തിരിച്ചടികളെ നേരിട്ട് വീണ്ടും മീര വാസുദേവ്
തിരിച്ചടികളെ നേരിട്ട് വീണ്ടും മീര വാസുദേവ്
Friday, March 3, 2017 4:05 AM IST
തന്മാത്ര എന്ന സിനിമയും അതിലെ മീരാ വാസുദേവ് എന്ന നടിയേയും മലയാളികൾ മറക്കുമെന്നു തോന്നുന്നില്ല. അത്രയ്ക്കും ഇംപാക്ട് സൃഷ്ടിച്ച ഈ സിനിമയിലൂടെ മികവുറ്റ അഭിനേത്രിയെന്ന പേരുനേടിയെടുക്കാൻ മീരാവാസുദേവിനു കഴിഞ്ഞു. പക്ഷേ തന്മാത്രയ്ക്ക് ശേഷം അതുപോലൊരു തിളങ്ങുന്ന കഥാപാത്രം മീരയ്ക്ക് ലഭിച്ചില്ല. ഒട്ടേറെ പ്രതിബന്ധങ്ങളേയും തിരിച്ചടികളേയും നേരിട്ടാണ് ഈ മുംബൈക്കാരി കരിയറിലും ജീവിതത്തിലും പിടിച്ചു നിന്നത്. ഇന്നിപ്പോൾ ഉറച്ച തീരുമാനങ്ങളുമായാണ് മീര എത്തുന്നത്. മലയാളത്തെ ഏറെ സ്നേഹിക്കുന്ന, കേരളത്തിൽ താമസമാക്കാൻ കൊതിക്കുന്ന, മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന മീരാ വാസുദേവ് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുയാണ്. നവാഗതനായ ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്യുന്ന ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. ആറു വർഷത്തിനുശേഷമുള്ള തിരിച്ചുവരവിൽ മീര ഏറെ ആത്മവിശ്വാസത്തിലാണ്.

നീണ്ട ഇടവേളക്കുശേഷമാണല്ലോ വീണ്ടും സിനിമയിലേക്ക്?

ആറുവർഷത്തെ ഗ്യാപ്പിനുശേഷമാണ് അഭിനയരംഗത്ത് എത്തുന്നത്. കുടുംബത്തിൽ ശ്രദ്ധിക്കുകയായിരുന്നു ഇതുവരെ. എനിക്കൊരു മകനുണ്ട്, രണ്ടര വയസായി. കുഞ്ഞ് കുറച്ചു വളർന്നതിനുശേഷം കരിയറിൽ ശ്രദ്ധിച്ചാൽ മതി എന്നു തീരുമാനിച്ചതിനാലാണ് സിനിമയിൽനിന്നു മാറി നിന്നത്. ഇപ്പോൾ എന്റെ അച്ഛനും അമ്മയും കുഞ്ഞിനെ നോക്കിക്കൊള്ളും. എനിക്കു കുറച്ചുകൂടി സ്വാതന്ത്ര്യമായി. സിനിമ എന്റെ എക്കാലത്തേയും വലിയ പാഷനാണ്. അഭിനയം എനിക്ക് ലഹരിയാണ്. അഭിനയിക്കുന്തോറും കൂടുതൽ കൂടുതൽ അഭിനയിക്കാനുള്ള ആഗ്രഹം. വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് എന്റെ തിരിച്ചു വരവ്. ഈ പടത്തിൽ ഒരു ഡോക്ടർ കഥാപാത്രമാണെനിക്ക്. കുറച്ച് നെഗറ്റീവായ കാര്കടർ. മകനെ വേണ്ടവിധം നോക്കാൻ സമയം കണ്ടെത്താത്ത ‘അഗ്രസീവ് കരിയർ ഓറിയന്റഡ് വുമൺ’ ആണ് ഈ ചിത്രത്തിലെ ഡോക്ടർ കാരക്ടർ. വളരെ സാമൂഹിക പ്രധാന്യമുള്ളൊരു കഥാപാത്രമാണിത്. എന്റെ ജീവിതമെടുത്താൽ രണ്ടര വയസുള്ള മകനെ വിട്ടു നിന്നാണ് അഭിനയിക്കാൻ എത്തിയിരിക്കുന്നത്. രാവിലെയും വൈകിട്ടും ഇടവേളകളിലുമെല്ലാം അവനുമായി വാട്ട്സ് ആപ് വീഡിയോ കോൾ നടത്തും. അങ്ങനെ എല്ലാം ബാലൻസ് ചെയ്തേ നമുക്ക് കരിയർ കൊണ്ടുപോകാനൊക്കൂ. ഈ സിനിമ പറയുന്നതും അത്തരമൊരു സന്ദേശമാണ്. രണ്ടാം വരവിൽ ഞാൻ ഏറെ സന്തുഷ്ടയാണ്. സംവിധായകൻ ടോണിയുമായി രണ്ടു വർഷം മുമ്പേ പരിചയമുണ്ട്. സെറ്റിലുള്ള എല്ലാവരുമായും നല്ല ബന്ധമാണുള്ളത്. എല്ലാവരും ഒരു കുടുംബത്തിലെന്നപോലെയാണ് പെരുമാറുന്നത്. ആഡ് ഫിലിംമേക്കർ സ്ലീബാ വർഗീസാണ് എന്റെ മാനേജർ. ഞങ്ങളുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തു കൂടിയാണ് സ്ലീബ. അദ്ദേഹവുമായി ചർച്ച ചെയ്താണ് ഞാൻ സിനിമകൾ തെരഞ്ഞെടുക്കുന്നതും. ഈ പടത്തെക്കുറിച്ച് ഞങ്ങൾക്കെല്ലാം വലിയ പ്രതീക്ഷയാണുള്ളത്.

