കൗമാരക്കാരിലെ വിഷാദ രോഗങ്ങൾ...
കൗമാരക്കാരിലെ വിഷാദ രോഗങ്ങൾ...
Wednesday, February 1, 2017 6:14 AM IST
മാനസികവും ശാരീരികവുമായ അനേകം മാറ്റങ്ങൾ വരുന്നകാലമാണ് കൗമാരപ്രായം. ഈ പ്രായക്കാരിൽ ഏറ്റവും അധികമായി കാണപ്പെടുന്ന മാനസികപ്രശ്നങ്ങളിലൊന്നാണ് വിഷാദം. പലപ്പോഴും ഇത് മാതാപിതാക്കൾ ശ്രദ്ധിക്കാതെ പോകും. കൗമാരപ്രായത്തിലുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങളും ഇതിനു കാരണമാണ്. നമ്മുടെ ചുറ്റുമുള്ള കുട്ടികളിൽ എട്ടിൽ ഒരാൾക്ക് വിഷാദരോഗമുണ്ടെന്ന് കണക്കുകൾ പറയുന്നു.

വിഷാദരോഗമെന്നാൽ, ഇടയ്ക്കുണ്ടാകുന്ന മൂഡില്ലായ്മയോ, ചെറിയ സങ്കടമോ അല്ല. വിഷാദാവസ്‌ഥ ആഴ്ചകളോളം, മാസങ്ങളോളം നീണ്ടുനിൽക്കുകയും അത് ആ വ്യക്‌തിയുടെ സാധാരണ ജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോഴാണ് വിഷാദരോഗമെന്നു പറയുന്നത്.

വിഷാദരോഗം പലതരം

തീവ്രമായ വിഷാദരോഗം (Major Depression) ഡിസ്തൈമിയ (Dysthymia), സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറ്റാത്തതിൽ നിന്നുള്ള വിഷാദരോഗം (Adjustment Disorder), കാലാവസ്‌ഥാ മാറ്റങ്ങൾക്കനുസരിച്ചുണ്ടാവുന്ന വിഷാദം (Seasonal Affective Disorder), ബൈപോളാർ വിഷാദം എന്നിവയാണ് അവ.

എന്നാൽ ഇവയെല്ലാം കൗമാരക്കാരിൽ മുതിർന്നവരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് കാണിക്കുന്നത്. ആഴ്ചകളോളം നിൽനിൽക്കുന്ന ദേഷ്യമോ മൂഡോഫോ ആയി ഇതു പുറത്തുവരും. താൻ അനുഭവിക്കുന്നത് വിഷാദമാണെന്ന തിരിച്ചറിവ് പലപ്പോഴും കുട്ടിക്കുണ്ടാവില്ല.

തീവ്രമായ വിഷാദ രോഗം

ഇത് അൽപം കാര്യമായി പരിഗണിച്ചു ചികിത്സിക്കേണ്ടതുണ്ട്. വിഷാദം, സങ്കടം, തന്നെക്കൊണ്ട് ഒന്നിനും കൊള്ളുകയില്ലെന്ന തോന്നൽ, അതിയായ കുറ്റബോധം, ദേഷ്യം, ഒന്നിലും സന്തോഷമില്ലാത്ത അവസ്‌ഥ എന്നിവയാണ് ലക്ഷണങ്ങൾ. ഈ അവസ്‌ഥ അവരുടെ ഭക്ഷണകാര്യങ്ങളെയും ഉറക്കത്തെയും ദൈനംദിന ജീവിതത്തെത്തന്നെയും ബാധിക്കും. ഇതു തിരിച്ചറിയാനും ബുദ്ധിമുട്ടില്ല.

ഡിസ്തൈമിയ

ഇതു അൽപം തീവ്രത കുറഞ്ഞും മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം നിലനിൽക്കുന്നതുമായ വിഷാദമാണ്. ശരീരത്തിൽ ഊർജമില്ലെന്ന തോന്നൽ, ധൈര്യം ഇല്ലായ്മ, ഭാവിയെപ്പറ്റി പ്രതീക്ഷയില്ലായ്മ, ഉറക്കം കുറയുക, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകും. പക്ഷേ ഈ അവസ്‌ഥ ഒരാളുടെ ദൈനംദിന ജീവിതത്തെ ബാധിക്കണമെന്നില്ല. ഇവൻ/ ഇവൾ ‘ മൂഡിയാണ്‘ എന്ന് ചിലപ്പോൾ കൂട്ടുകാർ പറഞ്ഞേക്കാം. ഇതിൽ പത്തുശതമാനം ആളുകളിൽ ഭാവിയിൽ തീവ്രമായ വിഷാദരോഗം വരാൻ സാധ്യതയുണ്ട്.

