കേരള ഡോട്ട് കോം
കേരളത്തിന്‍റെ ദൃശ്യഭംഗിയും സാംസ്കാരിക തനിമയും കേരള ഡോട്ട് കോം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കുമുന്നിലെത്തിക്കുകയാണ് തമിഴ് സംവിധായകൻ എസ്. കുമരൻ. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. ഹാസ്യരസപ്രധാനമായ ചിത്രം കുടുംബപ്രേക്ഷകരെ ആകർഷിക്കുംവിധമാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ അബി, ഗായത്രി, അഭിരാമി, ദീക്ഷിത, രേണുക എന്നിവർ ചിത്രത്തിലെ മുഖ്യതാരങ്ങളാണ്.

കേരള- തമിഴ്നാട് സംസ്കാരങ്ങളുടെ സംയോജനമാണ് ഈ ചിത്രം. ഒരു കുടുംബത്തിൽതന്നെ ഈ രണ്ടു പ്രാദേശിക സംസ്കാരങ്ങളും ആചരിക്കപ്പെടുന്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതീവ രസകരമായി പറയാൻ ശ്രമിക്കുകയാണ് ചിത്രത്തിലൂടെ. ഹാസ്യവും പ്രണയവും കുടുംബപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. കേരളവുമായി എന്നും അടുപ്പം സൂക്ഷിക്കുന്ന അച്ഛൻ മകനെ കേരളത്തിലേക്കു പറഞ്ഞുവിടുന്നു. കല്യാണം കഴിക്കുവാനാണെങ്കിൽ അത് മലയാളി പെണ്‍കുട്ടി മതി എന്ന വാശിയോടെ നിൽക്കുന്ന അച്ഛനും അതിനെ എതിർത്തുനിൽക്കുന്ന അമ്മയും എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന മകനും. ഫോർച്യൂണ്‍ഫുട് ലൈറ്റ്സിന്‍റെ ബാനറിൽ ബിമൽവാസാണ് കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നത്.


മഞ്ജു ഗോപിനാഥ്
||