ചക്കരമാവിൻ കൊമ്പത്ത്
‘പുഴയിൽ നിന്നും മണൽ വാരരുത്, അതു പുഴയെ വേദനിപ്പിക്കുന്നു’ ആലി മമ്മുക്കയുടെ ലോകത്തിനോടുള്ള ഉപദേശമാണിത്. ആരാണ് ആലിമമ്മുക്ക? കിഴക്കേ ഗ്രാമത്തിന്റെ എല്ലാമാണ് പ്രായം അറുപത് കഴിഞ്ഞ ആലിമമ്മുക്ക. എല്ലാവരും ബഹുമാനിക്കുന്ന, ഗ്രാമത്തിന്റെ ഏതു കാര്യത്തിനും ഇറങ്ങിച്ചെല്ലുന്നയാൾ. എന്നാലൊരു നൊസ്സു മുസ്ലീയാരുമാണ്. പെയിന്റു പണിക്കാരനായ ദാസനും ബ്രോക്കറായ വേലായുധനും ദാസന്റെ മകനായ ഉത്തമനുമാണ് ആലി മമ്മുക്കയുടെ കൂട്ടുകാർ. ഇവർക്കൊപ്പമെത്തുന്ന മറ്റു കഥാപാത്രങ്ങളിലൂടെ കളിയും ചിരിയും കഥ പറച്ചിലുമായി ചക്കരമാവിൻ കൊമ്പത്തെന്ന ചിത്രം പ്രേക്ഷകർക്കു മുന്നിലേക്കെത്താൻ ഒരുങ്ങുകയാണ്.

ചക്കരമാവിൻ കൊമ്പത്തു നിന്നും നമ്മൾ ആഗ്രഹിക്കുന്നത് സ്വാദേറിയ മാമ്പഴങ്ങളാണ്. സമകാലിക ലോകത്തിൽ അവനവനിലേക്കു മാത്രം ഒതുങ്ങിപ്പോവുകയാണ് ഓരോ ജീവിതങ്ങളും. ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയും പ്രകൃതിയുടെ സംരക്ഷണവും മാനുഷിക മൂല്യവും ഒപ്പം ചേർത്തുള്ള മലയാളത്തിന്റെ മാധുര്യം തുളുമ്പുന്ന മാമ്പഴങ്ങളുമായാണ് നവാഗത സംവിധായകനായ ടോണി ചിറ്റേട്ടുകളമെത്തുന്നത്. ഇവിടെ പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നു തന്നെയാണ്– സംവിധായകൻ പറയുന്നു. ആലിമമ്മുക്കയെന്ന നൊസ്സു മുസ്ലിയാർ കഥാപാത്രമായി എത്തുന്നത് ജോയ് മാത്യുവാണ്. ദാസനായി ഹരിശ്രീ അശോകനും വേലായുധനായി ബിജുക്കുട്ടനും ഉത്തമനായി മാസ്റ്റർ ഗൗരവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമെ നീണ്ട താരനിര ചിത്രത്തിലെത്തുന്നുണ്ട്.

ആലി മമ്മുക്കയുടെ വ്യത്യസ്ത ചിന്തകൾക്കൊപ്പമുള്ളയാളാണ് ഭാര്യ ഫാത്തിമ. ഈ വേഷത്തിൽ ബിന്ദു പണിക്കരാണ് എത്തുന്നത്. ഗ്രാമത്തിന്റെ കവി ശശിയായി മനോജ് ഗിന്നസും ചായക്കടക്കാരിയായി സേതുലക്ഷ്മിയും ഒപ്പമെത്തുന്നു. ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്ന ഡോക്ടർ ദമ്പതിമാരാകുന്നത് കിഷോറും മീരാ വാസുദേവുമാണ്. കൂടാതെ ഇന്ദ്രൻസ്, കെ.എൽ ആന്റണി, വിനോദ് കെടാമംഗലം, വിജു കൊടുങ്ങല്ലൂർ, ഡൊമിനിക്, അഷ്റഫ് ഗുരുക്കൾ, മാസ്റ്റർ ഡെറിക് രാജൻ, അഞ്ജലി നായർ, സാഗര, മിനു, റോഷ്ന, ലക്ഷ്മി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

