വിഷ്ണു ശർമ
വിഷ്ണു ശർമ
Thursday, February 2, 2017 6:44 AM IST
കാമറ സ്ലോട്ട്

കഥയിലും ബജറ്റിലും സിനിമ എത്ര ലളിതമായിരുന്നാലും അവയിലെ ഫ്രെയിമുകൾക്ക് മനംമയക്കുന്ന ദൃശ്യഭംഗി സമ്മാനിക്കാൻ തനിക്കു കഴിയുമെന്നു തെളിയിച്ച യുവ ഛായാഗ്രാഹകനാണ് വിഷ്ണു ശർമ്മ. കാമറാമാനെന്ന നിലയിൽ ചുരുങ്ങിയ കാലത്തെ പ്രവർത്തിപരിചയമേ വിഷ്ണുവിനുള്ളു. ഇക്കാലയളവിൽ മലയാള സിനിമയിലെ അതികായന്മാരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാനോ ബിഗ് പ്രോജക്ടുകളുടെ ഭാഗമാകാനോ ഇദ്ദേഹത്തിനു സാധിച്ചിട്ടില്ല. എങ്കിലും താൻ ഛായാഗ്രഹണം നിർവഹിച്ച കൊച്ചുചിത്രങ്ങൾക്ക് പുതുമയുള്ള ദൃശ്യാനുഭവം സമ്മാനിക്കാൻ വിഷ്ണുവിനു സാധിച്ചു.

ചാലക്കുടി സ്വദേശിയാണ് വിഷ്ണു. സ്കൂൾ പഠനകാലം മുതൽ കാമറയും സിനിമയും സ്വപ്നംകണ്ടിരുന്ന ഇദ്ദേഹം, മദ്രാസ് യൂണിവേഴ്സിറ്റിയിൽ വിഷ്വൽ കമ്യൂണിക്കേഷൻ പഠനത്തെത്തുടർന്നാണ് ഛായാഗ്രഹണ മേഖലയിലേക്കെത്തിയത്. വെഡ്ഡിംഗ് ഫോട്ടോഗ്രഫി മേഖലയിൽ കുറച്ചുകാലം പ്രവർത്തിച്ചതിനുശേഷം ഷോർട്ട് ഫിലിമിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ ശ്രദ്ധേയനായി മാറിയ യുവ സംവിധായകൻ ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘ഒരു തുണ്ടുപടം’ എന്ന ഷോർട്ട് ഫിലിമിനു കാമറ നിയന്ത്രിച്ചതിലൂടെയാണ് വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത്.

21 വയസ് മാത്രം പ്രായമുള്ളപ്പോൾ എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന ത്രില്ലർ ചിത്രത്തിലൂടെ വിഷ്ണു സ്വതന്ത്ര ഛായാഗ്രാഹകനായി. രാജേഷ് നായർ എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ ഈ ചിത്രത്തിൽ റിമ കല്ലിങ്കൽ, വിജയ് ബാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്. ഉഗാണ്ടയിലെ ജയിലിൽ അകപ്പെട്ടുപോകുന്ന ഒരു മലയാളി യുവതിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ലോ ലൈറ്റിംഗിൽ ചിത്രീകരിച്ച ഈ ചിത്രത്തിലെ ഷോട്ടുകളിലൂടെ ഇരുണ്ട ജയിൽമുറികളിലെ അന്തരീക്ഷം പ്രേക്ഷകന് അനുഭവവേദ്യമാക്കി.

സൂപ്പർഹിറ്റ് ചിത്രമായ തട്ടത്തിൻ മറയത്തിന്റെ തമിഴ് റീമേക്കായ മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രമായിരുന്നു വിഷ്ണുവിന്റെ രണ്ടാമത്തെ പ്രോജക്ട്. തമിഴിലെ പ്രശസ്ത സംവിധായകൻ മിത്രൻ ജവഹർ സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുവിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ആദ്യചിത്രത്തിൽനിന്നു വ്യത്യസ്തമായുള്ള വമ്പൻ സെറ്റും അനുബന്ധ സൗകര്യങ്ങളുംമറ്റും വിഷ്ണുവിനു പുതിയ അനുഭവമായി.


ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിനു കാമറ നിയന്ത്രിച്ചതു വിഷ്ണുവാണ്. വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായ ഈ ചിത്രത്തിന്റെ അണിയറയിൽ പുതുമുഖങ്ങൾ ഏറെയായിരുന്നു. ഒരു കൂട്ടം യുവാക്കളുടെ ഈ സംരംഭം വെറും കുട്ടിക്കളിയായി മാറാതെ രസനീയമാക്കാൻ സംവിധായകനൊപ്പം വിഷ്ണുവും ചേർന്നു പ്രവർത്തിച്ചു.

എസ്കേപ് ഫ്രം ഉഗാണ്ട എന്ന കന്നിച്ചിത്രത്തിനുശേഷം സോൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ രാജേഷ് നായർ വീണ്ടും സംവിധായകനായപ്പോൾ കാമറാമാനും വിഷ്ണുതന്നെയായിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റിയും സ്കൂൾ അഡ്മിഷനെക്കുറിച്ചും അനാവശ്യമായി ആശങ്കപ്പെടുന്ന മാതാപിതാക്കളുടെ കഥ സരസമായി അവതരിപ്പിച്ച ഈ കൊച്ചു ചിത്രം തന്റെ കരവിരുതുകൊണ്ട് അലങ്കരിച്ചെടുക്കാൻ വിഷ്ണുവിനു കഴിഞ്ഞു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനുവേണ്ടിയാണ് വിഷ്ണു തുടർന്നു പ്രവർത്തിച്ചത്. സമ്പന്നമായ താരനിരയുടെ അഭാവത്തിലും പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യകരമായ രീതിയിലാണ് ഈ ചിത്രം തയാറാക്കിയത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ബാലതാരം ബേബി സാറയുടെ ഭാവങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നവിധം കാമറയിൽ പകർത്താനും വിഷ്ണു വൈദഗ്ധ്യം കാട്ടി.

കുഞ്ഞിരാമായണത്തെത്തുടർന്ന് ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദയുടെ ചിത്രീകരണം നിർവഹിച്ചതും വിഷ്ണുവാണ്. ടൊവിനോ തോമസ് നായകനായ ഈ ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

തയാറാക്കിയത്: സാലു ആന്റണി