കാമറ സ്ലോട്ട്– സി.കെ. മുരളീധരൻ
കാമറ സ്ലോട്ട്– സി.കെ. മുരളീധരൻ
Wednesday, March 8, 2017 3:24 AM IST
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന സ്വപ്നലോകമാണ് ബോളിവുഡ്. നടീനടന്മാർ മാത്രമല്ല, സംവിധായകരും ഛായാഗ്രാഹകരുമുൾപ്പെടെയുള്ള അണിയറ പ്രവർത്തകരും ഉള്ളിന്റെയുള്ളിൽ ഈ ആഗ്രഹം സൂക്ഷിക്കുന്നു. ഇന്ത്യൻ സിനിമയുടെ പര്യായമായ ബോളിവുഡിൽ നേടുന്ന ഒരേ ഒരു വിജയം പോലും മറ്റു വിജയങ്ങളെല്ലാം അപ്രസക്‌തങ്ങളാക്കും എന്നതാണ് ഇതിനു കാരണം. ചിലർ നിരന്തര പരിശ്രമത്തിന്റെ ഫലമായി ലക്ഷ്യം കാണുന്നു. എന്നാൽ ചിലർ ക്കാകട്ടെ തുടക്കത്തിൽതന്നെ ബോളിവുഡ് എന്ന മായാപ്രപഞ്ചത്തിലേക്കെത്താൻ സാധിക്കുന്നു. കരിയറിന്റെ ആരംഭകാലത്തുതന്നെ കേരളത്തിൽ നിന്നും മുംബൈയിലെത്തി ബോളിവുഡിൽ ശ്രദ്ധേയനായി മാറിയ ഛായാഗ്രാഹകനാണ് സി.കെ. മുരളീധരൻ. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര ഛായാഗ്രാഹകർക്കൊപ്പം സ്‌ഥാനംനേടിയ ഇദ്ദേഹം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു.

കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് മുരളീധരന്റെ ജനനം. ബാലനായിരിക്കുമ്പോഴേ സിനിമാ മോഹം ഉള്ളിൽ മൊട്ടിട്ടുവെങ്കിലും തന്റെ ജീവിതസാഹചര്യങ്ങൾ ഇതിനോട് ഒട്ടും യോജിക്കുന്നതല്ലെന്ന തിരിച്ചറിവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കോളജ് പഠനത്തിനുശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രഫി പഠനത്തിനായി ചേരാൻ അവസരം ലഭിച്ചതോടെ, മുരളിക്ക് തന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ആദ്യ കടമ്പ കടക്കാനായി.

പഠനശേഷം മുംബൈയിലേക്ക് ഇദ്ദേഹം താമസം മാറി. തനി ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിച്ച ഇദ്ദേഹത്തിന് മുംബൈപോലെ തിരക്കുള്ള ഒരു പട്ടണത്തിലെ ജീവിതം ഇഷ്ടമായിരുന്നില്ല. പക്ഷേ, സിനിമയിൽ വളരാൻ വേണ്ട വളക്കൂറുള്ള ആ മണ്ണിൽനിന്നു വിട്ടുപോരാൻ തോന്നിയതുമില്ല. ക്രമേണ അദ്ദേഹം മുംബൈയുമായി പൊരുത്തപ്പെട്ടുവെന്നു മാത്രമല്ല, മികച്ച ഒരു ഛായാഗ്രാഹകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടക്കകാലത്ത് ഡോക്യുമെന്ററികൾക്കും ഷോർട്ട് ഫിലിമുകൾക്കും മ്യൂസിക് ആൽബങ്ങൾക്കും മറ്റുമാണു ഛായാഗ്രഹണം നിർവഹിച്ചത്. പിന്നീട് ഹിന്ദി സിനിമകളിൽ അവസരം ലഭിച്ചതോടെ മുരളീധരന്റെ കരിയർ മിന്നിത്തിളങ്ങാൻ തുടങ്ങി. ഓരോ സിനിമയ്ക്കും ആ സിനിമ ആവശ്യപ്പെടുന്ന ലൈറ്റിംഗ് പാറ്റേൺ നൽകി, കാമറയുടെ ആംഗിളും ആർട്ടിസ്റ്റുകളുടെ ചലനങ്ങളും കൃത്യമായി മനസിലാക്കി പ്രവർത്തിച്ചിരുന്ന ഈ മലയാളി ഛായാഗ്രാഹകനെ ബോളിവുഡ് ചേർത്തുപിടിച്ചു. ഭാഷയ്ക്ക് അതീതമായി ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായി മാറിയ നിരവധി വമ്പൻ പ്രോജക്ടുകളുടെ ഭാഗമാകാൻ മുരളീധരനു സാധിച്ചിട്ടുണ്ട്.


ഹിറ്റ്മേക്കർ രാജ്കുമാർ ഹിറാനിയുടെ മൂന്നു ചിത്രങ്ങളിൽ മുരളീധരൻ പ്രവർത്തിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്യൂട്ടിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നവരാണ്. ഈ ബന്ധമാണ് ലെഗേ രഹോ മുന്നാ ഭായ് എന്ന ചിത്രത്തിലെത്തിച്ചത്. തുടർന്നു രാജ്കുമാർ ഒരുക്കിയ അമീർഖാൻ ചിത്രം ത്രി ഇഡിയറ്റ്സ് ഇന്ത്യൻ സിനിമയിൽ അതുവരെയുണ്ടായിരുന്ന കളക്ഷനുകളെയെല്ലാം പിന്തള്ളി. രാജ്കുമാർ ഹിറാനി– അമീർഖാൻ ടീമിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായ പി.കെ. എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിനു കാമറ നിയന്ത്രിച്ചതും മുരളീധരനാണ്.

ഹൃഥ്വിക് റോഷനെ നായകനാക്കി അഷുതോഷ് ഗൗരിക്കർ സംവിധാനം ചെയ്ത ഇതിഹാസ്യകാവ്യം മോഹൻജാദാരോയുടെ കാമറയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോണി ഗദ്ദാർ, ലെഗേ രഹോ മുന്നാ ഭായ്, ഏക് ഹസീനാ ദി, നൈനാ, ഏജന്റ് വിനോദ് തുടങ്ങിയ ചിത്രങ്ങളുടെ കാമറ നിയന്ത്രിച്ചതും മുരളീധരനാണ്.

ബോളിവുഡിലെ തിരക്കുകൾക്കിടയിൽ മലയാളസിനിമയ്ക്കുവേണ്ടിയും ഇദ്ദേഹം സമയം കണ്ടെത്തി; റോഷൻ ആൻഡ്രൂസ് ഒരുക്കിയ സ്കൂൾ ബസ് എന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അജോയ് ജോസഫ് എന്ന ബാലതാരത്തെ അവതരിപ്പിച്ചത് മുരളീധരന്റെ പുത്രൻ ആകാശ് ആണ്.

തയാറാക്കിയത്: സാലു ആന്റണി