ബ്രാൻഡെക്സ് പ്രൊഡക്ഷൻസ് ആൻഡ് ജെ.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിംസൺ ഗോപാൽ, രാജൻ ചിറയിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. യുവകഥാകൃത്തായ അർഷാദ് ബത്തേരിഈ ചിത്രത്തിനു രചന ഒരുക്കിയിരിക്കുന്നു.

ഒറ്റപ്പാലത്തേക്ക് വീണ്ടും...

ഒരു കാലത്ത് മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഒറ്റപ്പാലം. അവിടെയുള്ള നഗരവും ഗ്രാമവും ഇടവഴിയും പുൽമേടും മലനിരകളുമടക്കം ഒട്ടേറെ വീടുകളും വിവിധ സിനിമകളിലൂടെ മലയളികൾക്കു പരിചിതമായതാണ്. ചക്കരമാവിൻ കൊമ്പത്തിന്റെ പ്രധാന ലൊക്കേഷനും ഒറ്റപ്പാലമാണ്. ഇന്നും അന്യമാകാത്ത ഗ്രാമീണതയും പച്ചപ്പും ഒറ്റപ്പാലത്തിലേക്കു വീണ്ടും ചിത്രങ്ങളെ കൊണ്ടെത്തിക്കുന്നു. ഗ്രാമീണതയുടെ വിശുദ്ധിയും പ്രകൃതിയുടെ ഊഷ്മളതയും ചിത്രത്തിലും ഒരു പ്രധാന ഘടകമാകുന്നുണ്ട്. പരിസ്‌ഥിതിയുടെ മൂല്യത്തിനെ ഒറ്റപ്പാലത്തിന്റെ മണ്ണിലൂടെയാണ് അണിയറ പ്രവർത്തകർ പറഞ്ഞു നൽകുന്നത്.

മീരയുടെ തിരിച്ചു വരവ്മോഹൻലാൽ– ബ്ലെസി കൂട്ടുകെട്ടിന്റെ പ്രഥമ ചിത്രം തന്മാത്രയിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയതാണ് മീര വാസുദേവ്. പിന്നീട് *ഒരുവൻ, വൈരം, ഗുൽമോഹർ തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങൾ. വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിന്ന മീര ശക്‌തമായ വേഷത്തിലാണ് ഈ ചിത്രത്തിലെത്തുന്നത്. ഭർത്താവും മകനുമടങ്ങുന്ന കുടുംബിനി വേഷമാണെങ്കിലും പണത്തിനു പിന്നാലെ പോകുന്ന ഫെമിനിസ്റ്റ് സ്വഭാവമുള്ള ഡോക്ടറായാണ് മീര അഭിനയിക്കുന്നത്. നിർണായക വേഷത്തിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് മീര ഗംഭീരമാക്കിയിരിക്കുകയാണ്. ചിത്രത്തിൽ മീരയുടെ പ്രകടനത്തെപ്പറ്റി മികച്ച അഭിപ്രായമാണ് സംവിധായകനും സാക്ഷ്യപ്പെടുത്തുന്നത്.

പുതിയ ഹരിശ്രീ...

ഹരിശ്രീ അശോകൻ ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വഭാവ നടനായി എത്തുകയാണ് ഈ ചിത്രത്തിൽ. പെയിന്റു പണിക്കാരനായ ദാസൻ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയ ശേഷമേ മറ്റെന്തിനും സമയം കണ്ടെത്തു. അല്പം മദ്യപിക്കാറുമുണ്ട്. റാഫിയുടെ പാട്ടുകളുടെ കടുത്ത ആരാധകനുമാണ് ദാസൻ. കോമഡിയും സെന്റിമെൻസും തുടങ്ങി വിവിധ ഭാവപരിണാമങ്ങളിലൂടെ കടന്നു പോകുന്ന വേഷമാണ് അശോകന്റെ ദാസൻ. ചിത്രത്തിൽ അശോകന്റെ ഭാര്യയായി അഞ്ജലിയും മകൻ ഉത്തമനായി മാസ്റ്റർ ഗൗരവുമാണ് എത്തുന്നത്.

