സ്നാപ് ഡ്രാഗൺ അർഥപൂർണമായ പുഷ്പം
അർഥപൂർണമായ പൂവാണ് സ്നാപ്ഡ്രാഗൺ. പൂവ് വളരെ മൃദുവായി ഒന്നമർത്തിയാൽ അതിന്റെ രൂപം വ്യാളീമുഖം പോലെയാകും. അങ്ങനെയാണ് ഞൊടിച്ചാൽ വ്യാളീമുഖമാകുന്നത് എന്ന അർഥത്തിൽ സ്നാപ് ഡ്രാഗൺ എന്ന പേര് കിട്ടുന്നത്. കുലീനമായ ആകർഷകത്വം (grace) എന്നും പാറക്കൂട്ടങ്ങളിൽ പറ്റിപ്പിടിച്ചു വളരുമെന്നതിനാൽ കരുത്ത് എന്നും സ്നാപ് ഡ്രാഗണ് അർഥമുണ്ട്. എങ്കിലും കുടിലതയുടെ പ്രതീകമായും ഈ പൂവിനെ കാണുന്നവരുണ്ട് സ്നാപ്ഡ്രാഗൺ എന്ന വാക്ക് പൊതുവേ ഈ പൂവിന്റെ രൂപസാമ്യവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും പൂവിന്റെ ജനിതകപ്പേരായ ആന്റിറിനം (Antirrhinum) ഗ്രീക്ക് പദമായ ആന്റിറിനോൺ എന്ന വാക്കിൽ നിന്നുണ്ടായതാണ്. മൂക്കിനോട് സാദൃശ്യമുള്ളത് എന്നർഥം. ഗ്രീക്കുകാർ ഈ പൂവിനെ കൈനോക്കിഫെലോൺ (Kynokephelon) എന്നും വിശേഷിപ്പിക്കാറുണ്ട്. നായ് തലയോടു സാമ്യമുള്ളത് എന്നർഥം.

പൂത്തടങ്ങളിൽ വളർത്താൻ അനുയോജ്യമാണ് ആന്റിറിനം മജസ് എന്നു പേരായ സ്നാപ്ഡ്രാഗൺ. മനോരഞ്ജകമായ തമ്പ് തുടങ്ങിയവ. 15–20 സെന്റീമീറ്റർ ഉയരത്തിൽ മാത്രം വളരുന്ന ഇവ ചെറുചട്ടികളിൽ വളർത്താൻ ഉത്തമമാണ്. വ്യത്യസ്തവർണങ്ങൾ വിടർത്തുന്ന ഇനങ്ങൾ ഇവയിലുണ്ട്. കുള്ളന്മാരിൽ സാമാന്യം ഉയരമുള്ളവയാണ് താഹിതി സ്നാപ്ഡ്രാഗൺ. ഇവ 20 സെന്റീ മീറ്റർ ഉയരത്തിൽ വളരും. ഇരട്ട നിറത്തിൽ പൂക്കൾ വിടർത്തുകയും ചെയ്യും.

