അടിച്ചുപൊളിക്കാം... അങ്കമാലിക്കാർക്കൊപ്പം
അടിച്ചുപൊളിക്കാം...   അങ്കമാലിക്കാർക്കൊപ്പം
Saturday, March 25, 2017 3:58 AM IST
ഒരു ദേശത്തിന്‍റെ കഥ പറയുക എന്നതു സാഹിത്യത്തിലും സിനിമയിലും ദുഷ്കരമായ കാര്യമാണ്. എന്നാൽ അതിനെ വിജയകരമായി പറഞ്ഞു ഫലിപ്പിച്ച ചരിത്രവും നമുക്കറിയാം. ഈ ഗണത്തിലേക്ക് ഇടം പിടിക്കുകയാണ് തിയറ്ററുകളിൽ വിജയം തീർക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസും. റിയലിസ്റ്റിക്ക് കഥ പറയുന്ന ചിത്രങ്ങളെ കലാപരമായും വാണിജ്യ പരമായും സ്വീകരിക്കുവാൻ താൽപര്യം കാണിച്ച മലയാളികളുടെ ദൃശ്യാനുഭവത്തിനു പുതിയൊരു പാതയൊരുക്കിയാണ് ഈ ചിത്രം കൊണ്ടു പോകുന്നത്. മുന്പ് കമ്മട്ടിപ്പാടം ഈ ശ്രേണിയിലെത്തിയപ്പോൾ സ്വീകരിക്കുകയും വിമർശിക്കുകയും ചെയതവരാണെങ്കിൽ ഇവിടെ കുറച്ച് അന്പരപ്പോടെയാണ് അങ്കമാലിയിലെ ഈ ചിത്രം കണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സിനിമ സംവിധായകന്‍റെ കലയാണെന്നും രണ്ടുവട്ടം സമ്മതിക്കുന്നതും.

നായകൻ മുതൽ ഡബിൾ ബാരൽ വരെയുള്ള സിനിമകളിലൂടെ മലയാള സിനിമയിൽ പുത്തൻ കാഴ്ചാനുഭവം ഒരുക്കിയ സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. അങ്കമാലിയിലെ ഇടത്തരക്കാരുടെ ജീവിതത്തിനൊപ്പം സഞ്ചരിച്ചാണ് ഇത്തവണ പുതിയ സിനിമയുമായി എത്തിയത്. അങ്കമാലി ഡയറീസ് എന്ന പേരിനൊപ്പം ന്ധകട്ട ലോക്കൽ’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം മലയാളികൾക്കു പരിചിതപ്പെടുത്തിയത് 86 പുതുമുഖങ്ങളെയാണ്. താര പരിവേഷത്തിലൂടെ വേറിട്ട കഥകൾ പറയാറുള്ള ലിജോ ഇത്തവണ പുതുമുഖങ്ങൾക്കൊപ്പം സിനിമയുടെ പതിവു വഴിയിൽ നിന്നും മാറി റിയലിസ്റ്റിക് സ്പർശത്തിൽ അങ്കമാലിക്കാരുടെ ജീവിതത്തിന്‍റെ, സംസ്കാരത്തിന്‍റെ, ആഘോഷത്തിന്‍റെ കഥയാണു പറയുന്നത്. വയലൻസാണ് ചിത്രത്തിന്‍റെ സ്ഥായീഭാവമെങ്കലും അതിനെ ത·യത്വത്തോടെ പൊതിഞ്ഞു പറഞ്ഞിരിക്കുന്നതാണ് സംവിധായകന്‍റെ വിജയം. നടനായ ചെന്പൻ വിനോദിന്‍റെ തിരക്കഥയിൽ ഏറെ പരീക്ഷണത്തോടും പുതുമയോടും ചിത്രത്തിനു മേൽക്കുപ്പായം തുന്നിയിരിക്കുന്നു സംവിധായകൻ അങ്കമാലിയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയിൽ നിന്നും പിന്നിലേക്കു സഞ്ചരിക്കുകയാണ് സംവിധായകൻ. അവതരിപ്പിച്ച ഓരോ പുതുമുഖത്തെയും അവരുടെ ആദ്യ സിനിമയെന്നു തോന്നിപ്പിക്കാതെ പരിചിതമായ ജീവിതങ്ങളായി ചിത്രം കാണിക്കുന്നുണ്ട്. പ്രധാന കഥാപാത്രമായ വിൻസെന്‍റ് പെപ്പെ എന്ന നായകനായെത്തുന്ന ആന്‍റണി മലയാളത്തിന്‍റെ പുത്തൻ നായക സങ്കൽപത്തിൽ ആദ്യ ചിത്രം കൊണ്ടു തന്നെ ഇടം നേടിയിരിക്കുകയാണ്. അങ്കമാലിയുടെ നാട്ടുഭാഷയും അവരുടെ ആഘോഷവും ജീവിതരീതിയും ഭക്ഷണപ്രിയവും അടിപിടി അക്രമവും എല്ലാം ചിത്രം പറഞ്ഞു പോകുന്നു. വർത്തമാന കാലത്തിൽ നിന്നും ഫ്ളാഷ് ബാക്കിലേക്കു പോകുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം പെപ്പയുടെ കഥ പറച്ചിലിലൂടെ പ്രേക്ഷകരെ സിനിമയിലേക്കെത്തിക്കുകയാണ്. പിന്നീടു കഥയിൽ നിന്നും കഥാപാത്രങ്ങൾക്കൊപ്പം അവരും സഞ്ചരിക്കുക്യാണ്. പെപ്പെയും അപ്പാനി രവിയും ലിച്ചിയും 10 എം.എൽ തോമസും ഭീമനും യു ക്ലാന്പ് രാജനും വർക്കിയും മാർട്ടിയും ബാബുജിയുമെല്ലാം പ്രേക്ഷകർക്കു പരിചിതരായാണ് കഥയിലെത്തുന്നത്.

