കുഞ്ഞനെങ്കിലും ക്വിഡ് കരുത്തൻ
ഫ്രഞ്ച് കമ്പനിയായ റെനോയുടെ ആശയം സഫലമാക്കാൻ നിസാനും റെനോയും കൈകോർത്തപ്പോഴുണ്ടായ വിജയത്തിൻറെ പേരാണ് ക്വിഡ്. 2014 ഓട്ടോ എക്സ്പോയിൽ കൺസപ്റ്റ് അവതരിപ്പിച്ചതിനു പിന്നാലെ ബുക്കിംഗിൻറെ പ്രവാഹമായിരുന്നു ക്വിഡിന്. അഴക്, കുറഞ്ഞ വില, ഉയർന്ന ഇന്ധനക്ഷമത തുടങ്ങിയ ഘടകങ്ങൾ ക്വിഡിനെ സാധാരണക്കാരൻറെ വാഹനമാക്കി. ഇന്ത്യൻ വിപണിയിലെ അതികായരായിരുന്ന നിരവധി മോഡലുകളെ പിന്തള്ളി വില്പനയുടെ കാര്യത്തിൽ ആദ്യ പത്ത് കാറുകളിൽ ക്വിഡ് ഇടംനേടി. തുടക്കത്തിൽ 800 സിസി കരുത്തുമായെത്തിയ ക്വിഡ് ക്രമേണ 1000 സിസിയിലേക്ക് ഉയരുകയും ചെയ്തു. അതിനു പിന്നാലെ ഓട്ടോമാറ്റിക് മോഡലായ എഎംടിയും രംഗത്തെത്തി. അങ്ങനെയൊ ക്കെയുള്ള ക്വിഡ് എഎംടിയുടെ വിശേഷങ്ങളിലൂടെ...

പുറംമോടി: ഒരു ലിറ്റർ എൻജിൻ മോഡലിലാണ് ഓട്ടോമാറ്റിക് ഗിയർബോക്സ് നല്കി ക്വിഡ് എഎംടിയെ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽതന്നെ കെട്ടിലും മട്ടിലും കാര്യമായ മാറ്റങ്ങൾ നടത്തിയിട്ടില്ലെന്നുള്ളതാണ് വാസ്തവം. പുറംവശത്തിൻറെ രൂപകല്പന മുൻ മോഡലുകളെ പോലെ തന്നെയാണ്. ഉയർന്ന ബോണറ്റിനും വലിയ ഹെഡ്ലാന്പുകൾക്കുമൊപ്പം ലൈറ്റ് കൺസോളിനു സമാന്തരമായി രണ്ടു നിരയായി ഹണികോന്പ് ഡിസൈനിലുള്ള ഗ്രില്ലും അതിനു മധ്യത്തിൽ ക്രോം ഫിനീഷിംഗിലുള്ള റെനോയുടെ ലോഗോയും നല്കിയിട്ടുണ്ട്.

മുന്നിലെ നമ്പർപ്ലേറ്റിനു സമാന്തരമായി കുഴിഞ്ഞ പ്രതലത്തിലാണ് ഫോഗ് ലാന്പുകളുടെ സ്‌ഥാനം. വീൽ ആർച്ചിലെ ക്ലാഡിംഗും അതിലെ ടേൺ ഇൻഡിക്കേറ്ററും ഡോർക്ലാഡിംഗുകളിലെ ഗ്രാഫിക്സ് ഡിസൈനും മൾട്ടികളർ റിയർവ്യൂ മിററുമാണ് വശങ്ങൾക്ക് അഴക് നല്കുന്നത്.

രണ്ടാം വരവിലും മൂന്നാം വരവിലും യാതൊരുവിധ മാറ്റത്തിനും വിധേയമാകാത്ത പിൻഭാഗമാണ് ക്വിഡിനുള്ളത്. സൈഡ് ബോഡിയിലും ഹാച്ച്ഡോറിലുമായി സ്‌ഥാപിച്ചിട്ടുള്ള ടെയ്ൽ ലാന്പും സ്പോർട്ടി സ്പോയിലറുമാണ് പിൻഭാഗത്ത് എടുത്തുപറയാനാകുന്ന ഘടകങ്ങൾ. വീൽ ആർച്ചിലെ ക്ലാഡിംഗ് പിന്നിലെ ബന്പറിൽ എത്തിച്ചിരിക്കുന്നതും പിൻഭാഗത്തെ ആകർഷകമാക്കുന്നു.

