മനംമയക്കും മോഹിനിച്ചീര
മനംമയക്കും മോഹിനിച്ചീര
Tuesday, April 4, 2017 4:39 AM IST
ഇത് മോഹിനി. പച്ചനിറത്തിൽ നല്ല ഉയരത്തിൽ നില്ക്കുന്ന പച്ചച്ചീര. പ്രകൃതിയിലെ മികച്ച പച്ചചീരകളിൽ നിന്നും കർഷകർ തെരഞ്ഞെടുത്ത ഇനമാണ് മോഹിനി. ചുവപ്പ്-പച്ച ചീരകളാണ് കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. തൊടിയിലും കാട്ടു പ്രദേശങ്ങളിലും വളർന്നു നിൽക്കുന്ന ചെറിയ കുപ്പച്ചീരകളും ചീര വൈവിധ്യത്തിന്‍റെ ഭാഗമാണ്.

പ്രോട്ടീനുകളും ജീവകങ്ങളും ധാതുക്കളും സമൃദ്ധമായുള്ള ഇലക്കറിയായ ചീരയുടെ ഗുണ സന്പുഷ്ടത പഴയകാലം മുതലേ മലയാളികൾക്കറിവുള്ളതാണ്. ചീരയുടെ ഗുണഫലങ്ങളെകുറിച്ചുള്ള ശാസ്ത്രീയമായ അറിവില്ലാതിരുന്ന മുൻകാലങ്ങളിൽ തന്നെ മുത്തശിമാരും അമ്മമാരും ചീര കഴിച്ചാൽ കണ്ണിനു തെളിച്ചമുണ്ടാകുമെന്നു പറയുക പതിവായിരുന്നു. ഇന്നത്തെ പോലെ ഇറക്കുമതി ചെയ്യപ്പെട്ട പച്ചക്കറികൾ ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികളുടെ ഉച്ചഭക്ഷണത്തിന്‍റെ ഒരു പ്രധാന കറിയും ചീര ഉൾപ്പെടെയുള്ള ഇലക്കറികളായിരുന്നു. വിഷ കീടനാശിനികൾ ഇല്ലാത്ത നാടൻ പച്ചക്കറികൾ നല്കിയിരുന്ന ആരോഗ്യവും പഴയ തലമുറയ്ക്കു സ്വന്തമായിരുന്നു. രാസ കീടനാശിനി പ്രയോഗങ്ങളുടെ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന മലയാളികളിൽ ഒരു വലിയ വിഭാഗം ഇപ്പോൾ നാടൻ പച്ചക്കറികളിലേക്കും ഇലക്കറികളിലേക്കും തിരുയുകയാണ്. അതുകൊണ്ടു തന്നെ ചീരയ്ക്കും പച്ച ചീരയ് ക്കും ഇപ്പോൾ വലിയ ഡിമാൻഡാണ്. ഏതു സാഹചര്യത്തിലും വളരുന്ന ഒരു ചീരയാണ് പച്ചചീര. അതായത് വളക്കുറില്ലാത്ത മണ്ണിൽ പോലും ഇവ നന്നായി വളരും. ചാണകപൊടി തുടങ്ങിയ ജൈവവളങ്ങൾഇട്ടു കൊടുത്താൽ നല്ല പൊക്കത്തിൽ തഴച്ചു വളരും. നല്ല സാഹചര്യങ്ങളിൽ ഒരാൾ പൊക്കത്തിൽ വരെ പച്ചചീര വളരും. തണ്ടിൽ മേൽ ഇടതൂർന്നു വളരുന്നതാണ് വിത്ത്. വിത്തെടുത്തു പാകി പുതിയ തൈ ഉണ്ടാക്കാം വിത്തുപാകാതെ തന്നെ പാകമായ വിത്ത് വീണ് പൊടിച്ച് ധാരാളം പുതിയ തൈകൾ ഉണ്ടാകും.

