ആദം ജോണ്‍
പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോ ഹരമായ പശ്ചാത്തലത്തിൽ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആദം ജോണിന്‍റെ ഷൂട്ടിംഗ് കൊച്ചി, തിരുവല്ല എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു. മുണ്ടക്കയംകാരനായ ആദം ജോണ്‍ പോത്തൻ എന്ന പ്ലാന്‍ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്. ഭാവന, മിസ്റ്റി ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ പൃഥ്വിരാജിന്‍റെ നായികമാർ. പ്രശസ്ത തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനാണ് ജിനു എബ്രഹാം.

പേരുപോലെ തന്നെ പുതുമ നിറഞ്ഞതാണ് ചിത്രത്തിന്‍റെ പ്രമേയവും. ആദം ജോണിന്‍റെ ജീവിതവുമായി ഇഴ ചേർന്നാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്. കൃഷിയോടുള്ള താല്പര്യത്തിനിടയിൽ കല്യാണം പോലും കഴിക്കാൻ മറന്നുപോകുന്ന ആദം ജോണ്‍ ഒരിക്കൽ എമ്മി എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. പ്രണയത്തിലാകുന്ന ഇരുവരും വിവാഹശേഷം ഹണിമൂണിനായി സ്കോട്ലന്‍റിലേക്ക് യാത്ര പുറപ്പെടുന്നു. ഈ യാത്രക്കിടയിൽ ആദമിന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന കഥാപാത്രങ്ങളും അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയെ നയിക്കുന്നത്. ഹിന്ദി - തമിഴ് - തെലുങ്ക് ചിത്രങ്ങളിലൂടെ പരിചിതയായ മിസ്റ്റിയുടെ ആദ്യ മലയാള ചിത്രംകൂടിയാണിത്. എമ്മി എന്ന കഥാപാത്രത്തെയാണ് മിസ്റ്റി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത് ഭാവനയാണ്. ഹണിബീ 2വിനുശേഷം ഭാവന അഭിനയിക്കുന്ന ചിത്രമാണിത്. ശ്വേത എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്‍റെ പേര്. നരേൻ, രാഹുൽ മാധവ്, സിദ്ധാർത്ഥ് ശിവ, മണിയൻ പിള്ള രാജു, ജെയ്സ്, ലെന, ജയമേനോൻ എന്നിവർ മറ്റു പ്രധാനവേഷങ്ങൾ ചെയ്യുന്നു.


ആദമിന്‍റെ സ്കോട്ട്ലന്‍റിലുള്ള ആത്മസുഹൃത്തായാണ് നരേൻ ചിത്രത്തിലെത്തുന്നത്. കേരളത്തിലുള്ള സുഹൃത്ത് ശിവൻകുട്ടിയായി സിദ്ധാർത്ഥ് ശിവയും. മെമ്മറീസിന് ശേഷം രാഹുൽ മാധവ്, പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഉണ്ണി എന്ന് വിളിപ്പേരുള്ള അനുജന്‍റെ വേഷമാണ് രാഹുൽ മാധവിന്. കുടുംബബന്ധത്തിന്‍റെയും അതിമനോഹരമായ പ്രണയത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ആദമിന്‍റെ അമ്മയായി വേഷമിടുന്നത് നീലത്താമരയിലൂടെ സംവൃതയുടെ കഥാപാത്രമായി എത്തിയ ജയ മേനോനാണ്. ചിത്രത്തിന്‍റെ ഭൂരിഭാഗം ഷൂട്ടിങ്ങും സ്കോട്ട്ലന്‍റിൽ വെച്ചാണ് നടക്കുന്നത്. അവിടെയുള്ള ഇന്ത്യക്കാരിയായ ഒരു കുടുംബസുഹൃത്തായി ലെന എത്തുന്നു. ഹിന്ദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബാലതാരം ആബിദ ഹുസൈനും ആദം ജോണിലുണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. കൈതപ്രം, റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവരുടെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

കൊച്ചി, മുണ്ടക്കയം, തിരുവല്ല, സ്കോട്ട്ലന്‍റ് എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. ജയ്രാജ് മോഷൻ പിക്ചേഴ്സും ബി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രഞ്ജി പണിക്കർ എന്‍റർടെയ്ന്‍റ്മെന്‍റ്സ് ഓണക്കാലത്ത് തിയറ്ററുകളിലെത്തിക്കും. നിർമ്മാണ വിതരണ രംഗത്ത് സജീവമാകുന്ന രഞ്ജി പണിക്കർ എന്‍റർടെയ്ന്‍റ്മെന്‍റ്സിന്‍റെ ആദ്യമലയാള ചിത്രമാണ് ആദം ജോണ്‍. ജിത്തു ദാമോദരന്‍റേതാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷ, പിആർഒ മഞ്ജു ഗോപിനാഥ്.