ഷെഹ്നാദ് ജലാൽ
കാമറ സ്ലോട്ട്
യഥാർഥ വസ്തുവിന്റെ നൈർമല്യം നഷ്ടപ്പെടാതെ അകൃത്രിമമായി വേണം അതിന്റെ പ്രതിച്ഛായ സൃഷ്ടിക്കേണ്ടതെന്ന ബോധ്യമാണ് ഷെഹ്നാദ് ജലാൽ എന്ന യുവ ഛായാഗ്രാഹകനെ വ്യത്യസ്തനാക്കുന്നത്. സിനിമയെന്നാൽ മായക്കാഴ്ചകൾകൂടിയാണെന്നും പ്രേക്ഷകരെ ആകർഷിക്കാൻ ഇത്തരം ‘വിഷ്വൽ ഗിമ്മിക്കു’കൾ ആവശ്യമാണെന്നും ഷെഹ്നാദിന് അറിയാം. എങ്കിലും തന്റെ കാമറയിലൂടെ യഥാർഥ കാഴ്ചകൾ ഒരുക്കാനാണ് ഇദ്ദേഹത്തിനു താൽപര്യം. ഇദ്ദേഹം പ്രവർത്തിച്ചിട്ടുള്ള സിനിമകളും ഇത്തരത്തിലുള്ള നേർക്കാഴ്ചകൾകൊണ്ട് സമ്പന്നം. ഈ ചിത്രങ്ങളൊക്കെ പ്രേക്ഷകർ നിറഞ്ഞ മനസോടെ സ്വീകരിച്ചുവെന്നുള്ളത് ഷെഹ്നാദിന്റെ വിജയമാണ്. ഛായാഗ്രഹണം നിർവഹിച്ച ആദ്യ ചിത്രത്തിലൂടെതന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്‌ഥാന സർക്കാരിന്റെ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ് ഷെഹ്നാദ്. സിനിമ സ്വപ്നം കണ്ടിരുന്ന ചെറുപ്പകാലമായിരുന്നു ഷെഹ്നാദിന്റേതും. ഇക്കാലത്ത് തിരുവനന്തപുരത്തെ ഫിലിം സൊസൈറ്റി പ്രദർശിപ്പിച്ചിരുന്ന മാസ്റ്റർപീസ് ചിത്രങ്ങൾ കാണാനുള്ള അവസരം ലഭിച്ച ഷെഹ്നാദിന് മികച്ച ദൃശ്യങ്ങളുടെ നിരൂപണവും സാധ്യമായി. ഹോബിയെന്ന നിലയിൽ തുടങ്ങിയ സ്റ്റിൽ ഫോട്ടോഗ്രഫി ഷെഹ്നാദിനെ ക്രമേണ കാമറയുമായി അടുപ്പിച്ചു. കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം സിനിമാട്ടോഗ്രഫി പഠിക്കാൻ കോൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനും ഇദ്ദേഹത്തിനു സാധിച്ചു.

പഠനശേഷം പ്രശസ്ത ഛായാഗ്രാഹകൻ വേണുവിന്റെ അസോസിയേറ്റായി രണ്ടുവർഷം പ്രവർത്തിച്ച ഷെഹ്നാദ് പിന്നീട് ഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കും കാമറ ചലിപ്പിച്ച് മികച്ച കാമറാമാനെന്ന നിലയിൽ പേരെടുത്തു. ഷെഹ്നാദ് ആദ്യമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രം വിപിൻ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം ആണ്. സമാന്തര സിനിമയുടെ പുതിയ പ്രതീക്ഷകളെന്ന നിലയിൽ ഈ ചിത്രത്തിന്റെ സംവിധായകനും കാമറാമാനും നിരൂപക പ്രശംസ നേടി. ഇന്ത്യയിലും വിദേശത്തും നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രമാണ് 2010–ലെ മികച്ച കാമറാമാനുള്ള പുരസ്കാരവും ഷെഹ്നാദിനു നേടിക്കൊടുത്തത്.


അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിനുവേണ്ടിയാണ് തുടർന്ന് ഷെഹ്നാദ് പ്രവർത്തിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആറു വ്യക്‌തികളുടെ ജീവിതങ്ങൾ ചില അപ്രതീക്ഷിത സാഹചര്യങ്ങളിൽ പരസ്പരം ബന്ധപ്പെടുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് മുരളി ഗോപിയാണ്. ഇന്ദ്രജിത് നായകനായ ഈ മികച്ച ചിത്രത്തുടർന്ന് മലയാളത്തിൽ വൻ വിജയം നേടിയ ട്രാഫിക്കിന്റെ തമിഴ് റീമേക്കായ ചെന്നൈയിൽ ഒരുനാളിനുവേണ്ടിയാണ് തുടർന്ന് ഷെഹ്നാദ് പ്രവർത്തിച്ചത്. തുടർന്ന് അരുൺകുമാർ അരവിന്ദ്– മുരളി ഗോപി– ഇന്ദ്രജിത് ടീമിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം. നിരവധി പുരസ്കാരങ്ങൾ നേടിയ ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം തിയറ്ററിലും മികച്ച വിജയമാണു നേടിയത്. തുടർന്ന് മുരളി ഗോപി, ലെന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.ആർ. മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിനു കാമറ നിയന്ത്രിച്ചതും ഷെഹ്നാദാണ്.
വൈശാഖ് സംവിധാനം ചെയ്ത വിശുദ്ധൻ വേറിട്ട ദൃശ്യാനുഭവമാണു പ്രേക്ഷകർക്കു സമ്മാനിച്ചത്. വാണിജ്യവിജയത്തിനുവേണ്ടിയുള്ള മസാലക്കൂട്ടുകൾ ഒഴിവാക്കി ഗൗരവമുള്ള ഒരു വിഷയം അതിനർഹിക്കുന്ന പ്രധാന്യത്തോടെ വൈശാഖ് അവതരിപ്പിച്ചപ്പോൾ കാമറ ചലിപ്പിച്ചത് ഷെഹ്നാദാണ്. കുഞ്ചാക്കോ ബോബൻ, മിയ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത വെടിവഴിപാട്, വി.കെ. പ്രകാശ് ഒരുക്കിയ നിർണായകം, ആസിഫ് അലി– ബിജു മേനോൻ ചിത്രമായ കവി ഉദ്ദേശിച്ചത് എന്നീ ചിത്രങ്ങളുടെ കാമറ നിയന്ത്രിച്ചതും ഷെഹ്നാദാണ്. റാസി മുഹമ്മദ് സംവിധാനം ചെയ്യുന്ന വെളുത്ത രാത്രികളാണ് പുതിയ പ്രോജക്ട്.

തയാറാക്കിയത്: സാലു ആന്റണി