അഞ്ജലിയും ഗൗരവും

അമ്മ– മകൻ രസതന്ത്രം നിരവധി കണ്ടവരാണ് മലയാളി പ്രേക്ഷകർ. ഈ ചിത്രത്തിലും അത്തരം രസക്കൂട്ടിനു സാക്ഷിയാവുകയാണ്. അഞ്ജലി അമ്മയായും ഗൗരവ് മകനായും ഈ ചിത്രത്തിലുമെത്തുന്നു. ഇതു മൂന്നാം തവണയാണ് ഗൗരവിന്റെ അമ്മയായി അഞ്ജലി അഭിനയിക്കുന്നത്. ഗൗരവിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന– ദേശീയ പുരസ്കാരവും അഞ്ജലിയ്ക്കു മികച്ച സഹനായികയ്ക്കുള്ള സംസ്‌ഥാന പുരസ്കാരവും നേടിയ ബെന്നിലും ഇരുവരുമാണ് എത്തിയത്. പിന്നീട് കോലുമിട്ടായി എന്ന ചിത്രത്തിലും ഇതാവർത്തിച്ചു. വീണ്ടും ചക്കര മാവിൻ കൊമ്പത്തിലൂടെ ഈ കൂട്ടുകെട്ടെത്തുകയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ മറ്റൊരു സംവിധായകൻ അഞ്ജലിയെ കഥ പറയാനായി ഫോൺ വിളിച്ചിരുന്നു. ആ ചിത്രത്തിലും ഗൗരവിന്റെ അമ്മ വേഷമാണ് അഞ്ജലിയ്ക്കായി കാത്തിരിക്കുന്നത്. അഞ്ജലി തന്നെയാണ് ചിരിച്ചുകൊണ്ട് ഈ വിവരം അറിയിച്ചതും...

ചിരിയുടെ രസതന്ത്രം

ഗൗരവമേറിയ വിഷയത്തെ ഹാസ്യത്തിന്റെ നുറുങ്ങിനൊപ്പമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യമധ്യാന്തം ചിരിയും ചിന്തയും കോർത്തിണക്കുന്ന ചിത്രത്തിന്റെ അന്ത്യത്തിൽ സസ്പെൻസിനുള്ള വിശാലതയും തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നർമ്മത്തിന്റെ മർമ്മം ചക്കര മാവിന്റെ കൊമ്പിൽ നിന്നും ഇത്തവണ വിതറുന്നത് ബിജുക്കുട്ടനും മനോജ് ഗിന്നസിന്റെയും നേതൃത്വത്തിലാണ്. ജ്യോത്സ്യവും മന്ത്രവാദവും അറിയുന്ന കല്യാണ ബ്രോക്കർ വേലായുധനായിട്ടാണ് ബിജുക്കുട്ടൻ എത്തുന്നത്. കൂളിംഗ് ഗ്ലാസും കൈയിൽ നിറയെ ചരടും ഓം എന്നെഴുതിയ കുർത്തയുമാണ് ഇദ്ദേഹത്തിന്റെ സ്‌ഥായീവേഷം. ഒപ്പം കല്യാണമാലോചിക്കുന്ന ഏതു പെൺകുട്ടിയേയും താൻ കല്യാണം കഴിക്കുന്നതായി സ്വപ്നം കാണുന്ന പതിവും. മറ്റൊന്ന് ഏതു ഗ്രാമത്തിന്റെയും സ്വത്താണ് അവിടെയുള്ളൊരു കവി. പാടിയും പറഞ്ഞും ചിരിവിതറാൻ മനോജ് ഗിന്നസിൽ കവി ശശിയുടെ വേഷം ഭദ്രമായെന്ന് സംവിധായകൻ തന്നെ അടിവരയിടുന്നു. വർത്തമാനത്തിനിടയിൽ തെറ്റുകൾ മാത്രം വരുന്ന ചന്ദ്രൻ എന്ന കഥാപാത്രമായി വിനോദ് കെടാമംഗലവും ചിത്രത്തിലെത്തുന്നുണ്ട്. ഇങ്ങനെ പുതുമയും വ്യത്യസ്തവുമായ ഹാസ്യ പശ്ചാത്തലത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം.രണ്ടെഴുത്തുകാരുടെ കൂടിച്ചേരൽ

