ജിലുമോൾ - കാലുകളിൽ മെനഞ്ഞത് ജീവിതവിജയം
ജിലുമോൾ - കാലുകളിൽ മെനഞ്ഞത് ജീവിതവിജയം
Saturday, March 25, 2017 3:59 AM IST
രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോൾ മരിയറ്റ് തോമസ് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുകയാണ്. പരിമിതികളുമായുള്ള പോരാട്ടത്തിൽ ഈ പെണ്‍കുട്ടി എല്ലാ കടന്പകളും ചാടിക്കടന്നു. രണ്ടു കാലുകളെയും കൈകൾക്ക് പകരമായി പരുവപ്പെടുത്തിയ ഓരോ ചെയ്തിയും കണ്ടുനിൽക്കുന്നവർക്കു വിസ്മയമായി തോന്നും. ഇവൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലുമുണ്ടൊരു ജിലു സ്റ്റൈൽ.

കാലുകൾകൊണ്ടു സ്പൂണിൽ ഭക്ഷണം കഴിക്കുന്നതും മൊബൈൽ ഫോണ്‍ കാൽവിരലുകളിൽ താങ്ങി ഡയൽ ചെയ്യുന്നതും മാത്രമല്ല വടിവൊത്ത അക്ഷരങ്ങളിൽ എഴുതുകയും സ്കെയിൽ വയ്ക്കാതെ നേരേ വരയിടുകയുമൊക്കെ ചെയ്യുന്പോൾ ജിലുമോളെ സമ്മതിക്കണം എന്നു പറയാത്തവർ ആരുമുണ്ടാകില്ല.

കാൽവിരലുകൾ കംപ്യൂട്ടർ കീബോർഡിലേക്കും മൗസിലേക്കും വളച്ചും തിരിച്ചും മിന്നൽപോലെ പായിച്ചു ടൈപ്പിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷൻ എന്നിവയൊക്കെ ജിലു ചെയ്തുകൊണ്ടിരിക്കുന്നു.

മേഴ്സിഹോമിലെ പരിശീലനം

തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് തോമസിെൻറയും അന്നക്കുട്ടിയുടെയും പുത്രിയാണ് ജിലു. നാലാം വയസിൽ അമ്മ മരിച്ചശേഷം ഇവളുടെ ജീവിതവും അതിജീവനപരിശീലനവും ചങ്ങനാശേരി ചെത്തിപ്പുഴ മെഴ്സി ഹോമിെൻറ സ്നേഹത്തണലിലായിരുന്നു. അമ്മയെ നഷ്ടമായതിെൻറ നൊന്പരപ്പാടുകളുമായി അഞ്ചാം വയസിൽ മേഴ്സി ഹോമിലെത്തുന്പോൾ അവൾക്കായി അവിടെ ഒരു ലോകം സൃഷ്ടിക്കപ്പെടുകയായിരുന്നു.

കാൽവിരലുകൾക്കിടയിൽ പെൻസിൽ തിരുകി വരയ്ക്കാനും നിറംകൊടുക്കാനും കന്യാസ്ത്രീകൾ പരിശീലിപ്പിച്ചു. പ്രത്യേകിച്ചും മേഴ്സി ഹോമിലെ സിസ്റ്റർ മരിയെല്ലയുടെ ശുശ്രൂഷകളെ ജിലുമോൾക്കു മറക്കാനാവില്ല. ഒരു അമ്മയെപ്പോലെ, രാവും പകലും ജിലുവിനു സ്നേഹവും പരിചരണവും ആ പോറ്റമ്മ നൽകിപ്പോന്നു. കൈകളില്ലാതെ ലോകത്തിലേക്കു വന്ന മകളെ താങ്ങിയും തലോടിയും കന്യാസ്ത്രീകൾ ഓമനിച്ചു. കുളിപ്പിച്ചതും ഭക്ഷണം വാരിക്കൊടുത്തതും പ്രത്യേകം ഉടുപ്പുതുന്നി അണിയിച്ചതുമൊക്കെ കന്യാസ്ത്രീകൾ തന്നെ.

സ്പൂണിൽ ഭക്ഷണം കഴിക്കാൻ, പൊട്ടു തൊടാൻ, മുടി ചീകി പിന്നിക്കൊൻ ഒക്കെ മാലാഖമാരുടെ കരുതലോടെ കരുണയുടെ ആൾരൂപങ്ങളായ ആ കന്യാസ്ത്രീകൾ ഏറെ ശ്രമങ്ങളിലൂടെ ജിലുവിെൻറ കാലുകളെ പാകമാക്കി. നോട്ടുബുക്കിൻറ താളുകൾ മറിക്കാനും പുസ്തകം പൊതിയാനും സ്കെയിൽവച്ചു വരയ്ക്കാനുമൊക്കെ ഏറെ കരങ്ങൾ ജിലുവിനു മുന്നിലും പിന്നിലുമുണ്ടായിരുന്നു.

