ക്ലാസിക് ഹൊറർ എസ്ര
ഭയത്തിന്റെ നെരിപ്പോടിൽ ഭീതിയുടെ നിഴലനക്കവുമായി, അവൻ, എസ്ര..! എ.ഡി 1941–ൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടിലേക്കെത്തുകയാണവൻ. ശരീര മുക്‌തമാക്കപ്പെട്ട ഏബ്രഹാം എസ്രയുടെ ആത്മാവിന്റെ ലക്ഷ്യം ലോകത്തിന്റെ നാശമാണ്. അവിടെ രഞ്ജനും പ്രിയയും എസ്രയുടെ കരുക്കളാകുമ്പോൾ യുവ ജൂദപുരോഹിതനായ റാബി മാർക്വേസും ഫാദർ സാമും എ.സി.പി ഷഫീർ അഹമ്മദും സാക്ഷികളായി മാത്രം നിൽക്കേണ്ടി വന്നു. ഭയത്തിന്റെ മേലങ്കിക്കുപ്പായത്തിൽ തില്ലർ സ്വഭാവത്തെ സസ്പെൻസോടെ അവതരിപ്പിച്ചിരിക്കുന്ന എസ്ര മലയാളത്തിന്റെ എണ്ണപ്പെട്ട ക്ലാസിക് ഹൊറർ ചിത്രങ്ങളുടെ ഇടയിലേക്ക് ഇടം പിടിച്ചിരിക്കുന്നു. ഭ്രമാത്മകതയിൽ നിന്നും കഥയുടെ കെട്ടുറപ്പും അവതരണത്തിലെ മികവുമാണ് എസ്രയെ കൂടുതൽ ജനകീയമാക്കുന്നത്.

കോൺജറിംഗ്, അനാബെല്ല പോലുള്ള ഹോളിവുഡ് ഹൊറർ ചിത്രങ്ങൾക്കു മലയാളികൾക്കിടയിലുള്ള സ്വീകാര്യത തന്നെയാണ് എസ്രയുടെ ട്രീറ്റ്മെന്റിനേയും സ്വാധീനിച്ചിരിക്കുന്നത്. നവാഗതനായ ജയ് കെ രചനയും സംവിധാനം ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജും തമിഴ് നായിക പ്രിയ ആനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.

സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഇന്നു പൃഥ്വിരാജിനോളം കൃത്യതയും വൈവിധ്യവും പുലർത്തുന്ന നടന്മാർ മലയാളത്തിലില്ല. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിലെ പൃഥ്വിരാജ് ചിത്രങ്ങൾ എന്നു നിന്റെ മൊയ്തീൻ, അനാർക്കലി, പാവാട തുടങ്ങി എസ്ര വരെയെത്തുമ്പോൾ കഥാപാത്രങ്ങളിലെ മിക വിനൊപ്പം മൊത്തം സിനിമയുടെ സ്വഭാവവും എത്രമാത്രം വൈവിധ്യമെന്നു മാനസിലാക്കാം. എസ്രയുടെ വിജയ ഘടകങ്ങളിലൊന്ന് പൃഥ്വിരാജിന്റേയും മറ്റു താരങ്ങളുടെ അഭിനയ മികവ് തന്നെയാണ്. കൊച്ചി ഷിപ്പ്യാർഡിൽ പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട് മുംബൈയിൽ നിന്നും പ്രൊമോഷനോടെ എത്തിയിരിക്കുന്ന ഉദ്യോഗസ്‌ഥനാണ് രഞ്ജൻ മാത്യു. ഭാര്യ പ്രിയ. പുരാവസ്തുവിൽ ആകൃഷ്ടയാകുന്ന പ്രിയയ്ക്കു ലഭിക്കുന്ന ഒരു പെട്ടിയിൽ നിന്നും സിനിമയുടെ ഗതി മാറുകയായിരുന്നു. ചിത്രത്തിൽ ഏറെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള അവസരം പൃഥ്വിക്കു കിട്ടുന്നുമുണ്ട്. ക്ലൈമാകിസിലേക്കെത്തുമ്പോൾ പൃഥ്വിയുടെ പ്രകടനമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ഒരു പക്ഷേ മറ്റു താരങ്ങളേക്കാൾ ഒരുപടി മുന്നിൽ പൃഥ്വിരാജ് കയ്യടി നേടുന്നുണ്ട്.

പൃഥ്വിയെക്കൂടാതെത്തുന്ന ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വ്യക്‌തിത്വം ചിത്രത്തിൽ വരച്ചിടുന്നു. നായികയായി എത്തുന്ന പ്രിയ ആനന്ദ് മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. മുംബൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്കെത്തുന്ന പ്രിയയിലൂടെയാണ് കഥ മുന്നേറുന്നത്. ഭയാനക രസത്തെ പ്രേക്ഷകരിലേക്കു വിതറുന്നത് പ്രിയയിലൂടെയാണ്. തന്റെ കഥാപാത്ര മികവിലൂടെ ഈ തമിഴ് നായിക മലയാളികളുടേയും ഇഷ്ടം നേടിയിരിക്കുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കു പരിചിതനായ സുജിത് ശങ്കർ ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നുണ്ട്. ജൂത പുരോഹിതനായ റാബി ഡേവിഡ്, ബെന്യാമിന്റെ മകനായ റാബി മാർക്വീസ് എന്ന കഥാപാത്രമായാണ് സുജിത് എത്തുന്നത്. മുൻ ചിത്രങ്ങലിലെ ക്രിമിനൽ ടച്ചുള്ള കഥാപാത്ര്ങളിൽ നിന്നും എസ്രയിലെ ജൂത കഥാപാത്രത്തിലേക്കെത്തുമ്പോൾ പ്രേക്ഷകരെ തീർത്തും വിസ്മയിപ്പിക്കുകയാണ് ഈ പ്രതിഭ. മലയാളത്തിൽ ഇനിയുമേറെ ഈ നടന് ചെയ്യാനുണ്ടെന്ന് ചിത്രം കാണിച്ചു തരുന്നു. ഇവരെ കൂടാതെ ടോവിനോയുടെ എ.സി.പി ഷഫീർ അഹമ്മദ്, വിജയരാഘവന്റെ ഫാദർ സാം, സുദേവ് നായരുടെ ഏബ്രഹാം എസ്ര എന്നിവരും പ്രേക്ഷക ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളാണ്.