മീര അവസാനം മലയാളത്തിൽ അഭിനയിച്ചത് 916 എന്ന സിനിമയിലായിരുന്നല്ലോ... അതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും വന്നല്ലോ?

വളരെ നെഗറ്റീവായ ഒരു എക്സ്പീരിയൻസായിരുന്നു ആ സിനിമയുടെ സെറ്റിലുണ്ടായത്. വളരെ മോശം ട്രീറ്റ്മെന്റ്. സംവിധായകനും ആ പടത്തിന്റെ ക്രൂവും എന്നെ ചതിച്ചു. പണത്തിന്റെ കാര്യത്തിലും ഡേറ്റിന്റെ കാര്യത്തിലുമെല്ലാം അവർ എന്നെ പറ്റിച്ചു. 15 ദിവസം ഡേറ്റ് വാങ്ങിയിട്ട് മൂന്നു ദിവസം കൊണ്ട് ഷൂട്ടിംഗ് തീർത്ത് പ്രതിഫലവും തരാതെ അവർ എന്നെ വിട്ടു. നല്ലൊരു പാഠം അതിൽ നിന്നു പഠിച്ചു. എന്റെ കരിയറിലെ ഏറ്റവും മോശം എക്സ്പീരിയൻസായിരുന്നു അത്. ചതിയിലൂടെ നമുക്ക് ഒന്നും നേടാനാവില്ലന്ന് അവർ മനസിലാക്കട്ടെ. എന്റെ കരിയറിനേയും പ്രശസ്തിയേയും അവർ ദുരുപയോഗം ചെയ്യുകയായിരുന്നു.

മലയാളത്തിലൂടെയാണല്ലോ രണ്ടാം വരവും?

അതെ മലയാളത്തിൽ അഭിനയിക്കാനും സംവിധാനം ചെയ്യാനും എനിക്ക് പദ്ധതിയുണ്ട്. മറ്റു ഭാഷകളേക്കാൾ മലയാളത്തിൽ നിൽക്കാനാണ് എനിക്കു താൽപര്യം. സംവിധാനത്തിലേക്കു തിരിയണമെന്നും എനിക്കുണ്ട്. അങ്ങനെയെങ്കിൽ മലയാളത്തിലായിരിക്കും ആദ്യം ചെയ്യുക. ഇപ്പോൾ ഒരു മറാത്തി സിനിമയുടെ തിരക്കഥ ഞാനെഴുതി. സംവിധായകനൊപ്പം അസോസിയേറ്റായി പ്രവർത്തിക്കുകയും ചെയ്തു. അതൊരു നല്ല എക്സ്പീരിയൻസായിരുന്നു. എന്തായാലും മലയാളത്തിൽ തുടരാനാണ് ഇനി താൽപര്യം. ആറു വർഷം മാറി നിന്നിട്ടും എവിടെ മലയാളികളെ കണ്ടാലും അവരെന്നെ തിരിച്ചറിയുകയും തന്മാത്രയെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. മലയാളികളിൽ നിന്നു ലഭിച്ച ആ സ്നേഹം മൂലമാണ് 916 ൽ നിന്ന് എനിക്കു ലഭിച്ച മോശം അനുഭവങ്ങൾ മറക്കാനും വീണ്ടും ഇങ്ങോട്ടു വരാനും എനിക്കു തോന്നിയത്. കേരളം എനിക്ക് ജന്മനാട് പോലെയാണ്. ഇവിടെ ഒരു വീടുവാങ്ങാനും താമസിക്കാനും എനിക്ക് പലപ്പോഴും തോന്നാറുണ്ട്.

