റോൾ മോഡൽസ്
റാഫി തിരക്കഥ രചിച്ചു സംവിധാനംചെയ്യുന്ന റോൾ മോഡൽസിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുന്നു.

പ്രധാനമായും യൂത്തിന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ഈ ചിത്രം റാഫി അവതരിപ്പിക്കുന്നത്. പുതിയ തലമുറക്കാരുടെ സാന്നിധ്യവും ഇതിനേറെ സഹായകമാകുന്നു.

കാമ്പസിൽനിന്നും പിരിഞ്ഞതിനുശേഷവും ആ സൗഹൃദം സൂക്ഷിക്കുന്ന നാലുപേർ. തങ്ങളുടെ ഒരു സുഹൃത്തിനെത്തേടിപ്പോകുന്ന ഒരു യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

റാഫിയുടെ മാസ്റ്റർ പീസായ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഗൗതം, സുബുഹാൻ, ജ്യോതിഷ്, റെക്സി എന്നിവർ ഒന്നിച്ച ഒരു കാലഘട്ടത്തിൽ ഗൗതമൊഴികെയുള്ളവർക്ക് കാമ്പസിൽനിന്നും പുറത്തുപോകേണ്ടിവന്നു. ഈ പിരിയൽ സുഹൃത് സംഘത്തിന് ഏറെ മനോവിഷമം ഉണ്ടാക്കുന്നതായിരുന്നുവെങ്കിലും ആ സൗഹൃദം അവർ കാത്തുസൂക്ഷിച്ചു.

കാമ്പസ് ജീവിതം കഴിഞ്ഞ് എല്ലാവരും അവരവരുടേതായ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നീങ്ങുന്നതിനിടയിലാ് അവർ തങ്ങളുടെ സംഘത്തിലെ അംഗമായിരുന്ന ശ്രേയയെത്തേടി ഗോവയിലേക്കു പുറപ്പെടുന്നത്. ഗോവയിൽ അഡ്വഞ്ചർ സ്പോർട്സിന്റെ കോച്ച് ആയി പ്രവർത്തിക്കുകയാണ് ശ്രേയ.


ഇവരുടെ ഗോവയിലെ ഒത്തുചേരലാണ് ഏറെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലാണ് ഗൗതമിനെ അവതരിപ്പിക്കുന്നത്. സുബുഹാൻ, ജ്യോതിഷ്, റെക്സി എന്നിവരെ യഥാക്രമം വിനയ് ഫോർട്ട്, വിനായകൻ, ഷറഫുദ്ദീൻ എന്നിവർ അവതരിപ്പിക്കുന്നു. നമിതാ പ്രമോദാണ് ശ്രേയയാകുന്നത്. ഹരി നാരായണന്റെ ഗാനങ്ങൾക്കു ഗോപിസുന്ദർ ഈണം പകരുന്നു. ശ്യാംദത്ത് ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.

സെവൻ ആർട്സിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമിക്കുന്ന ഈ ചിത്രം ഗോവ, കൊച്ചി, തായ്ലൻഡ് എന്നിവിടങ്ങളിലായി പൂർത്തിയാകും. വാഴൂർ ജോസ്