അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ
ആസിഫലി, ഭാവന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ. ആസിഫലിയാണ് ടൈറ്റിൽ കഥാപാത്രമായ ഓമനക്കുട്ടനെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ ഒരു യുവാവിന്‍റെയും യുവതിയുടെയും ജീവിതത്തിന്‍റെ രസകരമായ സംഭവങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. നവാഗതനായ രോഹിത് വി.എസ് കഥയെഴുതി സംവിധാനംചെയ്യുന്ന ഈ ചിത്രം ഫോർ എം എന്‍റർപ്രൈസസിന്‍റെ ബാനറിൽ ആന്‍റണി ബിനേയ, ബിജു പുളിക്കൽ എന്നിവർ ചേർന്നു നിർമിക്കുന്നു.

മൈസൂരിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. മൈസൂരിലെ ക്ലിന്േ‍റാണിക്ക ഫെയർഫുഡ് പ്രൊഡക്ഷൻസിന്‍റെ ഫോണ്‍ ഇൻ സെയിൽസ് എക്സിക്യൂട്ടീവ് ആണ് ഓമനക്കുട്ടൻ.

പല്ലവി എന്ന നർത്തകിയെയാണ് ഭാവന അവതരിപ്പിക്കുന്നത്. പ്ളെമിംഗ് എന്ന റഷ്യൻ ഡാൻസിലെ മികച്ച ഡാൻസർ. നല്ല തന്േ‍റടമുള്ള പെണ്‍കുട്ടി. കാര്യങ്ങൾ സ്വയം തീരുമാനിക്കാനും നടപ്പിലാക്കാനുമൊക്കെ പല്ലവിക്ക് ആരുടെയും സഹായമാവശ്യമില്ല. ഇങ്ങനയൊക്കെയാണു പല്ലവിയെങ്കിൽ ഓമനക്കുട്ടൻ നേരേ വിപരീതമാണ്. ആ പേരിൽത്തന്നെ ഒരു പഴമയുണ്ട്. ഓമനക്കുട്ടൻ അന്തർമുഖനാണ്. ആൾ ക്കാരെ അഭിമുഖീകരിക്കാൻ മടിയുള്ളവൻ. അതുകൊണ്ടുതന്നെയാണ് ഫോണ്‍ ഇൻ സെയിൽസ് എക്സിക്യൂട്ടീവായതും. പല്ലവിയുടെ വരവ് ഓമനക്കുട്ടന് ഒരു ആശ്വാസമായി. യോജിച്ചുപോകാൻ കഴിയുന്ന ഒരു കെമിസ്ട്രി അവർക്കിടയിൽ എങ്ങനെയോ രൂപപ്പെട്ടു. പല്ലവിയെപ്പോലെ വേറെയും ചിലർ ഓമനക്കുട്ടന്‍റെ ജീവിതത്തിലെ മാറ്റങ്ങൾക്കു കാരണമായി.


സ്രിന്‍റ, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സഖീർ അബ്ദുൾ ഖാദറിന്‍റേതാണു തിരക്കഥയും സംഭാഷണവും. ഹരി നാരായണൻ, മനു മഞ്ജിത് എന്നിവരുടെ ഗാനങ്ങൾക്ക് അരുണ്‍ മുരളീധരൻ, ഡോണ്‍ വിൻസന്‍റ് എന്നിവർ ഈണം പകരുന്നു.
വാഴൂർ ജോസ്