തീരദേശ കൃഷിക്ക് പാലക് ചീര
തീരദേശ കൃഷിക്ക് പാലക് ചീര
Tuesday, March 21, 2017 4:21 AM IST
കേരളത്തിലെ കർഷകരിൽ ഭൂരിഭാഗത്തിനും അറിയാത്ത ഒരു ഇലക്കറി വിളയാണ് പാലക്. ഉപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വിളയാണ്. കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇത് വ്യാപകമായി കൃഷി ചെയ്യുന്നു. വടക്കേ ഇന്ത്യക്കാരുടെ ഒരു ഇഷ്ട വിഭവമാണ് ഉരുളക്കിഴങ്ങും പാലക്കും കൂടിയുള്ള കറി.

ഉപ്പിനെ പ്രതിരോധിക്കുന്നതിനാൽ കേരളത്തിന്‍റെ തീരപ്രദേശങ്ങൾക്കും യോജിച്ച ഒന്നാണിത്. കാക്കനാട്ട് വിഎഫ്പിസികെ നടത്തിയ പരീക്ഷണത്തിൽ സെ പ്റ്റംബർ മുതൽ കൃഷിചെയ്യാമെന്ന് തെളിഞ്ഞിട്ടുണ്ട്.

പോഷകഗുണം: വിറ്റാമിൻ ന്ധഎ’ യുടെയും ന്ധസി’ യുടെയും കലവറയാണ് പാലക്് ചീര. ധാതുക്കളും ധാരാളം അടങ്ങിയിരിക്കു ന്നു.

ഇനം: അർക്ക അനുപമ, ഓൾ ഗ്രീൻ, പൂസാജ്യോതി ഇനങ്ങൾ കൃഷി ചെയ്യാം.

മണ്ണ് : ഉപ്പിനെ പ്രതിരോധിക്കാൻ കഴിവുള്ളതുകൊണ്ട് കേരളത്തിന്‍റെ തീരപ്രദേശങ്ങളുൾപ്പെടെ എല്ലാ മണ്ണിലും കൃഷി ചെയ്യാം. അമ്ലത കുറഞ്ഞ മണ്ണാണ് കൂടുതൽ അനുയോജ്യം. അമ്ലാംശം കൂടുതലുണ്ടെങ്കിൽ പിഎച്ച് പേപ്പർ ഉപയോഗിച്ചു നോക്കിയതിനുശേഷം കുമ്മായം ചേർത്ത് മണ്ണിനെ പാകമാക്കണം. പിഎച്ച് ഏഴിൽ താഴെയാണെങ്കിൽ കുമ്മായം ചേർത്തതിനുശേഷം വേണം കൃഷിയിറക്കാൻ.

ജൈവാംശം കുറവുള്ള ചൊരിമണൽ പ്രദേശത്ത് കൂടിയതോതിൽ കാലിവളമോ, കന്പോസ്റ്റോ, കലർപ്പില്ലാത്ത കോഴിവളമോ ചേർത്തതിനുശേഷം കൃഷിയിറക്കാം. ജൈവാംശം കൂടുതൽ വേണ്ട ഒരു വിളയാണ് പാലക്ക്.

കൃഷിസമയം : കേരളത്തിൽ ശീതകാലത്ത് നന്നായി വളരും. സെപ്റ്റംബർ-ഒക്ടോബർ മുതൽ കൃഷി ആരംഭിക്കാം. ശീതകാലം കഴിഞ്ഞ് മഴ മറയിലും പുറത്തും എല്ലാസമയത്തും കൃഷി ചെയ്യാവുന്ന ഒരു ഇലക്കറിയാണ് പാലക്.

വിത്തിന്‍റെ അളവ് : ഒരു സെന്‍റിൽ 60 മുതൽ 80 ഗ്രാം വിത്ത് ഉപയോഗിക്കണം.

അടിസ്ഥാനവളം : ഒരുസെന്‍റ് സ്ഥലത്ത് 100 കിലോ ചാണകപ്പൊടിയോ കന്പോസ്റ്റോ അല്ലെങ്കിൽ കലർപ്പില്ലാത്ത കോഴിവളമോ ചേർക്കണം. ജൈവവളമാണ് വളർച്ചയ്ക്കു നല്ലത്.

