എയർടെൽ റോമിംഗ് ചാർജുകൾ ഒഴിവാക്കുന്നു
എയർടെൽ റോമിംഗ് ചാർജുകൾ ഒഴിവാക്കുന്നു
Thursday, March 2, 2017 4:36 AM IST
ന്യൂഡൽഹി: എല്ലാവിധ റോമിംഗ് ചാർജുകളും ഒഴിവാക്കാൻ ഭാരതി എയർടെൽ. ഔട്ട്ഗോയിംഗ്, ഇൻകമിംഗ്, എസ്എംഎസ്, ഡേറ്റ ഉപയോഗം എന്നിവയ്ക്ക് കന്പനി ഇനി റോമിംഗ് ചാർജ് ഈടാക്കില്ല. ജിയോയുമായുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാനായാണ് എയർടെല്ലിൻറെ പുതിയ തീരുമാനം.

രാജ്യാന്തര കോളുകൾക്കും ഡേറ്റ ഉപയോഗത്തിനും കന്പനി നിരക്ക് കുറച്ചിട്ടുണ്ട്. രാജ്യാന്തര കോളുകളുടെ നിരക്ക് 90 ശതമാനം കുറച്ച് മിനിറ്റിന് മൂന്നു രൂപയാക്കും. ഡേറ്റ നിരക്കുകൾ 99 ശതമാനം കുറച്ച് ഒരു എംബിക്ക് മൂന്നു രൂപ നിരക്കാക്കും. ഏപ്രിൽ ഒന്നിന് ഇത് പ്രാബല്യത്തിൽ വരും.

റോമിംഗ് ഒഴിവാക്കുന്നെന്ന വാർത്തയെ തുടർന്ന് എയർടെലിൻറെ ഓഹരി വില മൂന്നു ശതമാനം താഴ്ന്നു. എയർടെലിൻറെ വരുമാനത്തിൻറെ നാലു ശതമാനം റോമിംഗ് ചാർജിലൂടെയാണ് നേടുന്നത്. ഇത് ഒഴിവാക്കിയതിലൂടെ കന്പനിക്ക് വരുമാന നഷ്‌ടം നേരിടുമെന്ന ചിന്തയാണ് ഓഹരി ഇടിയാൻ കാരണം. എയർടെലിൻറെ ഈ തീരുമാനം വോഡാഫോൺ, ഐഡിയ തുടങ്ങിയ കന്പനികളെ റോമിംഗ് ചാർജ് ഒഴിവാക്കാൻ നിർബന്ധിതരാക്കും.


റോമിംഗ് ചാർജുകൾ ഒഴിവാക്കുന്നതോടെ നന്പരുകൾ മാറാതെ തന്നെ ഉപയോക്‌താക്കൾക്ക് രാജ്യത്തെവിടെയും സേവനം ഉപയോഗപ്പെടുത്താനാവുമെന്ന് എയർടെൽ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ റോമിംഗ് പാക്കേജ് ഇല്ലാതെ ഉപയോക്‌താക്കൾ സേവനം ഉപയോഗിച്ചാലും ഇനിമുതൽ നിസാരമായ തുക മാത്രമേ ഈടാക്കുകയുള്ളു എന്നും കന്പനി പറഞ്ഞു. എയർടെൽ ഉപയോക്‌താക്കൾക്ക് ഇനി രാജ്യ മുഴുവനും ലോക്കൽ നെറ്റ്വർക്കിനു സമാനമാണെന്നും ഭാരതി എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ മിത്തൽ പറഞ്ഞു.