ഫ്രൈഡെ ഫിലിംസിന്‍റെ ബാനറിൽ നടനായ വിജയ് ബാബുവാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അങ്കമാലിയിലെ പ്രധാന ഭക്ഷണ വിഭവമായ പന്നിയിറച്ചിയും ചിത്രത്തിന്‍റെ ആദ്യമധ്യാന്തം കഥയിൽ സഞ്ചരിക്കുന്നുണ്ട്. നായകനായ പെപ്പയുടെ ഗ്യാങ്ങിന്‍റെ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. അവരുടെ ആഘോഷത്തിനും ജീവിതത്തിനുമിടയ്ക്കു ചെന്നെത്തുന്ന ചില കയ്യാങ്കളികളും അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളിലൂടെയുമാണ് ചിത്രം മുന്നേറുന്നത്. ആദ്യ പകുതിയിൽ നർമ്മഭാവത്തെ മുൻ നിർത്തി പ്രണയവും വിരഹവും സൗഹൃദവുമായി മുന്നേറുന്ന ചിത്രം ഇടവേളയോടെ സീരിയസാകുന്നുണ്ട്. പിന്നീട് പ്രത്യാഘാതത്തെ നേരിടാനുള്ള അവരുടെ ശ്രമങ്ങളും അതിനായുള്ള ഓട്ടവുമാണ് ചിത്രം കാണിച്ചു തരുന്നത്. ഇതിനിടയിൽ വന്നെത്തുന്ന ആക്ഷൻ രംഗങ്ങളുമായി കഥ മുന്നേറുന്നു. ചിത്രത്തിൽ ഇടവേള തീർത്തുകൊണ്ടെത്തുന്ന ഓരോ ആക്ഷൻ സീനുകളും ഏറെ യാഥാർത്ഥ്യഭാവത്തിൽ ചിത്രത്തിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്.


ആദ്യ തിരക്കഥയെന്നു തോന്നിപ്പിക്കാത വിധത്തിൽ ചെന്പൻ വിനോദിന്‍റെ ശ്രമത്തെ മികവുറ്റ രീതിയിൽ പക്കാ എന്‍റർടെയ്മെന്‍റാക്കി മാറ്റിയിരിക്കുകയാണ് സംവിധായകൻ. തന്‍റെ ആദ്യ ചിത്രമായ നായകനിലൂടെ ചെന്പൻ വിനോദിനെ പരിചയപ്പെടുത്തിയ ലിജോ ജോസ് പല്ലിശ്ശേരി തന്നെ തിരക്കഥാകൃത്തായും ഈ കലാകാരനെ അവതരിപ്പിക്കുന്നു. ഒപ്പം ചെന്പൻ വിനോദിന്‍റെ സഹോദരൻ ഉല്ലാസ് ജോസ് ചെന്പനേയും കാമറയ്ക്കു മുന്നിലേക്കു സംവിധായകൻ കൊണ്ടെത്തിക്കുന്നുണ്ട്. ചിത്രത്തിലെത്തുന്ന ഓരോ പുതുമുഖവും മലയാള സിനിമയിൽ തന്േ‍റതായ ഇടം കണ്ടെത്താൻ കഴിവുള്ളവരാണെന്നു ചിത്രം കാണിച്ചു തരുന്നു.

