താരമാണ് ഇവോ
താരമാണ് ഇവോ
Monday, February 6, 2017 5:28 AM IST
ഫിയറ്റ് എന്ന കന്പി ഇന്ത്യക്കാരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ ഒന്നാണ്. 90കളിൽ തന്നെ ഇന്ത്യൻ നിരത്തുകളിൽ സ്വാധീനമുറപ്പിക്കാൻ ഫിയറ്റിനു കഴിഞ്ഞിട്ടുണ്ട്.

ദശാബ്ദങ്ങളുടെ പാരന്പര്യം അവകാശപ്പെടാനുള്ള ഫിയറ്റിന്‍റെ എക്കാലത്തെയും ജനപ്രിയ മോഡലാണ് പുണ്ടോ. കാലഘട്ടത്തിനനുസൃതമായ മറ്റങ്ങളുമായി ഇന്നും പുണ്ടോ നമുക്കിടയിൽ സജീവമാണ്. പുണ്ടോയുടെ നാലാം തലമുറ മോഡലായ പുണ്ടോ ഇവോയുടെ വിശേഷങ്ങളിലൂടെ...

പുറംമോടി: ഫിയറ്റിന്‍റെ ന്യൂജനറേഷൻ കാറുകളായ അവഞ്ചൂറ, അബാർത്ത്, ലീനിയ തുടങ്ങിയ കാറുകളുടെയെല്ലാം മുഖം ഏതാണ്ട് ഒരേപോലെ തന്നെയാണ്. അതിൽതന്നെ സൗന്ദര്യം വർധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. ക്രോം, അലുമിനിയം എന്നിവയുടെ സാന്നിധ്യമാണ് പുണ്ടോ ഇവോയുടെ മുഖത്തിന് അഴകു പകരുന്നത്. മുൻ തലമുറയിലുള്ളവരുടേതിനേക്കാൾ അല്പം വലുപ്പം ഉയർത്തി ക്രോം പ്ലേറ്റിംഗ് നല്കിയിരിക്കുന്ന ഗ്രില്ലാണ് ഈവോയ്ക്കുള്ളത്. കരുത്തേറിയ ഹാലജൻ ലൈറ്റുകളോടെ ബോഡിയിലേക്കു കയറി നിൽക്കുന്ന വലുപ്പമേറിയ ഹെഡ്ലാന്പിലും പുതുമ ദർശിക്കാം. ക്രോം ലൈൻ നല്കിയിട്ടുള്ള ചെറിയ എയർ ഡാമിനൊപ്പം വശങ്ങളിൽ ക്രോം ആവരണത്തിൽ തന്നെ ഫോഗ് ലാന്പും നല്കിയിരിക്കുന്നു. ബോണറ്റിൽ നാലു ലൈനുകൾ നല്കിയിരിക്കുന്നത് മുൻവശത്തെ സ്റ്റൈലിനു മുതൽക്കൂട്ടാണ്.

ബോഡി കളർ റിയർ വ്യൂ മിററും മിററിൽ നല്കിയിരിക്കുന്ന ബ്ലാക്ക് ഷേഡ് ടേണ്‍ ഇൻഡിക്കേറ്ററും ബ്ലാക്ക് ബി പില്ലറും ഡോർ ഹാൻഡിലിലെ ക്രോം പ്ലേറ്റിംഗിനുമൊപ്പം 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുമാണ് വശങ്ങളെ മനോഹരമാക്കുന്നത്.

പിൻഭാഗം ആകർഷകമാക്കുന്നത് ടെയിൽ ലാന്പാണ്. റിയർ വിൻഡ് സ്ക്രീനിനു സമാന്തരമായി പൂർണമായും എൽഇഡി ലൈറ്റുകൾ നല്കിയാണ് ടെയ്ൽ ലാന്പിനെ ആകർഷകമാക്കിയിരിക്കുന്നത്. ബംപറിൻറെ താഴ്ഭാഗത്തായി ക്രോം ആവരണത്തിൽ റിഫ്ലക്ഷൻ ലൈറ്റും റിവേഴ്സ് ലൈറ്റും നല്കിയിട്ടുണ്ട്. വിൻഡ് സ്ക്രീനിനു മുകളിൽ ബ്രേക്ക് ലൈറ്റുകൾ ഘടിപ്പിച്ച സ്പോയിലറുമുണ്ട്.