മുൻ പത്രപ്രവർത്തകനും യുവ കഥാകൃത്തും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ സംവിധായകൻ ടോണി ചിറ്റേട്ടുകളം ദീപികയിൽ ദീർഘകാലം പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന ആളാണ്. അമേരിക്കയിലെ മലയാളി പത്രമായിരുന്ന മലയാളി സംഗമത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു ടോണി. മുപ്പത്തി രണ്ടോളം പുസ്തകങ്ങളുടെ രചയിതാവുമായ ടോണി ആദ്യമായി ഈ ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിയുകയാണ്. മലയാളത്തിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അർഷാദ് ബത്തേരി ചിത്രത്തിനു രചനയും കൈകാര്യം ചെയ്യുമ്പോൾ അതിൽ കാമ്പുണ്ടാകുമെന്നതിൽ സംശയം വേണ്ട. അർഷാദ് ആദ്യമായി ഒരു സിനിമയ്ക്കു തിരക്കഥ ഒരുക്കുകയാണ് ഈ ചിത്രത്തിലൂടെ.

കാഴ്ചയ്ക്കു പിന്നിൽ

ഒറ്റപ്പാലത്തിന്റെ ഗൃഹാതുരത്വം നിറയുന്ന മണ്ണിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിനു കാഴ്ച ഒരുക്കുന്നത് ഛായാഗ്രാഹകൻ ജോബി ജയിംസാണ്. ഹിറ്റു ചിത്രങ്ങളുടെ കാമറാമാൻ നീൽ ഡി കുഞ്ഞയുടെ ശിഷ്യനായിരുന്നു ജോബി ജയിംസ്. നവൽ എന്ന ജ്യുവൽ എന്ന ഇന്റർനാഷണൽ മലയാള ചിത്രത്തിനു ശേഷം ജോബി ഈ ചിത്രത്തിനു കാമറ കൈകാര്യം ചെയ്യുന്നു. ഗ്രാമീണതയുടെ കാഴ്ച പതിഞ്ഞ ശീലുകൾക്കുപ്പുറത്തേക്ക് കാഴ്ചയുടെ വസന്തം ഒരുക്കുകയാണ് ഈ കാമറമാൻ.

ചിത്രസംയോജനം നടത്തുന്നത് കെ. രാജഗോപാലാണ്. സിനിമയിൽ അത്രയേറെ അനുഭവ പരിചയമുള്ള ഈ എഡിറ്ററുടെ കത്രിക ചിത്രത്തിനു കൂടുതൽ മിഴിവു നൽകുമെന്നു തന്നെയാണ് പ്രതീക്ഷ.

