പരസ്യങ്ങളിൽ വഞ്ചിതരാകല്ലേ...
പരസ്യങ്ങളിൽ  വഞ്ചിതരാകല്ലേ...
Wednesday, March 15, 2017 5:03 AM IST
കഷണ്ടി മാറ്റാനുള്ള എണ്ണ, മീശയില്ലാത്തവർക്ക് മീശ വളരാനുള്ള നെയ്യ്, കൂടുതൽ സുന്ദരിയാകാനുള്ള ടോണിക്... ആയുർവേദ ഒൗഷധങ്ങളുടെയും, ചികിത്സകളുടെയും പരസ്യങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. ഒൗഷധങ്ങളുടെ പേരെടുത്തുപറഞ്ഞ് പരസ്യം പാടില്ല എന്ന നിയമത്തെ മറികടന്ന് ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ രോഗികളിലും ഉപഭോക്താക്കളിലും ഉളവാക്കുന്ന മാനസിക പ്രലോഭനങ്ങൾ വളരെ വലുതാണ്. ശരീരത്തിലെ ഏതെങ്കിലും അവയവത്തിെൻറ വലിപ്പം കൂട്ടാനും കുറയ്ക്കാനും, ബലം വർധിപ്പിക്കാനും, രോമ വളർച്ച ഉണ്ടാക്കാനും, അമിത രോമവളർച്ചയെ തടയാനും എന്നുവേണ്ട ശരീരത്തിൽ എന്തെല്ലാം പോരായ്മകൾ ഉണ്ടോ അവയ്ക്ക് ഓരോന്നിനും ഓരോ തരം ഒൗഷധങ്ങളുടെ പേരെടുത്തു പറഞ്ഞ് ചെയ്യുന്ന പരസ്യങ്ങൾ പൊതുജനത്തെ ഇതിലേക്ക് ആകർഷിക്കാൻ പ്രാപ്തമാണ്.

മോഹനവാഗ്ദാനങ്ങൾ ഏറെ

രോഗിയെ നേരിൽ കാണാതെ തന്നെ ഒൗഷധങ്ങൾ തപാൽ മുഖാന്തരം ആവശ്യക്കാരിൽ എത്തിക്കുന്നു. നിർമാതാക്കൾ അവകാശപ്പെടുന്ന കാലയളവിലെ ഉപയോഗം കൊണ്ട് ഉപഭോക്താവ് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കുന്നില്ലെങ്കിൽ മുടക്കിയ പണം തിരികെ നൽകും. തുടങ്ങിയ പരസ്യങ്ങളിലൂടെ മോഹനവാഗ്ദാനം ചെയ്യുന്ന പല ഒൗഷധ നിർമാതാക്കളും ചികിത്സകളും വരെ ഉണ്ട്.

ആയുർവേദ ഒൗഷധങ്ങൾക്കു വലിയ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന മിഥ്യാധാരണയും, പരസ്യത്തിലൂടെ വഞ്ചിതരാകുന്നവർ തങ്ങൾക്കു പറ്റിയ അബദ്ധം മറ്റുള്ളവരോട് പറയാൻ തയാറാകാത്തതും ഈ രംഗത്ത് വ്യാജ·ാരുടെ തള്ളിക്കയറ്റത്തിന് കാരണമാകുന്നു.

കുറച്ചു കാലത്തേക്ക് വിവിധ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ പ്രചരിക്കുകയും, പരസ്യത്തിൽ പറയുന്ന ഒൗഷധങ്ങൾ വിപണിയിൽ ലഭ്യമാകുകയും ചെയ്യും. ഒരു സമയപരിധി കഴിയുന്പോൾ ഈ പരസ്യങ്ങൾ അപ്രത്യക്ഷമാകുന്നു. കാലക്രമേണ ഈ ഒൗഷധങ്ങൾ വിപണിയിൽ ലഭ്യമാകാതെ വരുന്നു. ഉപഭോക്താക്കൾ ചതി തിരിച്ചറിഞ്ഞ് ഒൗഷധങ്ങളുടെ ഉപഭോഗം കുറയ്ക്കുന്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പിന്നീട് ഇതേ സ്ഥാപനമോ, നിർമാതാവോ പുതിയ ഉത്പന്നവും പരസ്യവുമായി വീണ്ടും വിപണിയിൽ വരുന്നു. ഇപ്രകാരം ചെയ്യുന്ന പല സ്ഥാപനങ്ങൾക്കും നിർമാതാക്കൾക്കും ഒൗഷധ നിർമാണത്തിനോ, വിപണനത്തിനോ ആവശ്യമായ അംഗീകൃത രേഖകൾ ഒന്നും തന്നെ ഉണ്ടായിക്കൊള്ളമെന്നില്ല.