ചീരതോരൻ, മെഴുക്കുപുരട്ടി കൂടാതെ മാംസളമായ തണ്ട് അവിയൽ തുടങ്ങിയ കറികളിൽ ഇട്ട് വിഭവങ്ങൾ രുചികരവും, ഗുണകരവുമാക്കാവുന്നതാണ്. പ്രമേഹനിയന്ത്രണത്തിനും രക്തസമ്മർദ നിയന്ത്രണത്തിനും ഫലപ്രദമാണ് ചീര എന്നു കണ്ടെത്തിയിട്ടുണ്ട്. ചീരയുടെ അരിയും, ഇലയും ആരോഗ്യത്തിനുവളരെ ശ്രേഷ്ഠമാണ്. ചിലയിടങ്ങളിൽ വേരും ഭക്ഷണത്തിൽ ഉൾപ്പെടുത്തിവരുന്നു. ചീരയുടെ വിത്തു പൊടിച്ച് ഉണ്ടാക്കുന്ന മാവും ചില സ്ഥലങ്ങളിൽ ഭക്ഷ്യവസ്തുവായി ഉപോഗിക്കുന്നു. ചീര ഉൾപ്പെടെയുള്ള ഇലക്കറികളിൽ ആന്‍റി ഓക്സിഡന്‍റുകൾ ധാരാളമുണ്ട്. അതുപോലെ പച്ചചീരയിലും ആന്‍റി ഓക്സിഡന്‍റുകൾ യഥേഷ്ടമുണ്ട്. കാൻസർ നിയന്ത്രണത്തിനും ആന്‍റി ഓക്സിഡന്‍റുകൾ വലിയ പങ്കുവഹിക്കുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു.


ശരീരവളർച്ചയ്ക്കും, പുനരുജീവനത്തിനും, നീർകെട്ട് തടയാനും, അസ്ഥികളുടെ ബലം വർധിപ്പിക്കാനും പ്രതിരോധശക്തി കൂട്ടുവാനും, വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ തടയുവാനും, തലമുടി വളർച്ചയ്ക്കും, ശരീരഭാരം കുറയ്ക്കുവാനും ചീര ഉത്തമമാണ്. ചീരയില കാൽസ്യംഅളവ് അസ്ഥിക്ഷയത്തെ നിയന്ത്രിക്കുവാൻ പര്യാപ്തമാണ്. ചീരയിലെ നാരുകൾ ദഹന പ്രക്രിയയെ സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റിരോൾസ് ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുന്നു. ഹൃദയ ആരോഗ്യത്തിനു ചീര നല്ലതാണ്. ചീരയിൽ കാണുന്ന വിറ്റാമിൻ കെ ഹൃദയ ആരോഗ്യത്തിനും ഇതിലെ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കുന്ന തിനും സഹായിക്കും. ചീരയിൽ കാണപ്പെടുന്ന ഫ്ളവനോയിഡ്സ് വെരിക്കോസ് വെയിൻ പ്രശ്നത്തെ തടയുന്ന ഘടകമാണ്. ഗർഭവതികളായ സ്ത്രീകൾ ചീര കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഗുണകരമാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും കരോട്ടിനോയിഡ്സും കണ്ണുകളുടെ ആരോഗ്യത്തിനു വളരെ ഗുണകരമാണ്. തിമിരത്തെ തടയുവാനും നിയന്ത്രിക്കുവാനും ചീരയിലുള്ള ഈ ആന്‍റി ഓക്സിഡന്‍റുകൾ സഹായിക്കും. കണ്ണുകളുടെ കാഴ്ച ശക്തിയും വർധിപ്പിക്കുന്നു. ചീരയിലെ ഇരുന്പ് വിളർച്ചയെ ചെറുക്കും. ത്വക്ക് രോഗങ്ങൾക്കു പ്രകൃതിദത്തമായ പ്രതിവിധിയാണ്. വായിലെ അൾസർ, മോണപഴുപ്പ് എന്നിവയ്ക്കുള്ള ഒൗഷധമായി പച്ചച്ചീര ഇല ഉപയോഗിച്ചുവരുന്നു. ചീരയിലെ ഓക്സലേറ്റുകൾ വൃക്ക, ഗോൾബ്ലാഡർ എന്നിവയിൽ കല്ല് ഉള്ളവർക്കോ നല്ലതല്ല. ചീര ഇല ഒരു ചെറിയ ശതമാനം പേർക്കു അലർജിയുളവാക്കുന്നുണ്ട് എന്നു ചൂണ്ടികാണിക്കപ്പെടുന്നു.

എസ്. മഞ്ജുളാദേവി