കിഷോറിനെ നിങ്ങൾ അറിയും
വർഷങ്ങളായി പരിചിതമായ മുഖമാണ് കിഷോറിന്റേത്. അതു സിനിമയിലൂടെയും പരമ്പരകളിലൂടെയുമല്ല പരസ്യചിത്രങ്ങളിലൂടെയാണ് എന്നു മാത്രം. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ, മാഗി, സാംസങ്, രാംരാജ് മുണ്ടുകൾ തുടങ്ങി മലയാളത്തിനകത്തും പുറത്തുമായി എൺപതിലധികം പരസ്യ ചിത്രങ്ങൾ. ഇപ്പോൾ ചെറു ചിത്രങ്ങളിൽ നിന്നും സിനിമയുടെ വലിയ കാൻവാസിലേക്കു ചുവടുമാറ്റുകയാണ് കിഷോർ. നവാഗതനായ ടോണി ചിറ്റേട്ടുകളത്തിന്റെ ചക്കര മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് കിഷോർ എത്തുന്നത്. സിനിമയുടെ തിരക്കിനിടയിലും പരസ്യചിത്രങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് ഈ താരം. തന്റെ പുതിയ ചുവടുമാറ്റത്തിനെക്കുറിച്ച് കിഷോർ പറയുന്നു..

പരസ്യ ചിത്രങ്ങളിൽ നിന്നും സിനിമയിലേക്കുള്ള സഞ്ചാരം എങ്ങനെയായിരുന്നു

പതിനഞ്ചു വർഷത്തെ പരസ്യചിത്രത്തിലെ അനുഭവത്തിലൂടെയാണ് ഞാൻ ഈ സിനിമയിലെത്തുന്നത്. ഏകദേശം എൺപതിലധികം പരസ്യങ്ങളിൽ ഈ കാലയളവിനുള്ളിൽ ഞാൻ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. നോക്കിയ മൊബൈൽസ്, മാഗി, സാംസങ് തുടങ്ങിയ നാഷണൽ ആഡ്സ്, മധുര കോട്സ്, എച്ച.ഡി.എഫ്.സി, കേരളത്തിലെ പ്രമുഖ ജൂവലറികൾ, തുണിക്കടകൾ, ബിൽഡേഴ്സ് എന്നിവയ്ക്കു വേണ്ടിയും മോഡലിംഗ് ചെയ്തിട്ടുണ്ട്. ഇപ്പോൾ രാംരാജിനു വേണ്ടിയാണ് പരസ്യം ചെയ്തത്. പരസ്യ ചിത്രീകരണത്തിനിടയിലാണ് ചക്കര മാവിൻ കൊമ്പത്തിന്റെ സംവിധായകൻ ടോണി ചിറ്റേട്ടുകളവുമായി പരിചയമുണ്ടാകുന്നത്.

സിനിമയിലുള്ള അഭിനയ പരിചയം?

ഈ ചിത്രത്തിനു മുമ്പ് ഞാൻ ഒന്നു രണ്ടു സിനിമകളിൽ ചെറിയ വേഷത്തിലെത്തിയിരുന്നു. ജാക്കി ഷെറോഫിന്റെ മകൻ ടൈഗർ ഷെറോഫ് നായകനായ ബോളിവുഡ് ചിത്രം ബാഗിയിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ വേഷം ചെയ്തിരുന്നു. എന്റെ ഒരു കോർഡിനേറ്റർ റഫീഖാണ് ആ ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. നിരവധി പരസ്യചിത്രവുമായി ബന്ധപ്പെട്ട് റഫീഖിനൊപ്പം ഞാൻ വർക്കു ചെയ്തിട്ടുള്ളതാണ്. രണ്ടു ദിവസം ബോംബെയിലായിരുന്നു അതിന്റെ ഷൂട്ടിംഗ്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അത്.

മോഡലിംഗ് രംഗത്തേക്കെത്തുന്നത് എങ്ങനെയാണ് ?

അതു യാദൃച്ഛികമായി സംഭവിച്ചതാണ്. എന്റെ ഒരു സുഹൃത്തിന്റെ കല്യാണത്തിനു പോയപ്പോൾ അവിടെ പരസ്യ മേഖലയിലുള്ള രണ്ടുപേരെത്തിയിരുന്നു. കല്യാണ കാസറ്റ് കാണുന്ന സമയത്ത് അതിൽ കണ്ടിട്ടാണ് എന്നെപ്പറ്റി തിരക്കുന്നത്. പരസ്യത്തിലഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഫോൺ നമ്പർ കൊടുത്തിട്ടു പോയി. അങ്ങനെയാണ് ഞാൻ എത്തുന്നത്. ഗോൾഡ് ഫോർട്ട് എന്നൊരു പരസ്യത്തിനു വേണ്ടിയാണ് എന്നെ വിളിക്കുന്നത്. പട്ടണം റഷീദിക്കയാണ് അതിന്റെ മേക്കപ്പ് ചെയ്തത്. അനിൽ കുമാർ കാമറയും. ഒരു കാമറയ്ക്കു മുന്നിൽ നിന്നുള്ള പരിചയം പോലുമില്ലായിരുന്നു അന്ന്. അതൊരു പത്രപ്പരസ്യമായിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ കിട്ടുകയായിരുന്നു. പിന്നീടത് മാസത്തിൽ ഒരു പരസ്യം എന്ന രീതിയിലേക്കെത്തി.

മോഡലിംഗ് സംതൃപ്തി നൽകുന്നതായിരുന്നോ?