പരീക്ഷണ സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ളവരാണ് നമ്മുടെ പ്രേക്ഷകർ. ട്രീറ്റ്മെന്റിൽ കൊണ്ടു വന്ന പുതുമയാണ് എസ്ര എന്ന ചിത്രത്തിന്റെ വിജയ ഘടകങ്ങളിലൊന്ന്. മറ്റു ഭാഷകളിൽ തട്ടിക്കൂട്ട് ശ്രേണിയിൽ നിൽക്കുമ്പോഴും മലയാളത്തിൽ ഹൊറർ ചിത്രങ്ങൾ എന്നും അന്യം പാലിച്ചതും ആവർത്തന വിരസത അധികമായപ്പോഴാണ്. ഇതിനിടയിൽ ചില ചിത്രങ്ങൾ പേടിപ്പിക്കാനെത്തിയെങ്കിലും പ്രേക്ഷകർ തീർത്തും കൈവിട്ടു. ഇവിടെയാണ് എസ്രയുടെ അവതരണ വൈവിധ്യം ശ്രദ്ധേയമാകുന്നത്.
ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുജിത് വാസുദേവാണ്. ഒരു ഹൊറർ ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള ലൈറ്റ് പാറ്റേണും, ഭ്രമാത്മകവും ദുരൂഹവുമായ വിഷ്വൽ സീക്വൻസുകളാലും ചിത്രത്തിനെ ബലപ്പെടുത്താൻ സുജിത്തിനു കഴിഞ്ഞിരിക്കുന്നു. ഒപ്പം വിവേക് ഹർഷന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മിഴിവ് വർധിച്ചിരിക്കുന്നു.

1941–ൽ ജീവിച്ചിരുന്ന ഏബ്രഹാം എസ്ര എന്ന ജൂതന്റെ ആത്മാവ് 21–ാം നൂറ്റാണ്ടിൽ പുതിയ മനുഷ്യരിൽ പ്രവേശിച്ചിരിക്കുന്നു. അതിനായി അവൻ കണ്ടെത്തിയ മാർഗം ഡിബുക്ക് എന്ന പ്രേതപ്പെട്ടിയാണ്. എസ്രയുടെ ലക്ഷ്യം ലോകത്തിന്റെ നാശവും. എസ്രയുടെ കരുക്കളായി മാറുന്ന ജീവിതമാണ് രഞ്ജന്റെയും പ്രിയയുടേയും. ഇവരുടെ രക്ഷയ്ക്കായി ഫാദർ സാം ഒപ്പം ചേരുന്നുണ്ടെങ്കിലും നിയമപാലകർ പോലും വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പുതിയ പാതയിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. യുവ ജൂതപുരോഹിതനായ റാബി മാർക്വിസ് എത്തുന്നതോടെ കഥയുടെ ഗതി മാറുന്നു. എസ്രയും മാർക്വിസും നേർക്കു നേരെത്തുമ്പോൾ പകയും വിശ്വാസവും ഏറ്റുമുട്ടുന്നു. നിഷ്ക്രിയരായി കുറച്ചു മനുഷ്യ ജന്മങ്ങളും.

പ്രേത സിനിമകളുടെ സ്‌ഥിരം ശൈലി അതിന്റെ വിഷ്വൽ ട്രീറ്റ്മെന്റും മേക്കിംഗ് സ്റ്റൈലുമാണ്. ഇവിടെയും അതു മുന്നിൽ നിൽക്കുമ്പോൾ അതിനൊപ്പം ശക്‌തമായി നിൽക്കുന്നത് ചിത്രത്തിന്റെ കഥാഗതിയാണ്. കഥയും ഉപകഥയുമായി എസ്രയെത്തുമ്പോൾ അതിൽ സസ്പെൻസിനും ത്രില്ലർ സ്വാഭാവത്തിനും ഇടമുണ്ടാകുന്നു. അതു തന്നെയാണ് പതിവു ഹൊറർ ചിത്രങ്ങളുടെ ശ്രേണിയിൽ നിന്നും എസ്രയെ മാറ്റി നിർത്തുന്നതും. ഭയമെന്ന വികാരത്തേക്കാൾ ശക്‌തമായ കഥയെന്ന നട്ടെല്ലിലാണ് എസ്രയെ പടുത്തുയർത്തിയിക്കുന്നത്. 1941 കളിലെ തിരുക്കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള നഷ്ട പ്രണയവും പുതിയ ലോകത്തിലെ മനുഷ്യന്റെ ജീവിതസമവാക്യങ്ങളും ഇടകലർത്തുമ്പോൾ അവിടെ സംവിധായകൻ രചന ഒരുക്കിയ തിരകാവ്യസംഹിത ബലപ്പെട്ടിരിക്കുന്നു.

– ലിജിൻ കെ. ഈപ്പൻ