റിയൽ എസ്റ്റേറ്റിലെ ‘പെർഫെക്ഷനിസ്റ്റ്’
പിഎൻസി മേനോൻ എന്നു പരക്കേ അറിയപ്പെടുന്ന പുത്തൻ നെടുവക്കാണ് ചെന്താമരാക്ഷ മേനോനെക്കുറിച്ചു 2016 ജൂണിൽ രാജ്യാന്തര മാധ്യമാങ്ങളിലുൾപ്പെടെയൊരു വാർത്ത വന്നു. ഐതിഹാസിക നിക്ഷേപകനായ വാറൻ ബുഫെയും മൈക്രോ സോഫ്റ്റ് സ്‌ഥാപകനായ ബിൽ ഗേറ്റ്സും ചേർന്നു സ്‌ഥാപിച്ച ‘ദ ഗിവിംഗ് പ്ലെഡ്ജ് ’ എന്ന ആഗോള ജീവകാരുണ്യ ഇനീഷ്യേറ്റീവിന് മേനോൻ എഴുതിയ കത്താണ് വാർത്തയായത്.

ഗിവിംഗ് പ്ലെഡ്ജിൽ ഒപ്പു വയ്ക്കുന്നതായി അറിയിച്ചുകൊണ്ട് വാറൻ ബുഫെയ്ക്ക് എഴുതിയ കത്തായിരുന്നു അത്. വ്യക്‌തിഗത സമ്പത്തിെൻറ 50 ശതമാനം ആഗോള ജീവകാരുണ്യ പ്രവർത്തനത്തിനു സംഭാവനയായി നൽകുവാൻ സമ്മതിക്കുന്നതാണ് ഗിവിംഗ് പ്ലെഡ്ജിലെ ഒപ്പു വയ്ക്കൽ. 2016ൽ മേനോന് 11000 കോടി രൂപയിലധികം (ഏകദേശം 165 കോടി ഡോളർ) സ്വത്തുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യൻ സമ്പന്നരിൽ എഴുപത്തിയെട്ടാം സ്‌ഥാനമാണ് മേനോന്.

ലോകത്തെ 16 രാജ്യങ്ങളിൽനിന്നുള്ള 154 പേരാണ് ഇപ്പോൾ ഗിവിംഗ് പ്ലെഡ്ജിൽ ഒപ്പു വച്ചിട്ടുള്ളത്.

ഭാഗ്യദേവത ചിരിക്കുന്നു

1976 ഇരുപത്തിയേഴാം വയസിൽ യാദൃച്ഛികമായി ജീവിതത്തിലെക്കു കയറിവന്ന ഒമാനി ബ്രിഗേഡിയറാണ് മേനോെൻറ ജീവിതത്തിലെ വഴിത്തിരിവായത്. കൊച്ചിയിലെ ഹോട്ടൽ ലോബിയിൽ വച്ചാണ് ബ്രിഗേഡിയർ സുലൈമാൻ അൽ അഡാവിയെ മേനോൻ കാണുന്നത്. കൊച്ചിയിൽ ഫിഷിംഗ് ബോട്ട് വാങ്ങാൻ വന്നതായിരുന്നു അഡാവി. മേനോൻ ആ ഹോട്ടിലിൽ എന്തോ ജോലിക്കുമെത്തിയതായിരുന്നു. ഭാഗ്യവശാൽ തമമിൽ സംസാരിക്കാൻ സാധിച്ചു. ‘ ഞങ്ങളുടേത് പുതിയൊരു രാജ്യമാണ്. അവിടെ ധാരാളം അവസരങ്ങളുണ്ട്. എന്തുകൊണ്ട് അവിടെ വന്നുകൂടാ. നമുക്ക് ഒരുമിച്ച് എന്തെങ്കിലും ചെയ്യാം.’ അഡാവി പറഞ്ഞു.

