സോഷ്യൽ മീഡിയയിലെ സൂത്രപ്പണികൾ
സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കമാണ്. ഓരോ സോഷ്യൽ മീഡിയ സൈറ്റും നൽകുന്ന വ്യത്യസ്തമായ സവിശേഷതകളാണ് ആളുകളെ അങ്ങോട്ട് ആകർഷിക്കുന്നത്. പക്ഷെ ഈ സൈറ്റുകളിൽ ചില സൂത്രങ്ങൾ ഒളിപ്പിച്ചുണ്ടെന്നുള്ളത് പലർക്കും അറിയില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്കായും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുമായാണ് ഇവ ചേർത്തിരിക്കുന്നത്. ഇതാ സോഷ്യൽ മീഡിയയിലെ ചില സൂത്രപ്പണികൾ...

ഫേസ്ബുക്ക്

ജനപ്രീതിയുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള സോഷ്യൽ മീഡിയ സൈറ്റാണ് ഫേസ്ബുക്ക്. ചാറ്റിംഗിനും ഫോട്ടോ ഷെയർ ചെയ്യാനുമാണ് ഫേസ്ബുക്കിനെ ഏറെ ആളുകൾ ഉപയോഗിക്കുന്നത്. സ്‌ഥിരമായി ഫേസ്ബുക്കിലൂടെയും മെസഞ്ചറിലൂടെയും ചാറ്റ് ചെയ്യുന്നവർ ഫിൽറ്റേഡ് റിക്വസ്റ്റ് എന്ന സംവിധാനത്തെ ശ്രദ്ധിച്ചുകാണില്ല. ഫേസ്ബുക്കിൽ ഫ്രണ്ടസ് അല്ലാത്തവർക്കും മെസേജ് അയയ്ക്കാനുള്ള ഓപ്ഷൻ ഫേസ്ബുക്കിലുണ്ട്. ഈ മെസേജ് പക്ഷെ സാധാരണ ചാറ്റ് ബോക്സിൽ വരുകയില്ല. ചാറ്റിംഗിൽ ഫിൽറ്റേഡ് മെസേജ് എന്ന ഓപ്ഷനിലാണ് ഇത്തരം മെസേജുകൾ വരുന്നത്. ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകളിലും ഫിൽറ്റേഡ് മെസേജിൽ വരുന്ന സന്ദേശങ്ങൾ കാണിക്കില്ല. അതിനാൽ അധികം ആളുകൾ ഈ പ്രത്യേകതയെക്കുറിച്ച് അറിയില്ല. എന്നാൽ ഫിൽറ്റേഡ് മെസേജിൽ വരുന്ന സന്ദേശങ്ങളിൽ അധികവും സ്പാം മെസേജുകളായിരിക്കും. അതിനാൽ ഫിൽറ്റേഡ് മെസേജുകളോട് പ്രതികരിക്കുന്നത് സൂക്ഷിച്ചുവേണം.

ട്വിറ്റർ

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനും ഏറെ ആരാധകരാണുള്ളത്. ചെറിയ കുറിപ്പുകൾ പോസ്റ്റ് ചെയ്യാനാണ് ട്വിറ്റർ സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ നമ്മൾ പോസറ്റ് ചെയ്യുന്ന കാര്യങ്ങൾ എത്രപേരുടെ അടുത്ത് എത്തുന്നുണ്ടെന്ന് അറിയാൻ ട്വിറ്ററിൽ സാധിക്കും. http://analytics.twitter.com എന്ന ലിങ്ക് ഉപയോഗിച്ചാണ് ട്വിറ്റർ അക്കൗണ്ട് താരതമ്യം ചെയ്യുന്നത്. നമ്മളെ ഫോളോ ചെയ്യുന്നവർ സാധാരണയായി ട്വിറ്ററിൽ ചെലവഴിക്കുന്ന സമയം, അവർ ഇഷ്‌ടപ്പെടുന്ന വിഷയം തുടങ്ങിയുള്ള കാര്യങ്ങൾ ട്വിറ്റർ അനലിറ്റിക്സ് ഉപയോഗിച്ച് നടത്താം. ഉച്ചയ്ക്ക് 12ന്, വൈകിട്ട് അഞ്ചിന്, ആറിന് തുടങ്ങിയ സമയങ്ങളിലാണ് ഏറ്റവുമധികം ആളുകൾ ട്വിറ്ററിൽ ചെലവഴിക്കുന്നതെന്നാണ് ട്വിറ്റർ അനലിറ്റ്ക്സ് പറയുന്നത്. അതിനാൽ ആ സമയത്ത് പോസ്റ്റിട്ടാൽ റി ട്വീറ്റും ലൈക്കും കൂടുമെന്ന് ചുരുക്കം.