മോഡലിംഗ് ഏറെ ആസ്വദിച്ച് ചെയ്യുന്നതാണ്. കാരണം പതിനഞ്ചു വർഷം സിനിമയിലേക്ക് എത്തിനോക്കാതെ പരസ്യത്തിൽ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. കാരണം അവിടെ എനിക്ക് വളരെ കംഫർട്ടബിളായിരുന്നു. ജോലി ചെയ്യുന്നതിനൊപ്പം മോഡലിംഗ് ചെയ്യുന്നതുകൊണ്ടു തന്നെ സിനിമയിലേക്കു നോക്കിയിട്ടുമില്ല എന്നതാണു സത്യം. ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലായിരുന്നു ജോലി. പത്തു വർഷമായി കോച്ചി അവന്യു റീജണലിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ മുഴുവനായി സിനിമയിലേക്കു ശ്രദ്ധ തിരിച്ചിരിക്കുകയാണ്.

മോഡലിംഗ് രംഗത്ത് ഇപ്പോൾ വന്ന മാറ്റങ്ങൾ?

നമ്മൾ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അതിൽ നായകൻ റോൾ കിട്ടണമെന്നില്ല. പക്ഷെ ഇതിൽ നമ്മളാണ് നായകൻ. അതു നമുക്കു ഫീൽ ചെയ്യു ന്നതാണ്. പണ്ടത്തേതിനേക്കാൾ ഇപ്പോൾ നിരവധി അവസരങ്ങളുണ്ട്. ആഡ്ഫിലിംസിൽ പണ്ട് ബോംബെയിൽ നിന്നുമാണ് ആർട്ടിസ്റ്റുകളെത്തയിരുന്നത്. ഇപ്പോൾ ഈ മേഖലയിലേക്ക് ഇവിടെ നിന്നു തന്നെ നിരവധി ആൾക്കാരെത്തുന്നുണ്ട്.

സിനിമയിലാണോ ഇനി കൂടുതൽ ശ്രദ്ധ?

അങ്ങനെയല്ല, സിനിമയോടൊപ്പം പരസ്യവും കൊണ്ടുപോകാനാണ് താല്പര്യം. പണ്ട് സ്കൂളിൽ പഠിക്കുമ്പോഴുള്ള അഭിനയമാണ് ആകെയുള്ള മുൻ പരിചയം.

സിനിമയേയും കഥാപാത്രത്തെയും കുറിച്ച്?

നമ്മുടെ ഗ്രാമീണത ദിനംതോറും നഷ്ടമാവുകയാണ്. ചെറുപ്പത്തിൽ നമ്മൾ അനുഭവിച്ച കുട്ടിക്കാലമല്ല ഇന്നത്തെ തലമുറയ്ക്കുള്ളത്. അതിന്റെ നഷ്ടങ്ങളെക്കുറിച്ചൊരു ചർച്ചയിൽ നിന്നുമാണ് ഈ സിനിമയിലേക്കെത്തുന്നത്. ബന്ധങ്ങൾക്കു വിലയില്ലാതായിരിക്കുന്നു. ഈ ചിത്രത്തിൽ ഡോക്ടർ തോമസ് മാത്യു എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഭാര്യയും ഡോക്ടറാണ്. ആ വേഷം ചെയ്യുന്നത് മീരാ വാസുദേവാണ്. ഞങ്ങളുടെ മകൻ ജെൻഡ്റി. ഞങ്ങളുടേതായ തിരക്കിനിടയിൽ വീട്ടിൽ മകൻ ഒറ്റപ്പെട്ടു പോകുന്നു. അവിടെ അവനു കിട്ടുന്ന റിലാക്സേഷനാണ് തൊട്ടടുത്ത വീട്ടിലെ വളരെ പാവപ്പെട്ടവനായ ഉത്തമനെന്ന കൂട്ടുകാരൻ. അതോടെ ഗ്രാമീണതയുടെ ചുറ്റുപാട് അവനും അനുഭവിക്കുന്നു. അവനിലൂടെ കഥ എത്തിച്ചേരുന്നത് ആലിമമ്മുക്ക എന്ന നാട്ടുമ്പുറത്തുകാരനിലേക്കാണ്. നല്ല മനസിനുടമയായ എല്ലാവരും റോൾ മോഡലാക്കാനാഗ്രഹിക്കുന്ന ഒരു വ്യക്‌തിത്വം. ഒരു പ്രകൃതി സ്നേഹിയാണദ്ദേഹം. മരങ്ങൾ മുറിക്കുന്നതും വെള്ളം മലിനമാക്കുന്നതൊന്നും അദ്ദേഹത്തിനിഷ്ടമല്ല. തന്നെക്കൊണ്ട് സാധിക്കും വിധം ജനങ്ങളെ ബോധവാന്മാരാക്കാനാണ് ശ്രമിക്കാറുള്ളത്. ഈ സിനിമ കണ്ടിറങ്ങിക്കഴിയുമ്പോൾ ഒരു കുട്ടിയെങ്കിലും ഒരു മരം നടാൻ മനസ് കാണിച്ചാൽ ഞങ്ങൾ പറയാൻ ശ്രമിച്ച കാര്യം വിജയിച്ചു. അത്തരം ചില ചിന്തകളും ചിത്രം പറയുന്നു.

കുടുംബം?

അങ്കമാലിയാണു സ്വദേശം. ഭാര്യ ക്ലാസിക്കൽ ഡാൻസറാണ്. ഒരു ഡാൻസ് സ്കൂൾ നടത്തുന്നു. മകൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.

സ്റ്റാഫ് പ്രതിനിധി