മീരാവാസുദേവ്... മലയാളിയാണോ തമിഴാണോ അതോ മുംബൈക്കാരിയോ... പലർക്കും സംശയമുണ്ട്?

ഞങ്ങൾ തമിഴ് ബ്രാഹ്മണമാരാണ്. എന്നാൽ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. അച്ഛനും അമ്മയും അവിടെ ഉദ്യോഗസ്‌ഥരായിരുന്നു. റിട്ടയർ ചെയ്തു. ഇപ്പോൾ ഞാൻ ഷൂട്ടിംഗിനു വരുമ്പോൾ കുഞ്ഞിനെ നോക്കുന്നത് അവരാണ്. എന്റെ ബന്ധുക്കളെല്ലാം മുംബൈയിലാണ്.

കരിയറിന്റെ തുടക്കം എങ്ങനെയായിരുന്നു?

എന്റെ നിശ്ചയദാർഡ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ രംഗത്ത് പിടിച്ചു നിൽക്കാനായത്. അഞ്ഞൂറോളം പരസ്യ ചിത്രങ്ങളുടെ സ്ക്രീൻ ടെസ്റ്റിനു പോയിട്ടുണ്ട്. എവിടെ ചെന്നാലും ഓരോ കാരണങ്ങൾ പറഞ്ഞ് അവർ ഒഴിവാക്കും. പക്ഷേ ഞാൻ ശ്രമം ഉപേക്ഷിച്ചില്ല. എന്റെയുള്ളിലെ ഫയർ എനിക്കു തിരിച്ചറിനാകുമായിരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. പലപ്പോഴും ഈ തിരിച്ചടികളാണ് എന്നെ ശക്‌തയാക്കിയത്. ഇന്ന് ഞാൻ ഇമോഷണലി, മെന്റലി എല്ലാം വളരെ സ്ട്രോംഗ് ആണ്. മോഡലിംഗി ഞാൻ പതുക്കെ ക്ലിക്കായി. അവാർഡുകൾ ലഭിച്ചു. അങ്ങനെയാണ് സിനിമയിലേക്കു വഴിതുറന്നത്. പാർവതി ബാലഗോപാലൻ എന്ന മലയാളി ചെയ്ത ഹിന്ദി ചിത്രം. 2003ൽ റിലീസായ ചിത്രത്തിന്റെ പേര് റൂൾസ് പ്യാർ കാ ഫോർമുല. കോമഡിയും റൊമാൻസുമെല്ലാം ചേർന്ന ചിത്രം വിജയിക്കുകയും ചെയ്തു. അതിനുശേഷമാണ് സമുദ്രക്കനി സംവിധാനം ചെയ്ത ഉന്നേ ശരണമടന്തേൻ എന്ന തമിഴ് ചിത്രം ചെയ്തത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്‌ഥാന അവാർഡ് ലഭിച്ചു. അതിനുശേഷമാണ് ബ്ലസിസാർ തന്മാത്രയിലേക്കു വിളിക്കുന്നത്. ബോളിവുഡിലാണ് തുടങ്ങിയതെങ്കിലും തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഓഫറുകൾ വന്നതോടെ ദക്ഷിണേന്ത്യയിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.


തന്മാത്രയിലേക്കുള്ള വരവ്... വളരെ ഹെവിയായ ഒരു റോൾ. മോഹൻലാലിന്റെ നായികയായി?

