ചില കോമഡി ചിന്തകൾ....
ചില കോമഡി ചിന്തകൾ....
Tuesday, February 14, 2017 5:53 AM IST
ബ്ലാക്ക് ആൻഡ് വൈറ്റ് തിരശീലയിൽ എസ്.പി. പിള്ളയും ഭാസിയും ബഹദൂറുമൊക്കെയൊരുക്കിയ ചിരിയുടെ രസച്ചരടിന്റെ ഇങ്ങേയറ്റത്ത് ഇന്നു പിടിച്ചിരിക്കുന്നത് അജുവർഗീസും സൗബിനും ധർമ്മജനും അടങ്ങുന്ന വലിയൊരു താരനിരയാണ്. ഭാസിയുടേയും ബഹദൂറിന്റെയുമൊക്കെ കോമഡികൾ കാണുമ്പോൾ ഇന്നു നമുക്കു ചിരിവരില്ലായിരിക്കാം. പക്ഷേ ഇന്നത്തെ കോമഡി എന്തു പുതുമയാണ് പ്രേക്ഷകർക്ക് നൽകുന്നത് എന്നു കൂടി ഓർക്കണം. കോപ്രായങ്ങളും കോമാളികളുമാണ് ആദ്യകാലത്തെ സിനിമാഹാസ്യമെന്ന് ഇപ്പോഴത്തെ പ്രേക്ഷകർക്ക് തോന്നാം. എന്നാൽ ഇന്നത്തെ കോമഡിയുടെ അടിസ്‌ഥാനം തന്നെ ദ്വയാർത്ഥ പ്രയോഗമാണ്. ദ്വയാർത്ഥത്തിൽ ഊന്നിയുള്ള ഹാസ്യമല്ലാതെ ഒന്നും തരാനില്ലാത്ത അവസ്‌ഥ.

ശ്രീനിവാസൻ മലയാളത്തിനു നൽകിയ സിറ്റുവേഷൻ കോമഡിയുടെ വികൃതാനുകരണം മാത്രമാണ് ഇന്നത്തെ സിനിമാഹാസ്യം. അടുത്ത കാലത്ത് വൻ വിജയം നേടിയ പ്രേതം എന്ന ചിത്രം തന്നെയെടുക്കാം. ആദ്യാവസാനം കോമഡിയിലൂന്നിയാണ് ചിത്രം മുന്നേറുന്നത്. പക്ഷേ മിക്ക ഹാസ്യരംഗങ്ങളും അശ്ലീലത ധ്വനിപ്പിക്കുന്നതും ദ്വയാർത്ഥ പ്രയോഗം നിറഞ്ഞതുമാണ്. കഴിഞ്ഞ വർഷം പുറത്തു വന്ന ചിത്രങ്ങളിൽ മഹേഷിന്റെ പ്രതികാരം മാത്രമാണ് ജനുവിനായ പുതുമയുള്ള ഹാസ്യം പകർന്നു നൽകിയത്. മലയാളസിനിമയിലെ കോമഡിയുടെ വഴികളിലൂടെ ഒന്നു സഞ്ചരിക്കാം..

ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമകൾ

ഹോളിവുഡിൽ വിഖ്യാത നടൻ ചാർളി ചാപ്ലിൻ ഒരുക്കിയ ഹാസ്യത്തിന്റെ അലയൊലികൾ ലോകം മുഴുവൻ അലയടിച്ച കാലം. ചാപ്ലിന്റെ ചലനങ്ങളിൽ ഹാസ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. സം സാരമില്ലാതെ മൂകാഭിനയത്തിലൂടെ ആ അപൂർവ പ്രതിഭ തീർത്ത കോമഡി രംഗങ്ങൾ ഇന്നും നമ്മൾ വിസ്മയത്തോടെ നോക്കിക്കാണുന്നു. മലയാളത്തിലാകട്ടെ എസ്.പി. പിള്ളയും ബഹദൂറുമൊക്കെ ചിരിയുടെ ബിംബങ്ങളായി ഉയർന്നു വന്ന അറുപതുകൾ. കേളടി നിന്നെ ഞാൻ കാണുന്ന നേരത്ത്.... എന്നു പാടിക്കൊണ്ട് എസ്.പി പിള്ളയും ഒരു രൂപാ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും എന്നാലപിച്ച അടൂർഭാസിയുമെല്ലാം ചേർ ന്നു പ്രേക്ഷകർക്കു പകർന്നു നൽകിയ ഹാസ്യം അന്നത്തെ പ്രേക്ഷകരെ ഒട്ടൊന്നുമല്ല ആനന്ദിപ്പിച്ചത്.

അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഭാസിയും ബഹദൂറുമൊക്കെ നൽകിയ ഹാസ്യത്തിനു പ്രസക്‌തി ഏറെയുണ്ടായിരുന്നു. മലയാളസിനിമ ശൈശവ ദശയിൽ നിന്നു വളരുന്ന സമയമായിരുന്നു അത്. തമിഴ് സിനിമയുടേയും നാടകങ്ങളുടേയും അനുകരണങ്ങളിൽ നിന്ന് നമ്മുടെ സിനിമ വഴിമാറി ചിന്തിക്കാൻ തുടങ്ങിയ സമയത്ത് ബഹദൂറും അടൂർഭാസിയുമെല്ലാം ചേർന്നൊരുക്കിയ ഹാസ്യചേരുവകൾ സിനിമയെന്ന കലാരൂപം ജനപ്രിയമാകുന്നതിൽ പ്രധാന പങ്കു വഹിച്ചു.



ശരീര ചലനങ്ങൾക്കൊണ്ടും സംഭാഷണങ്ങളിലെ പ്രത്യേകതകൊണ്ടുമൊക്കെയാണ് അന്നു കോമഡികൾ സൃഷ്ടിക്കപ്പെട്ടത്. അതാകട്ടെ നിഷ്ക്കളങ്ക ഹാസ്യത്തിലൂന്നിയായിരുന്നു താനും. പഴത്തൊലിയിൽ തെന്നിവീഴുന്നതും കുടവയർ കുലുക്കി ചിരിക്കുന്നതുമൊക്കെ ഇന്നത്തെ പ്രേക്ഷകർക്ക് ഹാസ്യമല്ലാതായി തോന്നുന്നത് സ്വാഭാവികം മാത്രം.

പപ്പു, മാള, ജഗതി

എഴുപതുകളുടെ അവസാനത്തോടെ ചിരിയുടെ പുത്തൻ നിറക്കൂട്ടുകളുമായ് ഒരുപറ്റം താരങ്ങൾ മലയാളസിനിമയിലെത്തി. ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ എന്നീ വലിയ കലാകാരന്മാരുടെ തേരോട്ടമായിരുന്നു നമ്മൾ കണ്ടത്. തികച്ചും വേറിട്ട ശൈലിയിലൂടെ ഈ മൂന്നുപേരും പ്രേക്ഷകരെ ചിരിയുടെ പുതിയ തലങ്ങളിലേക്കു കൊണ്ടുപോയി. തേന്മാവിൻ കൊമ്പത്തിലേയും വെള്ളാനകളുടെ നാട്ടിലേയുമൊക്കെ പപ്പുവിന്റെ ഹാസ്യരംഗങ്ങൾ തലമുറകളിലേക്ക് കൈമാറപ്പെടുകയാണ്. എത്രകാലം കഴിഞ്ഞാലും മടുക്കാത്ത ഹാസ്യം. ജഗതി ശ്രീകുമാറാകട്ടെ അപകടത്തെ തുടർന്ന് രംഗത്തു നിന്ന് മാറി നിൽക്കുന്നതുവരെ ഈ രംഗത്തെ മുടിചൂടാമന്നനായിരുന്നു. എൺപതുകളിലെ വിജയക്കൂട്ടിന്റെ പ്രധാന ഘടകം മാള അരവിന്ദനായിരുന്നു. ഈ മൂന്നു പ്രതിഭകൾ തെളിച്ച വഴിയിലൂടെയാണ് അന്നും ഇന്നും മലയാളസിനിമയിലെ കോമഡിയുടെ പോക്ക് എന്നു പറയാം.