ഉൾഭാഗം: ആഡംബര ഭാവമുള്ള ഇൻറീരിയറാണ് ഇവോയിലുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോംപിനേഷനിലാണ് ഡാഷ്ബോർഡും ഡോർപാഡും അലങ്കരിച്ചിരിക്കുന്നത്. വിശാലമായ സെൻറർ കണ്‍സോളിനു മുകളിലായി സ്റ്റോറേജ് ബോക്സും അതിനു സമാന്തരമായി എസി വെൻറുകളും സ്ഥാനമുറപ്പിച്ചിരിക്കുന്നു. ബേസ് മോഡൽ മുതൽ ഇൻഫോടെയ്ൻമെൻറ് സിസ്റ്റമുണ്ട്. സിഡി, യുഎസ്ബി, ഓക്സിലറി, ബ്ലൂടൂത്ത് എന്നിവ സപ്പോർട്ട് ചെയ്യുന്ന മ്യൂസിക് സിസ്റ്റത്തിനൊപ്പം ജിപിഎസ്, റിവേഴ്സ് കാമറ സ്ക്രീൻ തുടങ്ങിയവയുമുണ്ട്. ടോപ് എൻഡ് മോഡലിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ യൂണിറ്റാണ് നല്കിയിരിക്കുന്നത്. നാല് അനലോഗ് മീറ്ററും ഒരു ഡിജിറ്റൽ സ്ക്രീനുമുള്ളതാണ് മീറ്റർ കണ്‍സോൾ.


ഫിയറ്റ് എല്ലാ മോഡലുകളിലും നല്കിവരുന്ന സ്റ്റിയറിംഗ് വീലാണ് ഇവോയിലുമുള്ളത്. ടോപ് എൻഡ് മോഡലിൽ മ്യൂസിക് സിസ്റ്റം, ഫോണ്‍ എന്നിവ കണ്‍ട്രോൾ ചെയ്യാനുള്ള സ്വിച്ചുകളുമുണ്ട്.

പിന്നിലുള്ളവർക്കും ഗുണകരമായ രീതിയിൽ പുറകിലും എസി വെൻറുകളുള്ളത് യാത്രാസുഖം നല്കുന്നുണ്ട്. വിശാലമായി സീറ്റുകൾക്കൊപ്പം ഉയർന്ന ലെഗ് റൂമും ബൂട്ട് സ്പേസും ഇവോയിലുണ്ട്.

എൻജിൻ: 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനിലും 1.2 ലിറ്റർ പെട്രോൾ എൻജിനിലും ഇവോ പുറത്തിറങ്ങുന്നു. 1248 സിസി ഡീസൽ എൻജിൻ 209 എൻഎം ടോർക്കിൽ 93 പിഎസ് പവറും, 1172 സിസി പെട്രോൾ എൻജിൻ 96 എൻഎം ടോർക്കിൽ 67 പിഎസ് പവറുമാണ് ഉത്പാദിപ്പിക്കുന്നത്.

സുരക്ഷ: ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പുണ്ടോ ഇവോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡുവൽ എയർബാഗ്, റിവേഴ്സ് സെൻസർ, എബിഎസ് ഇബിഡി ബ്രേക്ക് സിസ്റ്റം തുടങ്ങിയവയാണ് സുരക്ഷ നല്കുന്നത്.

മൈലേജ്: പെട്രോൾ മോഡലുകൾക്ക് 15.7 കിലോമീറ്ററും ഡീസൽ മോഡലുകൾക്കും 20.3 കിലോമീറ്റർ മൈലേജുമാണ് കന്പനി അവകാശപ്പെടുന്നത്.

വേരിയൻറുകൾ: ആക്ടീവ്, ഡൈനാമിക്, ഇമോഷൻ.

വില: ഡീസൽ മോഡലുകൾക്ക് 7.38 ലക്ഷം മുതൽ 8.68 ലക്ഷം രൂപ വരെയും പെട്രോൾ മോഡലായ ഡൈനാമിക്കിന് 6.30 ലക്ഷം രൂപയുമാണ് ഓണ്‍ റോഡ് വില.

ടെസ്റ്റ് ഡ്രൈവ്: പിനാക്കിൾ മോട്ടോർ, എറണാകുളം 8111995003

- അജിത് ടോം