അതുവരെ ഒമാൻ എന്ന രാജ്യത്തെക്കുറിച്ച് മേനോൻ കേട്ടിട്ടില്ലായിരുന്നു. വീട്ടിൽ വന്ന് അറ്റ് ലെസ് എടുത്ത് ഈ രാജ്യം എവിടെയാണെന്നു മനസിലാക്കിയെന്നാണ് മേനോൻ ഇതേക്കുറിച്ചു പറയുന്നത്.
ഈ മീറ്റിംഗ് മേനോനിലെ സംരഭകത്വ സ്പിരിറ്റിന് ഊർജം പകർന്നു. അവസരങ്ങളെക്കുറിച്ചു കണക്കുകൂട്ടി റിസക് എടുക്കുവാൻ തീരുമാനിച്ചു. ഒമാനിലേക്കു പോകുവാൻ ഉറച്ചു.

50 രൂപയിൽ തുടക്കം

പോക്കറ്റിൽ വെറും 50 രൂപയുമായി മേനോൻ ഒമാനിലേക്കു പോയി. അവിടെ എത്തുമ്പോൾ ഭയത്തേക്കാൾ ആവേശമായിരുന്നു മേനോെൻറ മനസിൽ. പുതിയ പര്യവേക്ഷണത്തെക്കുറിച്ചുള്ള ആവേശം.

ഒമാനിലെത്തി. ആർമിയിൽ ഓഫീസറായിരുന്ന അഡാവിയുടെ കൈവശവും പണമുണ്ടായിരുന്നില്ല. അന്നു വായ്പയൊക്കെ കിട്ടാൻ പ്രയാസമുള്ള കാലമാണ്. ഒരുവിധം 3,000 റിയാൽ (ഏകദേശം 3.5 ലക്ഷം രൂപ) സംഘടിപ്പിച്ചു. സർവീസ് ആൻഡ് ട്രേഡ് കമ്പനി (എസ്ടിസി) എന്ന പേരിൽ ഇൻറീരിയർ ഡിസൈൻ ഫേം തുടങ്ങി. കേരളത്തിൽ വച്ച് അറിയാമായിരുന്ന ജോലി അതായിരുന്നുവല്ലോ.

രാജ്യാന്തര വിപണിയാണെന്നോർക്കണം. ഒരിക്കലും മുൻനിരയിലേക്ക് എത്താൻ സാധിക്കില്ല. ഒരു വശം പറ്റി നീങ്ങി. തുടക്കം വളരെ വളരെ പ്രയാസത്തിലായിരുന്നു എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്‌തിയില്ല. പലകാര്യങ്ങളും മേനോന് എതിരായിരുന്നു. ഇൻറീരിയർ ഡിസൈനിൽ ക്വാളിഫിക്കേഷനില്ല; ആവശ്യത്തിനു മൂലധനമില്ല; ഒരു തരത്തിലുമുള്ള ബന്ധങ്ങളുമില്ല ഇവിടെ; മലയാളം മീഡിയത്തിൽ പഠിച്ചതിനാൽ കമ്യൂണിക്കേഷൻ സ്കില്ലും കുറവ്.... ഈ പ്രതികൂല സാഹചര്യങ്ങളിലും മേനോെൻറ സ്വപ്നങ്ങൾക്കു മാത്രം കുറവുണ്ടായിരുന്നില്ല!