പ്രിയദർശനും ശ്രീനിവാസനും

മലയാളത്തിലെ ഹാസ്യത്തിന്റെ ചേരുവകളിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവന്നവരാണ് പ്രിയദർശനും ശ്രീനിവാസനും. എൺപതുകളുടെ തുടക്കം മുതൽ ഇവർ കൊണ്ടുവന്ന മാറ്റം പുതിയ സിനിമകളിലൂടെ ഇന്നും തുടരുന്നു. അതുവരെ കണ്ടു വന്ന ഹാസ്യത്തിന്റെ കൾച്ചർ തന്നെ മാറിയത് പ്രിയദർശനിലൂടെയായിരുന്നു. പൂച്ചയ്ക്കൊരു മുക്കുത്തി എന്ന പ്രിയദർശൻ ചിത്രം വൻ ഹിറ്റായതിനു പിന്നിൽ ഈ മാറ്റമായിരുന്നു. ചെറിയ ചെറിയ സിറ്റുവേഷനുകളിലൂടെ ജീവിതവുമായി ചേർന്നു നിൽക്കുന്ന തമാശകൾ സൃഷ്ടിക്കുന്നതിൽ പ്രിയദർശനോടൊപ്പം ശ്രീനിവാസനും പ്രധാന പങ്കുവഹിച്ചു. സത്യൻ അന്തിക്കാടാണ് ഈ രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ച മറ്റൊരു സംവിധായകൻ. തറവാടിത്തമുള്ള ഹാസ്യം മലയാളത്തിനു നൽകിയത് സത്യന്റെ സിനിമകളായിരുന്നു. ഇന്നസെന്റ്, മാമുക്കോയ, കൊച്ചിൻ ഹനീഫ, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗദീഷ്, ഫിലോമിന, സുകുമാരി, കെ.പി.എ.സി.ലളിത തുടങ്ങിയവർ സൃഷ്ടിച്ച കോമഡി ജീവിതത്തോടു അടുത്തു നിൽക്കുന്നവയായിരുന്നു. അതെല്ലാം തന്നെ സന്ദോർഭിചിതമായ ഹാസ്യമായിരുന്നു. പ്രിയദർശനും സത്യൻ അന്തിക്കാടും ശ്രീനിവാസനുമൊക്കെ ചേർന്ന അക്കാലം കോമഡിയുടെ സുവർണയുഗം തന്നെയായിരുന്നു.


സിദ്ധിഖ്– ലാൽമാരുടെ വരവ്

എൺപതുകളിൽ പ്രിയദർശനും ശ്രീനിവാസനുമൊക്കെയാണ് മാറ്റത്തിന്റെ വിത്തു പാകിയതെങ്കിൽ തൊണ്ണൂറുകളിൽ സിദ്ധിഖ്–ലാൽ എന്ന ഇരട്ട സംവിധായകരിലൂടെയാണ് അതു നിർവഹിക്കപ്പെട്ടത്. റാംജിറാവ് സ്പീക്കിംഗ് എന്ന മെഗാഹിറ്റിലൂടെ ഹാസ്യത്തിന്റെ പുത്തൻ അനുഭവങ്ങൾ പ്രേക്ഷകർക്കു ലഭിച്ചു. റാംജിറാവിനുശേഷം ഈ സംവിധാകരുടെ ഒരു പിടി ഹിറ്റുകൾ ഒന്നിനു പിറകേ ഒന്നായി എത്തി. എല്ലാം ഹാസ്യത്തിനു പ്രാധാന്യമുള്ള സിനിമകൾ. പക്ഷേ അവയൊക്കെയും ജീവിതഗന്ധിയായി അവതരിപ്പിക്കാൻ സിദ്ധിഖ്– ലാലിനു കഴിഞ്ഞു. ഇതേ തുടർന്ന് ഈ ജനുസിൽ പെട്ട ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു. മിക്കതും സിദ്ധിഖ്– ലാൽ ചിത്രങ്ങളുടെ അനുകരണവും. അതുകൊണ്ടു തന്നെ തൊണ്ണൂറുകളുടെ അവസാനമായപ്പോഴേയ്ക്കും കോമഡി സിനിമകൾ പ്രേക്ഷകരെ വെറുപ്പിക്കാൻ തുടങ്ങി.

മിമിക്രിക്കാരുടെ വരവ്

മിമിക്രിക്കാർ കൂട്ടത്തോടെ സിനിമയിലെത്തിയതും തൊണ്ണൂറുകളിലായിരുന്നു. ഹാസ്യരംഗത്തും അതിന്റെ അവതരണത്തിലും കാര്യമായ മാറ്റമാണ് ഇതു വരുത്തിയത്. അനവധി പുതിയ കലാകാരന്മാർ സിനിമയിൽ പ്രശസ്തരായി. ജയറാം, ദിലീപ്, ഹരിശ്രീ അശോകൻ, സലിംകുമാർ, കോട്ടയം നസീർ തുടങ്ങി ഒട്ടേറെ കലാകാരന്മാരാണ് മിമിക്രി പശ്ചാത്തലത്തിൽ നിന്നും സിനിമയിലെത്തിയത്. അതുവരെ കണ്ട ഹാസ്യത്തിൽ നിന്നും വ്യതിചലിച്ചുള്ള കോമഡിയാണ് മിമിക്രിക്കാർ കൊണ്ടുവന്നത്. അതു പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇന്നും ഈ രംഗത്തു നിന്നു പ്രതിഭകൾ സിനിമയിലെത്തുകയും വിജയം നേടുകയും ചെയ്യുന്നു. സുരാജ് വെഞ്ഞാറമ്മൂടിനെപ്പോലെ ചാനൽ ഹാസ്യരംഗത്തു നിന്ന് ഇപ്പോഴും താരങ്ങൾ ഉദയം ചെയ്യുന്നു.