ഇഴഞ്ഞു വളരുന്ന സ്നാപ്ഡ്രാഗൺ ശ്രേണിയിൽപ്പെട്ടവയാണ് ഷാൻഡ്ലിയൽ, ലാംപിയൻ, ലുമിനെയർ തുടങ്ങിയവ. അനായാസം വളർത്താവുന്ന വാർഷിക പുഷ്പിണിയാണ് സ്നാപ് ഡ്രാഗൺ. ഇന്ത്യ പോലെയുള്ള ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരുമ്പോൾ വേനലിന്റെ തുടക്കത്തിൽ ഇത് നിറയെ പൂചൂടും. എന്നാൽ മധ്യവേനലിന്റെ കൊടുംചൂടിൽ ചെടികൾക്ക് ചെറിയ ക്ഷീണം സംഭവിക്കും. ചിലത് ഭാഗികമായെങ്കിലും വാടും. വീണ്ടും തണുപ്പുകാലമാകുമ്പോൾ ഇവ ഊർജ്‌ജസ്വലമായി തലനിവർത്തി പുഷ്പിക്കാൻ തുടങ്ങുന്നതു കാണാം. പൂത്തടങ്ങളിലും അരികുകളിലും ചട്ടികളിലും സ്നാപ്ഡ്രാഗൺ വളർത്താം. ശിലാരാമങ്ങൾക്ക് വന്യഭംഗി നൽകാനും അത്യുത്തമം. ബൊക്കേ നിർമാണത്തിനും പൂപ്പാത്രങ്ങൾ അലങ്കരിക്കാനും അവിഭാജ്യഘടകമാണ് സ്നാപ്ഡ്രാഗൺ പൂക്കൾ.തീരെ ചെറിയ വിത്തുകളിൽ നിന്നാണ് പുതിയ തൈകൾ മുളയ്ക്കുന്നത്. 10–14 ദിവസം വേണം വിത്തു മുളയ്ക്കാൻ. തൈകൾ ആറില വളരുമ്പോഴേക്കും അഗ്രം നുള്ളിയാൽ ചെടി പടർന്നു വളർന്ന് കൂടുതൽ പൂക്കൾ വിടർത്തും. നിറവും ഇടത്തരം വലിപ്പവുമുള്ള ചെടി ഉയർന്ന ഉദ്യാനസസ്യങ്ങൾ വളരുന്നയിടങ്ങളിൽ അവയ്ക്കു മുൻഭാഗത്തായി ചെറുതട്ടുകളായി വളർത്താൻ ഉചിതമാണ്. ഇയരം കുറഞ്ഞും കൂടിയും വളരുന്ന പൂത്തണ്ടുകളുള്ള വിവിധ ഇനങ്ങൾ ഇതിനുണ്ട്. കടുത്ത നീല നിറമൊഴികെ ബാക്കി ഏതാണ്ട് എല്ലാ നിറങ്ങളിലും സ്നാപ് ഡ്രാഗൺ പൂക്കൾ വിടർത്തുക പതിവാണ്. തണുത്ത കാലാവസ്‌ഥയാണ് ചെടിക്കിഷ്ടം. വസന്തത്തിലും മഞ്ഞുകാലത്തുമാണ് ചെടി കൂടുതൽ പുഷ്പിക്കുക. ചെറിയ ചൂടും തണുപ്പും ഇടകലർന്ന മിതശീതോഷ്ണകാലാവസ്‌ഥയും ഇതിനു പ്രിയപ്പെട്ടതുതന്നെ.

വളർച്ചാ സ്വഭാവമനുസരിച്ച് സ്നാപ്ഡ്രാഗൺ ചെടിക്ക് വിവിധ വിഭാഗങ്ങളുണ്ട്. ഉയരം കൂടിയത്, ഇടത്തരം ഉയരമുള്ളത് ഉയരം കുറഞ്ഞത്, ഇഴയുന്ന സ്വഭാവമുള്ളത് ഇങ്ങനെ നാലുതരമാണ് പ്രധാനം. ഏഴ് വ്യത്യസ്ത നിറങ്ങളിൽ പൂ വിടർത്തുന്ന ആക്സിയൺ, എട്ടുതരം നിറങ്ങളുള്ള റോക്കറ്റ് , ബ്രൈറ്റ്, മാഡം ബട്ടർഫ്ളൈ, ഡബിൾ സുപ്രീം എന്നിവ ഉയരം കൂടിയ വിഭാഗത്തിൽപ്പെടുന്നു. സോണറ്റ്, ലിബർട്ടി എന്നിവ ഇടത്തരം ഉയരമുള്ളവയാണ്. കുടുത്തപർപ്പിൾ ഇലകളും കുടുംചുവപ്പു പൂക്കളുമുള്ള ബ്ലാക്ക് പ്രിൺസ് സ്നാപ് ഡ്രാഗൺ സോണറ്റ് വിഭാഗത്തിലെ താരമാണ്. ഉയരം കുറഞ്ഞ വിഭാഗത്തിലെ പ്രധാനികളാണ് ഫ്ളോറൽ ഷവേഴ്സ്, ഫ്ളോറൽ കാർപെറ്റ്, റോയൽ കാർപ്പെറ്റ്, മാജിക് കാർപ്പെറ്റ് എന്നിവ.


ജൈവവളങ്ങളോട് സ്നാപ് ഡ്രാഗൺ ചെടിക്ക് പ്രത്യേക മമത തന്നെയുണ്ട്. മണ്ണിൽ നടുമ്പോൾ ആറിഞ്ച് താഴ്ചയിൽ മണ്ണുമാറ്റി ജൈവവളങ്ങൾ ചേർക്കണം. തൈ നട്ടാൽ ആവശ്യമറിഞ്ഞു മാത്രം നനയ്ക്കുക. തടത്തിൽ കരിയിലയോ വൈക്കോലോ ഒക്കെ കൊണ്ട് പുതയിടുന്നതും നല്ലതാണ്. സെപ്റ്റംബർ–ഒക്ടോബർ മാസമാണ് വിത്തുപാകാൻ നല്ലസമയം. നഴ്സറി തടങ്ങളിലോ മൺപാത്രങ്ങളിലോ വിത്തുപാത്രങ്ങളിലോ തടിപ്പെട്ടികളിലോ വിത്തു പാകാം. മണ്ണ്, പരുപരുത്തമണൽ, ജൈവവളം, ഇലപ്പൊടി എന്നിവ കലർത്തിയൊരുക്കുന്ന പോട്ടിംഗ് മിശ്രിതമാണ് തൈ നടാൻ നന്ന്. ഇവ എല്ലാം തുല്യയളവിലാണ് എടുക്കേണ്ടത്.