പുരസ്കാര നിറവുമായി രാജേഷ് നെന്മാറ

പോയ വർഷം സംസ്‌ഥാന സർക്കാരിന്റെ മികച്ച ചമയത്തിനുള്ള അവാർഡ് നിർണായകം എന്ന ചിത്രത്തിലൂടെ നേടിയ രാജേഷ് നെന്മാറയുടെ സാന്നിധ്യം ഈ ചിത്രത്തിലുമുണ്ട്. ഗ്രാമീണതയുടേയും ഇവർക്കിടയിലെത്തുന്ന നഗര ജീവിത കഥാപാത്രങ്ങളേയും ഒരുപോലെ അണിയിച്ചൊരുക്കുന്നത് രാജേഷാണ്. ചമയക്കൂട്ടിൽ നിന്നും അഭിനേതാക്കളിലേക്ക് ആ കൈവിരലുകൾ ചലിക്കുമ്പോൾ അവിടെ പിന്നീട് കഥാപാത്രങ്ങൾ പിറന്നു വീഴുകയാണ്. പിന്നീട് ജോയി മാത്യുവും ഹരിശ്രീ അശോകനും അഞ്ജലിയുമില്ല, പകരം ചക്കര മാവിൻ കൊമ്പത്തിലെ കഥാപാത്രങ്ങൾ മാത്രം. ചമയത്തിനൊപ്പം കുമാർ എടപ്പാളിന്റെ വസ്ത്രാലങ്കാരവും ചേരുന്നു.


ചക്കര മാവിന്റെ സംഗീതം

ഗ്രാമത്തിന്റെ കഥ പറയുമ്പോൾ സംഗീതമയമായി ചിത്രത്തിനൊപ്പം ചേരുന്നത് ബിജിബാലാണ്. പശ്ചാത്തലസംഗീതവും ബിജിബാലൊരുക്കുമ്പോൾ റഫീഖ് അഹമ്മദാണ് ഒരു ഗാനം രചിക്കുന്നത്. ഇവിടെ സംവിധായകൻ ടോണി ചിറ്റേട്ടുകളത്തിന്റെ തൂലികത്തുമ്പിൽ നിന്നുമാണ് മറ്റു രണ്ടു ഗാനങ്ങൾ പിറന്നിരിക്കുന്നത്. മാത്യ സ്നേഹം തുളുമ്പുന്നതും കുട്ടികളുടെ മനസിലൂടെയുമുള്ള രണ്ടു ഗാനങ്ങളാണ് ടോണി രചിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം സിനിമാ ഗാനരചനയിലും പ്രഥമ പടിയിലാണ് ഈ കലാകാരൻ.

ഒപ്പം നടക്കുന്നവർ

ടോണി ചിറ്റേട്ടുകളത്തിന്റെ വലം കൈയായി നിൽക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനു ശ്രീധറാണ്. അസോസിയേറ്റ് ഡയറക്ടറായി അജിത് സി ലോകേഷും നവാസ് അലിയും ഒപ്പമുണ്ട്. കാമറമാൻ ജോബി ജയിംസിന് അസോസിയേറ്റായി അനൂപ് അംബുജാക്ഷനും മഹേഷ് മാധവ് റായിയുമുണ്ട്. ഇവർക്കു സഹായികളായി സംവിധാന വിഭാഗത്തിൽ ശ്യാം മോഹൻ, അനീഷ് മോഹൻ, ദീപു ആന്റണി, മൃദുൽ എന്നിവരും ഛായാഗ്രഹണത്തിൽ സുജിൽ മാനന്തവാടിയും എത്തുന്നു.

ചിത്രത്തിന്റെ പ്രധാന വിഭാഗത്തിലൊന്നായ പ്രൊഡക്ഷൻ കൺട്രോളറാകുന്നത് ഗിരീഷ് കൊടുങ്ങല്ലൂരാണ്. പ്രസാദ് നമ്പിയൻകാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായപ്പോൾ പ്രൊഡക്ഷൻ മാനേജരായത് വേലപ്പൻ ഒറ്റപ്പാലവും. ജുവിൻ പോൾ ഫിനാൻസ് മാനേജറും പരസ്യ കല എലി മീഡിയയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. നിശ്ചല ഛായാഗ്രഹണത്തിൽ സിജോ വർഗീസും ചേരുന്നതോടെ ചക്കര മാവിൻ കൊമ്പത്തിലെ കുടുംബം പൂർണമാകുന്നു.

