ജോർജേട്ടൻസ് പൂരം
ജോർജേട്ടൻസ് പൂരം
Monday, April 3, 2017 4:53 AM IST
ഡോക്ടർ ലൗ എന്ന ചിത്രത്തിനുശേഷം കെ. ബിജു കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ജോർജേട്ടൻസ് പൂരം. ചാന്ദ്വി ക്രിയേഷൻസ് ഇൻ അസോസിയേഷൻ വിത്ത് ശിവാനി എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സൂരജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുരാഗ കരിക്കിൻവെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണു നായിക.

അജു വർഗീസ്, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ചെന്പൻ വിനോദ്, ടി.ജി. രവി, അരുണ്‍ ഘോഷ്, ഷാജു ശ്രീധർ, തിരു, ജയരാജ് വാര്യർ, സുനിൽ സുഖദ, ഗണപതി, ജീവൻ, അസിം ജമാൽ, മാളവികാ നായർ, കലാരഞ്ജിനി, വത്സല മേനോൻ, അഞ്ജന, ഗ്രേസ് ആന്‍റണി, കുളപ്പുള്ളി ലീല തുടങ്ങിയവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാർത്തോമക്കാരനായ മാത്യൂസ് വടക്കന്‍റെ മകനാണ് ജോർജ് വടക്കൻ. മാത്യുവിന് ഏറ്റവും വലിയ ആഗ്രഹം മകനെ ഒരു പുരോഹിതനായി കാണണമെന്നാണ്. പക്ഷേ, തലവിധി മറിച്ചായിരിക്കണം. പുരോഹിതനെന്നല്ല, നല്ലൊരു ചെറുപ്പക്കാരനായിട്ടുപോലും ജോർ ജിനെ കാണാൻ ആ അച്ഛന് കഴിയുന്നില്ല. വീട്ടുകാർക്കും മറ്റും യാതൊരു പ്രയോജനവുമില്ലാതെ എന്തിനധികം സ്വന്തം കാര്യംപോലും നോക്കാതെ ജീവിക്കുന്ന മകൻ ജോർജ് വടക്കൻ മാത്യൂസിന് ഒരു വലിയ പ്രശ്നമാകുന്നു.


എന്നുവച്ചാൽ ജോർജ് വടക്കൻ വെറുതെ നടക്കുന്നില്ല. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ ജോർജ് വടക്കൻ ഉണ്ടാകും. കല്യാണം, മരണം, മറ്റു വിശേഷങ്ങൾ, റോഡിൽ അപകടമുണ്ടായാൽ ആർക്കെങ്കിലും രക്തം ആവശ്യമുണ്ടായാൽ എന്നുവേണ്ട എല്ലായിടത്തും ജോർജ് വടക്കന്‍റെ സാന്നിധ്യമുണ്ടാകും. സഹായികളായി പള്ളൻ, പാച്ചൻ, ബാലു എന്നിവരും നിഴലുപോലെ കൂടെയുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലെ പണി ചെയ്യുകയോ വീട്ടുകാര്യങ്ങൾ നോക്കാറോ ഇല്ല. അങ്ങനെയുള്ള ജോർജ് വടക്കന്‍റെ ജീവിതകഥയാണ് കെ. ബിജു ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
ജോർജായി ദിലീപും മാത്യൂസ് വടക്കനായി രഞ്ജി പണിക്കരും അഭിനയിക്കുന്നു. ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, തിരു എന്നിവരാണ് കൂട്ടുകാർ. തൃശൂരിലെ പുതുപ്പണക്കാരൻ ആലങ്ങോടിന്‍റെ മകൾ മെർലിനായി രജിഷ വിജയൻ പ്രത്യക്ഷപ്പെടുന്നു.

വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം വൈ.വി. രാജേഷ് നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദർ സംഗീതം പകരുന്നു. പ്രൊഡ. കണ്‍ട്രോളർ- ദീപു എസ്. കുമാർ.

അഭിലാഷ് നാരായണൻ