പ്രീതി മിക്സിയുടെ പരസ്യത്തിൽ എന്നെ കണ്ടാണ് ബ്ലസിസാർ വിളിച്ചത്. കഥ കേട്ടു. മോഹൻലാലിനെപ്പോലൊരു ലെജൻഡാണ് നായകൻ എന്നു കൂടി പറഞ്ഞപ്പോൾ വലിയ ത്രില്ലിലായിരുന്നു. കഥയ്ക്ക് വളരെ ആവശ്യമായ ചില കിടപ്പറ രംഗങ്ങൾ ചിത്രത്തിലുണ്ടാവുമെന്ന് ബ്ലസിസാർ ആദ്യം തന്നെ പറഞ്ഞിരുന്നു. വിവാദങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്നു തോന്നിയിരുന്നു. പക്ഷേ ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തു. മോഹൻലാൽ സാറിന്റെ ഒരു പടത്തിൽ അത്തരം രംഗങ്ങൾ എത്ര കലാപരമായി ചിത്രീകരിക്കുമെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് വളരെ കംഫർട്ടബളായ രീതിയിലാണ് ബ്ലസിസാർ അതു ചിത്രീകരിച്ചത്. സംവിധായകനും കാമറമാനും അടക്കം വളരെ കുറച്ചുപേർ മാത്രമേ ചിത്രീകരണ സമയത്ത് റൂമിലുണ്ടായിരുന്നുള്ളൂ. അതു ഞാൻ വച്ച നിർദേശമായിരുന്നു. ആ സീൻ കണ്ട് ആരും മോശം പറഞ്ഞില്ല. ആ സീനായിരുന്നു ചിത്രത്തിന്റെ ടേണിംഗ് പോയിന്റ്. തന്മാത്ര ചെയ്യുമ്പോൾ 23 വയസായിരുന്നു എനിക്ക്. 38 വയസുകാരിയുടെ ലുക്ക് ആയിരുന്നു വേണ്ടിയിരുന്നത്. ഒരു സാധാരണ വീട്ടമ്മയുടെ ഇമേജിലേയ്ക്ക് എന്നെ മാറ്റിയെടുത്തു.

തന്മാത്രയ്ക്കു ശേഷം കുറെ മലയാളസിനിമകൾ ചെയ്തെങ്കിലും ആദ്യ ചിത്രത്തിന്റെ തിളക്കം ലഭിച്ചില്ലല്ലോ?

എനിക്ക് മലയാളം പുതിയ ഇൻഡസ്ട്രിയായിരുന്നു. ആ സമയത്ത് കരിയർ മാനേജ് ചെയ്യാൻ ആരുമില്ലായിരുന്നു. നല്ലൊരു ഗൈഡൻസ് ലഭിച്ചില്ല. അതുകൊണ്ടു തന്നെ പല സിനിമകളും ശ്രദ്ധിക്കപ്പെടാതെ പോയി. അതുകൊണ്ടാണ് സ്ലീബാസാറിനെ ഇപ്പോൾ മാനേജരായി വച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഇപ്പോൾ സിനിമകൾ സെലക്ട് ചെയ്യുന്നത്.

ഇനിയുള്ള കരിയർ എങ്ങനെയാണ് പ്ലാൻ ചെയ്യുന്നത്?

മലയാളത്തിൽ പൂർണമായും ശ്രദ്ധിക്കാനാണ് തീരുമാനം. മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യാനും പ്ലാനുണ്ട്. ചില സബ്ജക്ടുകളുണ്ട്. ഇപ്പോൾ പറയാൻ കഴിയില്ല. സാങ്കേതികമായും എനിക്ക് അത്യാവശ്യം അറിവുകളുണ്ട്.

സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടല്ലോ. ആദ്യ വിവാഹം വലിയൊരു ദുരന്തമായി. രണ്ടാമത്തെ വിവാഹവും ഇപ്പോൾ വഴിപിരിഞ്ഞിരിക്കുന്നു. ഒരു സ്ത്രീയെന്ന നിലയിൽ എങ്ങനെ ഇതിനെയെല്ലാം നേരിട്ടു?