പതിയെ ഇടപാടുകാരെ ലഭിച്ചു തുടങ്ങി. കഠിനമായി യത്നിച്ച് എപ്പോഴും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ മെച്ചപ്പെട്ട ക്വാളിറ്റി നൽകുവാൻ ശ്രമിച്ചു. പൂർണതയിൽ കുറഞ്ഞൊന്നും മേനോെൻറ നിഘണ്ടുവിലുണ്ടായിരുന്നില്ല. ഓരോ ചുവടിലും പൂർണത വരുത്തിക്കൊണ്ടു അടുത്ത ലെവലിലേയ്ക്ക് പോയതാണ് മേനോെൻറ വിജയ രഹസ്യങ്ങളിലൊന്ന്. ഓരോ ദിവസവും പഠന ദിവസമായിരുന്നു അദ്ദേഹത്തിന്.
തുടക്കം മുതൽ രാജ്യാന്തര കമ്പനികളോടായിരുന്നു മത്സരം. തുടക്കത്തിൽ ഗൗരവമായി അവർ മേനോനെ കണ്ടില്ല. പക്ഷേ മേനോൻ നൽകുന്ന ക്വാളിറ്റി വാഗ്ദാനങ്ങൾക്കും വർക്കുകൾക്കും മുന്നിൽ പിടിച്ചു നിൽക്കുവാൻ പിന്നീട് അവർക്കു സാധിച്ചില്ല. പറയുന്ന വാക്കിെൻറ വില എന്നു ഏറ്റവും ലളിതമായി പറയാം ഈ നേട്ടത്തെ.

1976ൽ ഒമാനിലെത്തിയ മേനോെൻറ എസ്ടിസി 1984 ആയപ്പോഴേയ്ക്കും ഒമാനിലെ ഇൻറീരിയർ ഡെക്കറേഷൻ വ്യവസായത്തിലെ നാല് ടോപ് സ്‌ഥാപനങ്ങളിൽ ഒന്നായി മാറി. വെറും എട്ടു വർഷത്തെ ഇടിവേളയിലായിരുന്നു മേനോെൻറ ഈ നേട്ടം. 1986–87ൽ ഒന്നാം സ്‌ഥാനത്തും. ഇന്നും ഒമാനിലെ വിപണി ലീഡറാണ് എസ്ടിസി. ബ്രൂണെയ് സുൽത്താെൻറ കൊട്ടാരത്തിെൻറ ഇൻറീരിയർ ജോലികൾ വരെയെത്തി എസ്ടിസിയുടെ പ്രവർത്തനം.

1986ൽ പൂർണസമയ ബിൽഡറായി മാറുവാൻ മേനോൻ തീരുമാനിച്ചു. ആർക്കിടെക്ചർ മുതൽ ഇൻറീരിയർ ഡിസൈൻ വരെയുള്ള ജോലികൾ ചെയ്യുന്ന കമ്പനിയായി മാറി. ഫാക്ടറി കെട്ടിടങ്ങൾ, വീടുകൾ, വൻകിട വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയ നിരവധി പദ്ധതികൾ പൂർത്തിയാക്കി.

ഇന്ത്യയിലെ അവസരം

ഇന്ത്യയിൽ വന്നു പോകുന്ന മേനോൻ 1991ലെ സാമ്പത്തിക ഉദാരവത്കരണത്തെത്തുടർന്ന് ഇവിടെ സംഭവിക്കുന്ന മാറ്റങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ അവസരങ്ങൾ അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഗുണമേന്മയുള്ള ബിൽഡർമാരുടെ വിടവ് ഇന്ത്യൻ വിപണിയിലുണ്ടെന്ന് കണ്ടെത്താൻ അദ്ദേഹത്തിന് അധിക സമയം വേണ്ടി വന്നില്ല. ഈ വിടവിലേക്ക് കടക്കാനുള്ള വ്യക്‌തമായ തീരുമാനം എടുക്കുവാനും അദ്ദേഹത്തിന് അധിക സമയം വേണ്ടിവന്നില്ല.

1995ൽ ബാംഗ്ളൂർ കേന്ദ്രമായി ശോഭ ലിമിറ്റഡ് എന്ന സ്‌ഥാപനത്തിനു രൂപം നൽകി. ഭാര്യയുടെ പേരായ ശോഭയെന്നാണ് കമ്പനിക്കും പേരു നൽകിയത്.