തൈകൾ വളർ ത്താനുള്ള തടം കിളച്ചൊരുക്കി ജൈവവളവും ചേർത്ത് പരുവപ്പെടുത്തി 60 സെന്റീ മീറ്റർ വീതിയിലും 15 സെന്റീ മീറ്റർ ഉയരത്തിലും കോരണം. മണ്ണിന്റെ ഗുരുത്വം കുറയ്ക്കാൻ അല്പം മണൽ ചേർക്കുന്നതിൽ തെറ്റില്ല. നഴ്സറിത്തടം രണ്ടു ശതമാനം ഫോർമലിൻ ലായനിയൊഴിച്ചു കുതിർത്ത് 45 മണിക്കൂർ നേരം പോളിത്തീൻ ഷീറ്റിട്ടു മൂടി അണുനശീകരണം നടത്തുന്ന പതിവുമുണ്ട്. തുടർന്ന് പോളിത്തീൻ ഷീറ്റു മാറ്റി വിത്തു പാകുന്നതിനു മുമ്പ് തടം പൂർണമായും ഉണങ്ങാൻ അനുവദിക്കണം. തടത്തിൽ വിത്തുവരികൾ തമ്മിൽ ആറു സെന്റീ മീറ്റർ ഇടയകലം നൽകണം. തുടർന്ന് അരിച്ചെടുത്ത ഇലപ്പൊടി വിത്തുകൾക്കു മീതെ മൂടണം. നേരിയ തോതിലേ നന വേണ്ടൂ.ഈ തൈകൾ 4–5 ഇലപ്രായമാകുമ്പോഴാണ് (25 ദിവസത്തെ വളർച്ച) ഇളക്കി നടേണ്ടത്. ചതുരശ്രമീറ്ററിന് മൂന്നു കിലോ എന്ന തോതിലാവണം ജൈവവളപ്രയോഗം രാസവളപ്രയോഗം നിർബന്ധമില്ല. എങ്കിലും ചതുരശ്രമീറ്ററിന് 20 ഗ്രാം യൂറിയ, 60–120 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 30–60 ഗ്രാം പൊട്ടാഷ് വളം എന്നതാണ് ശാസ്ത്രീയ ശിപാർശ. പറിച്ചുനട്ട് ഒരു മാസം കഴിഞ്ഞാണ് യൂറിയ ചേർക്കേണ്ടത്. ചില സ്‌ഥലങ്ങളിൽ യൂറിയ രണ്ടു ശതമാനം ലായനിയാക്കി ഇലകളിൽ തളിക്കുന്ന പതിവുമുണ്ട്. 1–2 കിലോ പച്ചചാണകം, പിണ്ണാക്ക് എന്നിവ 10 ലിറ്റർ വെള്ളത്തിൽ ഒരാഴ്ച കുതിർത്തു വയ്ക്കുക. ഇതിനു തേയില വെള്ളത്തിൽ നിറമാകുമ്പോൾ അരിച്ചെടുത്ത് ഓരോ ചട്ടിയിലും 500 മില്ലി വീതം ഓരോ ആഴ്ച ഇടവിട്ട് നൽകുന്നത് സസ്യവളർച്ചയെയും പുഷ്പിക്കലിനെയും ത്വരിതപ്പെടുത്തും.

അലങ്കാര പുഷ്പ വിപണിയിൽ ഏറെ ഡിമാൻഡുള്ള പൂവാണ് സ്നാപ്ഡ്രാഗൺ. പൂക്കൾ മൂന്നിലൊരു ഭാഗം മാത്രം വിടരുമ്പോഴേക്കും പൂത്തണ്ട് വിളവെടുക്കണം. വൈകുന്നേരമോ അതിരാവിലെയോ വേണം വിളവെടുപ്പ്. മുറിച്ചെടുത്ത പൂത്തണ്ടുകൾ ഒരു ബക്കറ്റിലെടുത്ത വെള്ളത്തിൽ ചുവടു മുക്കിവയ്ക്കുന്നതു നന്ന്. ചുവടു ചേർത്ത് തണ്ട് മുറിച്ചാൽ മതി.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ
കൃഷിവകുപ്പ്, തിരുവനന്തപുരം