ഒരു കഥ പറയുന്നതിനേക്കാൾ അതിന്‍റെ അവതരണത്തിൽ കൊണ്ടുവന്ന പുതുമയും പരീക്ഷണവുമാണ് ചിത്രത്തിന് ഇത്രമാത്രം പ്രേക്ഷക പ്രീതി നൽകിയത്. പതിവു രീതികളിൽ നിന്നുമേറെ വ്യത്യസ്തമായ കാഴ്ചാനുഭവം ചിത്രത്തിനൊരുക്കുന്നത് കാമറമാൻ ഗിരീഷ് ഗംഗാധരനാണ്. പ്രേക്ഷകന്‍റെ മിഴികളായി ഈ ഛായാഗ്രാഹകൻ മാറുന്പോൾ കഥയ്ക്കുള്ളിലെ കഥാപാത്രങ്ങൾക്കൊപ്പമാണ് കാമറ സഞ്ചരിക്കുന്നത്. സംഘട്ടനരംഗങ്ങളിൽ പോലും കഥാപാത്രങ്ങളുടെ മുന്നിലും പിന്നിലുമായി കാമറയും ചടുല വേഗം കൈവരിക്കുന്നു. കഥാന്ത്യത്തിൽ പതിനഞ്ചു മിനിട്ടോളമുള്ള ദീർഘകരമായ സംഘട്ടന രംഗങ്ങളെ ഒറ്റ ഷോട്ടിലൊരുക്കിയിരിക്കുന്നത് തന്നെ സിനിമയുടെ വിജയഘടകങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഇതിനൊപ്പം കണ്ണഞ്ചപ്പിക്കുന്ന ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും ചിത്രത്തിനു കൂടുതൽ മിഴിവേകുകയാണ്.
വലിയൊരു കഥയെ സംഭവ ബഹുലമായി പറയുന്പോഴും അതിന്‍റെ സംഗീതത്തിലും പശ്ചാത്തല ഗീതത്തിലും പ്രശാന്ത് പിള്ള കാണിച്ച വൈഭവവും മിതത്വവും ചിത്രത്തിനു കൂടുതൽ ചാരുത നൽകുന്നുണ്ട്. നാടൻ പാട്ടിന്‍റെ ഇഴയടുപ്പത്തിൽ പ്രശാന്ത് പിള്ള ഒരുക്കുന്ന സംഗീതം അങ്കമാലിക്കാരുടെ കഥയിൽനിന്നും വേർതിരിക്കാനാവാതെ ഒന്നായി ചേർന്നതാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകരെ മാറ്റി നിർത്താതെ മറ്റൊരു അങ്കമാലിക്കാരാക്കി മാറ്റുന്നതാണ് ഈ ചിത്രത്തിന്‍റെ വിജയം.

കട്ട ലോക്കൽ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം മികച്ച കയ്യടിയാണ് നേടുന്നത്. പരീക്ഷണത്തിനും പുരോഗമന ചിന്തയ്ക്കും മലയാള സിനിമയിൽ ഇടമുണ്ടെന്ന് ഈ ചിത്രം കാണിച്ചു തരുന്പോൾ അതു സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ മികവാണു തെളിയിക്കുന്നത്. താരാധിപത്യമില്ലാതെ മറ്റൊരു പിന്തുണയുമില്ലാതെ ഇത്രമാത്രം പുതുമുഖങ്ങളെ ചേർത്തു സിനിമയൊരുക്കിയ സംവിധായകനുള്ളതാണ് ഈ ചിത്രത്തിന്‍റെ വിജയം. അങ്കമാലി ഡയറീസിന്‍റെ കഥകൾ ഇനിയും അവസാനിക്കുന്നതല്ല, അതിന്‍റെ താളുകൾ വായിക്കാനേറെ ബാക്കിയുണ്ട്...

സ്റ്റാഫ് പ്രതിനിധി