യൂട്യൂബ്

വൻ സിനിമകളുടെ വിജയം പോലും നിർണയിക്കുന്നത് യുട്യൂബ് വ്യൂവേഴ്സിന്റെ അടിസ്‌ഥാനത്തിലാണ്. മണിക്കൂറുകൾക്കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ചില യുട്യൂബ് വീഡിയോകൾ കാണുന്നത്. കൂടുതൽ ആളുകൾ കാണുന്നതനുസരിച്ച് പരസ്യവരുമാനവും യുട്യൂബിലൂടെ ലഭിക്കും. ഇതെല്ലാം മിക്കവർക്കും അറിയാവുന്ന കാര്യമാണ്.

എന്നാൽ ഓഡിയോ ഫോർമാറ്റിലുള്ള ഫയലും യുട്യൂബിൽ അപ്ലോഡ് ചെയ്യാൻ കഴിയുമെന്ന് അധികം ആർക്കും അറിയില്ല. ഓഡിയോ ഫയൽ അപ്ലോഡ് ചെയ്യാൻ അത് ആദ്യം വീഡിയോ ഫോർമാറ്റിലേക്ക് മാറ്റണം.

www.tunestotube.com എന്ന ലിങ്ക് ഉപയോഗിച്ച് ഓഡിയോ ഫയൽ വീഡിയോ ഫോർമാറ്റിലേക്ക് മാറ്റാൻ സാധിക്കും. വീഡിയോ അപ് ലോഡ് ചെയ്യുന്പോൾ ഓട്ടോമാറ്റിക്കായി യുട്യൂബ് ചെറിയ വിവരണവും ചേർക്കും.

ഇൻസ്റ്റഗ്രാം

യുവാക്കളുടെ ഹരമായ സോഷ്യൽ മീഡിയ ആപ്പാണ് ഇൻസ്റ്റഗ്രാം. ഫോട്ടോകൾ ഷെയർ ചെയ്യാനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്. ഫോട്ടോകൾ അപ് ലോഡ് ചെയ്യുന്പോൾ അത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാമിലുണ്ട്. നിരവധി ഫിൽറ്റർ ഓപ്ഷനുകൾ ഇൻസ്റ്റഗ്രാമിൻറെ പ്രത്യേകതയാണ്. എന്നാൽ ഇൻസ്റ്റഗ്രാമിലെ ഫിൽറ്റർ ഓപ്ഷൻ ഉപയോഗിച്ച് മനോഹരമാക്കിയ ഫോട്ടോ ഷെയർ ചെയ്തില്ലെങ്കിലും ഫോണിൽ സേവ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

ഇതിനായി ഇൻസ്റ്റഗ്രാമിൽ ലോഗിൻ ചെയ്ത ശേഷം പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് വരുന്ന വിൻഡോയുടെ മുകളിൽ ഇടത് വശത്തായുള്ള സെറ്റിംഗ്സിൽ സേവ് ഷെയേർഡ്് ഫോട്ടോ എന്ന ഓപ്ഷൻ ഓൺ ആക്കിയാൽ മതി. ഇനി ഇൻസ്റ്റഗ്രാമിൻറെ ഫോട്ടോ എഡിറ്റർ ഉപയോഗിച്ച് വാട്സ് ആപ്പിൻറെയും ഫേസ്ബുക്കിൻറെയും പ്രൊഫൈൽ പിക്ചർ വരെ എഡിറ്റ് ചെയ്തു സുന്ദരമാക്കാം.

സോനു തോമസ