ഭവന വായ്പയുടെ നികുതിയിളവുകൾ
ഭവന വായ്പയുടെ നികുതിയിളവുകൾ
Saturday, April 15, 2017 4:17 AM IST
ഭവന വായ്പ എടുക്കുന്പോൾ ലഭിക്കുന്ന നികുതി ഇളവുകളാണ് ഏറ്റവും പ്രധാനം. മൂന്നു വകുപ്പുകളിലാണ് വീടിന്‍റെ നികുതി കണക്കാക്കലും മറ്റും. ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി, സെക്ഷൻ 24, 80 സിസി എന്നിവയാണിവ.

ഭവന വായ്പയുടെ തിരിച്ചടവിനെ രണ്ടായി തരംതിരിക്കാം.

1. വായ്പ തുകയുടെ (പ്രിൻസിപ്പിൾ) തിരിച്ചടവ്
2. വായ്പയുടെ പലിശ അടവ്

ഭവന വായ്പ എടുക്കുന്നതുവഴി ലഭിക്കുന്ന നികുതിയിളവുകളും അതിനാൽ രണ്ടു വിധത്തിലാണ് ലഭിക്കുന്നത്. ആദായനികുതി നിയമത്തിലെ രണ്ടു വകുപ്പുകളനുസരിച്ചാണ് നികുതിയിളവു ലഭിക്കുക.
ആദ്യത്തേത് കടം തിരിച്ചടയ്ക്കുന്നതിനാണ്. വകുപ്പ് 80 സിയിലാണ് ഇതു വരിക. അങ്ങേയറ്റം 1.5 ലക്ഷം രൂപയ്ക്കാണ് നികുതിയിളവു ലഭിക്കുക. സ്റ്റാന്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

ആദായനികുതി നിയമം വകുപ്പ് 24ലാണ് പലിശ സംബന്ധിച്ച കാര്യങ്ങൾ വരിക. ഭവന വായ്പയുടെ പലിശ അടവിനു ലഭിക്കുന്ന ഇളവാണ് ഇതിൽ വരിക. സ്വന്തം വീട്ടിൽ താമസിക്കുന്നയാൾക്കു പരമാവധി ലഭിക്കുന്ന ഇളവ് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശയ്ക്കാണ്.രണ്ടാമത്തെ വീടിനായി എടുത്ത ഭവനവായ്പയുടെ പലിശ പൂർണമായും നികുതിയിളവിനായി ഉപയോഗിക്കാം.

ആദ്യത്തെ വീടു വാങ്ങുന്നയാൾക്ക് (വായ്പ 35 ലക്ഷം രൂപയ്ക്കു താഴെയായിരിക്കണം. വീടിെൻറ വില 50 ലക്ഷം രൂപയ്ക്കു താഴെയായിരിക്കണം. വായ്പ 2016- 17ൽ അനുവദിച്ചതായിരിക്കണം) അധികമായി 50,000 രൂപയുടെ നികുതി കിഴവ് അനുവദിക്കുന്നതാണ് 80 ഇഇ വകുപ്പ്. വായ്പ അടച്ചു തീരുന്നതുവരെ ഈ ഇളവു ലഭിക്കും.

സ്വന്തം താമസത്തിനുള്ള വീട്: പൂർണമായോ ഭാഗികമായോ താമസത്തിനു ഉപയോഗിക്കുന്ന വീട് ഈ ഗണത്തിൽ ഉൾപ്പെടുന്നു. രണ്ടു വീടുണ്ടെങ്കിൽ താമസമില്ലാത്ത വീടിനെ വാടകയ്ക്കു കൊടുത്തതായി കണക്കാക്കുന്നു.

ഒരാൾക്കു മൂന്നു വീടുകൾ ഉണ്ടെന്നു കരുതുക. അതിൽ ഒരെണ്ണം സ്വന്താവശ്യത്തിനു ഉപയോഗിക്കുന്നതായി കണക്കാക്കുന്നു. മറ്റു രണ്ടെണ്ണം വാടകയ്ക്കു നൽകിയതായി കണക്കാക്കും.