||

തിരിച്ചറിയാം

വർഷങ്ങളായി ഒൗഷധ നിർമാണവും വിപണനവും നടത്തുന്ന പ്രമുഖ കന്പനികൾ ഒന്നും തന്നെ അവരുടെ ഒൗഷധങ്ങളെക്കുറിച്ചോ അവയുടെ ഗുണഗണങ്ങളെക്കുറിച്ചോ പൊതുജനത്തിനിടയിൽ സാധാരണയായി പരസ്യം ചെയ്യാറില്ല. അവ അംഗീകൃത വിതരണക്കാർ മുഖേന മാത്രം രോഗികൾക്കും ഉപഭോക്താക്കൾക്കും ലഭിക്കുകയും അവയെ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടാകുന്ന പക്ഷം അത് തീർക്കുന്നതിനായി ഉപഭോക്തൃ സംരക്ഷണ സമിതിയുടെ (കസ്റ്റമർ കെയർ സെൽ) ഒരു പ്രത്യേക വിഭാഗം ഈ കന്പനികൾക്ക് ഉണ്ടായിരിക്കും. അതിൽ നേരിട്ടു ബന്ധപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഉപഭോക്താവിനുലഭിക്കും.


ഗുണനിലവാരമുള്ള കന്പനികൾ തങ്ങൾ എന്തെല്ലാം തരം ചികിത്സകളാണ് ലഭ്യമാക്കുന്നതെന്ന് ചിലപ്പോൾ പരസ്യം ചെയ്യാറുണ്ട്. എന്നാൽ രോഗി നേരിട്ട് എത്തിയാൽ മാത്രമേ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭ്യമാക്കുകയുള്ളു. ഇത്തരം സ്ഥാപനങ്ങൾക്ക് ചികിത്സാലയങ്ങളും, ഒൗഷധ നിർമാണവും വിപണനവും നടത്തുന്നതിന് ആവശ്യമായ അംഗീകൃത രേഖകളും ഉണ്ടായിരിക്കും. മാത്രവുമല്ല അവർ നിർമിക്കുന്ന ഒൗഷധങ്ങളിലെ ചേരുവകൾ എന്തെല്ലാമാണെന്ന് പായ്ക്കറ്റിനു പുറമേ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ഒൗഷധങ്ങൾക്കും ചികിത്സകൾക്കും വിശ്വാസ്യത കൂടുതലാണ്. ഉപഭോക്താവിനോ രോഗിക്കോ എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ചികിത്സയിലൂടെയോ ഒൗഷധങ്ങളിലൂടെയോ ഉണ്ടായാൽ അവർക്ക് എളുപ്പത്തിൽ സ്ഥാപനത്തെ സമീപിക്കാനും പ്രശ്നപരിഹാരത്തിനുമുള്ള മാർഗങ്ങളുമുണ്ട്.

പരസ്യങ്ങളിലൂടെ വിപണനം ചെയ്യുന്നവയിൽ ചേർക്കുന്ന ഒൗഷധം, മറ്റു വല്ല മരുന്നുകളും ചേർക്കുന്നുണ്ടോ, എങ്ങനെയുള്ള ചുറ്റുപാടുകളിലാണ് അവ നിർമിക്കുന്നത് എന്നിവയൊന്നും ഉപഭോക്താക്കൾക്കു വ്യക്തമായി അറിയാൻ കഴിയില്ല.

ത്രിദോഷങ്ങളെ അടിസ്ഥാനമാക്കിയും, രോഗിയുടെ ശരീരപ്രകൃതി, ജീവിത ശൈലി, വർഷകാലം, വേനൽക്കാലം എന്നീ കാലങ്ങൾ, പ്രായം, ആരോഗ്യസ്ഥിതി എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ് ഒൗഷധ ചികിത്സ നടത്തേണ്ടത്. വ്യത്യസ്ത രോഗാവസ്ഥയിലുള്ളവർക്ക് ഒരേ ഒൗഷധംകൊണ്ടു ചികിത്സിക്കുന്പോൾ, തികച്ചും വിപരീത ഫലങ്ങളെ ഉണ്ടാകൂ.

പരസ്യത്തിലെ ഒൗഷധങ്ങൾ ഉപയോഗിക്കുന്പോൾ രോഗാവസ്ഥ കുറയുകയും ഇവ നിർത്തിക്കഴിഞ്ഞാൽ രോഗം പൂർവാധികം ശക്തിയാകുകയും ചെയ്യും. ഈ സാഹചര്യങ്ങളിൽ പരസ്യത്തിലൂടെ മാത്രം വിപണനം ചെയ്യപ്പെടുന്ന ഒൗഷധങ്ങൾകൊണ്ടുള്ള ചികിത്സ ആയുർവേദ ചികിത്സ എന്ന പേരിന് അർഹമാണോയെന്നും കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ, ദി ആര്യവൈദ്യ ഫാർമസി (കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്
സിഎംഎസ് കോളജ് റോഡ്, കോട്ടയം