ഉൾവശം: ഓട്ടോമാറ്റിക് ക്വിഡിലെ മാറ്റം പ്രകടമാകുന്നത് ഇൻറീരിയറിലാണ്. സാധാരണ ഓട്ടോമാറ്റിക് മോഡലുകളിൽനിന്നു വ്യത്യസ്തമായ രീതിയിലാണ് ഗിയർ ഷിഫ്റ്റിംഗ് സംവിധാനം.

മൾട്ടിടോൺ ഡാഷ്ബോർഡിൽനിന്നു കറുപ്പിലേക്കുള്ള മാറ്റമാണ് ഡാഷ്ബോർഡിൽ കാണുന്നത്. ഡാഷ്ബോർഡിൻറെ വശങ്ങളിലായി ക്രോം ആവരണമുള്ള റൗണ്ടിലും എസി വെൻറുകളും മധ്യത്തിൽ സെൻറർ കൺസോളിൻറെ ഭാഗമായി തന്നെ പിയാനോ ബ്ലാക്ക് നിറത്തിലുമാണ് എസി വെൻറുകൾ. ഇതിനു താഴെ ജിപിഎസ്, കാമറ സ്ക്രീൻ, റോഡ് മാപ്, ഐപ്ലേ, ആൻഡ്രോയിഡ്, ഗൂഗിൾ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന മ്യൂസിക് സിസ്റ്റവും ഉൾപ്പെടുന്ന ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവുമുണ്ട്. മാന്വൽ ക്ലൈമറ്റ് കൺട്രോളിംഗ് യൂണിറ്റാണ് ഇതിനുള്ളത്.


സെൻറർ കൺസോളിനു താഴെയായി ഡ്രൈവിംഗ് മോഡ് നിയന്ത്രിക്കാൻ ഒരു നോബ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സാധാരണ ഓട്ടോമാറ്റിക് കാറുകളിലെ ഗിയർ ലിവറിനുള്ള ഭാഗം ക്വിഡിൽ പൂർണമായി സ്റ്റോറേജ് സ്പേസായി മാറ്റിയിരിക്കുകയാണ്. ഡ്രൈവ്, ന്യൂട്രൽ, റിവേഴ്സ് എന്നീ മൂന്നു മോഡുകളാണ് ഇതിലുള്ളത്. മീറ്റർ കൺസോൾ, സ്റ്റിയറിംഗ് എന്നിവയിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല.

മുൻനിരയിലെയും പിൻനിരയിലെയും യാത്രക്കാരെ ഒരുപോലെ പരിഗണിക്കും വിധം ആവശ്യത്തിനു ലെഗ് സ്പേസും വലിയ സീറ്റുകളുമാണ് ക്വിഡിനുള്ളത്. എതിരാളികളെ അപേക്ഷിച്ച് 300 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വലുപ്പം: 3679 എംഎം നീളവും 1579 എംഎം വീതിയും 1478 എംഎം ഉയരത്തിനുമൊപ്പം 180 എംഎം ഗ്രൗണ്ട് ക്ലിയറൻസും നല്കിയിരിക്കുന്നതിനാൽ കോംപാക്ട് എസ്യുവിയുടെ തലയെടുപ്പ് ക്വിഡിൽ കാണാം.

എൻജിൻ: ഒരു ലിറ്റർ 1000 സിസി എൻജിൻ ക്വിഡിലാണ് ഈസി ആർ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ്. ഈ എൻജിൻ 67 ബിഎച്ച്പി കരുത്തും 91 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുക.

സുരക്ഷ: ക്വിഡിൻറെ ഓപ്ഷണൽ മോഡലുകളിൽ ഡ്രൈവർ സൈഡ് എയർബാഗും ഫ്രണ്ട് ഡിസ്ക് ബ്രേക്കും സീറ്റ് ബെൽറ്റും സുരക്ഷയ്ക്കായി നല്കിയിരിക്കുന്നു.

മൈലേജ്: എഎംടി സംവിധാനമായതിനാൽ മാന്വൽ മോഡലുകളേക്കാൾ മൈലേജ് കന്പനി അവകാശപ്പെടുന്നുണ്ട്, 24.4 കിലോമീറ്റർ.

വില: രണ്ടു വേരിയൻറുകളിലായി ഇറങ്ങുന്ന ക്വിഡ് എഎംടിക്ക് 2.84 ലക്ഷം രൂപയും 4.25 ലക്ഷം രൂപയുമാണ് വില.

ടെസ്റ്റ് ഡ്രൈവ്: റെനോ കോട്ടയം, 8138001111

–അജിത് ടോം