മറ്റു ചില ഇളവുകൾ

* പണി പൂർത്തിയാക്കി എന്നുള്ള സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞ വീടുകൾ ലഭിക്കാൻ സാധ്യതയുള്ള വരുമാനത്തിന് നികുതി നൽകണം എന്നതായിരുന്നു നിലവിലുണ്ടായിരുന്ന രീതി. എന്നാൽ പണി പൂർത്തിയായി എന്നുള്ള സർട്ടിഫികകറ്റ് ലഭിച്ചു കഴിഞ്ഞ് ഒരു വർഷമായ വീടുകൾക്കു മാത്രമെ നികുതി നൽകേണ്ടതുള്ളു എന്നാണ് പുതിയ നിർദ്ദേശം.


* ജോയിൻറ് ഡെവലപ്മെൻറ് എഗ്രിമെൻറ് വഴി ലഭിക്കുന്ന മൂലധന ആദായനികുതി ബാധ്യതയിൽ മാറ്റം
ഒരു വസ്തുവിെൻറ നിർമ്മാണത്തിനായി ജോയിന്‍റ് ഡെവലപ്മെൻറ് എഗ്രിമെൻറ് ഒപ്പിടുന്നതു വഴി ലഭിക്കുന്ന മൂലധന ആദായത്തിന് വസ്തുവിെൻറ നിർമാണം പൂർത്തിയാകുന്പോൾ മാത്രം നികുതി നൽകിയാൽ മതി. കൂടാതെ നികുതി ബാധ്യത ഒരാളിലേക്ക് കേന്ദ്രീകരിക്കാതെ നിർമാതാവ്, സ്ഥലമുടമ, പ്രമോട്ടർ എന്നിവർക്കുകൂടി ബാധകമാകും.

പ്രധാനമന്ത്രിയുടെ പുതുവത്സര സാനം

പ്രധാന മന്ത്രി പുതുവത്സരത്തിൽ വാഗ്ദാനം ചെയ്തതനുസരിച്ച് ഒന്പതു ലക്ഷം രൂപവരെയുള്ള ലോണുകൾക്ക് നാല് ശതമാനവും. പന്ത്രണ്ട് ലക്ഷം രൂപവരെയുള്ള ലോണുകൾക്ക് മൂന്നു ശതമാനവും സബ്സിഡിയാണ് ലഭിക്കുക. അതായത് പലിശ നിരക്ക് 8.5 ശതമാനത്തിനടുത്തോ അതിൽ കുറവോ ആണെങ്കിൽ പത്തു ലക്ഷം രൂപ വിലയുള്ള വസ്തു വാങ്ങുവാനുദേശിക്കുന്നവർക്ക് ഒന്പത് ലക്ഷം രൂപ വായ്പയായി ലഭിക്കും.

2016- 17 ബജറ്റിലെ നിർദ്ദേശങ്ങൾ

* കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തെൻറ 2017- 18 ലേക്കുള്ള ബജറ്റിൽ നൽകിയിരിക്കുന്ന ശ്രദ്ധേയമായ ഒരു കാര്യം സഹനീയ ചെലവിലുള്ള വീടുകൾക്ക് അടിസ്ഥാന സൗകര്യ പദവി നൽകി എന്നുള്ളതാണ്. 2022 ആകുന്പോഴേക്കും എല്ലാവർക്കും വീട് ലഭ്യമാക്കുക എന്നതും സർക്കാരിെൻറ അജൻഡയിലുണ്ട്. ഇത് രണ്ടും ഭവന മേഖലയ്ക്ക് വരും നാളുകൾ തീർച്ചയായും നേട്ടം നൽകും.

* അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ ആദായനികുതി നിരക്ക് അഞ്ച് ശതമാനമായി കുറച്ചതു വഴി അഞ്ചു ലക്ഷം രൂപ വരെ വരുമാനം നേടുന്നവരുടെ വിനിയോഗ വരുമാനം വർധിക്കും ഇതു വഴി അവർക്ക് ഭവന മേഖലക്കായി കൂടുതൽ തുക ചെലവഴിക്കാൻ സാധിക്കും.

* മൂലധന ആദായ നികുതിയിളവ് നേടാനുള്ള കാലയളവ് മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമായി കുറച്ചു.