ചെറുപ്പത്തിൽ ലൈംഗിക ചൂഷണത്തിനു വിധേയമായ വ്യക്‌തിയാണ് ഞാൻ. ഏഴാം വയസിലൊക്കെ അത്തരം അനുഭവം എനിക്കുണ്ടായിട്ടുണ്ട്. വീട്ടിലെ ജോലിക്കാർ, ട്യൂഷൻ പഠിപ്പിച്ച വളരെ പ്രായമുള്ള മനുഷ്യൻ, പ്ലേ സ്കൂളിലെ ടീച്ചറിന്റെ ഭർത്താവ് ഇങ്ങനെ പലരും ചെറുപ്രായത്തിൽ എന്നെ ചൂഷണം ചെയ്തിട്ടുണ്ട്. ഇതൊന്നും ഞാൻ മാതാപിതാക്കളോടു പറഞ്ഞിരുന്നില്ല. കുട്ടിയായിരുന്നതിനാൽ എങ്ങനെ എക്സ്പ്രസ് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത് ലൈംഗിക വിദ്യാഭ്യാസം വളരെ അത്യാവശ്യമാണെന്ന്. അത് മാതാപിതാക്കൾക്കും കുട്ടികൾക്കും വേണം. ഞാനിപ്പോൾ ഡക്കാൺ ക്രോണിക്കിൾ എന്ന പത്രത്തിൽ ഒരു കോളം ചെയ്യുന്നുണ്ട്. അതിൽ ഇതെല്ലാം പരാമർശിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞപ്പോഴാകട്ടെ ശരിക്കും ഗാർഹിക പീഡനം തന്നെയായിരുന്നു.ആദ്യത്തെ വിവാഹം എന്നെ സംബന്ധിച്ച് ഇപ്പോഴും ഒരു പേടി സ്വപ്നമാണ്. ശാരീരകമായും മാനസികമായും ഒട്ടേറെ പീഡനങ്ങൾ ഏറ്റു. പോലീസ് സംരക്ഷണയിലാണ് ഞാൻ അവിടെ നിന്നു രക്ഷപെട്ടത്. 2005ലായിരുന്നു വിവാഹം. 2007–ൽ പിരിഞ്ഞു. ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു അത്. കാമറാമാൻ അശോക്കുമാറിന്റെ മകനായിരുന്നു. അയാൾ മദ്യപാനിയും മാനസിക പ്രശ്നങ്ങളുമുള്ളയാളാണെന്നും എനിക്കറിയില്ല. ഒരു സിനിമയുടെ സെറ്റിൽ വച്ച് വിവാഹം കഴിക്കാൻ താൽപര്യപ്പെട്ടു വന്നു. അയാൾ ചെന്നൈയിലും ഞാൻ മുംബൈയിലുമായിരുന്നതിനാൽ അയാളെക്കുറിച്ചുള്ള ഡീറ്റയിൽസൊന്നും അറിയില്ലായിരുന്നു. നാലു വർഷത്തിനുശേഷമാണ് ഞാൻ ജോണിനെ വിവാഹം കഴിച്ചത്. ജോൺ തൃശൂർക്കാരൻ മലയാളിയാണ്. നല്ലയാളാണ്. ഞങ്ങൾ പിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് തമ്മിൽ ശത്രുതയില്ല. കുഞ്ഞിനു വേണ്ടി ഞങ്ങൾ ഒരുമിച്ചാണ്. പിന്നെ എന്തുകൊണ്ടു പിരിഞ്ഞു എന്നു ചോദിച്ചാൽ അതൊക്കെ മീഡിയായിൽ പറഞ്ഞ് വെറുതെ എന്തിന് പ്രശ്നങ്ങളുണ്ടാക്കണം. അതു കുഞ്ഞിനെ ദോഷകരമായി ബാധിക്കും.

ഇനി കരിയറിൽ പൂർണമായും ശ്രദ്ധിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണം. അതിനു പറ്റിയ ഒരു തുടക്കമാണ് ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രം. വളരെ സെലക്ടീവായി നല്ല സിനിമകൾ ചെയ്യണം. ഒപ്പം വലിയൊരു സ്വപ്നമാണ് മലയാളത്തിൽ പടം സംവിധാനം ചെയ്യണമെന്നത്. അതിനുള്ള തയാറെടുപ്പിലാണ് ഞാൻ.

–ബിജോ ജോ തോമസ്