ബൈപോളാർ ഡിസോർഡർ

ഇത് ഒരു മൂഡ് ഡിസോർഡറാണ്. ഇത് കൗമാരത്തിലാണ് തുടങ്ങുന്നത്. ചിലപ്പോൾ ആഴ്ചകളോളം (മാസങ്ങളോളം) വിഷാദവും പ്രതീക്ഷയില്ലായ്മയും സംഭവിക്കാം. എന്നാൽ ചിലപ്പോൾ കുറെനാൾ കഴിയുമ്പോൾ ആഴ്ചകളോളം ഉന്മാദാവസ്‌ഥയും ദേഷ്യവും പൊട്ടിത്തെറികളും സംഭവിക്കും. ഇതിന് ദീർഘകാല ചികിത്സ വേണ്ടിവരും. എല്ലാവർഷവും ഒരേ സീസണിൽ വിഷാദം വരുന്നതാണ് (Seasonal affective disorder).

വിഷാദരോഗത്തിന്റെ കാരണങ്ങൾ

ഒരു പ്രത്യേക കാരണം പറയാൻ സാധ്യമല്ല. പല കാരണങ്ങൾ ഇതിന്റെ പിന്നിലുണ്ടാകാം. ഒരാളിലുണ്ടാവുന്ന വിഷാദത്തിന്റെ ലക്ഷണങ്ങൾ മറ്റൊരാളിൽ നിന്നു വ്യത്യസ്തമായിരിക്കും.

തലച്ചോറിലെ രാസവസ്തുക്കളുടെ തോത് കുറയുന്നതാണ് മൂലകാരണം. ശാരീരിക രോഗങ്ങളെപ്പോലെ തന്നെ യഥാർഥമായ ഒരു രോഗമാണ് വിഷാദരോഗം. ഇത് ഒരാളുടെ വ്യക്‌തിത്വത്തിന്റെ വികലതയോ, മാതാപിതാക്കൾ വളർത്തിയതിന്റെ പോരായ്മയോ അല്ല. പാരമ്പര്യമായും വിഷാദരോഗം വരാം.

നെഗറ്റീവായ ജീവിതസാഹചര്യങ്ങളിൽ വിഷാദരോഗം ഉടലെടുക്കാം. ഉദാ: കുടുംബത്തിൽ താൻ സ്നേഹിച്ചിരുന്ന ഒരാളുടെ മരണം, പുതിയ സ്കൂളിലേക്ക് മാറുക, പ്രണയം പൊളിയുക, പഠനത്തിൽ ഉണ്ടാകുന്ന തോൽവി എന്നിവയെല്ലാം കാരണമാകാം.

മാനസിക സമ്മർദ്ദംമൂലം വിഷാദരോഗം വരുമെന്ന തിരിച്ചറിവ് കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ടാകണം. കുട്ടിക്ക് പ്രായോഗികമായ പ്രശ്ന പരിഹാര പരിശീലനം നൽകണം. ദീർഘകാലമായുള്ള ശാരീരിക രോഗങ്ങളും ചില അണുബാധകളും ചില മരുന്നുകളുടെ പാർശ്വഫലമായും വിഷാദം വരാം.


എങ്ങനെ തിരിച്ചറിയാം

കൗമാരക്കാർ ഒരിക്കലും ‘എനിക്കു വിഷാദമാണെന്നു പറയുകയില്ല. ചിലർ, എനിക്ക് ഒരു പ്രതീക്ഷയില്ലെന്നോ, ‘ഞാൻ ചെയ്യുന്നതൊന്നും ശരിയാവുന്നില്ലെന്നോ, പറയാം. ചിലർ ‘എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നോ,’ ഈ ലോകം വളരെ ബുദ്ധിമുട്ട് ഏറിയ സ്‌ഥലമാണെന്നോ, താൻ നിസഹായനാണെന്നോ ചിലപ്പോൾ പറയാം. എന്നാൽ ഭൂരിഭാഗം യുവാക്കളിലും ദേഷ്യവും പൊട്ടിത്തെറിയുമായാണ് വിഷാദം പുറത്തു വരുന്നത്. ചിലരിൽ ക്ഷീണം, ശ്രദ്ധിക്കാൻ പറ്റായ്ക, പഠനത്തിൽ പിന്നോക്കാവസ്‌ഥ, വിശപ്പില്ലായ്മയോ, അമിതമായി ആഹാരം കഴിക്കുകയോ ചെയ്യുക, ശാരീരിക വേദനകൾ, അകാരണമായ മടി, മരണത്തെപ്പറ്റി നിരന്തരം ചിന്തിക്കുക, ആത്മഹത്യാശ്രമം, അമിതമായി ശരീരഭാരം കുറയുക, ഉറക്കക്കുറവ്, കുറ്റബോധം, ഒന്നിലും താൽപര്യമില്ലാത്ത അവസ്‌ഥ, പഠിക്കാൻ പോകാൻ വിമുഖത കാണിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണാം. ഇവ രണ്ടാഴ്ചയിൽ കൂടുതലായി കണ്ടാൽ വിഷാദരോഗമുണ്ടെന്ന് അനുമാനിക്കാം. ചില കൗമാരക്കാർ ഇതിൽ നിന്നു മോചനം നേടാനായി ലഹരിവസ്തുക്കൾ പരീക്ഷിച്ചുനോക്കും.