സംവിധായകന്‍റെ വാക്കുകളിലൂടെ...ചിത്രത്തിന്റെ പ്രധാന കഥാപാത്രമായ ആലി മമ്മുക്കയിലൂടെയാണ് കഥ മുന്നേറുന്നത്. ഇദ്ദേഹവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളോരോന്നും. അതിൽ നർമ്മ മുഹൂർത്തങ്ങളുണ്ട്, സസ്പെൻസുണ്ട്, പങ്കുവെയ്ക്കാനൊരു സന്ദേശമുണ്ട്. ഇതിനെയെല്ലാം രസത്തിന്റെ ചരടിൽ ഇഴചേർത്തിരിക്കുന്ന ഒരു കോമഡി എന്റർടെയ്ൻമെന്റാണ് ചക്കര മാവിൻ കൊമ്പത്ത്.

ചിത്രത്തിന്റെ ലൊക്കേഷനായി ഒറ്റപ്പാലത്തേക്ക് എത്തുന്നത്?

മലയാളിത്തമുള്ളൊരു സിനിമയായിരിക്കണം എന്നു മനസിലുണ്ടായിരുന്നു. പറഞ്ഞതും പറയാനാവാത്തുമായ ഒരുപാട് നന്മകളുള്ള ഒരു നാടാണ് കഥയിൽ വേണ്ടത്. അങ്ങനെയാണ് ഒറ്റപ്പാലത്തു ലൊക്കേഷൻ കണ്ടെത്തുന്നത്. അടുത്തടുത്തുള്ള രണ്ടു വീടു വേണം. അതിനായാണ് ഒരു വീട് സെറ്റിട്ടിരിക്കുന്നത്. രണ്ടു തരം കുടുംബങ്ങളും അതിലെ ജീവിതവുമായാണ് ചിത്രം പറയുന്നത്. കുടുംബനർമ്മ മുഹൂർത്തങ്ങളും സമാന്തരമായി സസ്പെൻസും ഒരുക്കി മേക്കിംഗിലും വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്.

രണ്ടു നായികമാരാണല്ലോ ചിത്രത്തിൽ?

ഡോക്ടർ ലൂസി മാത്യു എന്നൊരു പ്രധാന കഥാപാത്രമായാണ് മീര ചിത്രത്തിലെത്തുന്നത്. വളരെ ധൈര്യമുള്ള അല്പം ഫെമിനിസത്തിന്റെ ചായ്വുള്ള കഥാപാത്രമാണത്. പണത്തിനും ബിസിനസിനും പ്രാധാന്യം നൽകുന്ന ഒരു ന്യുജനറേഷൻ വനിത. അവരുടെ അയൽപക്കത്തുള്ള ഒരു സാധാരണ നാട്ടിൻ പുറത്തുകാരിയായ ആംഗനവാടി ടീച്ചറായാണ് അഞ്ജലി ചിത്രത്തിലെത്തുന്നത്.

ചക്കരമാവിൻ കൊമ്പത്ത് എന്ന പേരിനു പിന്നിൽ?

ചിത്രത്തിനു മലയാളിത്തവും ഓമനത്തവും നിറയുന്നഒരു പേരു വേണമെന്നു തോന്നിയിരുന്നു. സിനിമ പറഞ്ഞു പോകുന്ന ചില വിഷയങ്ങളുണ്ട്. അത് സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകനു മനസിലാകും. ഈ പേരു കേൾക്കുമ്പോൾ നമുക്കൊരു സന്തോഷമുണ്ട്, ആ പോസിറ്റിവ് ചിന്തയാണ് ചിത്രവും പകരുന്നത്.

പത്രപ്രവർത്തനത്തിൽ നിന്നും സംവിധാനത്തിലേക്ക്?