സ്ഥലം ഒരുക്കൽ : ഒരു സെന്‍റിൽ അടിവളം ചേർത്തശേഷം നിലം കിളച്ച് കട്ടകൾ പൊടിക്കണം. ജലത്തിന്‍റെ ലഭ്യത കൂടുതലുള്ള സ്ഥലങ്ങളിൽ തടങ്ങളിലും ജലലഭ്യത കുറവുള്ള സ്ഥലങ്ങളിൽ സ്ഥലം നിരപ്പാക്കിയതിനുശേഷം ചാലുകളിലും വിത്തു പാകാം.

നടീൽ രീതി

നേരിട്ട് വിത്തു പാകേണ്ട ഒരു വിളയാണ്. 90 സെന്‍റീമീറ്റർ (മൂന്നടി) വീതിയിലും സൗകര്യപ്രദമായ നീളത്തിലും തടങ്ങൾ എടുത്ത് വരികൾ തമ്മിൽ 30 സെന്‍റീമീറ്റർ (ഒരടി) അകലത്തിലും ചെടികൾ തമ്മിൽ 20 സെന്‍റീമീറ്റർ (എട്ടിഞ്ച്) അകലത്തിലും ചെറിയ കുഴി എടുത്ത് വിത്തു പാകണം.

നിരപ്പാക്കിയ സ്ഥലത്ത് 30 സെന്‍റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് 20 സെന്‍റിമീറ്റർ അകലത്തിൽ വിത്തുകൾ പാകണം. വിത്തുകൾ പാകുന്നതിനു മുന്പ് 4-5 മണിക്കൂർ വെള്ളത്തിലിട്ടശേഷം പാകിയാൽ 4-5 ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ മുളച്ചുവരും. അല്ലെങ്കിൽ മുളയ്ക്കാൻ കൂടുതൽ സമയമെടുക്കും.

മേൽവളം

മുളച്ചതിനുശേഷം വളർച്ച മോശമാണെങ്കിൽ 15-20 ദിവസങ്ങൾക്കുശേഷം കലർപ്പില്ലാത്ത കോഴിവളമോ, ചാണകമോ, കന്പോസ്റ്റോ മേൽവളമായി നൽകാം. ചൊരിമണൽ പ്രദേശത്ത് വളർച്ചമോശമാണെങ്കിൽ 19:19:19 രാസവളം ഒരു ഗ്രാം 1-2 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം. രാസവളം മണ്ണിൽ ചേർക്കാതെ തളിക്കുകയും ജീവാമൃതം ഉണ്ടാക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതുമാണ് നല്ലത്.


ജീവാമൃതം ഉണ്ടാക്കുന്ന രീതി

10 കിലോ പച്ചചാണകം, 10 ലിറ്റർ ഗോമൂത്രം- ചാണകവും മൂത്രവും നാടൻ പശുവിന്േ‍റതു ലഭിക്കുമെങ്കിൽ നല്ലത്. വിലകുറഞ്ഞ ശർക്കര രണ്ടു കിലോ, വൻപയർ അല്ലെങ്കിൽ മുതിര പൊടിച്ചത് രണ്ടു കിലോഗ്രാം, ഒരടിതാഴ്ചയിൽ നിന്നെടുത്ത രാസവളം കലരാത്ത മണ്ണ്, പി.ജി.പി.ആർ എന്ന ജീവാണുവളമിശ്രിതം ലഭിക്കുമെങ്കിൽ 100 ഗ്രാം, 200 ലിറ്റർ വെള്ളം.

മേൽപ്പറഞ്ഞിരിക്കുന്ന സാധനങ്ങൾ ഒരു ബാരലിൽ ഇട്ടതിനുശേഷം ദിവസം രണ്ടുപ്രാവശ്യം രാവിലെയും വൈകുന്നേരവും ഒരു നീളമുള്ള കന്പുകൊണ്ട് വലത്തോട്ട് നാലു ദിവസം ഇളക്കണം. അതിനുശേഷം ഉപയോഗിക്കാം. കൊതുകും ഈച്ചയും പെരുകാതിരിക്കാൻ ചണച്ചാക്കുകൊണ്ട് ബാരൽ മൂടിയിടണം. എല്ലാ പച്ചക്കറിവിളകൾക്കും നല്ലതുപോലെ ഇളക്കിയതിനുശേഷം ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. 2-3 ഇരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിക്കുകയും ചെയ്യാം.