പ്രതിവിധി എവിടെ?

വിഷാദരോഗമുണ്ടെന്നു തോന്നിയാൽ കുട്ടിയെ ഡോക്ടറെ കാണിക്കുവാൻ മടി കാണിക്കരുത്. ചികിത്സിച്ചാൽ രണ്ട് ആഴ്ചയിൽ തന്നെ വ്യത്യാസം കാണപ്പെടും. ആറു മുതൽ എട്ട് ആഴ്ച വരെ എത്തുമ്പോൾ പൂർണമായി രോഗം മാറും.

കുട്ടിയോട് ഇതിനെപ്പറ്റി തുറന്നു സംസാരിക്കുക. ഈ ലക്ഷണമെല്ലാം കുട്ടിയുടെ അഭിനയമായി കണക്കാക്കരുത്. കൗമാരക്കാർ കുറ്റപ്പെടുത്തലുകൾ സഹിക്കില്ലെന്ന് ഓർക്കണം.

ഒരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ സമീപിക്കുക. തന്റെ മാതാപിതാക്കൾ തന്റെ കൂടെ ഏതു പ്രശ്നത്തിലുമുണ്ടെന്ന ഒരുറപ്പ് നൽകണം.

മരുന്നും തെറാപ്പിയും കൗൺസലിംഗും വേണ്ടിവരാം. ഈ ചികിത്സയ്ക്ക് പാർശ്വഫലങ്ങളോ ഏറിയ സാമ്പത്തിക ഭാരമോ ഇല്ല. ചിലർക്ക് ഒരുവർഷം വരെ മരുന്നുവേണ്ടിവരാം. കുട്ടിയുടെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനായി അവനോടൊപ്പം ഒന്നു നടക്കാൻ പോവുകയോ, കോളജിലെ കാര്യങ്ങൾ സ്വകാര്യമായി ചർച്ച ചെയ്യുകയോ ആവാം. വിഷാദരോഗം വന്നതിൽ നാണക്കേടുണ്ടെന്ന് വിചാരിക്കരുത്.

ആൺകുട്ടികളിലും പെൺകുട്ടികളിലും വിഷാദം വരാം. എന്നാൽ ആൺകുട്ടികളിൽ ഇത് തിരിച്ചറിയാൻ ചിലപ്പോൾ വൈകാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഉത്കണ്ഠാരോഗവും ഇതോടൊപ്പം കാണാം. ചികിത്സിച്ചില്ലെങ്കിൽ ലഹരിവസ്തുക്കളുടെ അടിമത്വം, ആത്മഹത്യ എന്നിവയിൽ ഇവർ എത്താനുള്ള സാധ്യതയും ഏറെയാണ്. വിഷാദം വന്നത് അവന്റെ ഭാവിയെയോ പഠനത്തെയോ തുടർന്ന് ബാധിക്കുകയില്ലെന്ന ഉറപ്പു നൽകണം.

ഇതു തനിയെ മാറിക്കോളും എന്ന ചിന്തയിൽ ഒരിക്കലും ചികിത്സ വൈകിക്കരുത്. ഒരു സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൂട്ടായ പ്രവർത്തനമാണ് അഭികാമ്യം. കുട്ടിയുടെ പ്രായവും പക്വതയും അനുസരിച്ച് അവരെയും (കുട്ടിയെ) ചികിത്സയെപ്പറ്റിയുള്ള തീരുമാനങ്ങളിൽ ഉൾപ്പെടുത്താം.

തങ്ങളുടെ കുട്ടിക്ക് വിഷാദം വന്നത് തങ്ങളുടെ കുറ്റമായി മാതാപിതാക്കൾ ഏറ്റെടുക്കരുത്. ശരിയായ ഭക്ഷണം കഴിക്കുവാനും കൃത്യമായി ഉറങ്ങുവാനും മരുന്നു കഴിക്കുവാനും ശരിയായ ജീവിതചര്യ പാലിക്കുവാനും കുട്ടിയെ ഉത്സാഹിപ്പിക്കാം. ജീവിതത്തെപ്പറ്റി പോസിറ്റീവായ ഒരു കാഴ്ചപ്പാട് നൽകണം. കുടുംബത്തിന്റെ സ്നേഹവും പിന്തുണയും നൽകിയാൽ ഇവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാം. ജീവിതം ഇനിയും സുന്ദരമാണെന്നും തന്റെ ഭാവി സുരക്ഷിതമാണെന്നുമുള്ള തിരിച്ചറിവിലേക്ക് കൗമാരക്കാരെ എത്തിക്കാൻ ശ്രമിക്കാം. മാനസിക സമ്മർദ്ദം അകറ്റാനുള്ള റിലാക്സേഷൻ തെറാപ്പിയും ശീലിപ്പിക്കാം.

ഡോ. നതാലിയ എലിസബത്ത് ചാക്കോ

കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം