പവിയേട്ടന്‍റെ മധുരച്ചൂരൽ
പവിയേട്ടന്‍റെ മധുരച്ചൂരൽ
Friday, February 24, 2017 6:22 AM IST
ചന്ദനപ്പാറ മലയോര ഗ്രാമത്തിലെ പവിത്രൻ മാഷും ആനി ടീച്ചറും ദമ്പതിമാരാണ്. വ്യത്യസ്ത മതവിശ്വാസികളായിരുന്ന ഈ വർഷങ്ങൾ ഏറെയായെങ്കിലും അവർക്കു കുട്ടികളില്ല. എങ്കിലും അവർ പ്രണയകുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ്.

വളരെ സരസനായ പവിത്രൻ മാഷ്, സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന സാമൂഹിക ബോധമുള്ള വ്യക്‌തിയാണ്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ ഗൗരവമായിത്തന്നെ കാണുകയും സമൂഹത്തിൽ നന്മ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സ്നേഹ സമ്പന്നനായ മനുഷ്യൻ. പുരാതനമായ സമ്പന്ന ക്രിസ്തീയ കുടുംബത്തിൽ ജനിച്ച് ഇഷ്ടപുരുഷനോടൊപ്പം വീട്ടുകാരെ ഉപേക്ഷിച്ച് സന്തോഷപൂർവം ഭർത്താവിനെ പരിചരിച്ചു കഴിയുന്ന ആനി ടീച്ചർ. ഈ അധ്യാപകരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പവിയേട്ടന്റെ മധുരച്ചൂരൽ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന ശ്രീകൃഷ്ണൻ ആദ്യമായി സംവിധാനംചെയ്യുന്ന സഫലമീ യാത്ര കണ്ണൂർ തളിപ്പറമ്പിൽ ചിത്രീകരണം പുരോഗമിക്കുന്നു. പവിത്രൻ മാഷായി ശ്രീനിവാസനും ആനി ടീച്ചറായി ലെനയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഹരിശ്രീ അശോകൻ, വിജയരാഘവൻ, മജീദ്, ലിഷോയ്, ബാബു അനൂർ, വിജയൻ കാരന്തൂർ, നന്ദു പൊതുവാൾ, നസീർ സംക്രാന്തി, ഷെബിൻ, വി.കെ. ബൈജു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സഞ്ജീവനി ക്രിയേഷൻസിന്റെ ബാനറിൽ വി.സി. സുധൻ, സി. വിജയൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീനിവാസൻ എഴുതുന്നു. പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഘുനാഥ് സംഗീതം പകരുന്നു.

പ്രൊഡ. കൺട്രോളർ– നന്ദു പൊതുവാൾ, കല– ബോബൻ, മേക്കപ്– രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം– കുമാർ എടപ്പാൾ, സ്റ്റിൽസ്– കാഞ്ചൻ മുള്ളൂർക്കര, എഡിറ്റർ– രഞ്ജൻ ഏബ്രഹാം, പരസ്യകല– കോളിൻസ് ലിയോഫിൽ.
എ.എസ്. ദിനേശ്