കീടങ്ങൾ

മുഞ്ഞയും ഇലതീനിപുഴുക്കളും വരാൻ സാധ്യതയുണ്ട്.

നീം ഓയിൽ പ്ലസ് എന്ന ജൈവകീടനാശിനി 10 മില്ലിലിറ്ററും കലർപ്പില്ലാത്ത വേപ്പെണ്ണ 10 മില്ലിലിറ്ററും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതി.

വെളുത്തുള്ളി- കാന്താരി മിശ്രിതവും തളിക്കാം : 50 ഗ്രാം കാന്താരിയും 50 ഗ്രാം വെളുത്തുള്ളിയും 50 ഗ്രാം ഇഞ്ചിയും നന്നായി അരച്ച് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് തളിക്കാം.

ഗോമൂത്രം- കാന്താരി മിശ്രിതം : 50 ഗ്രാം കാന്താരി, ഒരു ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർത്ത് 10 ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് തളിക്കാം.

രോഗങ്ങൾ

ഇലകളിൽ മഞ്ഞ പുള്ളിക്കുത്ത് കാണുന്നുണ്ടെങ്കിൽ ബോർഡോമിശ്രിതം അല്ലെങ്കിൽ നാലു ഗ്രാം ഫൈറ്റോലാൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.

വിളവെടുപ്പ്

35-45 ദിവസങ്ങൾക്കകം വിളവെടുക്കാം. ഒരു സെന്‍റിൽ നിന്ന് 15 കിലോ ഇലകൾ ലഭിക്കും. മൂത്ത ഇലകൾ പറിച്ചെടുക്കുന്നതിനനുസരിച്ച് പുതിയ ഇലകൾ ഉണ്ടായിക്കൊണ്ടിരിക്കും.

വിത്തിന്‍റെ ലഭ്യത

പുതിയ വിളയായതുകൊണ്ട് പാലക് ചീരയുടെ വിത്ത് മാർക്കറ്റിൽ ലഭ്യമല്ല. ഇതിന്‍റെ വിത്ത് സുൽത്താൻബത്തേരിയിലുള്ള വയനാട് ജില്ലാ പഴം പച്ചക്കറി മാർക്കറ്റിംഗ് സഹകരണ സംഘത്തിലും (ഫോണ്‍ 04936-225239) വെജ്-മാർക്കറ്റ് (ഫോണ്‍ 04936-226239) എന്ന സ്ഥാപനത്തിലും ലഭിക്കും. കൊറിയർ വഴി അയച്ചുതരും.

ശീതകാല പച്ചക്കറികളുടെ തൈകളും വിത്തുകളും കേരളസർക്കാർ വിഎഫ്സികെ കാക്കനാട് കൊച്ചിയുടെ (ഫോണ്‍ 0484-242255) എല്ലാ ജില്ലകളിലും ഉള്ള ഓഫീസുകൾ വഴിയും വിതരണം ചെയ്യുന്നുണ്ട്. വിഎഫ്സികെയുടെ ആലത്തൂരുള്ള ഓഫീസുവഴിയും (ഫോണ്‍ 0492-2222706, 9447988555) വിത്തുകൾ ലഭിക്കും.

കലർപ്പില്ലാത്ത കോഴിവളം

പാലാ രൂപതാ സോഷ്യൽ സർവീ സ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഇടമറുക് സെന്‍റ് ആന്‍റണീസ് ഇടവകയിൽ പ്രവർത്തിക്കുന്ന വിക്ടറി സ്വാശ്രയ സംഘം കലർപ്പില്ലാത്ത കോഴിവളം വിതരണം ചെയ്യുന്നുണ്ട്.

ഇതു വേണമെന്നുള്ളവർ താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നന്പരിൽ ബന്ധപ്പെടുക. 9447500098

വൈ.ജെ. അലക്സ്