ജിലു സ്റ്റൈൽ

ചങ്ങനാശേരി വാഴപ്പള്ളി സെൻറ് തെരേസാസ് സ്കൂളിൽ എട്ടാം ക്ലാസ് മുതൽ കംപ്യൂട്ടർ പഠനം തുടങ്ങി. കംപ്യൂട്ടർ പ്രത്യേകം സ്റ്റാൻഡിൽ വച്ചശേഷം ഉയർത്തിവച്ച കീബോർഡിലെ ഓരോ അക്ഷരങ്ങളിലേക്കു കാൽവിരലുകളെ ചലിപ്പിച്ചു. മറ്റു കുട്ടികളെക്കാൾ വേഗത്തിൽ ജിലുമോൾ ടൈപ്പിംഗ് പഠിച്ചു. വൈകാതെ വിരലുകൾ ഫോട്ടോഷോപ്പിലേക്ക് കടന്ന് പൂക്കളെയും പറവകളെയും വരച്ചു. ആ വിസ്മയ ചി്രങ്ങളുടെ നിറവും മിഴിവും കണ്ടവരൊക്കെ വിസ്മയം കൊണ്ടു. സിസ്റ്റേഴ്സും അധ്യാപകരും സഹപാഠികളും നൽകിയ പ്രോത്സാഹനത്തിൽ ജിലു വരയിലും നിറംകൊടുക്കലിലും ഒട്ടേറെ സമ്മാനങ്ങളും സ്വന്തമാക്കി. വാഴപ്പള്ളി സ്കൂളിൽ പത്താം ക്ലാസ് കംപ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ കാലുകൾകൊണ്ട് ജിലു എഴുതി. വലതുകാൽകൊണ്ടെഴുതിയ ആ പരീക്ഷയിൽ കംപ്യൂട്ടർ പ്രാക്ടിക്കലിന് ഒരു മാർക്കുപോലും നഷ്ടമായില്ല. അവിടെ പ്ലസ് ടുവിനുശേഷം ചങ്ങനാശേരി മീഡിയ വില്ലേജിൽ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ കോഴ്സ് പൂർത്തിയാക്കി. വെബ് ഡിസൈനിംഗിലും വൈദഗ്ധ്യം നേടിയെടുത്തു.


2012ൽ കോഴ്സുകൾ പൂർത്തിയാക്കിയശേഷം ജിലു ഏതാനും സ്വകാര്യ സ്ഥാപനങ്ങളിൽ കംപ്യൂട്ടർ ജോലികൾ ചെയ്തു. തുടർന്നു പൈങ്കുളം എസ്എച്ച് ആശുപത്രിയിൽ ഓഫീസ് അസിസ്റ്റൻറായി പ്രവർത്തിച്ചു. ഡിസൈനിംഗ് രംഗത്തു സ്വന്തമായ കരിയർ രൂപപ്പെടുത്താനുള്ള സ്വപ്നം ജിലുവിനെ എത്തിച്ചത് എറണാകുളം വിയാനി പ്രിൻറിംഗ് ഹൗസിലാണ്. മാഗസിനുകൾ, ബ്രോഷറുകൾ ഇവയെല്ലാം ജിലു മനോഹരമായി ഡിസൈൻ ചെയ്യും.

ഫോട്ടോഗ്രഫിയിലും കന്പക്കാരിയായ ജിലു കാലുകൾക്കുള്ളിൽ കാമറ നിശ്ചലമാക്കി നിറുത്തി ഫോക്കസ് ചെയ്തു വിരലുകൾകൊണ്ട് ക്ലിക്ക് ചെയ്യും. മികവാർന്ന ഷോട്ടുകൾ കംപ്യൂട്ടറിൽ അവതരിപ്പിക്കുന്പോൾ ആ ചിത്രങ്ങൾക്കെല്ലാമുണ്ട് അസാമാന്യമായ തനിമയും മികവും.

ഓഫീസ് ചെയറിൽ മാത്രം ഒതുങ്ങുന്ന വൈദഗ്ധ്യമല്ല ഈ കലാകാരിയുടേത്. അടുക്കളയിൽ പച്ചക്കറി നുറുക്കും, പാത്രം കഴുകും. കാൽവിരലിൽ മൗസും ബ്രഷും പേനയും പോലെ കറിക്കത്തിയും ചിരവയും വഴങ്ങും. പ്രോത്സാഹനവുമായി ചേച്ചി അനുവും അനുജത്തി ഡെൽനയുമൊക്കെ വീിട്ടലുണ്ട്.

പ്രചോദനമേകാൻ

ശാരീരിക ന്യൂനതയുള്ള ഒറേെപ്പേരെ ജീവിതത്തിലേക്കു നയിക്കാൻ ഒറേെ വേദികളിൽ ജിലു പ്രചോദനാക ക്ലാസുകൾ നയിച്ചുവരുന്നു. പരിമിതികളെ അതിജീവിച്ച സ്വന്തം ജീവിതത്തിെൻറ അനുഭവങ്ങളും ബോധ്യങ്ങളുമാണ് ഇവൾ ശ്രോതാക്കൾക്കു മുന്നിൽ തുറന്നുവയ്ക്കുന്ന പാഠപുസ്തകം.

ഡ്രൈവിംഗ് ലൈസൻസ് വേണം

ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുകയാണ് ജിലുവിന് അടുത്ത സ്വപ്നം. ഡ്രൈവിംഗ് പരീക്ഷിച്ചു നോക്കി, വിജയിച്ചു. ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയവരെ അന്വേഷിക്കുകയാണ് ജിലു. വണ്ടി ഓടിക്കാൻ പറ്റുമെന്നിരിക്കെ ഈ കാലുകൾക്കും ലഭിക്കണം ഡ്രൈവിംഗ് ലൈസൻസ് എന്നാണ് ജിലുവിെൻറ പക്ഷം.

റെജി ജോസഫ്
ഫോട്ടോ: ബ്രില്യൻ ചാൾസ്