ജീവിതത്തിൽ നമ്മൾ പോലും വിചാരിക്കാത്തിടത്ത് വന്നു ചേരുന്ന നിയോഗങ്ങളുണ്ട്. ആഗ്രഹിച്ച എല്ലാമതിൽ കാണില്ല, പക്ഷെ തീവ്രമായി ആഗ്രഹിച്ചതിലേക്കുള്ള വഴികളതിൽ തെളിയുന്നുണ്ടാകാം. പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ചയാളല്ല ഞാൻ. എഴുത്തിന്റെ പാതയിലെത്തിയപ്പോൾ പത്രപ്രവർത്തകന്റെ വാതിലെനിക്കു മുന്നിൽ തുറന്നിടുകയായിരുന്നു. അതിൽ ഹരം കണ്ടെത്താനായപ്പോൾ എഴുത്തിലേക്കും കൂടുതൽ അഭിരമിച്ചു. പിന്നെ ഇതെല്ലാം കലയാണ്. കലാകാരന്റെ വിശാല ചിന്താഗതിയിലേക്കോരോന്നും എത്തുകയാണ്. ഷോർട്ട്ഫിലിമുകളും ചാനൽ ഷോകളുമായി മുന്നോട്ടു പോയപ്പോഴും സിനിമ മനസിലുണ്ടായിരുന്നു.

സമകാലികരായ പലരും സിനിമയുടെ പാതയിൽ മുന്നോട്ടു പോയപ്പോൾ അവർക്കൊപ്പമെത്താൻ ആഗ്രഹിച്ചു. നാലു വർഷം മുമ്പ് ഒരു സിനിമയ്ക്കുള്ള ചർച്ച ആരംഭിച്ചതായിരുന്നു. അന്നു സിനിമ നിർമാണമായിരുന്നു ചിന്ത. അതു നടന്നില്ല. പിന്നീടാണ് എന്റെ മനസിലുണ്ടായ ഒരു ചിന്ത, അല്ലെങ്കിൽ ഞാനറിഞ്ഞൊരു കാര്യം എന്തുകൊണ്ട് എനിക്കു തന്നെ പറഞ്ഞുകൂടാ എന്ന ചിന്ത ഉണ്ടാകുന്നത്. ഈ സിനിമയിലുള്ള എല്ലാവരും എന്റെ സൗഹൃദത്തിൽ നിന്നുമാണു വന്നു ചേർന്നിരിക്കുന്നത്. സുഹൃത്തും ബിസിനസ് പാർട്ണറുമായ ജിംസൺ നിർമാണത്തിലേക്കെത്തുന്നത് അങ്ങനെയാണ്. തിരക്കഥാകൃത്ത് അർഷാദും നിർമാതാവ് രാജൻ ചിറയിലും നടൻ കിഷോറുമൊക്കെ അങ്ങനെ ഒപ്പം ചേർന്നപ്പോഴാണ് ഈ സിനിമ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നിമിത്തം എന്നതിനുമപ്പുറം നിയോഗം എന്നതായി ഇതിനെ ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ മനസിലുള്ള ആശയം നമുക്കു തന്നെയാണ് മികച്ചതായി പറയാനാവുന്നത്. ഞാനെഴുതിയ പുസ്തകങ്ങളിലൊന്നിലും മറ്റൊരാളെകൊണ്ട് അവതാരിക എഴുതിക്കാത്തതുപോലും അതിലാനാണ്.

ഒരു ഗ്രാമത്തിന്റെ കഥയിലേക്ക് എത്തുന്നത്?

നഗരത്തിന്റേതിൽ നിന്നും മാറി നാടിന്റെ നന്മയുള്ള ഒരു കഥ പറയണമെന്നുള്ള ആഗ്രഹം മനസിലുണ്ടായിരുന്നു. അർഷാദുമായുള്ള പല ചർച്ചയ്ക്കിടയിലാണ് ആലിമമ്മുക്ക എന്ന കഥാപാത്രത്തിനെപ്പറ്റി പറയുന്നത്. പല മാനറിസമുള്ള, വ്യത്യസ്തമായ ചിന്തഗതിയുള്ള ആ കഥാപാത്രത്തിൽ നിന്നുമാണ് സിനിമയുടെ കഥയിലേക്കെത്തുന്നതു പോലും. ആ ആശയത്തിൽ നിന്നും സ്വതന്ത്രമായ ഒരു സിനിമ ശ്രമമാണ് ചക്കര മാവിൻ കൊമ്പത്ത്.