രണ്ടു ദശകത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മേനോന് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. രാജ്യത്തെ മുൻനിര ക്വാളിറ്റി ബിൽഡർ ഡിസൈനർ കമ്പനികളിലൊന്നാണ് ശോഭ ലിമിറ്റഡ്.
ഉയർന്ന മേന്മയുള്ള റെസിഡൻഷ്യൽ വികസനമാണ് ശോഭയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടത്തിയത്. ഇടപാടുകാരുടെ പ്രതീക്ഷയേക്കാൾ മെച്ചപ്പെട്ട ഗുണമേന്മയിലാണ് ഓരോ പദ്ധതിയും പൂർത്തിയാക്കിയിട്ടുള്ളത്. ഗുണമേന്മയിലുള്ള മേനോെൻറ ശ്രദ്ധ ശോഭയ്ക്ക് നേടിക്കൊടുത്തത് ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന റിയ എസ്റ്റേറ്റ് വികസന ബ്രാൻഡെന്ന ബഹുമതിയാണ്. ട്രാക് ടു റിയാലിറ്റിയുടെ 2015– 16ലെ ബ്രാൻഡ് എക്സ് റിപ്പോർട്ടിൽ രാജ്യത്തെ ടോപ് ബ്രാൻഡ് ആയി രണ്ടാം വർഷവും തെരഞ്ഞെടുക്കപ്പെട്ടു. ടോപ് നാഷണൽ ബ്രാൻഡ്, ടോപ് സൗത്ത് ഇന്ത്യൻ ബ്രാൻഡ്, ടോപ് റെസിഡൻഷ്യൽ ബ്രാൻഡ്, ടോപ് സൂപ്പർ ലക്ഷ്വറി ബ്രാൻഡ് തുടങ്ങിയ നിരവധി വിഭാഗങ്ങളിൽ ഒന്നാം സ്‌ഥാനത്താണ് ശോഭ ലിമിറ്റഡ്. ട്രാക് ടു റിയാലിറ്റി ഉപഭോക്‌താക്കളുടെ ഇടയിൽ നടത്തിയ സർവേയിൽ മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡായി തെരഞ്ഞെടുക്കപ്പെട്ടതും ശോഭയാണ്.


പദ്ധതി നടത്തിപ്പിൽ കമ്പനിയുടെ കഴിവ് വ്യക്‌തമാക്കുന്നതാണ് പൂർത്തിയാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ. ശോഭ ഇതുവരെ 116 റിയൽ എസ്റ്റേറ്റ് പദ്ധതികളും 280 കരാർ പദ്ധതികളും പൂർത്തിയാക്കി. ഏതാണ്ട് 84.96 ദശലക്ഷം ചതുരശ്രയടി കെട്ടിടം ഇതുവരെ പൂർത്തിയാക്കി. പതിമൂന്ന് സംസ്‌ഥാനങ്ങളിലെ 25 നഗരങ്ങളിലാണ് ഈ പദ്ധതികൾ പൂർത്തിയാക്കിയത്. ഇൻഫോസിസ്, ടിംകൻ താജ്, മികോ, എച്ച്പി, ഡെൽ തുടങ്ങിയ നിരവധി സ്‌ഥാപനങ്ങൾക്കായി പ്രത്യേക കെട്ടിടങ്ങൾ കമ്പനി രൂപകൽപന ചെയ്തു പണി പൂർത്തിയാക്കിയിട്ടുണ്ട്. 2008ലാണ് ഇൻഫോസിസിനു വേണ്ടി ആദ്യത്തെ കെട്ടിടം ബാംഗ്ലൂരിൽ ശോഭ പൂർത്തിയാക്കിയത്.