ഇന്നത്തെ കോമഡി

ഇന്നത്തെ കോമഡി എന്നാൽ ‘കൗണ്ടർ’ ആണ്. ഒരാൾ പറയുന്നതിന്റെ കൗണ്ടർ മറ്റൊരാൾ പറയുക. ശ്രീനിവാസൻ പരിചയപ്പെടുത്തിയ സ്വിറ്റേഷൻ കോമഡിയുടെ വികൃതമായ അനുകരണം മാത്രമാണിത്. അശ്ലീലധ്വനിയിലൂടേയും ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെയുമുള്ള ഈ ഹാസ്യം പരിതാപകരം എന്നു തന്നെ വിശേഷിപ്പിക്കാം. കുടുംബാംഗങ്ങൾക്കൊന്നിച്ച് ഹാസ്യം ആസ്വദിക്കാൻ വയ്യാത്ത സ്‌ഥിതി. സിനിമ പോലെ ജനകീയമായ ഒരു മാധ്യമത്തിലൂടെ പറയാൻ പാടില്ലാത്ത വാക്കുകൾ പറഞ്ഞാൽ അത് പുതുമയായും കോമഡിയായും കരുതുകയാണ് പുതുതലമുറയിലെ പല സംവിധായകരും. സൂപ്പർതാര സിനിമകളിൽപ്പോലും ഇത്തരം ഹാസ്യം തിരുകി കയറ്റുകയാണ്. പലപ്പോഴും ഇത് ഹാസ്യത്തേക്കാൾ അപഹാസ്യമാണ് സൃഷ്ടിക്കുക.

ജഗതിയുടെ അഭാവം

മലയാളിയുടെ ഹാസ്യബോധത്തിനുമേൽ കരിനിഴൽ വീഴ്ത്തിയത് ജഗതിയുടെ അഭാവമാണ്. ഏതു ട്രെൻഡിലും ഏതു ജനറേഷനിലും തനതു ശൈലിയിൽ കോമഡി പകർന്നു നൽകിയ ഈ കലാകാരന്റെ വിട്ടു നിൽക്കലാണ് ഇന്നത്തെ കോമഡി വെറും ദ്വയാർത്ഥ പ്രയോഗമായി മാറാൻ പ്രധാന കാരണം. അപകട സമയം വരെ തിരക്കുള്ള താരമായിരുന്ന ജഗതിശ്രീകുമാർ ഇന്നും സജീവമായി ഈ രംഗത്തു കാണേണ്ട താരമായിരുന്നു.ജഗതിക്കു പകരം വയ്ക്കാൻ മറ്റൊരുമില്ല താനും.

ചാനൽ ഹാസ്യം

ഇന്ന് ചാനലുകളിലെ ജനപ്രിയ പരിപാടികൾ ഹാസ്യത്തിലൂന്നിയുള്ളവയാണ്. സീരിയലുകൾക്കും സിനിമയ്ക്കും അപ്പുറമാണ് ചാനലുകളിലെ ഹാസ്യപരിപാടികളുടെ റേറ്റിംഗ്. ഒട്ടേറെ പുതിയ കലാകാരന്മാർ ഇതുവഴി രംഗത്തു വരുന്നുണ്ട്. ചിലരെങ്കിലും പുതുമയുള്ള ആശയങ്ങളും പ്രകടനങ്ങളും നൽകുന്നുണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം സിനിമയാണ്. പലരും സിനിമയിൽ എത്തുകയും കഴിവു തെളിയിക്കുകയും ചെയ്യുന്നുണ്ട്. ഇവരിൽ നിന്ന് പുതിയ ജഗതിയും ഹരിശ്രീ അശോകനും സലിംകുമാറുമൊക്കെ ഉണ്ടാവുമോയെന്ന് കാത്തിരുന്നു കാണാം.

– ബിജോ ജോ തോമസ്