യാ രാജുവാണ് രചന ശ്രീനിവാസനെ അവതരിപ്പിക്കുന്നത്. വിജയ് ബാബു എസ്ഐ ജയകൃഷ്ണനെ അവതരിപ്പിക്കുന്നു. അജു വർഗീസ്, അശോകൻ, ശ്രീജിത് രവി, വിനീത് കുമാർ, മുകുന്ദൻ, പാർവതി നന്പ്യാർ, കൃഷ്ണകുമാർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രാജേഷ് ജയരാമന്‍റേതാണു തിരക്കഥ. രാജീവ് നായരുടെ ഗാനങ്ങൾക്ക് അരവിന്ദ് ശങ്കർ ഈണം പകർന്നിരിക്കുന്നു.