പബ്ളിക് ലിമിറ്റഡ് കമ്പനി

2006ൽ പബ്ലിക് ഇഷ്യു നടത്തി സ്റ്റോക് എക്സേചഞ്ചിൽ ലിസ്റ്റു ചെയ്തു. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായി വ്യാപരം ചെയ്യപ്പെടുന്ന ഓഹരികളിൽ ഒന്നാണ് ശോഭാ ലിമിറ്റഡ്. ഓഹരി വിലയിപ്പോൾ 287 രൂപയാണ് (ഫെബ്രുവരി 20ന്). വിപണി മൂല്യം 2750 കോടി രൂപയും.

കമ്പനി 2015–16ൽ 1800 കോടി രൂപ വിറ്റുവരവും 137 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. നടപ്പുവർഷത്തിെൻറ ആദ്യ ഒമ്പതു മാസക്കാലത്ത് വരുമാനം 1644 കോടി രൂപയും അറ്റാദായം 100.4 കോടി രൂപയുമാണ്. ഏറ്റവും പ്രയാസകരമായ കാലത്തിലൂടെ റിയൽ എസ്റ്റേറ്റ് മേഖല കടന്നുപോകുന്നതെന്നതു കണക്കിലെടുക്കുമ്പോൾ കമ്പനിയുടെ പ്രകടനത്തിെൻറ വില മനസിലാകും.

മേനോെൻറ സംരംഭകയാത്ര സ്മൂത്തായിരുന്നുവെന്നു കരുതേണ്ടതില്ല. 2008– 09ൽ കമ്പനി സാമ്പത്തികമായി വളരെ പ്രയാസത്തിലായിരുന്നുവെങ്കിലും അതിൽനിന്നു പുറത്തുവരുവാൻ മേനോനു സാധിച്ചു.

അമ്പതു രൂപയുമായി 1976ൽ ഒമാനിലെത്തിയ മേനോന് 2007ലെ ഫോർബ്സ് കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം ലഭിച്ചു. അടുത്തവർഷവും ലഭിച്ചു. ഇപ്പോൾ ഈ പട്ടികയിൽ സ്‌ഥിരമായി മേനോനുണ്ട്. ഇപ്പോൾ ഇന്ത്യൻ കോടീശ്വരന്മാരുടെ ഗണത്തിൽ എഴുപത്തിയെട്ടാം സ്‌ഥാനമാണ് മേനോന്. 165 കോടി ഡോളറിെൻറ സമ്പത്തുമായി. ജിസിസിയിലെ ഇന്ത്യൻ സമ്പന്നരിൽ പതിനൊന്നാം സ്‌ഥാനമാണ് കഴിഞ്ഞ വർഷം മേനോനുണ്ടായിരുന്നത്.

ആഗോള ഇന്ത്യൻ കമ്പനി

ഇന്ത്യൻ ബിസിനസ് വളർച്ചയിലേക്കു നീങ്ങിയപ്പോൾ രാജ്യാന്തര അവസരങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലായി മേനോൻ. ഇന്ത്യയിൽനിന്നൊരു രാജ്യാന്തര കമ്പനി. 2013ൽ ദുബായിൽ രണ്ട് റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കു തുടക്കം കുറിച്ചു ശോഭ ഹാർ്ലാൻഡും മൊഹദ് ബിൻ റഷീദ് അൽ മക്ടൗം സിറ്റിയിലെ ഡിസ്ട്രിക് വണ്ണും.

എട്ടു ദശലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ശോഭ ഹാർട്ട്ലാൻഡ് ദുബായ് നഗര ഹൃദയത്തിൽ പൂർത്തിയാകുന്നത്. വില്ല, ഹൈ റൈസ് അപ്പാർട്ടുമെൻറുകൾ, രണ്ട് രാജ്യാന്തര സ്കൂളുകൾ, മൂന്ന് ബോട്ടീക് ഹോട്ടലുകൾ, റീട്ടെയിൽ മാൾ എന്നിവയാണ് ഇവിടെ ഉയരുക. ആദ്യഘം ഈ വർഷാവസാനം പൂർത്തിയാകും.