ചിത്രത്തെപ്പറ്റിയുള്ള പ്രതീക്ഷ എങ്ങനെയാണ്?

മലയാളത്തിൽ സിനിമ സങ്കൽപം വളരെ മാറി. നല്ല സബ്ജക്ടും നല്ല ട്രീറ്റ്മെന്റുമാണെങ്കിൽ അഭിനേതാക്കൾ പോലും പ്രശ്നമില്ലെന്നു പല ചിത്രങ്ങളുടേയും വിജയം കാണിച്ചു തരുന്നതാണ്. പല സിനിമയും കഥയിലും തിരക്കഥയിലും കെട്ടുറപ്പില്ലാത്തതിൽ തകരുന്നതും കാണുന്നതാണ്. ഇന്നത്തെ കാലഘട്ടം പറയാനാഗ്രഹിക്കുന്ന, ഒരു കാമ്പുള്ള കഥ പറയാനുള്ള ശ്രമമാണ് ഞങ്ങളുടേത്. അത് പ്രേക്ഷകർ നല്ലരീതിയിൽ സ്വീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

ണ്ട<യ>ണ്ട പണിതുയർത്തിയ വീട് ണ്ടണ്ട

ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനിൽ ഒരു വീടുവേണം. ആ വീട്ടിലാണ് ദാസനും കുടുംബവും താമസിക്കുന്നത്. പക്ഷേ സംവിധായകനും അണിയറ പ്രവർത്തകരും കണ്ടെത്തിയ സ്‌ഥലം വെറും പാഴ്നിലമായിരുന്നു. ഒരു ആഴ്ചകൊണ്ട് അവിടെ യഥാർത്ഥ വീടെന്നു തോന്നിപ്പിക്കുന്ന ഒരു സെറ്റാണ് കലാ സംവിധായകൻ സുനിൽ ലാവണ്യയും സംഘവും ഒരുക്കിയത്. ഒരു സാധാരണക്കാരന്റെ വീടിന്റെ എല്ലാ സ്വഭാവവും കാത്തുസൂക്ഷിച്ച് സെറ്റൊരുക്കുന്നതിൽ സുനിലിന്റെയും സംഘത്തിന്റെയും മികവ് എടുത്തു പറയാനുള്ളതാണ്. വീടുമാത്രമല്ല, മുറ്റത്തു കുലച്ചുനിൽക്കുന്ന വാഴയും കുളിമുറിയും തൊട്ടടുത്തുള്ള കിണറുമടക്കം ആ പ്രദേശത്തെ വർഷങ്ങളായി താമസമുള്ള വീടിന്റെ രൂപത്തിലേക്കു മാറ്റിയെടുത്തു. തിണ്ണയും മെയിൽ സ്വിച്ചും കരിപുരണ്ട ബൾബും പുകയേറി കറുത്തിരണ്ട ചിമ്മിനിയുമടക്കം ഉപയോഗിച്ച് തേഞ്ഞുപോയ അമ്മിക്കല്ല് വരെ ആ വീട്ടിൽ രൂപപ്പെടുത്തിയെടുത്തു.

ഈ വീടിനു പുറമെ ഷൊർണ്ണൂർ വാണിയംകുളത്തുള്ള ലൊക്കേഷനിൽ നാട്ടിൻ പുറത്തിന്റെ ചർച്ചാ കേന്ദ്രമായ ഒരു തനതു ചായക്കടയുടെ സെറ്റൊരുക്കുന്നതിലും ഈ കലാസംവിധായകനും അണിയറ പ്രവർത്തകരും വൈഭവം തെളിയിച്ചു.

ണ്ട<യ>ണ്ട – ലിജിൻ കെ. ഈപ്പൻ ണ്ടണ്ട