ഡിസ്ട്രിക് വണ്ണിൽ 1500 ലക്ഷ്വറി വില്ലകളും റീയെിൽ, സ്പോർട്സ് സൗകര്യങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആയിരം ഏക്കറിലാണ് ഡിസ്ട്രിക് വൺ സ്‌ഥാപിക്കുന്നത്.
നാലു ദശകം മുമ്പ് പാലാക്കാട്ട് ഇൻറീരിയർ ഡെക്കറേഷൻ സ്‌ഥാപനത്തിൽ ആരംഭിച്ച മേനോെൻറ സംരംഭക യാത്ര ഇന്ന് റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ ബഹുരാഷ്ട്ര ഗ്രൂപ്പിലെത്തി നിൽക്കുകയാണ്. ഇന്ത്യയ്ക്കു പുറമേ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റിൻ, ബ്രൂണയ്, ടാൻസാനിയ എന്നിവിടങ്ങളിൽ ബിസിനസ് താൽപര്യമുള്ള ഗ്രൂപ്പായി ശോഭ മാറിയിരിക്കുന്നു. ആഗോള വികസനത്തിൽ ലക്ഷ്യമിട്ട് 2014ൽ ഒരു ഓഫീസും കമ്പനി തുറന്നിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ

ഇടത്തരം കുടുംബത്തിെൻറ മൂല്യങ്ങൾ വച്ചു പുലർത്തുന്ന മേനോന് ഇന്ന് പണം വിജയത്തിെൻറ ഉപോത്പന്നം മാത്രമാണ്. വിജയം അനന്തതയിലാണെന്നാണ് മേനോെൻറ കാഴ്ചപ്പാട്. പത്തു ചുവടു വച്ചാൽ ഇരുപതാം ചുവടിലാണ് വിജയം കാണുന്നത്. അവിടെയെത്തിയാൽ വിജയം നാല്പതാം ചുവടിലാണ്.... അതായത് വിജയമെന്നത് അനന്തതയാണ്. അതിന് അന്ത്യമില്ലെന്ന് മേനോൻ കരുതുന്നു. കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം സിവിൽ എൻജിനീയറായ പുത്രൻ രവി മേനോനെ എൽപ്പിച്ചിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് വ്യവസായത്തിലെ ‘പെർഫെക്ഷനിസ്റ്റ്’ എന്നറിയപ്പെടുന്ന പിഎൻ സി ഇപ്പോൾ ചെയർമാൻ എമിററ്റ്സ് ആണ്.

റിയൽ എസ്റ്റേറ്റിനു നൽകുന്ന അതേ മുൻഗണന തന്നെയാണ് കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികൾക്കു നൽകുന്നതെന്നാണ് മേനോെൻറ ‘ഗിവിംഗ് പ്ലെഡ്ജ്’ കാണിക്കുന്നത്. മേനോെൻറ വ്യക്‌തിഗത സ്വത്തിൽ പകുതിയിലധികം സാമൂഹ്യ ആവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ‘ശ്രീ കുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന പേരിൽ ജീവകാരുണ്യ സ്‌ഥാപനം തുടങ്ങിയിട്ടുണ്ട്. വടക്കഞ്ചേരി, കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലെ ആളുകൾക്കാണ് ഇതിെൻറ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക. ഇതേ പദ്ധതികൾ കർണാടകയിലേയും എൻസിആർ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 12,000 കുട്ടികൾക്കാണ് ഇതിെൻറ പ്രയോജനം ലഭിക്കുന്നത്.
സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾ, മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ലോകോത്തര നിലവാരത്തിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലെ സൗകര്യങ്ങൾ എല്ലാം സൗജന്യമാണ്. ‘ആവശ്യം‘ കണക്കിലെടുത്താണ് ഇവിടുത്തെ പ്രവേശനത്തിെൻറ മാനദണ്ഡം.

ജോയ് ഫിലിപ്പ്